UPDATES

യാത്ര

മലമുകളിലൂടെ കൂകി പാഞ്ഞ് പോകുന്ന തീവണ്ടിയില്‍ യാത്ര പോകാം

സഞ്ചാരികള്‍ക്ക് മലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു കൊണ്ട് ഈ മലയോര തീവണ്ടിപ്പാതകളിലൂടെ യാത്ര ചെയ്യാം.

ഓരോ യാത്രയും നല്ല ഓര്‍മകളാണ് നമ്മള്‍ക്ക് സമ്മാനിക്കുന്നത്. ഓര്‍മകള്‍ ഇഷ്ടപ്പെടുന്ന ഇത്തരം സഞ്ചാരികളുടെ ഒഴുക്കാണ് മലയോര തീവണ്ടിപ്പാതകള്‍ ഇന്നും നിലനില്‍ക്കാന്‍ കാരണം. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലെ ഇന്നും നിലനില്‍ക്കുന്ന ഏക സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ലോകപൈതൃക സ്മാരകമായി യുനെസ്‌കോ അംഗീകരിച്ച മൂന്ന് മലയോര തീവണ്ടിപ്പാതകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത് – ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത, നീലഗിരി മലയോര തീവണ്ടിപ്പാത, കാല്‍ക്ക-ഷിംല മലയോര തീവണ്ടിപ്പാത. ഈ മലയോര തീവണ്ടിയാത്രയില്‍ ഒരുപാട് ആകര്‍ഷകമായ സ്റ്റേഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

സഞ്ചാരികള്‍ക്ക് മലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു കൊണ്ട് ഈ മലയോര തീവണ്ടിപ്പാതകളിലൂടെ യാത്ര ചെയ്യാം. മലയോര മേഖലയിലെ ഒറ്റപ്പെട്ട് കിടക്കുന്ന സമൂഹങ്ങള്‍ക്ക് ഒരു സഹായമായാണ് ഈ മലയോര തീവണ്ടിപ്പാതകള്‍ നിര്‍മ്മിച്ചത്. 1881-ലാണ് ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത പ്രവര്‍ത്തനം ആരംഭിച്ചത്. ഈ നാരോ ഗേജ് റെയില്‍വേ ടോയ് ട്രെയിന്‍ എന്നും അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 120 മീറ്റര്‍ ഉയരമുള്ള സിലുഗുരിയില്‍ നിന്നും 2,257 മീറ്റര്‍ ഉയരത്തിലുള്ള ഘുമ്മിലേക്ക് 86 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. നിരവധി ഹെയര്‍പിന്‍ വളവകള്‍, ടണലുകള്‍, പാലങ്ങള്‍ എന്നിവയൊക്കെ താണ്ടിയാണ് ട്രെയിന്‍ ലക്ഷ്യത്തില്‍ എത്തുന്നത്.

തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തെയും 46 കിലോമീറ്റര്‍ ദൂരെയുള്ള ഊട്ടിയെയും ബന്ധിപ്പിക്കുന്നതാണ് നീലഗിരി മലയോര തീവണ്ടിപ്പാത. മുന്‍പ് ബ്രിട്ടീഷ്‌കാര്‍ കനത്ത ചൂടില്‍ നിന്നും ആശ്വാസം കണ്ടെത്താനായിരുന്നു ഊട്ടക്കമണ്ഡ് അഥവാ ഊട്ടിയില്‍ വന്നത്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 1854 ലായിരുന്നു. ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം നീണ്ട ഇടവേളക്ക് ശേഷം പിന്നീട് പ്രവര്‍ത്തനം പുനഃരാരംഭിച്ചത് 1891 ലാണ്. 1908-ല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 326 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്ന് 2,203 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി സഞ്ചരിക്കുന്നത്.

കാല്‍ക്ക, ഷിംല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാല്‍ക്ക-ഷിംല പാത. ഈ നാരോ ഗേജ് പാതയ്ക്ക് 96 കി.മി നീളമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. 96 കി.മി നീളമുള്ള പാതയില്‍ 102 ടണലുകളും 864 പാലങ്ങളുമുണ്ട്. 1,143 മീറ്ററാണ് ഏറ്റവും വലിയ ടണലിന്റെ നീളം. റോമിലെ അക്വാഡക്റ്റ് പാലങ്ങള്‍ പോലെയാണ് ഭൂരിപക്ഷവും.

കാലാവസ്ഥ നോക്കിവേണം ഈ മലയോര പ്രദേശങ്ങളിലേക്ക് യാത്ര പോകാന്‍. കനത്ത മഴയും മണ്ണിടിച്ചിലും ഇതുപോലുള്ള പാതകള്‍ക്ക് ഭീഷണിയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും യാത്ര ഒഴിവാക്കുക. ചില മേഖലകളിലെ രാഷ്ട്രീയ അസ്ഥിരത ഈ റയില്‍വേ യാത്രകളെയും ഇടയ്ക്ക് ബാധിക്കാറുണ്ട്. ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയതാണ് ഈ മൂന്ന് മലയോര തീവണ്ടിപ്പാതകള്‍. ഇതില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരു നിമിഷമെങ്കിലും ഈ മലയോര റെയില്‍ പാത നിര്‍മ്മിച്ച എന്‍ജിനീയര്‍മാരെ ഓര്‍ത്തുപോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍