യാത്രകള്‍ ബുക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ സുസ്ഥിരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ടൂറിസ്റ്റുകളെ സഹായിക്കുന്നതിന് അവര്‍ അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തും.
സുസ്ഥിര യാത്രയെന്ന ലക്ഷ്യത്തോടെ ‘ട്രാവലിസ്റ്റ്’ എന്ന പുതിയ സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് ഹാരി രാജകുമാരന്‍. ബുക്കിംഗ് ഡോട്ട് കോം, സ്‌കൈ സ്‌കാനര്‍, ട്രിപ്പ് അഡൈ്വസര്‍, വിസ, ചൈനയുടെ സിട്രിപ്പ് തുടങ്ങിയ വമ്പന്‍ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ടാണ് സംരംഭം തുടങ്ങിയത്. വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര യാത്രകളില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക, യാത്രക്കാര്‍ക്കും ലോക്കല്‍ കമ്മ്യൂണിറ്റികള്‍ക്കും ടൂറിസത്തിന്റെ പ്രയോജനം ലഭ്യമാക്കുക എന്നിവയൊക്കെയാണ് ട്രാവലിസ്റ്റ്‌കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
യാത്രകള്‍ ബുക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ സുസ്ഥിരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ടൂറിസ്റ്റുകളെ സഹായിക്കുന്നതിന് അവര്‍ അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തും. കാര്‍ബണ്‍ ഉദ്വമനം കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രാദേശിക കമ്മ്യൂണിറ്റികളുമായി പ്രവര്‍ത്തിക്കുക തുടങ്ങിയ പരിസ്ഥിതി സൗഹൃദ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നാശത്തിനും ടൂറിസം എങ്ങനെ കാരണമാകുന്നു എന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിലും ട്രാവലിസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
അങ്ങിനെയൊക്കെയാണെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും സ്വകാര്യ ജെറ്റുകള്‍ ഉപയോഗിക്കുന്നത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അതിനിടയിലാണ് ട്രാവലിസ്റ്റ് ലോഞ്ച് ചെയ്തതായി ഹാരി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ‘ഞാന്‍ ഒരു ടൂറിസം – ബിസിനസ്സ് വിദഗ്ധനല്ല. പക്ഷേ എന്റെ യാത്രകളിലൂടെ സമൂഹവും പരിസ്ഥിതിയും തമ്മിലുള്ള അനന്യമായ ബന്ധം ഞാന്‍ നിരീക്ഷിക്കുകയും ഭയപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
Read More : ബാലിയിലേക്ക് പോകുന്ന സഞ്ചാരികള്‍ അറിയാന്‍; ഇന്തോനേഷ്യയില്‍ അവിവാഹിതരുടെ ലൈംഗികബന്ധം നിരോധിക്കുന്നു