UPDATES

യാത്ര

മണാലിയിലെ മഞ്ഞില്‍ ഈ മലയാളി നടത്തിയ സാഹസിക യാത്ര രക്ഷിച്ചത് 500ലധികം പേരെ!

നാലാം ദിവസം (സെപ്റ്റംബര്‍ 24) ആയപ്പോഴേക്കും ചിലരില്‍ തലവേദനയും ഛര്‍ദിയും കാണപ്പെട്ടു. ലക്ഷണംകണ്ട് അക്യൂട്ട് മൗണ്ടെയ്ന്‍ സിക്‌നസ് (എഎംഎസ് ) പിടിപെട്ടതാണോയെന്ന് സംശയം എല്ലാവരെയും ആശങ്കയായിലാക്കി

ഇത് പ്രീതം മേനോന്‍. സഞ്ചാരി, പര്‍വ്വതാരോഹകന്‍, സാഹസികന്‍ അങ്ങനെ പലതും വിശേഷണിങ്ങളും നല്‍കാം ഈ യുവാവിന്. ഈ യുവാവും സുഹൃത്തും നടത്തിയ ഒരു സാഹസിക യാത്ര രക്ഷിച്ചത് മണാലി പ്രളയത്തില്‍ കുടുങ്ങിയ 500-ലധികം പേരെയാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലേക്ക് സഹായം എത്തിക്കുന്നത് പ്രചരിപ്പിക്കാന്‍ തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ പ്രീതം കണ്ട വഴി ഹിമാചല്‍ പ്രദേശിലെ 20,000 അടി ഉയരമുള്ള യൂനം പര്‍വതം കയറുക എന്നതായിരുന്നു.

പ്രളയത്തില്‍ പ്രീതത്തിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. പ്രളയദിനങ്ങളിലും അതിനുശേഷവും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ സമാഹരണത്തിലും പ്രീതവും മുന്നിട്ടിറങ്ങിയിരുന്നു. യാത്രകളും മലകയറ്റവുമായി നടക്കുന്ന തനിക്ക് എങ്ങനെ പ്രളയാനന്തര കേരളത്തിനായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന ചിന്തയില്‍ നിന്നാണ് പ്രീതം യൂനി മല കയറുക എന്ന ദൗത്യത്തിലെത്തുന്നത്. ഇത്‌കൊണ്ട് ലക്ഷ്യമിട്ടത് അന്യസംസ്ഥാനത്തേ ആളുകളിലേക്ക് കേരളത്തിന് സഹായം എത്തിക്കേണ്ട ആവിശ്യകത അറിയിക്കുകയെന്നതാണ്.

പലരുടെയും ജീവന്‍ തിരികെ കിട്ടാന്‍ കാരണമായ പ്രീതത്തിന്റെ യാത്ര ഇങ്ങനെയാണ്- സെപ്റ്റംബര്‍ 20ന് മണാലിയില്‍നിന്നു സഹ പര്‍വതാരോഹകന്‍ ഷേര്‍സിങ് താക്കൂറിനൊപ്പം ജീപ്പ് മാര്‍ഗമാണ് യൂനം പര്‍വ്വതത്തിന്റെ അടുത്തേക്ക് പ്രീതം യാത്ര തുടങ്ങിയത്. ജിസ്പയില്‍ (മണാലി-ലേ പാതയിലെ ഒരു സ്ഥലം) തങ്ങിയശേഷം 21-ന് പുലര്‍ച്ചെ ഇരുവരും ബേസ് ക്യാംപ് ലക്ഷ്യമിട്ടു നടന്നുതുടങ്ങി. മൂന്ന് മണിക്കൂറിന്റെ നടത്തതിന് ശേഷം 17,050 അടി ഉയരമുള്ള ബേസ് ക്യാമ്പില്‍ എത്തി. അവിടെ നിന്ന് ഉച്ചയോടെ 20,100 അടി ഉയരത്തില്‍ പര്‍വത മുകളില്‍ എത്തുകയും ചെയ്തു. മലമുകളില്‍ കേരളത്തിനൊപ്പമെന്ന പതാക നാട്ടി തിരിച്ചിറങ്ങുമ്പോഴേക്കും കാലവസ്ഥ മാറി തുടങ്ങി.

മഴയേക്കാള്‍ ശക്തിയില്‍ പെയ്യുന്ന കനത്ത മഞ്ഞില്‍ ജിസ്പയില്‍ എത്തിയത് മൂന്ന് മണിയോട് അടുപ്പിച്ച്. മണാലി ലേ പാത പൂര്‍ണമായും മഞ്ഞില്‍ മൂടി. മണാലിയിലേക്കുള്ള ഏതെങ്കിലും ട്രക്കിനു കൈകാട്ടി പോകാം എന്ന പ്രതീക്ഷയോടെ ഇരുവരും നടപ്പു തുടങ്ങി. ഭരത്പുരില്‍ നാലു ബൈക്ക് റൈഡേഴ്‌സും കലാവസ്ഥ കാരണം കുടുങ്ങി നില്‍ക്കുന്നത് കണ്ടു. പരിചയിപ്പെട്ടപ്പോള്‍ മനസ്സിലായി അവരും മലയാളികളാണെന്ന്. ആ കൂട്ടത്തിലേക്ക് രണ്ട് മലയാളി സഞ്ചാരികള്‍ കൂടി എത്തി.

അതുവഴിവന്ന ട്രക്കില്‍ ബൈക്കുകള്‍ കയറ്റി ഈ എട്ടംഗ സംഘം മണാലിയിലേക്കു നീങ്ങി. പക്ഷെ സമുദ്രനിരപ്പില്‍നിന്നു 16,020 അടി ഉയരെ സൂരജ്താലില്‍ നിന്ന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ആ പാതയില്‍ എഴുപതോളം വണ്ടികളിലായി അഞ്ഞൂറോളം പേര്‍ കുടുങ്ങി കിടക്കുവാണ്. പകല്‍ സമയത്ത് മൈനസ് 10ഉം രാത്രിയില്‍ മൈനസ് 25 വരെയുമാണ് സൂരജ്താലിലെ താപനില. ഇതിനോടകം തന്നെ മണാലിയിലെ പല പ്രദേശങ്ങളിലും പര്‍വ്വത പ്രദേശങ്ങള്‍ കനത്ത മഞ്ഞ് വിഴ്ചകളിലും പ്രളയത്തില്‍ ഒറ്റപ്പെട്ടുവരുകയായിരുന്നു. പക്ഷെ ഈ വിവരങ്ങള്‍ അറിയുവാന്‍ ഇവര്‍ക്ക് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ആ രാത്രിയില്‍ സൂരജ്താലില്‍ തന്നെ ആയി അവര്‍.


പിറ്റേന്നും (സെപ്റ്റംബര്‍ 22) സൂരജ്താലില്‍ നിന്ന് മണാലിയില്‍ എത്തിച്ചേരാന്‍ ഒരു വഴിയും ഇവര്‍ക്ക് മുമ്പില്‍ എത്തിയില്ല. കുടുങ്ങി കിടക്കുന്ന വിവരം പുറംലോകത്തെ അറിയിക്കാന്‍ ഒരു നിവൃത്തിയുമില്ല. ഫോണുകള്‍ക്കു റേഞ്ച് ഇല്ല. പര്‍വതാരോഹണം കഴിഞ്ഞെത്തിയത് കൊണ്ട് ക്ഷീണംമൂലം പ്രീതവും ഷേര്‍സിങ്ങും തളര്‍ന്നു തുടങ്ങിയിരുന്നു. കയ്യില്‍ കരുതിയ വെള്ളം ഐസ് ആയി മാറിയിരുന്നു. ആ ഐസ് വെള്ളം കുടിച്ചാല്‍ ശരീരോഷ്മാവ് കുറഞ്ഞ് ഹൈപ്പോതെര്‍മിയായേക്കുമെന്ന് കണ്ട്. ഐസ് ആയി മാറിയ കുടി വെള്ളം സ്റ്റീല്‍ കപ്പിലാക്കി ട്രക്കുകളുടെയും കാറുകളുടെയും എന്‍ജിന്‍ ഓണ്‍ ചെയ്ത് ചൂടാക്കി കുടിക്കാന്‍ തുടങ്ങി. വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് ഒരു നേരത്തേക്കുള്ള ഭക്ഷണങ്ങളും ബിസ്‌ക്കറ്റ് പോലുള്ള ലഘുഭക്ഷണങ്ങളുമെ കൈയിലുണ്ടായിരുന്നുള്ളൂ. അന്നും സൂരജ്താലില്‍ തന്നെ അവര്‍ക്ക് കഴിയേണ്ടി വന്നു,

സെപ്റ്റംബര്‍ 23 ആയപ്പോഴേക്കും ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ ഇവരില്‍ പലര്‍ക്കും നിര്‍ജലീകരണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ചുണ്ടുകള്‍ വരളുകയും, മൂത്രത്തിനു കടുംമഞ്ഞ നിറമാവുകയും, തലവേദനയും കണ്ണുവേദനയുമൊക്കെയായി തുടങ്ങി. സൂരജ്താലിന് 5000 അടി താഴെ പാറ്റ്‌സ്യൂവില്‍ സൈന്യത്തിന്റെ ക്യാംപ് ഉണ്ടെന്നു ട്രക്ക് ഡ്രൈവര്‍മാരിലൊരാള്‍ പറഞ്ഞതോടെ ഒരു പ്രതീക്ഷ കിട്ടി. അവരെ വിവരമറിയിക്കാന്‍ മാര്‍ഗ്ഗമില്ല. അവിടെ എത്തിപ്പെടാനാണെങ്കില്‍ നടന്നു പോകണം. മഞ്ഞുവീഴ്ച കൂടിക്കൊണ്ടിരിക്കുകയാണ്. വഴി മുഴുവന്‍ അഞ്ചടിക്ക് മുകളില്‍ മഞ്ഞ് കയറി തുടങ്ങി. നടന്നു പോകാമെന്നത് വളരെ അപകടകരമാണ്. ആ രാത്രിയും അവിടെ തന്നെ കൂടേണ്ടി വന്നു.

നാലാം ദിവസം (സെപ്റ്റംബര്‍ 24) ആയപ്പോഴേക്കും ചിലരില്‍ തലവേദനയും ഛര്‍ദിയും കാണപ്പെട്ടു. ലക്ഷണംകണ്ട് അക്യൂട്ട് മൗണ്ടെയ്ന്‍ സിക്‌നസ് (എഎംഎസ് ) പിടിപെട്ടതാണോയെന്ന് സംശയം എല്ലാവരെയും ആശങ്കയായിലാക്കി. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞു മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണത്. അന്നും രക്ഷാപ്രവര്‍ത്തനത്തിന് ആരെയും കാണാത്തതിനാല്‍ പാറ്റ്‌സ്യൂവിലെ സൈനിക ക്യാംപ് ലക്ഷ്യമിട്ടു പ്രീതവും ഷേര്‍സിങ്ങും നടന്നുതുടങ്ങി. കൂട്ടത്തില്‍ മണാലി ജില്ലക്കാരായ മൂന്ന് യുവാക്കളെയും ഒപ്പം കൂട്ടി.

പര്‍വതാരോഹണ ഉപകരണങ്ങള്‍ കൈവശമുള്ളത് ഉപകാരപ്പെട്ടു. കഷ്ടപ്പെട്ട് മൂന്നുമണിക്കൂര്‍ നടപ്പിനൊടുവില്‍ സിങ്‌സിങ് ബാര്‍ എന്ന സ്ഥലത്ത് ഒരു ബിഹാറി തൊഴിലാളി ക്യാമ്പ് കണ്ടെത്തി. അതിര്‍ത്തി പാതകളുടെ അറ്റകുറ്റപ്പണിക്കായി എത്തിയവരായിരുന്നു അവര്‍. കനത്ത മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു അവരും. താഴേക്കു നടന്നു പോകുന്നത് അപകടമാണെന്ന അവരുടെ നിര്‍ദ്ദേശം കേട്ട് യുവാക്കള്‍ ക്യാമ്പില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രീതവും, ഷേര്‍സിങ്ങും തനിച്ച് യാത്ര തുടര്‍ന്നു.


പ്രീതവും, ഷേര്‍സിങ്ങും നടത്തിയ സാഹസിക യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍/ വീഡിയോ

മണിക്കൂറുകള്‍ നടത്തതിന് ശേഷം പാറ്റ്‌സ്യൂവിലെ ക്യാമ്പിലെത്തി വിവരം പറയുമ്പോഴേക്കും പ്രീതവും ഷേര്‍സിങ്ങും തളര്‍ന്ന് വീണിരുന്നു. അഞ്ഞൂറോളം പേര്‍ സൂരജ്താലില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അപ്പോഴാണ് അധികൃതര്‍ അറിയുന്നത്. ഹെലിക്കോപ്റ്ററില്‍ പ്രീതത്തെയും ഷേര്‍സിങ്ങിനെയും മണാലിയിലെ ആശുപത്രിയിലെത്തിക്കുകയും സൂരജ്താലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള സഞ്ചാരികളെ സൈനിക വാഹനങ്ങളില്‍ താഴെയെത്തിക്കുകയും ചെയ്തു.

കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ ഇവരുടെ പലരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നേനെ. പ്രീതത്തിന്റെയും ഷേര്‍സിങ്ങിന്റെയും സാഹസിക യാത്ര രക്ഷിച്ചത് ഇവരുടെ കൂടെ പിന്നീട് എത്തിയ ആറു മലയാളികളെ മാത്രമല്ല, സൂരജ്താലില്‍ കുടുങ്ങിയ അഞ്ഞൂറോളം പേരെ കൂടിയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍