UPDATES

യാത്ര

രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസികളുടെ ഈ ‘ഗണ്‍ ടവര്‍’ വാടകയ്ക്ക്!

ടവറിന്റെ ചരിത്രം സന്ദര്‍ശകരെ അസ്വസ്ഥരാക്കും. മറ്റു പ്രദേശങ്ങളില്‍ നിന്നും തടവിലാക്കിയ അടിമകളെ ഉപയോഗിച്ചാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ചാനല്‍ ദ്വീപുകളിലെ നിര്‍മ്മാണങ്ങള്‍ നടന്നത്

ഇംഗ്ലണ്ടിന്റേയും ഫ്രാന്‍സിന്റേയും മധ്യേയുള്ള ചാനല്‍ ദ്വീപുകളില്‍ ഒന്നായ ജേഴ്സിയിലാണ് ഗണ്‍ ടവര്‍ എന്ന് വിളിക്കുന്ന ഈ റേഡിയോ ടവര്‍ സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജേഴ്സി കീഴടക്കിയ നാസി ശക്തികളുടെ ആജ്ഞാ പ്രകാരമാണ് ഈ റേഡിയോ ടവര്‍ നിര്‍മ്മിച്ചത്.

ചാനല്‍ ദ്വീപുകള്‍ നേരിട്ട് യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമല്ല. രാജ ഭരണ പ്രദേശമാണ്. എങ്കിലും നിയമപരമായും സാങ്കേതികമായും ഉത്തരവാദിത്വം യുണൈറ്റഡ് കിംഗ്ഡത്തിന് ഉണ്ട്. ദുര്‍ഘടമായ ചരിത്രമാണ് ഈ ടവറുകള്‍ക്കുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലാണ് ജര്‍മന്‍ ശക്തികള്‍ ജേഴ്സിയും അയല്‍ സ്ഥലങ്ങളായ ഗണ്‍സെ, ആല്‍ഡര്‍ണി, സാര്‍ക്ക് എന്നിവയും കീഴടക്കിയത്.

ജേഴ്സിയുടെ ചരിത്രത്തിലെ ദുഷ്‌കരമായ കാലം ആയിരുന്നു അത്. ടവറിന്റെ ചരിത്രം സന്ദര്‍ശകരെ അസ്വസ്ഥരാക്കും. മറ്റു പ്രദേശങ്ങളില്‍ നിന്നും തടവിലാക്കിയ അടിമകളെ ഉപയോഗിച്ചാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ചാനല്‍ ദ്വീപുകളിലെ നിര്‍മ്മാണങ്ങള്‍ നടന്നത്. 16,000 ജോലിക്കാരെ ചാനല്‍ ദ്വീപുകളിലേക്ക് ഇതിനായി കൊണ്ടു വന്നു.

നൂറോളം മിലിട്ടറി കെട്ടിടങ്ങളാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ജേഴ്സിയില്‍ നിര്‍മ്മിച്ചത്. 1941-ലാണ് റേഡിയോ ടവര്‍ നിര്‍മ്മിച്ചത്. എംപി2 ടവര്‍ എന്നും ഇത് അറിയപ്പെടുന്നു. 60 അടി പൊക്കമുണ്ട് ഇതിന്. ആറ് അടി കട്ടിയുള്ള ചുവരുകളാണ് ടവറിന്. 18-ാം നൂറ്റാണ്ടിലെ വൃത്താകൃതിയില്‍ ഉള്ള ഗ്രാനൈറ്റ് ടവര്‍ പോലെയാണ് ഇതിന്റെ രൂപകല്‍പന. ഓരോ നിലയിലും പീരങ്കിപ്പട സജ്ജമായിരുന്നു.

യുദ്ധത്തിന് ശേഷം റേഡിയോ ടവര്‍ കപ്പലുകള്‍ നിരീക്ഷിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. സാങ്കേതികവിദ്യ മെച്ചപ്പെട്ടതോടെ ടവറിന്റെ ഉപയോഗം നിന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നടത്തിയ റേഡിയോ ടവര്‍ ഇപ്പോള്‍ ജേഴ്സി ഹെറിറ്റേജിന്റെ വാടക കെട്ടിടമാണ്. റേഡിയോ ടവര്‍ പോലെയുള്ള മറ്റു ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങള്‍ വേറെയുമുണ്ട് അവിടെ.

‘ചരിത്രത്തിലെ പ്രധാന സ്ഥലങ്ങളെ ഇങ്ങനെയും (വാടകയക്ക് നല്‍കി) അംഗീകരിക്കാം. ഈ ഇടങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇപ്പോള്‍. ദ്വീപിന്റെ 360 ഡിഗ്രി കാഴ്ചയും മനോഹരമായ കോര്‍ബെരെ ലൈറ്റ്ഹൗസിന്റെ ഭംഗിയും ഇവിടേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. ഇവിടുത്തെ അതി മനോഹരമായ കാഴ്ചകളാണ് കൂടുതല്‍ പേരും ഇവിടെ താമസിക്കാന്‍ കാരണം.’ ജേഴ്സി ഹെറിറ്റേജ് മാനേജര്‍ ജോനാ ഹെപ്‌വര്‍ത്ത് സിഎന്‍എന്‍ ട്രാവലിനോട് പറഞ്ഞു.

റേഡിയോ ടവര്‍ വാടകയ്ക്ക് കൊടുക്കാനുള്ള സാധ്യതയെ കുറിച്ചു ജേഴ്സി ഹെറിറ്റേജ് മുന്‍കൂട്ടി കണ്ടിരുന്നു. ഇതുപോലെ ദ്വീപിലെ 14 ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങള്‍ ജേഴ്സി ഹെറിറ്റേജ് വാടകയ്ക്ക് നല്‍കുന്നുണ്ട്. വാടക വരുമാനം ദ്വീപിലെ മറ്റു കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.

സന്ദര്‍ശകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കെട്ടിടം മാറ്റുക എന്നായിരുന്നു പുനരുദ്ധാരണ പരിപാടിയുടെ ലക്ഷ്യം. നാല് കോസ്റ്റല്‍ ടവറുകള്‍ ഇവിടെയുണ്ട്. ഒന്‍പത് കെട്ടിടങ്ങളില്‍ അതിഥികള്‍ക്ക് വേണ്ടിയുള്ള എല്ലാം സൗകര്യങ്ങളുമുണ്ട്. 14-ാം നൂറ്റാണ്ടിലെ ഫാംഹൗസ് മുതല്‍ 16-17-ാം നൂറ്റാണ്ടിലെ കോട്ടകള്‍ വരെ ഈ ദ്വീപില്‍ കാണാം.,’ ഹെപ്‌വര്‍ത്ത് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍