UPDATES

യാത്ര

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ലേ? സജ്നയുടെ അപ്പൂപ്പന്‍താടികള്‍ക്ക് ഉത്തരമുണ്ട്

Everybody can travel, Alone woman can travel എന്നീ രണ്ട് ആശയങ്ങൾ സമൂഹത്തിനു മുൻപിൽ തെളിയിക്കുക എന്നത് എന്റെ ലക്ഷ്യമാണ്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

“സ്ത്രീകൾ പൊതുവേ തൊഴിലിടവും കുടുംബവുമായി ജീവിതം ഒതുക്കിനിർത്തുന്ന ഒരു വിഭാഗമാണ്. പ്രാരാബ്ധങ്ങൾ വിട്ട് ലോകം ചുറ്റി സഞ്ചരിക്കാനും കാഴ്ച്ചകൾ തേടിയിറങ്ങാനും അവർക്ക് സാധിച്ചെന്നുവരില്ല. അല്ലെങ്കിലും പുരുഷ അകമ്പടിയില്ലാതെ എങ്ങനെയാണ് സ്ത്രീകൾ തനിച്ച് യാത്രചെയ്യുന്നത്?” സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധം ഉടലെടുക്കുന്നതുപോലും ഇത്തരത്തിൽ പരസഹായമില്ലാത്ത പെൺവർഗ്ഗത്തിന്റെ നിസ്സഹായതയെച്ചൊല്ലിയാണ്. സ്വതന്ത്രമായി സഞ്ചരിക്കാൻപോലും പെണ്ണിന് പുരുഷസാമീപ്യം അത്യന്താപേക്ഷിതമാണെന്ന് ഈ സമൂഹം വരച്ചുവെക്കുന്നു. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായി സാമൂഹിക കാഴ്‌ച്ചപ്പാടുകളെയെല്ലാം തച്ചുടച്ച് മുന്നേറുകയാണ് കോഴിക്കോട് നിന്നുമുള്ള സജ്‌ന അലി എന്ന യുവതി.

കോഴിക്കോട് മാങ്കാവ് സ്വദേശിയായ സജ്ന, നാലുവർഷം കൊണ്ട് എട്ടു സംസ്ഥാനങ്ങൾ ഒഴികെ ഇന്ത്യയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഒറ്റയ്ക്ക് യാത്ര ചെയ്തുവരികയാണ്. പരസഹായമില്ലാതെ, പ്രത്യേകിച്ച് പുരുഷസഹായമില്ലാതെ ഒരു പെണ്ണിന് രാജ്യം ചുറ്റി സഞ്ചരിക്കാമെന്ന് സമൂഹത്തിനു മുൻപിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഈ 31-കാരി. ഒപ്പം സ്‌ത്രീകൾക്ക് മാത്രമായൊരു യാത്രാ സംരംഭവും തന്റെ യാത്രകൾക്കൊപ്പം സജ്‌ന നടത്തിവരുന്നു. അപ്പൂപ്പൻതാടി എന്ന പേരിൽ നാലുവർഷം മുൻപ് ആരംഭിച്ച ഈ സംരംഭം ഒരു ഫേസ്‌ബുക്ക് പേജിന്റെ സഹായത്താലാണ് ദൗത്യങ്ങൾ ഏറ്റെടുത്ത് നിറവേറ്റുന്നത്. സ്ത്രീകളുടെ യാത്രകൾ മാത്രം ഓർഗനൈസ് ചെയ്യുന്ന അപ്പൂപ്പൻതാടിയിലേക്ക് ഇന്ത്യയുടെ എല്ലാഭാഗത്ത് നിന്നും ആവശ്യക്കാരുണ്ട്. കൗതുകകരവും അഭിനന്ദാർഹവുമായ അപ്പൂപ്പൻതാടിയുടെ സംരംഭത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തിരുവനന്തപുരം ടെക്നോ പാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുകയും, സംരംഭം പ്രാവർത്തികമായ ശേഷം യാത്രയും വോളണ്ടിയർഷിപ്പുമായി സജ്ന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

അപ്പൂപ്പൻതാടിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ കുറിക്കുന്നതിങ്ങനെ: If you are a travel enthusiast and love to explore the world, a woman with wanderlust – you are on the right place! Welcome to the wold of lady nomads!

സ്വന്തം താൽപ്പര്യം മുൻനിർത്തി ആരംഭിച്ച ഒരു യാത്രാസംരംഭം വിജയകരമായിത്തീർന്നതിനെക്കുറിച്ച് സജ്ന സംസാരിക്കുന്നു.

ഒരു യാത്രാ സംരംഭം എന്നതിലുപരി സ്ത്രീസ്വാതന്ത്ര്യം കെട്ടിയുറപ്പിക്കാനും പ്രാപ്തമായ അപ്പൂപ്പൻതാടിയെക്കുറിച്ച്

സ്ത്രീകൾക്ക് പൊതുവേ യാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ കുറവാണ്. ഗാർഹിക – സാമ്പത്തിക പരിമിതികളെല്ലാം അതിന് തടസ്സവുമാണ്. ഒപ്പം, യാത്രയ്ക്കായി പരസഹായം, പ്രത്യേകിച്ച് പുരുഷസഹായം തേടേണ്ട സാഹചര്യവും സ്ത്രീക്ക് ഇന്നത്തെ സമൂഹത്തിലുണ്ട്. അത്തരമൊരു സാമൂഹികാവസ്ഥയിൽ നിന്നൊരു മാറ്റമാണ് അപ്പൂപ്പൻതാടി ലക്ഷ്യമിടുന്നത്. ഇത് സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള യാത്രാ സംവിധാനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ അപ്പൂപ്പൻതാടിയുടെ ഭാഗമായി മാറുന്നു.

Everybody can travel, Alone woman can travel എന്നീ രണ്ട് ആശയങ്ങളാണ് അപ്പൂപ്പൻതാടി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്. ട്രാവൽ ഏജൻസികൾ പോലെ ടൂർ പാക്കേജുകളുടെ വിതരണമല്ല എന്റെ സംരഭം മുന്നോട്ടുവയ്ക്കുന്നത്. പകരം, വീക്കെൻഡുകളിലോ ഹോളിഡെയ്‌സിലോ ടൂർ അനൗൺസ് ചെയ്യുകയും ചിലവ്, ഭക്ഷണം, സ്ഥലങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾ ഫേസ്‌ബുക്ക് പേജിൽ ചേർക്കുകയുമാണ് ചെയ്യുന്നത്. അതിൽ താല്പര്യപ്പെടുന്നവർ ഒത്തുചേർന്നാണ് യാത്ര നടത്തുന്നത്. മുൻപരിചയമില്ലാത്ത, രാജ്യത്തിന്റെ പാലഭാഗത്ത് നിന്നുമുള്ള സ്ത്രീകളായിരിക്കും ഓരോ യാത്രയിലെയും പങ്കാളികൾ. അവർക്കൊപ്പം എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി, കൂടെ സഞ്ചരിച്ച് ഞാനും യാത്രയുടെ ഭാഗമാവുന്നു.

തവാംഗ് ട്രിപ്പ്‌

അപ്പൂപ്പൻതാടി എന്ന സംരംഭത്തിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച്

യാത്ര ചെയ്യാനുള്ള എന്റെ ആഗ്രഹമാണ് അപ്പൂപ്പൻതാടിയിലേക്കെത്തിച്ചത്. ഞാൻ കണ്ട, എനിക്കേറെ ഇഷ്ടമുള്ള സ്ഥലങ്ങൾ പലർക്കും കാണിച്ചുകൊടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് പതിയെ ഇത്തരമൊരു സംരംഭത്തിലേക്കെത്തിയെന്നു പറയാം.
നാലുവർഷമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ് ഞാൻ. ആദ്യയാത്ര വാസ്തവത്തിൽ കൂട്ടുകാർക്കൊപ്പം പ്ലാൻ ചെയ്തതായിരുന്നു. എന്നാൽ, അവസാന സമയങ്ങളിൽ പലരും പിന്മാറിയതിനാൽ ആ യാത്ര തനിച്ച് നടത്തേണ്ടിവന്നു. യാത്രയ്ക്കൊടുവില്‍ സോഷ്യൽ മീഡിയയിൽ ഞാൻ ഷെയർ ചെയ്ത ഫോട്ടോകൾ കണ്ട പല സ്ത്രീകളും യാത്രകളിൽ അവരെക്കൂടെ ഉൾപ്പെടുത്താമോ എന്ന് ആവശ്യപ്പെടുന്നത് വഴിയാണ് ഈ യാത്രാ സംരംഭം ആദ്യമായി രൂപം കൊള്ളുന്നത്. പിന്നീട് ഒരു വർഷത്തിന് ശേഷം ആവശ്യക്കാരെ യോജിപ്പിച്ചുകൊണ്ട് യാത്ര പ്ലാൻ ചെയ്യുകയും ചെയ്തു. എന്നാൽ, അവസാന നിമിഷം പലരും പിന്മാറിയെന്ന കാരണത്താൽ ആ യാത്രയും ഉപേക്ഷിക്കേണ്ടിവന്നു.

വീണ്ടുമൊരു വർഷത്തിനുശേഷമാണ് കൊല്ലത്തെ തെന്മലക്കടുത്തുള്ള റോസ്മലയിലേക്ക് 22 പേരെ സംഘടിപ്പിച്ച് ഒരു യാത്ര പ്ലാൻ ചെയ്യുന്നത്. അതിലും പലരും പിന്മാറിയെങ്കിലും നിശ്ചയദാർഢ്യത്തോടെ വന്ന എട്ടുപേർ ചേർന്ന് ആ യാത്ര വിജയകരമാക്കി. അത് അപ്പൂപ്പൻതാടിയുടെ ആദ്യ യാത്രയായിരുന്നു. ഞാൻ ടെക്നോപാർക്കിൽ വർക്ക് ചെയ്യുന്ന സമയമായതിനാൽ നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദശിപ്പിച്ചും മറ്റുമാണ് യാത്രയെക്കുറിച്ച് ആളുകളിലേക്കെത്തിക്കാൻ സാധിച്ചത്. തുടർന്നാണ് അപ്ഡേഷനുകൾ പ്രദർശിപ്പിക്കാൻ ഒരു ഫേസ്‌ബുക്ക് പേജ് വേണമെന്നും, സ്ത്രീകൾക്ക് മാത്രമായുള്ള യാത്രാസംരംഭത്തിന് ആകർഷകമായ പേരും നിർബന്ധമാണെന്ന് ആലോചിക്കുന്നത്. മനസ്സിലേക്ക് പെട്ടന്നുവന്ന പേര് അപ്പൂപ്പൻതാടി എന്നതായിരുന്നു. സ്വതന്ത്രമായി സഞ്ചരിക്കുന്ന, എല്ലാവർക്കും ഇഷ്ടമുള്ള അപ്പൂപ്പൻതാടിയെ ഞാനെന്റെ യാത്രയുടെ ഒഫീഷ്യൽ നാമമാക്കി മാറ്റി.

നാഗാലാന്‍ഡ്

സ്ത്രീകൾക്ക് വേണ്ടി, ഒരു സ്ത്രീ തനിച്ച് നടത്തുന്ന യാത്രാസംരംഭമാണ് അപ്പൂപ്പൻതാടി. ആദ്യകാല വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?

നിരവധി ചലഞ്ചുകൾ ആദ്യകാലങ്ങളിൽ നേരിടേണ്ടി വന്നിരുന്നു. എന്നെ ആർക്കും അറിയില്ല എന്നതുതന്നെ വലിയ വെല്ലുവിളിയായിരുന്നു. ഏതോ ഒരു സ്ത്രീ കുറച്ചാളുകളെച്ചേർത്ത് യാത്രകൾ നടത്തുന്നു എന്നത് പല ഫാമിലിയിലും വിശ്വാസ യോഗ്യമായിരുന്നില്ല. അതിനാൽ തന്നെ സ്ത്രീകളെ വീടുകളിൽ പോയി പിക്ക് ചെയ്താണ് യാത്രകൾ നടത്തിയിരുന്നത്. ഏഴുമാസത്തോളം ഇങ്ങനെ തുടർന്നതിനുശേഷമാണ് ഒരു നിശ്ചിത സ്ഥലത്തേക്ക് സ്ത്രീകൾ ഒത്തുചേർന്ന് അവിടെനിന്നും യാത്ര ആരംഭിക്കാമെന്ന അവസ്ഥയിലേക്കെത്തിച്ചേരുന്നത്.
കംഫർട്ട് സോൺ വിട്ട് സ്ത്രീകൾ സഞ്ചരിക്കാൻ ധൈര്യപ്പെടുന്നില്ല എന്നതും തുടക്കം മുതൽ നേരിടേണ്ടിവന്ന വെല്ലുവിളിയായിരുന്നു. ഒരു വ്യക്തി യാത്രയിൽ പങ്കുചേരുന്ന ആദ്യ സ്ഥലത്ത് മൊത്തം ടീമിനൊപ്പം ഞാൻ എത്തുമെന്ന് ഉറപ്പുനൽകിയാലും പലർക്കും ആശങ്കകളാണ്. ഏറ്റവും സൗകര്യപ്രദമായ പൊസിഷനിൽ നിന്നുകൊണ്ട് യാത്രകൾ സാധ്യമല്ലെന്നുള്ളതാണ് ആളുകൾ ആദ്യം മനസ്സിലാക്കേണ്ടത്. കംഫർട്ട് സോണുകൾ പൊട്ടിച്ചു പുറത്തുവന്നെങ്കിൽ മാത്രമേ യാത്രകൾ സാധ്യമാവുകയുള്ളൂ.

പങ്കാളികളെ ഒന്നുചേർത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയാണ് ഓരോ യാത്രയ്ക്കും മുന്നോടിയായി ചെയ്യുന്നത്. അതുവഴി യാത്രികർ പരസ്പരം പരിചയപ്പെടുന്നു. ഓരോ യാത്രയ്ക്കും ഒരു സ്റ്റാർട്ടിംഗ് പോയിന്റ് ഉണ്ടാകും. ഉദാഹരണമായി മണാലി യാത്രയുടെ സ്റ്റാർട്ടിംഗ് ഡൽഹി ആയിരിക്കും. അവിടേക്ക് സ്ത്രീകൾ എത്തിച്ചേരുന്നത് വഴിയാണ് യാത്രകൾ ആരംഭിക്കുന്നത്. ട്രിപ്പിലെ അംഗങ്ങൾക്ക് മുൻപരിചയം ഉറപ്പുവരുത്താൻ ഓരോ യാത്രയ്ക്ക് മുൻപും കോഫീ മീറ്റുകൾ നടത്തണമെന്ന ആശയവും ഇനി മുതൽ നടപ്പിലാക്കുന്നതാണ്. ചെറിയ പെൺകുട്ടികൾ മുതൽ അറുപത്തിഅഞ്ചു വയസ്സ് വരെയുള്ള സ്ത്രീകൾ അപ്പൂപ്പൻതാടിയുടെ യാത്രകളിൽ പങ്കുചേർന്നിട്ടുണ്ട്.

ഗോകര്‍ണ്ണം

യാത്ര ചെയ്ത സ്ഥലങ്ങൾ

മൂന്നാർ, നെല്ലിയാമ്പതി, ധനുഷ്‌ക്കോടി, രാമേശ്വരം, ചിക്മാംഗ്ലൂർ, ഗോകർണ, നാഗാലാൻഡ്, ഹമ്പി തുടങ്ങി നോർത്തിലെയും സൗത്തിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിൽ എത്തിച്ചേരാൻ അപ്പൂപ്പൻതാടിക്ക് സാധിച്ചിട്ടുണ്ട്. നോർത്തിൽ ഗുജറാത്ത് മുതൽ കാശ്മീർ വരെയുള്ള ഭാഗങ്ങളിൽ ഇതുവരെ സഞ്ചരിച്ചിട്ടില്ല. ഈ വർഷം അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പൂപ്പൻതാടി നടത്തികൊണ്ടുപോകാൻ കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ

അച്ഛനും അമ്മയും സഹോദരിയും അവളുടെ കുഞ്ഞുമടങ്ങുന്നതാണ് എന്റെ കുടുംബം. ആദ്യ കാലങ്ങളിൽ വീട്ടിൽനിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. ഐഡന്റിറ്റിയും സ്വീകാര്യതയും ലഭിച്ച ശേഷമാണ് വീട്ടുകാർ എന്റെ യാത്രയെ അംഗീകരിച്ചു തുടങ്ങിയത്. ഏകദേശം നാലുവർഷം സമയമെടുത്തു കുടുംബത്തിൽ ഈയൊരു വിശ്വാസ്യത നേടിയെടുക്കാൻ.

മീശപ്പുലിമലയില്‍

അപ്പൂപ്പൻതാടിയുടെ ഭാവി പ്രോഗ്രാമുകൾ

Everybody can travel, Alone woman can travel എന്നീ രണ്ട് ആശയങ്ങൾ സമൂഹത്തിനു മുൻപിൽ തെളിയിക്കുക എന്നത് എന്റെ ലക്ഷ്യമാണ്. അതിനായി ഒരു പ്രോജക്ട് തയ്യാറാക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ മാസത്തിനകം അപ്പൂപ്പൻതാടിയുടെ നിർണായകമായ ആ പ്രോജക്ട് തയ്യാറാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്നുള്ള കാര്യങ്ങളെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍