ഓണ്‍ലൈന്‍ ബുക്കിങ് നാളെ ആരംഭിക്കും; പരമാവധി 100 പേര്‍ക്ക് മാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ
അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം ആദ്യമായി മലകയറ്റത്തിനുള്ള സീസണ്‍ തുടങ്ങുകയാണ്. ജനുവരി 14 മുതലാണ് മലകയറ്റം ആരംഭിക്കുക. മാര്‍ച്ച് ഒന്ന് വരെയാണ് പ്രവേശനം അനുവദിക്കുക. പരമാവധി 100 പേര്‍ക്ക് മാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശന പാസിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ രാവിലെ 11 മണി മുതല്‍ തുടങ്ങും.
ഓണ്‍ലൈന്‍ മുഖേനയോ അക്ഷയ കേന്ദ്രം മുഖേനയോ പ്രവേശന പാസ് ബുക്ക് ചെയ്യാന്‍ സാധിക്കും. അക്ഷയ കേന്ദ്രത്തില്‍ പാസ് എടുക്കാന്‍ എത്തുന്നവര്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് വനം വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പാസ് എടുക്കാന്‍ സാധിക്കും.
14 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യവും സിഗരറ്റുമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ കാട്ടില്‍ ഭക്ഷണം പാകം ചെയ്യലും അനുവദിക്കില്ല.
Read : കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി
https://www.azhimukham.com/news-update-agasthyarkoodam-trekking-pass
ഒരു പാസിന് 1000 രൂപയാണ്. ഒരു ടിക്കറ്റില്‍ പരമാവധി 10 പേര്‍ക്കേ മലകയറാന്‍ സാധിക്കൂ. ഓണ്‍ലൈന്‍ വഴി പാസ് എടുക്കാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍-
http://www.forest.kerala.gov.in/
ഫോണ്‍ : 0471 2360762
ഡിസംബര്‍ ഒന്നിനായിരുന്നു അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് എത്തിയത്. ലിംഗ വിവേചനം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അഗസ്ത്യാര്‍കൂടത്തിലെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നടപടി. ട്രക്കിങ്ങിന് സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളെ ട്രക്കിങ്ങിന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കാണി ആദിവാസി വിഭാഗത്തിന്റെ ഹര്‍ജിയും ട്രക്കിങ് അനുവദിക്കണമെന്ന വിവിധ സ്ത്രീ സംഘടനകളുടെ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. നിലവില്‍ വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യാര്‍ കൂടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.