UPDATES

യാത്ര

കാടറിഞ്ഞ്… കാടിനെ അറിഞ്ഞ് പറമ്പിക്കുളത്തേയ്ക്ക്

Avatar

ചിത്രങ്ങളും എഴുത്തും /ശബരിനാഥ്

കാലങ്ങളായി കാത്തിരുന്നിട്ടും വര്‍ഷങ്ങളായി ശ്രമിച്ചിട്ടും നേരത്തെകൂട്ടി ബുക്ക് ചെയ്യാത്തതുകൊണ്ടും തിരക്കായതിനാലും നടക്കാതെ പോയ ഒരു യാത്രയായിരുന്നു പറമ്പിക്കുളം. കാടിനോടുള്ള അതിയായ മോഹം മനസില്‍ ഉണ്ടെന്നു മനസ്സിലാക്കിയിട്ടാവണം, ഇത്തവണ ബുക് ചെയ്യാന്‍ വേണ്ടി വിളിച്ചപ്പോഴുള്ള ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ ആയിരുന്നു. നാളെ ആണെങ്കില്‍ ഒഴിവുണ്ട്. ബുക് ചെയ്യട്ടെ? രണ്ടാമതൊന്ന് ആലോചിക്കാതെ അപ്പോള്‍ തന്നെ ഓ കെ പറഞ്ഞു. അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ മൂന്നുപേരടങ്ങുന്ന സംഘം കാറില്‍ തൃശൂരില്‍ നിന്നും വടക്കഞ്ചേരി, നെന്മാറ, ഗോവിന്ദപുരം, ആനമല വഴി പറമ്പിക്കുളത്തേക്ക് പറന്നു. പറമ്പിക്കുളം കേരളത്തിലാണെങ്കിലും തമിഴ്‌നാട് വഴി കറങ്ങിവേണം അവിടെയെത്താന്‍. ഏകദേശം മൂന്നു മണിക്കൂര്‍ ഡ്രൈവിംഗിനുശേഷം അട്ടപ്പാടി ചെക്ക്‌പോസ്റ്റില്‍ എത്തി. വണ്ടി കടത്തിവിടണമെങ്കില്‍ കര്‍ശന പരിശോധനയാണ്. ആ കടമ്പ കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ കൂടി മുന്നോട്ട്. ഇക്കോ ടൂറിസം ഓഫിസ്. അവിടെയാണ് പണം അടയ്‌ക്കേണ്ടത്. ഞങ്ങളുടെ പാക്കേജിന് അനുസരിച്ചുള്ള പണം അടച്ചു. അവിടെ നിന്ന് നമ്മുടെ സഹായത്തിനായി ഒരു ഗൈഡിനെ വിട്ടുതരും. വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ വരട്ടെ, അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളൊരു ബോധവത്കരണ ക്ലാസ് കൂടി കേട്ടശേഷമേ കാടുകയറാനുള്ള അനുവാദം കിട്ടൂ.

ഇക്കോ ടൂറിസം ഓഫിസില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ മാറി പറമ്പിക്കുളത്തായിട്ടാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ലഭിച്ചത്. അതെന്തായാലും ഭാഗ്യമായി. സ്വന്തം വണ്ടിയില്‍ തന്നെ കാടു ചുറ്റികാണാന്‍ കഴിയും. സ്വകാര്യവാഹനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ജംഗിള്‍ സഫാരിക്കായി പ്രത്യേക വണ്ടി സൗകര്യം ലഭിക്കും.

ബോധവത്കരണ ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രോഗ്രാമിന്റെ ചാര്‍ട്ടുമായി ഒരാള്‍ എത്തി, ഞങ്ങളുടെ ഗൈഡ്. കണ്ണന്‍ അതായിരുന്നു അയാളുടെ പേര്. ഈ പേരില്‍ മുമ്പ് ഇവിടെ മറ്റൊരു ഗൈഡുണ്ടായിരുന്നതായി കണ്ണന്‍ ഞങ്ങളോടു പറഞ്ഞു. ആ കണ്ണന്‍ പറമ്പിക്കുളത്തുകാര്‍ക്ക് ഇന്നൊരു വേദനിക്കുന്ന ഓര്‍മ്മ മാത്രമാണ്. കാടുകാണാന്‍ വന്നവരെയും കൊണ്ടു പോകുന്നതിനിടയില്‍ കണ്ണനെ ഒരു കരടി ആക്രമിക്കുകയായിരുന്നു. അന്ന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കരടിയുടെ അടിയേറ്റു കണ്ണന്റെ ഒരു കണ്ണ് തകര്‍ന്നുപോയി. ആ വേദനയും സഹിച്ചാണ് കണ്ണന്‍ ജീവിതത്തില്‍ നിന്നും യാത്രയായതും.

ആ കണ്ണന്റെ ഓര്‍മയില്‍ ഒരു നിമിഷം മനസിടറി. ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാവണം, പുതിയ കണ്ണന്‍ പെട്ടെന്നു വിഷയം മാറ്റി.

ഇനി യാത്ര പറമ്പികുളത്തേക്ക്…

പറമ്പിക്കുളത്ത് ഞങ്ങളെ സ്വാഗതം ചെയ്ത് പീലി വിടര്‍ത്തി ഒരു ആണ്‍മയില്‍. കടും നീലനിറത്തില്‍ സ്വര്‍ണ്ണപ്പുള്ളികള്‍ ഉള്ള ആ മയിലിന്റെ പീലികള്‍ കണ്ടുനില്‍ക്കുമ്പോള്‍ പുരുഷ സൗന്ദര്യത്തില്‍ ഈശ്വരന്‍ കാണിച്ച ശ്രദ്ധയോര്‍ത്ത് ആ മഹാനിര്‍മാതാവിന് മനസാ നന്ദി പറഞ്ഞുകൊണ്ട് കണ്ണില്‍ നിന്നും മറയുന്നതുവരെ ആ മയിലിനെ നോക്കി നിന്നു. മറഞ്ഞതിനെക്കാള്‍ കൗതുകവുമായി പിന്നെ മുന്നിലെത്തിയത് മാനുകളാണ്. ആനച്ചൂരു വിടര്‍ത്തി വഴിയില്‍ ആനപിണ്ഡങ്ങള്‍. ഈ കാഴ്ച്ചകള്‍ക്കിടയിലൂടെ, അരമണിക്കൂറെടുത്ത് ഞങ്ങള്‍ പറമ്പിക്കുളത്തെത്തി. ഹണി കോമ്പ്, ഞങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിടത്തേക്കാണ് ആദ്യം ചെന്നത്. നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചഭക്ഷണം അതുകൊണ്ട് തന്നെ ആസ്വാദിച്ചു കഴിച്ചു. ഇനി കുറച്ച് വിശ്രമിക്കാമെന്ന് കൂട്ടായ തീരുമാനം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണന്‍ വന്നു. ഇനി ജംഗിള്‍ സഫാരി.

തൂണക്കടവ് ഡാമിലേക്കായിരുന്നു കണ്ണന്‍ ഞങ്ങളെ ആദ്യം കൊണ്ടുപോയത്. കാടിനു നടുവില്‍ കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ജലാശയം, അതാണ് തൂണക്കടവ് ഡാം. ഡാമിന്റെ മറുകരയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്. ഇതിന്റെ മുറ്റത്തായാണ് മൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്നത്. നമ്മുടെ പല പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും ഇവിടെ താമസിച്ചിട്ടുണ്ട്. ഐ ബി പരിസരത്ത് ചുറ്റിക്കറങ്ങുന്നതിനിടയ്ക്കാണ് കണ്ണന്റെ വിളി. അത് മറ്റൊരു അത്ഭുത കാഴ്ച്ചയിലേക്കായിരുന്നു. ഡാം തീരത്തായി ഒരു ചീങ്കണ്ണി. എന്തുകൊണ്ട് അതൊരു അത്ഭുത കാഴ്ച്ചയായെന്നാല്‍, അന്നുവരെ കണ്ടിട്ടുള്ള ചീങ്കണ്ണികളെല്ലാം മൃഗശാലകളിലെ തടവറകളിലാണ്! ഇതാ സ്വരൈവിഹാരവുമായി ഒരെണ്ണം കണ്‍മുന്നില്‍. എന്റെ ക്യാമറ വല്ലാത്തൊരു ആഹ്ലാദത്തോടെയാണ് ക്ലിക്ക് ചെയ്തത്. എത്രയെടുത്തിട്ടും മതിയാകുന്നില്ല.

വീണ്ടും കാടിനുള്ളിലേക്ക്…

കണ്ണന്‍ ഞങ്ങള്‍ക്ക് ഒരു മുത്തശ്ശിയെ പരിചയപ്പെടുത്തി തരാമെന്നു പറഞ്ഞു. കാടിനുള്ളിലെ മുത്തശ്ശിയോ! ഞങ്ങളുടെ ആശ്ചര്യം പെട്ടെന്നു തന്നെ മാറി. ഈ മുത്തശ്ശി ഒരു തേക്കുമരമാണ്. കന്നിമര തേക്ക്. ലോകത്തിലെ ഏറ്റവും വലുത്. പ്രായം എതാണ്ട് 460 കൊല്ലത്തിനും അപ്പുറം. ഈ മുത്തശ്ശി അങ്ങനെ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. നമ്മുടെ അഭിമാനമായി.

കന്നിമര തേക്കിന് ആ പേര് കിട്ടിയതിനു പിന്നില്‍ ഒരു പഴംകഥയുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. തേക്കുമരങ്ങള്‍ മുറിക്കുന്ന സമയത്ത്, ഒരു മഴു ഈ തേക്കിനുമേലും വീണു. പെട്ടെന്ന് ആ മുറിവില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി. ഇതോടെ വെട്ടുകാര്‍ ഭയന്നു വിറച്ചു. പിന്നെയാരും ആ തേക്ക് തടിക്കുമേല്‍ കോടാലിവയ്ക്കാന്‍ ധൈര്യപ്പെട്ടില്ല. മാത്രവുമല്ല, അന്നു മുതല്‍ ആ തേക്കിനെ ഒരു കന്നി ( കന്യക)യായി കണ്ട് ആരാധിക്കാനും തുടങ്ങി. ഭരത സര്‍ക്കാര്‍ ഈ തേക്ക് മുത്തശ്ശിക്ക് മഹാ വൃക്ഷ പുരസ്‌കാരം നല്‍കിയിട്ടുണ്ട്. നിലവില്‍ 48.5 മീറ്റര്‍ ഉയരവും 6.57 ചുറ്റളവും ഉണ്ട്. വിടപറയും മുമ്പ് ആ തേക്ക് മുത്തശ്ശിക്ക് ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു.

വീണ്ടും കാടിനുള്ളിലേക്ക്…

എത്രകണ്ടാലും മതിവരാത്ത അനുഭവങ്ങളിലേക്ക് നയിക്കുന്ന ഈ കാടിന്റെ പ്രത്യേകതകളിലൊന്ന് ഉള്ളില്‍ വീശുന്ന കാറ്റിന്റെ ശൈത്യവും സംഗീതവുമാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം; കാടിനുള്ളില്‍ കയറിയാല്‍ നമ്മള്‍ നിശബ്ദരാവണം, എങ്കിലെ കാടിനെ അടുത്തറിയാന്‍ സാധിക്കൂ.

ഏകദേശം വൈകിട്ട് ആറരയോട് കൂടി ഞങ്ങള്‍ പറമ്പികുളത്ത് ട്രൈബല്‍ സിംഫണി നടക്കുന്ന ഹാളിലെത്തി. കയ്യില്‍ ഓരോ തോര്‍ത്തുമായി കലാകാരികളും വാദ്യോപകരണങ്ങളുമായി കലാകാരന്മാരും ചേര്‍ന്നുള്ള ഒരു നൃത്തം. നമുക്കത് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും. പുതുമയാര്‍ന്ന വാദ്യമേളം. പാട്ടിലെ വരികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പെണ്‍കുട്ടികളുടെ നൃത്ത ചുവടുകള്‍ കണ്ടുനില്‍ക്കാന്‍ ഏറെ കൗതുകമാണ്. നൃത്തം മുറുകിയപ്പോള്‍ കാഴ്ച്ചകാരില്‍ ചിലരും ഒപ്പംകൂടി. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്ന നൃത്തം കഴിഞ്ഞപ്പോള്‍, ഞങ്ങളുടെ അന്നത്തെ പ്രോഗ്രാമിനും തിരശ്ശിലയിടാന്‍ തീരുമാനിച്ചു. 

തിരികെ താമസസ്ഥലത്തേക്ക്. ഓ…!രാത്രി കാഴ്ച്ചയില്‍ ഹണി കോമ്പ് അതിശയപ്പെടുത്തി. ചെറു വിളക്കുകള്‍ ആ താമസസ്ഥലത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. കുറച്ചു നേരം ആ കാഴ്ച്ചയില്‍ കണ്ണുനട്ടിരുന്നു. പിന്നെ ഭക്ഷണം, അതുകഴിഞ്ഞ് സുഖമായൊരു ഉറക്കം.

അടുത്ത ദിവസം രാവിലെ കൃത്യം എഴു മണിക്കു തന്നെ ട്രക്കിംഗിനു പുറപ്പെട്ടു. കൂട്ടിന് കണ്ണനുമുണ്ട്. പുല്‍ത്തകിടിയില്‍ മേയുന്ന കുഞ്ഞു പന്നിക്കൂട്ടങ്ങള്‍. ഞങ്ങളുടെ സാമിപ്യം അത്രയിഷ്ടപ്പെട്ടു കാണില്ല, അത്ര സുഖകരമല്ലാത്തൊരു നോട്ടം നോക്കി. പിന്നെ ഞങ്ങളെ തീര്‍ത്തും അവഗണിച്ചു. അവയെ ശല്യപ്പെടുത്താതെ പറമ്പിക്കുളം റിസര്‍വോയറിന്റെ തീരത്തേക്ക്. ദൈവത്തിന്റെ സ്വന്തം നാടെന്ന സൂചികകളോ, സഞ്ചാരികളെ മാടിവിളിക്കാന്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഹെറിറ്റേജുകളോ ഇവിടെയില്ല. എല്ലു തുളയ്ക്കുന്ന തണുപ്പും കണ്ണിനു വിരുന്നേകാന്‍ കാനന കാഴ്ച്ചകളും വന്‍ മരങ്ങളുടെ തണലും മാത്രം. ഇവിടെ പലയിടത്തും കാടിന് ആകാശമില്ല. വഴികളില്‍ ചൂടു പറക്കുന്ന ആനപിണ്ഡങ്ങള്‍. ഞങ്ങള്‍ നടക്കുന്നത് ആനപ്പാതയിലൂടെയാണെന്നു മനസ്സിലായി.

കാടിന്റെ തോടുപൊളിച്ച് ഞങ്ങള്‍ റിസര്‍വോയറിന്റെ തീരത്തെത്തി. കുതിര്‍ന്നുകിടന്ന ജലാശയത്തില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച്ചയ്ക്ക് ഇവിടെ സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. മുളകള്‍ കൂട്ടികെട്ടിയ നീളമുള്ള ചങ്ങാടവുമായി മീന്‍ പിടിക്കാന്‍ പോകുന്ന ഒരു ആദിവാസി കുടുംബം.. ഞങ്ങള്‍ക്ക് അവരെ കണ്ടപ്പോള്‍ ഭയമാണ് തോന്നിയത്. ചങ്ങാടത്തിന്റെ രണ്ടറ്റത്തുമായി അമ്മയും അച്ഛനും. നടുവില്‍ അനുസരണയോടുകൂടി ഒരു കൊച്ചു കുട്ടി. ഒന്നു കാലിടറിയാല്‍? ഇല്ല, അവര്‍ കാടിന്റെ മക്കളാണ്. ആ ഭയം വെറുതെയാണെന്നു മനസ്സിലായി. പകരം വിരാരാധനയാണ് അവരോട് തോന്നിയത്. ചീങ്കണ്ണികള്‍ പാഞ്ഞുനടക്കുന്ന ഒരു ജലാശത്തിലൂടെ വെറും മുളംകമ്പുകള്‍ കൊണ്ടു തീര്‍ത്തൊരു ചങ്ങാടത്തില്‍ ഒരുഭയവുമില്ലാതെയാണ് അവര്‍ അന്നംതേടിയിറങ്ങിയിരിക്കുന്നത്. നമുക്കാര്‍ക്കും ചിന്തിക്കാനേ പറ്റാത്ത യാത്ര. സത്യത്തില്‍ അവരുടെ ചിത്രങ്ങള്‍ പതിഞ്ഞത് ക്യാമറയിലല്ല, മനസ്സിലാണ്.

ഒന്നരമണിക്കൂര്‍ നീണ്ട ട്രക്കിംഗിനുശേഷം തിരികെ താമസസ്ഥലത്തെത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞ് വീണ്ടും പുറത്തേക്ക്; ബാംബു റാഫ്റ്റിംഗിന്.

റിസര്‍വൊയറിന്റെ മറ്റൊരുഭാഗത്താണ് ബാംബു റാഫ്റ്റിംഗ്. നീണ്ടുനിവര്‍ന്നു കിടക്കുന്ന ജലാശയത്തില്‍ വലിയ മുളകള്‍ കൊണ്ട് ഉണ്ടാക്കിയ ചങ്ങാടങ്ങള്‍. യന്ത്രവത്കൃത ബോട്ടുകള്‍ ജലാശയങ്ങളെ മലിനമാക്കുമെന്നതിനാല്‍ ഇവിടെ അവയ്ക്ക് സ്ഥാനമില്ല. ഈ ജലാശയത്തില്‍ ബോട്ടിംഗിന് മുളം ചങ്ങാടങ്ങള്‍ മാത്രം. ഓരോ ചങ്ങാടത്തിലും രണ്ടു തുഴച്ചിലുകാര്‍. കാടിന്റെ സൗന്ദര്യം നുകരാന്‍ ഈ ചങ്ങാടയാത്ര ഒരുപാട് സഹായിക്കും.

മഴക്കാലത്ത് മുങ്ങിപ്പോകുന്ന ചെറു തുരുത്തുകള്‍ ഈ യാത്രയില്‍ കാണാം. അത്തരമൊന്നിന്റെ പുറത്ത് മേഞ്ഞുനടക്കുന്ന കുറെ മാന്‍കൂട്ടങ്ങള്‍. അത്രയേറെ മാനുകളെ ഒരുമിച്ച് കാണുന്നത് സഞ്ചാരികള്‍ക്ക് ആപൂര്‍വതയായിരിക്കും. ഞങ്ങളുടെ ചങ്ങാടം ഉണ്ടാക്കുന്ന ഓളക്കിലുക്കങ്ങള്‍ കേട്ടിട്ടാവണം, വേണമെങ്കില്‍ ഒരു ഫോട്ടോയെടുത്തോ എന്ന മട്ടില്‍ മാന്‍കൂട്ടം ഞങ്ങളെ കുറച്ചുനേരം നോക്കി നിന്നു. ഇവിടെ പച്ചവിരിച്ച പുല്‍മേടുകളാണ് കൂടുതല്‍. മരങ്ങള്‍ അത്രകണ്ടില്ല. മലഞ്ചെരുവകള്‍ക്ക് താഴെ മഞ്ഞുകുടങ്ങള്‍. തുഴച്ചിലിന്റെ ശബ്ദം ഒഴിച്ചുനിര്‍ത്തിയാല്‍ പൂര്‍ണനിശബ്ദത. എല്ലാം മറന്നൊരു യാത്ര. ഈ ജലാശയത്തില്‍ നമ്മളും അലിഞ്ഞു ചേരുകയാണോ… ഒരു മണിക്കൂര്‍ മനസ് അത്തരമൊരു അവസ്ഥയിലായിരുന്നു.

ബാംബു റാഫ്റ്റിംഗിനുശേഷം തിരികെ എത്തിയപ്പോള്‍ ആ ദിവസത്തെ കാടു കാഴ്ച്ചയ്ക്ക് അവസാനമായിരുന്നു, ഒപ്പം ഞങ്ങളുടെ പറമ്പിക്കുളം പാക്കേജിനും. തിരികെ പോരാന്‍ മനസ് അനുവദിക്കുന്നില്ല. കാടിനെ പിരിയുന്ന അതേ വേദനയായിരുന്നു കണ്ണനോടും യാത്ര പറയുമ്പോള്‍. ഇനിയും വരുമല്ലോ, അതായിരുന്നു കണ്ണന് ഞങ്ങളോട് പറയാനുള്ള ആശ്വാസവാക്ക്…

തീര്‍ച്ചയായും…വരാതെ പറ്റില്ലല്ലോ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍