ലെന്‍കോയിസ് മരാന്‍ഹെന്‍സെസ് എന്നാല്‍ പോര്‍ച്ചുഗീസില്‍ ‘മറാന്‍ഹാവോയുടെ ബെഡ്ഷീറ്റുകള്‍’ എന്നാണ് അര്‍ഥം.
ഒറ്റനോട്ടത്തില്‍ മരുഭൂമിയാണെന്നാണ് ബ്രസീലിലെ ലെന്‍കോയിസ് മരാന്‍ഹെന്‍സെസ് നാഷണല്‍ പാര്‍ക്ക് കണ്ടാല്‍ തോന്നുന്നത്. എന്നാല്‍ ഇത് ശരിക്കും ഒരു മരുഭൂമിയല്ല. വര്‍ഷത്തില്‍ മൂന്ന് മാസം ആയുസ്സുള്ള രഹസ്യ ലഗൂണുകള്‍ ഉണ്ടാകുന്ന ഒരു ഇടമാണ് ഇവിടം. ലെന്‍കോയിസ് മരാന്‍ഹെന്‍സെസ് നാഷണല്‍ പാര്‍ക്കിലെ വെള്ള മണല്‍ക്കുന്നുകള്‍ ഒരു കടല്‍ പോലെ പരന്ന് കിടക്കുകയാണ്. ലെന്‍കോയിസ് മരാന്‍ഹെന്‍സെസ് എന്നാല്‍ പോര്‍ച്ചുഗീസില്‍ ‘മറാന്‍ഹാവോയുടെ ബെഡ്ഷീറ്റുകള്‍’ എന്നാണ് അര്‍ഥം. മറാന്‍ഹാവോ സംസ്ഥാനത്താണ് ലെന്‍കോയിസ് മരാന്‍ഹെന്‍സെസ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
രണ്ടു നദികളാണ് ലെന്‍കോയിസ് മരാന്‍ഹെന്‍സെസിലൂടെ ഒഴുകുന്നത്. ഈ നദികള്‍ ഭൂഖണ്ഡത്തിന്റെ അടിയിലൂടെ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലേക്ക് മണല്‍ തള്ളിവിടുന്നു. അങ്ങനെ ബ്രസീലിന്റെ വടക്ക് തീരത്തു ആയിരം ടണ്‍ എക്കല്‍ അടിഞ്ഞു. ഇത് നിരവധി ബീച്ചുകള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. എന്നാല്‍ ലെന്‍കോയിസ് മരാന്‍ഹെന്‍സെസിലെ അവസ്ഥ ഇങ്ങനെയല്ല. ഒക്ടോബര്‍, നവംബര്‍ മാസം ഉണ്ടാവുന്ന കനത്ത കാറ്റ് മണലുമായി 30 മൈലുകലോളം യാത്ര ചെയ്യും. ഇത് വലിയ മണല്‍കുന്നുകള്‍ ഉണ്ടാക്കുന്നു.
ഒറ്റനോട്ടത്തില്‍ ഇതൊരു മരുഭൂമി പോലെ തോന്നുമെങ്കിലും ഇത് ഒരു മരുഭൂമി അല്ല. എല്ലാ വര്‍ഷവും 47 ഇഞ്ച് മഴ ഇവിടെ ലഭിക്കുന്നുണ്ട്. എന്നാല്‍ വെറും 10 ഇഞ്ച് മഴ മാത്രമേ മരുഭൂമികളില്‍ ലഭിക്കുകയുള്ളു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസം കനത്ത മഴയാണ് ഇവിടെ. ഇത് ആയിരം ലഗൂണുകള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ജൂലൈ മാസത്തില്‍ ചില ലഗൂണുകള്‍ക്ക് 300 അടി നീളവും പത്തു അടി ആഴവും കാണും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസമേ ഈ ലഗൂണുകള്‍ക്ക് ആയുസുള്ളൂ. ചില ലഗൂണ്‍ നദികളുമായി ചേര്‍ന്നാണ് കിടക്കുന്നത്. ഇത് കാരണം ചില മീനുകള്‍ ലഗൂണിലേക്ക് പ്രവേശിക്കും. വോള്‍ഫ്ഫിഷ് പോലുള്ള മീനുകള്‍ ഇവിടെ ധാരാളം കാണാം.
അല്പായുസ്സുള്ള ലഗൂണാണ് ലെന്‍കോയിസ് മരാന്‍ഹെന്‍സെസിലേത്. മഴക്കാലം കഴിഞ്ഞ് വീണ്ടും ചൂട് കാലം തുടങ്ങുമ്പോള്‍ ഈ ലഗൂണുകള്‍ അപ്രത്യക്ഷമാകും. ഒറ്റ മാസംകൊണ്ട് മൂന്ന് അടിയോളമാണ് വെള്ളത്തിന്റെ അളവ് കുറയുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ആണ് ലഗൂണ്‍ കാണാന്‍ പറ്റിയ സമയം. ഒക്ടോബര്‍ മാസം വീണ്ടും കാറ്റ് കൂടുന്നത് കാരണം ഇവിടേക്ക് എത്താന്‍ പ്രയാസമാകും.
ലെന്‍കോയിസ് മരാന്‍ഹെന്‍സെസില്‍ എത്താനായി മറാന്‍ഹാവോയുടെ തലസ്ഥാനമായ സാവോ ലൂയിസിലേക്ക് വിമാനം കേറുക. ഇവിടെ നിന്ന് പൊതു ഗതാഗത സംവിധാനമോ മറ്റു വണ്ടിയോ ബുക്ക് ചെയ്ത് നാഷണല്‍ പാര്‍ക്കിന് എടുത്തുള്ള ബാറീരിനാസ് എന്ന സ്ഥലത്തേക്ക് പോവുക. ജീപ്പിലാണ് സന്ദര്‍ശകരെ പാര്‍ക്കിലേക്ക് കൊണ്ടുപോവുക. ഒരു ഗൈഡിനെ കൂടെ കൂട്ടാന്‍ മറക്കരുത്. വലിയ പാര്‍ക്ക് ആയതിനാല്‍ തീര്‍ച്ചയായും നിങ്ങളുടെ വഴിതെറ്റും. പാര്‍ക്കിന്റെ വെബ്സൈറ്റ് പ്രകാരം ഏറ്റവും വലിയ ലഗൂണുകളായ അസുലും ബോണിറ്റയും കാണാന്‍ രണ്ടു ദിവസം എടുക്കും. ലഗൂണില്‍ നീന്താനും അവസരം ഉണ്ട്. 30°C ആണ് ചില ലഗൂണിലെ താപനില.