UPDATES

യാത്ര

‘കുളിര് തേടി ഹരിദ്വാറിലേക്ക്.. പിന്നെ ഋഷികേശിലെ ‘അജ്ഞാതമായ’ സങ്കേതത്തിലേക്കും’

പേരും രസമാണ് ‘Into the Unknown’ (അജ്ഞാതമായ). കൂടെ രണ്ടു അര്‍ജന്റീനകാരാണ്. തെണ്ടി നടക്കല്‍ ആണ് പണി എന്ന് അവര്‍ പറഞ്ഞു

എങ്ങോട്ട് എങ്കിലും പോയാലോ എന്ന് ആലോചിച്ചപ്പോഴാണ് ഹരിദ്വാറും ഋഷികേശും മനസ്സില്‍ വന്നത്. തണുപ്പ് ഇല്ലെങ്കിലും ഗംഗയില്‍ ഒന്ന് മുങ്ങി നിവരുമ്പോഴുള്ള കുളിര് ഉണ്ടല്ലോ? അതിനോടൊരു ആസക്തി.. അത്ര തന്നെ!

ഡല്‍ഹിയില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞു. നല്ല ചൂട് ആയതിനാല്‍ പുറത്തേക്കു പോകാറില്ല. റൂമില്‍ അല്പം തണുത്ത അവസ്ഥ ആയതിനാല്‍ പുറത്തേക്കു ഇറങ്ങാനും തോന്നാറില്ല. അതിരുകളില്ലാത്ത ഭൂമിയിലൂടെ ഒരു അവസാനവും ഇല്ലാതെ വെറുതെ നടക്കുന്നത് പോലെ തന്നെ എനിക്ക് ഇഷ്ടമുള്ള കാര്യമാണ് നാല് ചുവരുകള്‍ക്കുള്ളില്‍ വെറുതെ ഇരിക്കാനും. ഓരോന്ന് ഓര്‍ത്തും അവനവനോട് സംസാരിച്ചും സമയം കൊല്ലാന്‍. അവധിയുള്ള രണ്ടാം ശനിയാഴ്ചയും ഞായാറാഴ്ചയും.. രണ്ട് ദിവസം അവധി. എന്നാല്‍ പിന്നെ പോയേക്കാം ഹരിദ്വാറിലേക്കും ഋഷികേശിലേക്കും..

വ്യാഴാഴ്ച ട്രെയിന്‍ തത്കാല്‍ ബുക്ക് ചെയ്യാന്‍ പരാജയപ്പെട്ടപ്പോള്‍ എനിക്ക് അത്ര പഥ്യം ഇല്ലാത്ത ബസ് യാത്ര തന്നെ ആശ്രയം എന്ന് വന്നു. രാത്രിയില്‍ വേണ്ടത്ര ഉറക്കം കിട്ടിയ്യില്ലെങ്കില്‍ ഇപ്പൊ പതുങ്ങി ഇരിക്കുന്ന തലവേദന പുറത്തു ചാടും എന്നറിയാം. ആദ്യം ഹരിദ്വാര്‍, പിറ്റേ ദിവസം ഋഷികേശ്, അവിടെ നിന്നു തിരിച്ചു ഡല്‍ഹി അതാണ് നിലവിലെ പദ്ധതി. കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പതിവ് പോലെ തയ്യാറാക്കാന്‍ എന്തോ ഒരു മൂഡ് വന്നില്ല. ചുമ്മാ അവിടേം ഇവിടേം നടക്കുക. അത് മതി എന്ന് മനസിനെ പലവട്ടം ഉപദേശിച്ചു. എന്തെങ്കിലും കാണണം എന്നോ, എന്തെങ്കിലും ചെയ്യണം എന്നോ ഇല്ലായിരുന്നു. വെറുതെ നടക്കുക, കുളിക്കുക, കാണുക. പിന്നെയും എന്തെങ്കിലും ഒക്കെ കണ്ടു കൊണ്ടേ ഇരിക്കുക.


അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍ എനിക്ക് ഇന്നും പ്രഹേളിക ആണ്. ഇവിടെ നിന്നും ഒരു മനക്ലേശവും കൂടാതെ ബസ് കേറി പോകുന്നവര്‍ക്ക് മെഡല്‍ കൊടുക്കേണ്ടതാണ്. കാര്യം ബസ് വരുമ്പോള്‍ ഡിസ്‌പ്ലേ തെളിയും എന്നാണ് വെയ്പ്പ്. വൈകി ഓടുന്ന ബസ് എപ്പോ എത്തുമെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ ഹരിദ്വാര്‍ പോകാന്‍ ഉള്ള ബസ് രാജസ്ഥാന്‍ സ്റ്റേറ്റ് ബസ് ആണ്. ജയ്പൂര്‍ നിന്നു ആണ് അത് വരുന്നത്. വെളുപ്പിന് ഒരു മണിക്കാണ് എത്തിച്ചേരേണ്ട സമയം. അതാകുമ്പോ ഹരിദ്വാര്‍ ഒരു ആറര ഏഴിനു എത്താം. ഞാന്‍ ഓര്‍ക്കുകയായിരുന്നു. മുന്‍പ് ഈ ബസ് ടെര്‍മിനലിന് കാശ്മീരി ഗേറ്റ് എന്ന ഒറ്റ പേര് മാത്രമേ ആളുകള്‍ പറയൂ, ഇപ്പൊ മഹാറാണാ പ്രതാപ് ടെര്‍മിനല്‍സ്, യുധിഷ്ഠിര സേതു എന്നൊക്കെ ആണ് രേഖകളില്‍.

പട്ടി ഓടും പോലെ ഓരോ ബസ് വരുമ്പോഴും ഓടും, നമ്മുടെ ബസ് ആണോ എന്ന് നോക്കി. അങ്ങനെ ഇരുന്നപ്പോഴാ ഓര്‍ത്തത് ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ അയ്യാളെ ഈ പണി ഏല്‍പ്പിച്ചു ഞാന്‍ അവിടെ എങ്ങാനും കിടന്നു ഉറങ്ങിയേനെ എന്ന്. ഒരു മണിക്ക് എത്തേണ്ട വണ്ടി വന്നപ്പോ രണ്ടേ മുക്കാല്‍ ആയി. ഓടി ഓടി വിയര്‍ത്ത ശരീരം കൊണ്ട് ആ ശീതളിമയില്‍ ഞാന്‍ ഒന്ന് ചാഞ്ഞു. കിടന്നു ഉറക്കം വന്നില്ല. ഏതാണ്ട് തീം പാര്‍ക്കില്‍ ഏതോ റൈഡ് ചെയ്യും പോലെ കുന്നിലും മേടിലും കൂടി വണ്ടി പോകുന്ന പ്രതീതി. രണ്ടു ദിവസം വെറുതെ കിടന്നു ഉറങ്ങിയാ മതി എനിക്ക് ഒന്നും കാണണ്ട എന്ന് വരെ തോന്നിയ നിമിഷം. വണ്ടി ഓടി എത്തി എട്ടിന് മുന്‍പേ. ഹരിദ്വാര്‍ എത്തിയതും ക്ഷീണം പതുക്കെ മാറി. ഞാന്‍ ഓടി ഇറങ്ങി. പ്രഭാത കൃത്യങ്ങള്‍ ചെയ്തു, അടുത്തു സൗകര്യങ്ങള്‍ ഉണ്ട്. രാവിലെ തന്നെ ഫുഡ് അടിച്ചു കാര്യങ്ങളിലേക്ക് കടന്നു.

ഹരിദ്വാര്‍

ഇന്നത്തേക്ക് പോകേണ്ട ഇടങ്ങളെ ആ സമയത്തില്‍ ഒന്ന് ക്രമീകരിച്ചു. ഗംഗ ആരതി കാണണം. ഹര് കി പൗഡിയില്‍ കുറച്ചു നേരം ഇരിക്കണം. മനസ ദേവി ടെമ്പിളും ചണ്ടി ദേവി ടെമ്പിളും കാണണം. അവിടെ കഴിഞ്ഞു അടുത്ത വണ്ടിക്കു കേറി രാത്രി ഋഷികേശിനു പോകണം. ആരതി വൈകിട്ട് ആറര- ഏഴു മണിക്ക് ആണ്. പക്ഷെ കാണാന്‍ സ്ഥലം പിടിക്കാന്‍ ആണ് ബുദ്ധിമുട്ട്. ആദ്യം മാനസ ദേവി ടെമ്പിളിനെ ലക്ഷ്യം വെച്ചു നടന്നു. നാല് കിലോ മീറ്ററില്‍ കൂടുതല്‍ ഉണ്ട് നടക്കാന്‍ ഉള്ള ദൂരം. വെയില്‍ തുടങ്ങിയത് കൊണ്ട് നല്ല ചൂട് ഉണ്ട്. റോപ് വേയുണ്ടെങ്കിലും നടന്നു കാണാന്‍ ഉള്ള ത്രില്ലില്‍ അങ്ങ് നീങ്ങി. വഴിയരികില്‍ കാഴ്ച സമര്‍പ്പണത്തിന് വേണ്ടിയുള്ള സാമഗ്രികള്‍ വില്‍ക്കുന്നവര്‍ നമ്മെ വളയും. ഒരു ചെറു ചിരിയോടെ വേണ്ടെന്നു പറഞ്ഞു നമ്മള്‍ അങ്ങ് നടന്നു.

വേറെ കണ്ട ഒരു കാഴ്ച കല്ലുകള്‍ വില്‍ക്കുന്നവര്‍ ആണ്. മറ്റുള്ളവരെ വശീകരിക്കാനും, നശിപ്പിക്കാനും എങ്ങനെ കല്ലുകള്‍ ഉപകരിക്കും എന്ന് അവര്‍ വിശദീകരിക്കുന്നുണ്ട്. നമ്മുടെ രാശിക്ക് അനുയോജ്യമായ കല്ലില്‍ ചുണ്ണാമ്പ് വെള്ളം തളികുമ്പോള്‍ വയലറ്റ് ആകുന്ന വിദ്യ കാട്ടി അവര്‍ വിശ്വസിപ്പിക്കുകയാണ്. മറ്റുള്ളവരുടെ കയ്യില്‍ കല്ല് വെച്ചിട്ടു അത് വെള്ളം നിറം മാറാത്തത് ആ കല്ല് അവര്‍ക്ക് അനുയോജ്യമല്ല എന്നുള്ള ഡയലോഗ് കൂടി ആകുമ്പോള്‍ വാങ്ങാന്‍ വന്നവന്‍ ഫ്‌ലാറ്റ്. മുകളില്‍ ടെമ്പിളില്‍ എത്തി. ചൂട് കാരണം ഒരുപാട് സ്ഥലത്ത് ഇരുന്നു വിശ്രമിച്ചാണ് മുകളില്‍ എത്തിയത്. അവിടെ നിന്നു നോക്കുമ്പോ ഹരിദ്വാര്‍ പട്ടണം ഒരു സിനിമയിലെ പോലെ ത്രില്‍ അടിപ്പിക്കും.

(ഹര്‍ കി പൌഡി)

ഇങ്ങനെ ഈ വെയിലത്ത് നടന്നാല്‍ എങ്ങും എത്താന്‍ വഴി ഇല്ലാത്തതു കൊണ്ട് റോപ് വേ തന്നെ ശരണം പ്രാപിച്ചു. ഇനി ചണ്ടി ദേവി ടെമ്പിളിലും കേറാന്‍ റോപ് വേ ആശ്രയിക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. മല കേറി വരുമ്പോ യാത്ര ഹരിദ്വാറില്‍ മാത്രം ഒതുക്കേണ്ടി വരും. ബസ് പാസ് എടുക്കാത്തത് കൊണ്ട് ഇനി എനിക്ക് ചണ്ടി ദേവി ടെമ്പിള്‍ പോകാന്‍ റിക്ഷയെ ആശ്രയിക്കേണ്ടി വരും. ഒരാള്‍ക്ക് 30 രൂപയെ ആകൂ. പക്ഷെ ഒരു സവാരിക്ക് 200 രൂപ ആണ്. ഞാന്‍ വേറെ ആളുകളെ കണ്ടു പിടിക്കണം. വേറെ ആളുകള്‍ അവരുടെ കൂട്ടത്തിനു ഒപ്പം കേറി പോകും. സ്വകാര്യത എന്ന് കരുതി നമ്മളെ പോലെ ഒരാളെ ആവര്‍ കേറ്റുന്നുമില്ല. ഒരു ചായ കടയില്‍ കേറി രണ്ടു മൂന്നു ചായ കുടിച്ചു ഞാന്‍ ഇരുന്നു.

എന്റെ ഇരുപ്പു കണ്ടു ഒരാള്‍ എന്നെ ഒരു വാനില്‍ കേറ്റി വിട്ടു. 50 രൂപ കൊടുത്താല്‍ മതി എന്നറിയിച്ചു. ചണ്ടി മാതാ ടെമ്പിളില്‍ എന്നെ ഇറക്കി വിട്ടപ്പോള്‍ ഞാന്‍ പണം കൊടുത്തത് കണ്ടു അവിടത്തെ സെക്ക്യൂരിറ്റി എന്നോട് 30 രൂപ കഴിച്ചു 20 രൂപ തിരികെ വാങ്ങാന്‍ പറഞ്ഞു. അവിടെ പാസ് ഇല്ലാത്ത ആളുകളുടെ കയ്യില്‍ നിന്നു ആയാലും കൂടുതല്‍ പൈസ വാങ്ങരുത് എന്നാണ് വണ്ടിക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. എനിക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞെങ്കിലും ആ ഡ്രൈവര്‍ അവസാനം 50 രൂപയും തിരിച്ചു തന്നു. ഇനി ഇവിടെ നിന്നു റോപ് വേ പോകണം ടിക്കറ്റ് എടുത്തു. എന്റെ നമ്പര്‍ 370. ഇപ്പൊ 270 ആയെ ഉള്ളൂ. കസേരയില്‍ കേറി ഇരുന്നു. റോപ്പില്‍ ഏതാണ്ട് 850 മീറ്റര്‍ ദൂരം ഉണ്ട്. നടക്കാനുള്ള വഴിയിലൂടെ ആളുകള്‍ നടന്നും, ബൈക്കിലും വരുന്നുണ്ട്.

(ഭാഗീരഥി ഗട്ടിലെ ശിവ പ്രതിമ)

അല്പം മഞ്ഞും കുളിരും ഉണ്ടായിരുന്നെങ്കില്‍ നടക്കുക രസമായിരിക്കും എന്ന് തോന്നി. ഈ അമ്പലത്തിലെ ദേവിയെ സ്ഥാപിച്ചത് ആദി ശങ്കരന്‍ ആണ് എന്നാണ് ഐത്യഹ്യം. വന്നിട്ട് ഇതുവരെ ഒരു മലയാളിയും കാണാത്തതില്‍ ഞാന്‍ അത്ഭുതം കൂറി. ദക്ഷിണേന്ത്യയില്‍ നിന്നും തെലുങ്കരാണ് കൂടുതല്‍ ഉള്ളത്. സിദ്ധ പീഠങ്ങളില്‍ ഒന്നാണ് ഇത്. റോപ്പ് വേയില്‍ തിരിച്ചു വന്നു. ഒരു ഓട്ടോ കിട്ടി. ഇനി ഹര്‍ കി പൌഡി. അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഗട്ടുകളിലൂടെ നടന്നു. ഒന്ന് കുളിച്ചു. പറയാന്‍ മറന്നു. ഇത് ഇന്നത്തെ രണ്ടാമത്തെ കുളി ആണ് ഗംഗയില്‍. കുളിരുന്നു. നേരെ ആരതി കാണാന്‍ ഇടം പിടിക്കാന്‍ വെച്ചു പിടിപിച്ചു. രക്ഷയില്ല നല്ല കാഴ്ച കിട്ടുന്ന ഇടങ്ങളില്‍ എല്ലാം ആളുകള്‍ ഇടം പിടിച്ചു കഴിഞ്ഞു മണിക്കൂറുകള്‍ക്കു മുന്‍പേ. ഇനി അവിടെ കാത്തു നിന്നു മുഷിയേണ്ട സമയം ആകുമ്പോ എവിടെ നിന്നെങ്കിലും അത് കാണുക. അതേ നിര്‍വാഹം ഉള്ളൂ.

തുടങ്ങാന്‍ ഇനിയും സമയം ഉള്ളത് കൊണ്ട് ചുറ്റി കാണാന്‍ ഇറങ്ങി. ഭാഗീരഥി ഗട്ടിലെ ശിവന്റെ കൂറ്റന്‍ പ്രതിമ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കും. ആരതി കാണാന്‍ എന്ത് മാത്രം ആളുകള്‍ ആണ്. കുംഭമേളക്ക് അപ്പോള്‍ ശ്വാസം പോലും കിട്ടാന്‍ പാടായിരിക്കും എന്ന് തോന്നി. ആരതിയും കണ്ടു ഇറങ്ങി രാത്രി പതിനൊന്നിനു മുന്‍പേ ഋഷികേശിലെ ഹോസ്റ്റലില്‍ ചെക്ക് ഇന്‍ ചെയ്യണം എന്ന് അവര്‍ പറഞ്ഞിരിക്കുന്നെ. ഹരിദ്വാര്‍ നിന്നും ഒരു ഷെയര്‍ ഓട്ടോ കിട്ടി. 40 രൂപ. 20 കിലോ മീറ്റര്‍ ദൂരം ഉണ്ട് ഈ രണ്ടു പട്ടണങ്ങള്‍ തമ്മില്‍. പത്തു മണി ആയപ്പഴേക്കും ഞാന്‍ ഹോസ്റ്റലില്‍ തപ്പിപിടിച്ചെത്തി.

നല്ല ഹോസ്റ്റല്‍, പേരും രസമാണ് ‘Into the Unknown’ (അജ്ഞാതമായ) . ഡോര്‍മിറ്ററി കൊള്ളാം. കൊടുത്ത 250 രൂപയ്ക്കു ഉള്ളതു ഉണ്ട്. കൂടെ രണ്ടു അര്‍ജന്റീനകാരാണ്. തെണ്ടി നടക്കല്‍ ആണ് പണി എന്ന് അവര്‍ പറഞ്ഞു, ജോലി ഇഷ്ടം അല്ലത്രേ. കൊള്ളാം. ഇനി നാളെ ഋഷികേശ്. അനിശ്ചിതത്വങ്ങള്‍ ഉറങ്ങുന്ന അതിബലവാനായ ഹിമവാന്റെ ചാരെ ഞാന്‍ അങ്ങനെ കിടന്നു. ഹിമാലയന്‍ ട്രെക്കിങ്ങിനിടെ ഒരു മാസ്റ്റര്‍ പറഞ്ഞത് ഓര്‍മയില്‍ വരുന്നു- ‘നിങ്ങള്‍ എത്ര അതിശക്തനായിരുന്നാലും ഹിമാലയതിന്റെ ചുവട്ടില്‍ വരുമ്പോള്‍ ഒരല്‍പം വിനയം കൊണ്ട് വരുന്നത് നല്ലതാണ്.’

ഋഷികേശ്

(ലക്ഷ്മണ്‍ ജൂല)

രാവിലെ തന്നെ എഴുന്നേറ്റു. കുറച്ചു കാലമായി തോന്നാറുള്ള പതിവ് ഉറക്ക ചടവ് തോന്നിയില്ല. ഡോര്‍മിട്ടറിയിലെ രണ്ടു സായിപ്പന്മാരോട് ഗുഡ് ബൈ പറഞ്ഞു ചെക്ക് ഔട്ട് ചെയ്യാന്‍ റിസപ്ഷനിലോട്ട് ചെന്നു. ഇന്റര്‍നെറ്റില്‍ എന്തായാലും റിവ്യൂ എഴുതണം എന്ന് പറഞ്ഞു. ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പൊ നിങ്ങള്‍ക്ക് സജസ്റ്റ് ചെയ്യുന്നു, ഒരു ബാക്ക്പാക്കര്‍ക്ക് അനുയോജ്യമായ വളരെ ചെലവ് കുറഞ്ഞ താമസം ഉദ്ദേശിക്കുന്നു എങ്കില്‍ Into the Unknown നല്ല ഒരു ഓപ്ഷന്‍ ആണ് ഋഷികേശില്‍. ഇന്ന് എവിടെ ഒക്കെ പോകണം എന്ന് വ്യക്തമായ ധാരണ ഇല്ല. കാലാവസ്ഥ വൈകീട്ട് മഴ ഉണ്ടാകും എന്ന് കാണിക്കുന്നുണ്ട്, ലക്ഷ്മണ്‍ ജൂല, രാം ജൂല, ബീറ്റില്‍സ് ആശ്രമം പിന്നെ ശ്രീ ഹേമകുണ്ട് സാഹിബ് ഗുരുദ്വാര. ഇത്രേ മാത്രേ മനസ്സില്‍ ഉള്ളൂ.

ഗുരുദ്വാരകളോടുള്ള എന്റെ ഇഷ്ടം ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ടല്ലോ. ഹോസ്റ്റലില്‍ നിന്നു ഇറങ്ങി ലക്ഷ്മണ്‍ ജൂലയിലേക്ക് വെച്ചു പിടിപ്പിച്ചു. അടുത്ത് തന്നെ ആണ് ഈ ഹോസ്റ്റല്‍. ഒരു കിലോമീറ്റര്‍ മാത്രേ ദൂരം ഉള്ളൂ. യോഗ ആശ്രമങ്ങളുടെ പറുദീസാ ആണ് ഇവിടം. കുന്നകുളം മോഡലുകള്‍ ഒരുപാട് ഉണ്ടെന്നു തോന്നുന്നു. പിന്നെ സഞ്ചാരികള്‍ വരിക റാഫ്ടിങ്ങിനു ആണ്. ഗംഗയിലെ ഓളങ്ങളിലൂടെ റാഫ്ടിങ്ങ് ചെയ്യാന്‍ ദിനവും എത്തുന്നവര്‍ അനവധിയാണ്. ഒറ്റകള്‍ക്ക് വിധിക്കാത്ത ചില കളി ആണ് ഇത്. കൂട്ടം കൂടുമ്പോ അര്‍മാദിക്കാന്‍ റാഫ്ടിങ്ങ് നല്ലതാണ്. ലക്ഷ്മണ്‍ ജൂല എന്നത് ഒരു തൂക്കു പാലം ആണ്. പണ്ട് ലക്ഷ്മണന്‍ ഈ വഴിയിലൂടെ ഗംഗയെ കുറുകെ കടന്നു എന്നാണ് ഐതിഹ്യം. 1929-ല്‍ ആണ് ഇപ്പൊ കാണുന്ന രീതിയില്‍ ഉള്ള ഇരുമ്പിന്റെ തൂക്ക് പാലം നിര്‍മ്മിച്ചത്. ഏകദേശം 137 മീറ്റര്‍ നീളം ഉള്ളതാണ് ലക്ഷ്മണ്‍ ജൂല എന്ന ഈ തൂക്കു പാലം. അവിടെന്നു ഏകദേശം രണ്ടു കിലോമീറ്റര്‍ കൂടി മാറിയാല്‍ കുറച്ചു കൂടി വലിയ തൂക്ക്പാലം കാണാം രാം ജൂല എന്നാണ് അതിന്റെ പേര്, 230 മീറ്റര്‍ നീളം ഉള്ളതാണ് ഇത്. അല്ലെങ്കിലും രാമന്‍ ലക്ഷ്മണനേക്കാള്‍ മൂത്തത് ആണല്ലോ.

ലക്ഷ്മണ്‍ ജൂല കടക്കുമ്പോള്‍ താഴെ കൂടി റാഫ്ട്ടിംഗ് ചെയ്യുന്നവരെ കാണാം. അതില്‍ ചിലര്‍ ലൈഫ് ജാക്കറ്റിന്റെ മിടുക്കില്‍ റാഫ്ട്ടില്‍ നിന്നും വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും തിരികെ കേറുന്നതുമൊക്കെ കാണാം. വെള്ളം കുറവായത് കൊണ്ട്, ഒഴുക്കിന്റെ ശക്തി കുറവായത് കൊണ്ടും, വലിയ അപകടം ഇല്ലാതെ പോകുന്നു എന്ന് തോന്നുന്നു. വിദേശികളുടെ സംഖ്യാ കൂടുതല്‍ പോലെ തോന്നി. വഴിയോര വാണിഭക്കാര്‍ വല്യ ആര്‍പ്പു വിളികളോ ഒച്ചപ്പാടുകളോ ഇല്ലാതെ തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്നു. തൂക്ക് പാലത്തിലൂടെ ബൈക്കുകള്‍ ഒക്കെ കടന്നു പോകുന്നുണ്ട്. രണ്ടു മൂന്ന് വട്ടം ലക്ഷ്മണ്‍ ജൂല അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇനി രാം ജൂല പോകണം. വെയിലിന്റെ കാഠിന്യം കൂടി വരുന്നുണ്ട്. രാം ജൂല എത്തിയിട്ട് ആകാം കുളി എന്ന് ഉറപ്പിച്ചു. വഴിയരുകില്‍ ഇരുന്നു സാധുക്കള്‍ പുകക്കുന്നുണ്ട്. ഇടയ്ക്കു അവരുടെ ഇടയില്‍ ചില വിദേശി തലകളെ കാണാം.

(രാം ജൂല )

രാം ജൂല കണ്ടു, വലിയ മത്സ്യങ്ങള്‍ പുളക്കുന്നത് തൂക്കു പാലത്തിന്റെ നടുക്ക് വെച്ചു താഴേക്ക് നോക്കിയാല്‍ കാണാം. ചിലപ്പോ വശങ്ങളിലും. യോഗ ക്ലാസിനു വേണ്ടിയുള്ള പരസ്യങ്ങള്‍ എമ്പാടും കാണാം. ട്രാന്‍സെണ്ടെന്റല്‍ മെഡിറ്റേഷന്റെ ആണ് അധികവും. മഹര്‍ഷി മഹേഷ് യോഗിയുടെ സംഭാവന ആണ് ഈ യോഗ രീതി. ഇതിനെ കുറിച്ച് അവസാനം പറയാം കൂടുതല്‍ ആയി. രാം ജൂലയുടെ കീഴെ കുളിക്കാന്‍ ഇറങ്ങി. പൊള്ളുന്ന വെയിലില്‍ കുളിരുന്ന ഈ വെള്ളത്തില്‍ കുളിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി ഒരു പക്ഷെ ഒരു യോഗാചാര്യനും നിങ്ങള്‍ക്ക് നല്കാന്‍ കഴിഞ്ഞേക്കില്ല. കരയില്‍ ഇരുന്നു കാല്‍ വെള്ളത്തില്‍ ഇറക്കിയും മുങ്ങി കുളിച്ചും നേരം പോയത് അറിഞ്ഞില്ല.

ഇനി പോകേണ്ടത് ബീറ്റില്‍സ് ആശ്രമത്തിലേക്കു ആണ് പോകേണ്ടത്. നടക്കാന്‍ രണ്ടു കിലോമീറ്റര്‍ താഴയേ ദൂരം ഉള്ളൂ. ഗംഗയുടെ കര പിടിച്ചു നടന്നാല്‍ മതി. ട്രാന്‍സെണ്ടെന്റല്‍ മെഡിറ്റേഷന്റെ ഗുരുവായ മഹേഷ് യോഗിയുടെ ആയിരുന്ന ആശ്രമം. ബീറ്റില്‍സ് ആശ്രമം എന്ന് അറിയപ്പെടാന്‍ കാരണം ബീറ്റില്‍സ് മ്യൂസിക് ട്രൂപ്പ് അവിടെ താമസിക്കുകയും, മഹേഷ് യോഗിയുടെ പ്രഭാവത്തില്‍ ആകൃഷ്ടരാകുകയും ചെയ്തു. ആ സഹാവാസതിനിടക്ക് അവര്‍ സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹേഷ് യോഗിയുടെ ആത്മീയതയുടെ സ്വാധീനം അതില്‍ കാണുകയും ചെയ്യാം. പടലപ്പിണക്കങ്ങള്‍ക്ക് ഒടുവില്‍ ബീറ്റില്‍സ്, ആ ആശ്രമം വിടുകയായിരുന്നു.


വനംവകുപ്പില്‍ നിന്നു പാട്ടത്തിനു എടുത്ത സ്ഥലത്ത് ആയിരുന്നു ആശ്രമം. ഗവണ്മെന്റ് അത് തിരിച്ചു എടുക്കുകയും 2012-ല്‍ ബീറ്റില്‍സ് ആശ്രമം എന്ന പേരില്‍ ടൂറിസ സാധ്യതകള്‍’ കണ്ടെത്തി വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുകയുമായിരുന്നു. ആകെ പൊളിഞ്ഞു കിടക്കുകയാണ് എല്ലാം. മഹേഷ് യോഗിയുടെ ആശ്രമം, ബീറ്റില്‍സ് താമസിച്ച ഇടം, പിന്നെ യോഗികള്‍ക്ക് താമസിക്കാനുള്ള പര്‍ണശാലകള്‍ എന്നിങ്ങനെ ആണ് ഈ ക്യാമ്പസില്‍ ഇപ്പോള്‍ കാണാന്‍ ഉള്ളത്. നല്ലൊരു കംഫടീരിയ ഉണ്ട് ഇവിടെ. എനിക്ക് അത് ഇഷ്ടപ്പെടാന്‍ കാരണം 10 രൂപയ്ക്കു കിട്ടുന്ന നല്ല ചായ ആണ്. എത്ര എത്ര ശരീരങ്ങളും മനസുകളും പറന്നു നടന്ന ഇടത്ത് ഇപ്പോള്‍ വന്നു പോകുന്ന കുറച്ചു സഞ്ചാരികള്‍ മാത്രം.

അധികം അനക്കവും ഒച്ചയും ഇല്ലാത്ത ഒരിടം. മകുടങ്ങള്‍ ഉള്ള പര്‍ണ ശാലകളില്‍ നിന്നു നോക്കുമ്പോള്‍ ഒഴുകുന്ന ഗംഗയെ കാണാം. എല്ലാം നശിച്ചു കിടക്കുകയാണ്. അവിടെ നിന്നു കാഴ്ചകളെ പിന്‍ വലിച്ചു വീണ്ടും നടന്നു. ഹേമകുണ്ഡ സാഹിബ് ഗുരുദ്വാര ആണ് ലക്ഷ്യം. മൂന്നര കിലോമീറ്റര്‍ ദൂരം ഉണ്ട് നടക്കാന്‍. സമയം വൈകുന്നേരം അഞ്ച് കഴിഞ്ഞു. അങ്ങനെ നടക്കും വഴി ആണ് ആത്മീയകച്ചവടത്തിന്റെ ഒരു എക്‌സ്ട്രീം വശം പോലെ ഒന്ന്.. ഒരു കുടുമകെട്ടിയ പൂജാരി പോലെ ഒരാളെ ഒരു ഹോട്ടലിനു മുന്നില്‍ കുടി ഇരുത്തിയിരിക്കുന്നു. കുറച്ചൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അടുത്ത ഹോട്ടലുകാരനും അത് തന്നെ ചെയ്തിട്ട് ആളുകളെ ആകര്‍ഷിക്കാന്‍, നിരവധി പേര്‍ വന്നു സെല്‍ഫി എടുക്കുന്നുണ്ട്.

(ബീറ്റില്‍സ് / മഹേഷ് യോഗിയുടെ ആശ്രമം)

രാത്രി 11 മണിക്കാണ് ഡല്‍ഹിയിലേക്കുള്ള ബസ്. ചെലവഴിക്കാന്‍ ഇഷ്ടം പോലെ സമയം. ജി പി എസ് ആണ് നമ്മുടെ ശരണം. ഗുരുദ്വാരയില്‍ എത്താന്‍ ഇനി വെറും 400 മീറ്റര്‍ മാത്രം. ഹിമവാന്റെ മുഖം മാറിയ പോലെ, അത്ര നേരം ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ക്ഷോഭിക്കാന്‍ തുടങ്ങി. പൊടിക്കാറ്റ് ദൂരെ നിന്നു വരുന്നു. എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടുത്തവും കിട്ടുന്നില്ല. കേറി നില്ക്കാന്‍ സുരക്ഷിതമായ ഒരു ഇടവും കാണുന്നില്ല. ബസ് സ്റ്റേഷനിലേക്ക് ഒരു ചെറിയ വഴി കാണിക്കുന്നുണ്ട്. ഒരു കിലോ മീറ്ററില്‍ കൂടുതല്‍. ഗുരുദ്വാരയിലേക്ക് ഓടണോ, ബസ് സ്‌റ്റേഷനിലേക്ക് ഓടണോ എന്ന് കണ്‍ഫ്യൂഷന്‍ ആയി.

പൊടിക്കാറ്റ് അടുത്ത് വന്നു തുടങ്ങി. ടവല്‍ എടുത്തു മുഖം മൂടി നേരെ ഗുരുദ്വാര ലക്ഷ്യമാക്കി ഓടി. ഭാഗ്യത്തിന് ജി പി എസ് കാണിച്ചത് പോലെ ഗുരുദ്വാര ഉണ്ട് അവിടെ. ഓടിക്കേറി ഒരു മൂലയില്‍ നിന്നു. അന്തരീക്ഷം പൊടിയില്‍ കുളിച്ചു. അധിക നേരം കഴിയാതെ ഇടിയും മിന്നലോടും കൂടെ മഴയും’ തുടങ്ങി. എന്ത് പെട്ടെന്നാണ് കാലാവസ്ഥ മാറുന്നത്. മഴ തോരും വരെ അവിടെ ഇരുന്നു. അധികം വൈകാതെ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു. മൂടി കെട്ടിയ അന്തരീക്ഷം മാറിയും മറഞ്ഞും. ഇടയ്ക്കു പേടിപ്പിക്കാന്‍ ഇടിവെട്ടും. ബസ് സ്റ്റാന്‍ഡിലെ അനവധി വെയിറ്റിംഗ് റൂമുകളില്‍ ഒന്നില്‍ നേരെ സ്ഥാനം പിടിച്ചു. പുറത്തേക്കു ഇറങ്ങാനേ തോന്നുന്നില്ല. ബദരീനാഥ് തീര്‍ഥാടകര്‍ വന്നു കൊണ്ടേ ഇരിക്കുന്നു, അവരുടെ മുഖത്ത് ഭീതിയുടെ ലക്ഷണം ലവലേശം ഇല്ല. ചുക്കി ചുളിഞ്ഞ നര വീണ ആ രൂപങ്ങളില്‍ ഇത് എത്ര കണ്ടിരിക്കുന്നു എന്ന മുഖ ഭാവം. കൃത്യം 11 മണിക്ക് ബസ് എടുത്തു. ഓഫീസില്‍ രാവിലെ പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉറക്കം നേരത്തെ വന്നു, പക്ഷെ സ്വസ്ഥമായി ഉറക്കില്ല എന്ന ശപഥത്തോടെ വണ്ടി കുതിച്ചും പുളഞ്ഞും ആടിയും ഉലഞ്ഞും ഡല്‍ഹിക്ക് പോകുന്നു. ഇനി അടുത്ത യാത്ര വരും വരെ എന്നെ കാത്തിരിക്കുന്ന ഹരിദ്വാറിനും ഋഷികേശിനും നന്ദി പറഞ്ഞു ഉറങ്ങാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു

(മുഖചിത്രം- സുജയ് രാധാകൃഷ്ണന്‍)
(മറ്റ് ചിത്രങ്ങള്‍ – ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍)

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍