UPDATES

യാത്ര

ഇന്ത്യയില്‍ ആദ്യമായി ആകാശത്തും സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ലഭിക്കും

കഴിഞ്ഞ വർഷമാണ് എയർപോർട്ടുകളിൽ സാനിറ്ററി പാഡുകൾ കത്തിക്കുവാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയത്

ഭൂമിയിൽ വെച്ചോ ആകാശത്തു വെച്ചോ എപ്പോഴാണ് ഒരു സ്ത്രീയ്ക്ക് സാനിറ്ററി പാഡുകളുടെ ആവിശ്യം വരികയെന്ന് പറയാനാകില്ല. നീണ്ട യാത്രകൾക്കിടയിൽ വേണ്ടുന്ന എല്ലാ വിധ സുഖ സൗകര്യങ്ങളും ഒരുക്കുന്നുവെന്നു പറഞ്ഞാലും ഒരു   സ്ത്രീയ്ക്ക് ഏറ്റവും അത്യാവശമായ സാനിറ്ററി പാഡുകൾ ഇന്നുവരെ ഒരു ഇന്ത്യൻ എയർ സർവീസുകളും വിമാനത്തിനുള്ളിൽ  ലഭ്യമാക്കിയിരുന്നില്ല. അനാവശ്യ കാര്യമെന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാതെ സ്ത്രീകൾക്ക് ഈ വനിതാ ദിനം മുതൽ  ഫ്‌ളൈറ്റുകളിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കാനുള്ള പുരോഗമന പരമായ തീരുമാനം എടുത്തിരിക്കുകയാണ് വിസ്‌തരാ എയർലൈൻസ്. രാജ്യത്ത് ആദ്യമായാണ് മറ്റ് ആവിശ്യവസ്തുക്കൾക്കൊപ്പം യാത്രക്കാർക്ക് സാനിറ്ററി നാപ്കിൻ കൂടി ലഭ്യമാകുന്നത്. “പാഡ്സ് ഓൺ ബോർഡ്” എന്നാണ് ഈ സംരംഭത്തിന് വിസ്‌തരാ നൽകിയ പേര്.

ഐഎസ്ഓ അംഗീകരിച്ച എളുപ്പത്തിൽ മണ്ണിൽ ലയിക്കുന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളാണ് ഈ എയർലൈൻസ് ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. കൂടുതലും പ്രകൃതിദത്ത അസംസൃത വസ്തുക്കളാൽ നിർമ്മിതമായ ഈ സാനിറ്ററി പാഡുകൾ  ആരോഗ്യത്തിനു ഹാനികരമായ പ്ലാസ്റ്റിക്കുകളിൽ നിന്നും രാസവസ്തുക്കളിൽ നിന്നും മുക്തവുമാണ്.  യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങൾക്ക് ഏറ്റവും വലുതെന്നാണ് വിസ്‌തര എയർലൈൻസ് ഉദ്യോഗസ്ഥരെല്ലാം ഒറ്റക്കെട്ടായി പറയുന്നത്.” ചെറിയ കാര്യങ്ങൾ  വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്” വിസ്താര എയർലൈൻസ് സീനിയർ വൈസ് പ്രസിഡന്റ് ദീപ ചന്ദ പറയുന്നു. ഇന്ത്യയിൽ ഇത്തരമൊരു വലിയ മാറ്റത്തിനു തുടക്കം കുറിച്ചത് എന്റെ സ്ഥാപനമാണെന്നു പറയുന്നതിൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് എനിക്ക് അത്യധികം അഭിമാനമുണ്ടെന്ന് അവർ ഹഷ് പോസ്റ്റിനോട് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് എയർപോർട്ടുകളിൽ സാനിറ്ററി പാഡുകൾ കത്തിക്കുവാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയത്. 2017  ൽ ഇൻഡോർ എയർ പോർട്ടിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ യന്ത്രം സ്ഥാപിച്ചത്. പിന്നീട് തിരുവനന്തപുരം,  കൊൽക്കത്ത, വഡോദര, പോർട്ട് ബ്ലായർ, ഗുവാഹത്തി, വാരണാസി സൂറത്ത് തുടങ്ങിയ പ്രമുഖ എയർ പോർട്ടുകളിലെല്ലാം സ്ത്രീകൾക്ക് സാനിറ്ററി നാപ്‌കിനുകൾ സമയത്തിന് മാറ്റുവാനും ഉപയോഗിച്ച് കഴിഞ്ഞവ നശിപ്പിച്ചു കളയുവാനുമുള്ള സംവിധാനം ഏർപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍