UPDATES

യാത്ര

കുഫ്രിയിലെ മഞ്ഞു മലകളില്‍..

ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളിയുടെ (വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്രിസ്ത്യന്‍ പള്ളി) നിയോ ഗോഥിക് ശൈലിയില്‍ ഉള്ള ബാക്ക്‌ഗ്രൌണ്ട് റിഡ്ജ്‌നു ഭംഗി കൂട്ടുന്നു

എന്ത് കൊണ്ട് ഇങ്ങനെ മിക്കപ്പോഴും യാത്ര പോകുന്നു? മിക്കവരും ചോദിക്കുന്ന ചോദ്യം ആണ് ഇത്. യാത്ര ചെയ്യാന്‍ ഇഷ്ടമായത് കൊണ്ട് തന്നെ എന്ന് തന്നെയാണ് ആദ്യം വരുന്ന ഉത്തരം. ഒന്ന് കൂടി ചികഞ്ഞു നോക്കുമ്പോള്‍ വേറെയും കാരണങ്ങള്‍ കണ്ടേക്കാം. അതില്‍ ഒരു കാരണം ആയേക്കാവുന്ന ഒരു ചിത്രം ഉണ്ട്. വീട്ടിലെ സാമ്പത്തിക പരിമിതികള്‍ മൂലം അങ്കമാലിക്കു അപ്പുറം കാണാത്ത ഒരു ബാല്യം. ഈ അങ്കമാലി കാണുന്നത് തന്നെ ശ്യാമളന്‍ ഡോക്ടറിന്റെ ആയുര്‍വേദ ക്ലിനിക്കില്‍ അസുഖങ്ങള്‍ മൂലം അമ്മച്ചിയോ ചേച്ചിയോ കൊണ്ട് പോകുമ്പോള്‍ ആണ്. ആദ്യമായി ഒരു സിനിമ തിയറ്ററില്‍ കാണുന്നത് തന്നെ ഒന്‍പതാം ക്ലാസില്‍ വെച്ച് ക്ലാസ് കട്ട് ചെയ്തു തൃശൂര്‍ രാഗത്തില്‍ വെച്ച് കൂട്ടുകാരന്റെ കാരുണ്യത്തില്‍ ആണ്. സാമൂഹ്യപാഠ ക്ലാസുകളില്‍ ഓരോ സ്ഥലങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഓര്‍ക്കാറുണ്ട് എന്ന് അവിടെ ഒക്കെ പോകാന്‍ കഴിയും എന്ന്. എങ്കിലും സ്വപ്നങ്ങളില്‍ ഞാന്‍ ഒരുപാട് യാത്രകള്‍ നടത്താറുണ്ടായിരുന്നു. വിമാനയാത്ര എന്നത് സ്വപ്നങ്ങളില്‍ പോലും കടന്നു വരാത്ത ഒന്നായിരുന്നു. ജോലിയുടെ ഭാഗം ആയി ഇന്ത്യയില്‍ വിമാനത്തില്‍ യാത്രകള്‍ പതിവായി മാറിയത് പിന്നീടാണ്. ഒരു പെരുന്നാളിനോ ഉത്സവത്തിനോ ഇഞ്ചി മിട്ടായി വേണം എന്ന് പറഞ്ഞു ഞാന്‍ വാശി പിടിച്ചിട്ടില്ല. കാരണം വേറെ ഒന്നും അല്ല. വാശി പിടിക്കണം എങ്കില്‍ പോലും മടിയില്‍ എന്തെങ്കിലും വേണം എന്ന ബോധ്യം നന്നേ ചെറുപ്പത്തിലെ എന്നില്‍ ഉറച്ചിരുന്നു. അങ്ങനെ സ്വയം നിയന്ത്രിക്കാന്‍ പഠിച്ച ബാല്യത്തിനോട് കരുണ കാട്ടാന്‍ വേണ്ടി ആണ് എന്ന് തോന്നുന്നു പിന്നീട് പോകാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ യാത്രകള്‍ ചെയ്തു തുടങ്ങിയത്. അങ്ങനെ സഞ്ചരിച്ചു തുടങ്ങി, ആഗ്രഹം പോലെ 2015 മുതല്‍ ചെയ്യുന്ന ജോലികള്‍ യാത്രകള്‍ ആവശ്യം ഉള്ളതായി മാറി. ജോലി സംബന്ധമായി യാത്ര ചെയ്യുമ്പോള്‍ അതിനോട് നമുക്ക് പോകേണ്ട ഇടങ്ങളും ചേര്‍ക്കുക പതിവായി മാറി. അവധി ദിനങ്ങളില്‍ വെറുതെ റൂമില്‍ ഇരിക്കുക അല്ലെങ്കില്‍ കറങ്ങാന്‍ പോവുക എന്നത് ഒരു ചര്യ ആയി മാറി. ഇത്രേം ബില്‍ഡ് അപ്പ് മതി എന്ന് തോന്നുന്നു, ഇനി നമ്മുടെ ഈ ആഴ്ചയിലെ ഷിംല യാത്രയിലേക്ക് പോകാം.

പ്രയാഗില്‍ കുംഭമേള കാണാന്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആരോഗ്യവും ജോലി തിരക്കുകളും അതിനു ആനുവദിച്ചില്ല. ഈ ആഴ്ച പോകാം എന്ന് വെച്ചപ്പോള്‍ ശിവരാത്രി കഴിഞ്ഞും പോയി. അങ്ങനെ ഈ ആഴ്ച എങ്ങോട്ട് പോകും എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് ഷിംല എന്ന് മനസ്സില്‍ വരുന്നത്. മഞ്ഞുവീഴ്ച കഴിഞ്ഞു എങ്കിലും പോകാം എന്ന് വെച്ച്. അങ്ങനെ ഓഫീസില്‍ ലഞ്ച് സമയത്ത് ട്രെയിന്‍ ടിക്കറ്റ് തിരയുമ്പോള്‍ ആണ് വേറെ ഒരു സുഹൃത്തും വരാം എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കല്‍ക്കക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. കല്‍ക്കയില്‍ നിന്നും ഷിംലക്ക് ടോയ് ട്രെയിനില്‍ ടിക്കറ്റ് നോക്കിയപ്പോള്‍ രൂപ 650. തുരങ്കങ്ങള്‍ കേറിയും ഇറങ്ങിയും പൈന്‍ മരക്കൂട്ടങ്ങള്‍ക്ക് ഇടയിലൂടെ പായുന്ന ആ ട്രെയിന്‍ അനുഭവം അത്ര പൈസ കൊടുത്തു കാണണ്ട എന്ന് വെച്ചു. വല്ല ബസും കേറി ഷിംലക്ക് പോകാം എന്ന് വെച്ചു. തിരിച്ചു ഷിംലയില്‍ നിന്നും ഡല്‍ഹിക്ക് ഞായര്‍ രാത്രി വരാന്‍ കരുതി ഒരു ബസ് ടിക്കറ്റും എടുത്തു.

അങ്ങനെ വെള്ളിയാഴ്ച്ച രാത്രിക്കുള്ള ഹൗറ- കല്‍ക്ക മെയിലില്‍ കേറി ഞങ്ങള്‍ രണ്ടും പുറപ്പെട്ടു. രാവിലെ 4.40 നു തന്നെ അത് കല്‍ക്കയില്‍ എത്തി. ആദ്യം കിട്ടിയ ബസിനു കേറി ഷിംല ടിക്കറ്റ് എടുത്തു. വഴികളില്‍ മഞ്ഞു പെയ്യുന്നുണ്ടാവില്ല എന്ന് മനസിനെ ആയിരം വട്ടം പറഞ്ഞു പഠിപ്പിച്ചു എങ്കിലും മഞ്ഞിന്റെ ലാഞ്ചന കാണാതെ ആയപ്പോള്‍ ഞങ്ങടെ രണ്ടിന്റെയും മുഖമൊന്നു ചെറുതായി വാടാതിരുന്നില്ല. എങ്ങോട്ടൊക്കെ ആണ് പോവുക എന്നതിന് കൃത്യമായ ഒരു രൂപവും ഉണ്ടായിരുന്നില്ല താനും. ഷിംല എത്താന്‍ പോകും തോറും ശിവാലിക് പര്‍വത നിരകളുടെ ഭംഗി ആകര്‍ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ ഷിംല ബസ് ടെര്‍മിനലില്‍ എത്താന്‍ പോകുമ്പോ ഇവിടെങ്ങാനും മഞ്ഞു ഇല്ലാലോ അളിയാ എന്ന കൂട്ടുകാരന്റെ ചോദ്യം എന്റെ നെഞ്ചില്‍ തറച്ചു. എങ്കില്‍ ആദ്യം തന്നെ കുഫ്രിക്ക് പോകാം, അവിടെ മഞ്ഞു കുറവ് ആണെങ്കില്‍ നാരാകണ്ട പോകാം എന്ന് പറഞ്ഞു.


ഞങ്ങള്‍ ഇരുന്ന ബസിലെ കണ്ടക്ടറിനോട് കുഫ്രിക്ക് ബസ് കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ ഈ ബസ് അങ്ങോട്ട് പോകുന്നതാണ് എന്ന മറുപടി ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. കുഫ്രി എത്താന്‍ പോകും മുന്‍പേ മഞ്ഞു വീണ ഇടങ്ങള്‍ കണ്ടു തുടങ്ങി. റോഡില്‍ മാത്രമല്ല ഞങ്ങടെ നെഞ്ചിലും മഞ്ഞു പെയ്തു. അങ്ങനെ കുഫ്രി ഇറങ്ങി ഭക്ഷണം കഴിച്ചു നേരെ ട്രെക്ക് ചെയ്തു മുകളിലോട്ട്. കുറച്ചു എത്തിയപ്പോള്‍ പോണി കളില്‍ കേറാന്‍ ഉള്ള സൗകര്യം കണ്ടു. എങ്കില്‍ അതും പരീക്ഷിക്കാം എന്ന് പറഞ്ഞു പോണിയില്‍ കേറി കുഫ്രി മുകളിലോട്ട് കേറി. ചെളി നിറഞ്ഞ വഴികളിലൂടെ പോണി പുറത്തു ഏറി പോകുമ്പോള്‍ ഒന്ന് രണ്ടു ഇടത്ത് പോണികള്‍ വീഴുകയും നമ്മള്‍ ചെരിഞ്ഞു വീഴാറാകുകയും ചെയ്തു. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഇടം ആണ് കുഫ്രി. കുട്ടികളും മുതിര്‍ന്നവരും മഞ്ഞില്‍ കിടന്നും ഇരുന്നും നടന്നും ആഘോഷിക്കുന്നു. വിവിധ വിനോദ പരിപാടികളും അവിടെ ലഭ്യം ആണ്. യാക്കിന്റെ പുറത്തു ഏറി ഫോട്ടോ എടുക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. രാത്രി കിടക്കാന്‍ അതിനിടക്ക് ഷിംലയില്‍ ആണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. മാള്‍ റോഡില്‍ നിന്നും കുറച്ചു അകലെ ചോട്ടാ ഷിംല യില്‍ ആണ് ഹോട്ടല്‍ ബുക്ക് ചെയ്തത്. കുഫ്രിയിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ തിരിച്ചു ഷിംലക്ക് പോന്നു.

ഇതിനിടക്ക് പറയാന്‍ മറന്നു. ഏകദേശം 15 കിലോമീറ്റര്‍ ദൂരം ഉണ്ട് ഷിംലയും കുഫ്രിയും തമ്മില്‍. ദൂരം അത്രയേ ഉള്ളൂ എങ്കിലും എത്താന്‍ കുറച്ചു സമയം എടുക്കും, വളഞ്ഞും പുളഞ്ഞും ഉള്ള വഴിത്താരകള്‍ മൂലം. വൈകീട്ട് ഹോട്ടലില്‍ എത്തി രാത്രി ഷിംല കാണാന്‍ മാള്‍ റോഡിലേക്ക് വന്നു. ഷിംലയിലെ ഏറ്റവും കാണേണ്ട ഇടങ്ങളില്‍ ഒന്നാണ് ഈ മാള്‍ റോഡ്. അവിടത്തെ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത വഴികളും ഇരിപ്പിടങ്ങളും ഷോപ്പിംഗ് ഇടങ്ങളും എന്നെ ഗാംങ്ങ്‌ടോക്കിലെ എം ജി മാര്‍ഗിനെ അനുസ്മരിപ്പിച്ചു. പിറ്റേന്ന് വീണ്ടും മാള്‍ റോഡില്‍ കറങ്ങേണ്ടത് കാരണം അധികം ചുറ്റി കറങ്ങാതെ കൂടുതല്‍ സമയം ചിലവഴിച്ചു തന്നെ ഓരോ കടകളില്‍ കേറിയും, ഷിംലയിലെ ഏറെ പ്രശസ്തമായ പള്ളിയുടെ മുന്‍പില്‍ കാണുന്ന റിഡ്ജ് എന്ന വിശാലമായ ഇടത്തില്‍ ഇരുന്നു ഓരോ കഥകള്‍ പറഞ്ഞു ഞങ്ങള്‍ ഇരുന്നു. ബേക്കറികളില്‍ കേറി ഇഷ്ടപ്പെട്ടത് തിന്നു . അങ്ങനെ ആ ദിവസത്തെ കറക്കം അവസാനിപ്പിച്ച് ഞങ്ങള്‍ കൂട്ടില്‍ കേറി.


പിറ്റേന്ന് എണീറ്റ് ബാക്കി കാണാന്‍ ഉള്ള മാള്‍ റോഡിലെ കാഴ്ചകള്‍ കാണാന്‍ ഇറങ്ങി. റിഡ്ജ് എന്ന് പറയുന്ന കുന്നിന്‍ മുകളിലെ ആ മൈതാനം കാണാന്‍ തന്നെ അഴകാണ്. ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളിയുടെ (വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്രിസ്ത്യന്‍ പള്ളി) നിയോ ഗോഥിക് ശൈലിയില്‍ ഉള്ള ബാക്ക്‌ഗ്രൌണ്ട് റിഡ്ജ്‌നു ഭംഗി കൂട്ടുന്നു. ഇനി സമയം അധികം ഇല്ലാത്തത് കൊണ്ട് നേരെ ജാക്കൂ ടെമ്പിള്‍ കാണാന്‍ നടന്നു. ഷിംല യിലെ ഏറ്റവും ഉയരം ഉള്ള ഇടത്താണ് ഈ ജാക്കൂ ടെമ്പിള്‍. ഉയരത്തിനോട് നീതി പുലര്‍ത്താന്‍ വേണ്ടി എന്നോണം 108 അടി ഉയരം ഉള്ള ഹനുമാന്റെ കൂറ്റന്‍ പ്രതിമ അവിടെ കാണാം. ഷിംലയില്‍ താഴെ നില്‍ക്കുമ്പോള്‍ തന്നെ ആ കൂറ്റന്‍ പ്രതിമ നമുക്ക് കാണാം. ജാക്കൂ ടെമ്പിള്‍ കാണാന്‍ പോകാന്‍ ഞങ്ങള്‍ കേബിള്‍ കാറില്‍ ആണ് പോയത്. 8054 അടി ഉയരത്തിലേക്ക് പോകുന്ന ആ കേബിള്‍ കാര്‍ ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു.

അവിടത്തെ കുരങ്ങന്മാര്‍ ശല്യക്കാര്‍ അല്ല എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഒരു രക്ഷയും ഇല്ലായിരുന്നു അവരുടെ വികൃതികള്‍ , കയ്യില്‍ ഇരിക്കുന്ന ഫോണ്‍തട്ടിപ്പറിക്കുക, കണ്ണട മുഖത്ത് നിന്നും എടുത്തു കൊണ്ട് ഓടുക എന്നിവ ഒക്കെ എന്റെ കണ്മുന്നില്‍ നടന്നത് ആണ്. ജാക്കൂ ടെമ്പിള്‍ പരിസരത്ത് കുറെ നേരം ഇരുന്നു കൂറ്റന്‍ പൈന്‍ മരങ്ങളെ തന്നെ നോക്കി ഇരുന്നു. എന്ത് ഉയരമാണ് ഈ മരങ്ങള്‍ക്ക്. കേബിള്‍ കാറില്‍ തന്നെ വീണ്ടും താഴേക്ക് വന്നു. ഫുഡ് കഴിച്ചു വീണ്ടും വെറുതെ ചുറ്റി നടന്നു. രാത്രി ഏഴരക്ക് ആയിരുന്നു ബസ് ബുക്ക് ചെയ്തിരുന്നത്. സാധാരണ ലോക്കല്‍ ബസ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. കൃത്യസമയത്ത് തന്നെ ബസ് എടുത്തു. വളവുകളും തിരിവുകളും ഉറങ്ങാന്‍ അനുവദിച്ചില്ല. എങ്കിലും കണ്ണടച്ച് കിടന്നു. ഇനി എവിടേക്ക് ആയിരിക്കും അടുത്ത യാത്ര എന്ന് ആലോചിച്ചു..

.

.



.

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍