UPDATES

യാത്ര

നഗരങ്ങള്‍, വഴിയോരങ്ങള്‍, യാത്രകള്‍, സിനിമ: ഒരു ഷിംല അനുഭവം

കൂടണയുമ്പോൾ നട്ടപ്പാതിര. അടുത്ത യാത്ര വന്നു വിളിക്കുന്നതു വരെ വീട്ടിൽ അഴിച്ചിട്ട ഞാനെന്ന കുപ്പായത്തിലേക്ക്

ദൂരദർശൻ ഗസ്റ്റ് ഹൗസ്, പീറ്റർ ഹോഫ്‌ ഹോട്ടലിനു സമീപം എന്ന വിലാസമെഴുതിയ കുഞ്ഞു നോട്ട് ബുക്ക്, ദേവകന്യ ഥാക്കൂർ എന്ന സുഹൃത്തിന്റെ ഫോൺ നമ്പർ; ഇത്രയുമാണ് യാത്ര പുറപ്പെടുമ്പോൾ കൈയിലുള്ളത്, പിന്നെ Jack Kerouac എഴുതിയ On the Road എന്ന പുസ്തകം, കഴിയുന്നത്ര ഭാരം കുറച്ച ബാക്ക്പാക്ക്. മുംബൈ വഴി ഡൽഹിയിലേക്ക്, ഒരുപാട് താമസിച്ചു കഴിച്ച തണുത്ത സാൻഡ് വിച്ച് വിമാന യാത്ര പോലെ മരവിച്ച് അനക്കമറ്റ് കിടക്കുന്നു.

സന്ധ്യയാവാൻ തുടങ്ങിയിരുന്നെങ്കിലും ഡൽഹിയിൽ ഇറങ്ങുമ്പോൾ അസഹനീയമായ ചൂട്. രാത്രിയാണ് ഷിംലയിലേക്കുള്ള ബസ്, ഡൽഹി സുഹൃത്തുക്കളെയൊന്നും വിവരമറിയിച്ചിട്ടില്ല. ‘വാങ്കോ’യിൽ ഒരു കാപ്പിക്ക് ഓർഡർ കൊടുത്ത് അടുത്ത പരിപാടി എന്ത് എന്നാലോചിച്ചിരുന്നു. അടുത്ത ടേബിളിൽ ഇരുന്ന വെള്ള കുപ്പായക്കാരി കൂട്ടുകാരനോട് എന്തൊക്കെയോ പറയുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. പ്രണയകലഹമാവാം. അവന്റെ ഭാവങ്ങൾ എനിക്ക് പുറം തിരിഞ്ഞാണ്, അതെന്തായിരുന്നാലും അല്പം കഴിഞ്ഞ് അലസമായിട്ട തലമുടി കോതിവച്ച് അവൾ പുഞ്ചിരിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. ഏറെ പറഞ്ഞു കേട്ടിട്ടുള്ള കരീംസ് തേടിയായിരുന്നു യാത്ര. ഡൽഹിയുടെ തിരക്കിലൂടെ ഊളിയിട്ട്, വഴികളും ഉപവഴികളുമായി തിരക്കിൻറെ ഒരു കടൽ. ഒരു ചെവിയിലൂടെ തുളച്ചു കയറി മറുചെവിയിലൂടെ ഇറങ്ങിപ്പോവുന്ന ഹോൺ. ആളുകളുടെ തിരക്ക് പോരാഞ്ഞെന്ന വണ്ണം അലഞ്ഞു നടക്കുന്ന ആടുകളും പശുക്കളും. നാട്ടിലെ നാൽക്കാലികൾ, അശുക്കൾ, പട്ടിണി പാവങ്ങൾ  എന്ന് തോന്നും ഇവയുടെ വലിപ്പം കണ്ടാൽ. കരീംസിലെ തിരക്കിൽ ഒരിടം നേടി, ചെറിയ സ്ഥലമാണ്, ചുറ്റുമുള്ളവർ എന്തൊക്കെയോ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുന്നുണ്ട്. 45 ഡിഗ്രി ചരിച്ചു വച്ച അലൂമിനിയം ചെമ്പുകളിൽ ഏതൊക്കെയോ രുചിക്കൂട്ടുകൾ പാകപ്പെട്ടു വരുന്നുണ്ട്. ബിബിസിയുടെ ശുപാര്‍ശയുണ്ട് കയറുന്നിടത്ത്.

റോട്ടിയും മട്ടൺ ബുറയും ഓർഡർ ചെയ്തു, ആട്ടിറച്ചിയോട് വല്യ പഥ്യം ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല കേട്ടറിഞ്ഞ രുചി നാവിൽ പൊടിഞ്ഞില്ല.

വീണ്ടും വഴിയോര തിരക്കിലേക്ക്, അല്പം പേടി തോന്നാതിരുന്നില്ല, ഡൽഹിയെക്കുറിച്ച് കേൾക്കുന്ന അത്ര ആശാസ്യമല്ലാത്ത വാർത്തകൾ ഓർമ്മയിൽ ഉള്ളത് കൊണ്ട്. നേരെ മുൻപിലുള്ള ജമാ മസ്ജിദിന്റെ ചുവന്ന പടവുകൾ കയറി ചെന്നപ്പോൾ, മഗ്‌രിബിനു ശേഷം സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന ബോർഡ്. ആളുകൾ നിരന്നിരിക്കുന്ന പടികൾക്ക് മുകളിൽ നിന്ന് കാഴ്ച കണ്ടു തിരിച്ചിറങ്ങി. ഓട്ടോക്കാരോട് പടവെട്ടി ഐഎസ്ബിടി ടെർമിനലിലേക്ക്. വൃത്തിയുള്ള ഇടം, ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. തണുത്ത, പേരക്ക രുചിയുള്ള പാനീയത്തെ അകത്താക്കി കൊണ്ടിരിക്കുമ്പോൾ പൾപ്പ് നോവലുകളുടെ ഒരട്ടിയും കൊണ്ട് ഒരാൾ കച്ചവടത്തിന് വന്നു. മലാലയും ചേതൻ ഭഗത്തും എല്ലാം നിരത്തി വച്ച് അയാൾ അടുത്ത ഇരിപ്പിടത്തിലേക്ക് പുസ്തകക്കെട്ടുമായി നീങ്ങി.

രാത്രി ബസ് യാത്ര എനിക്കൊട്ടും ഇഷ്ടമില്ലാത്ത ഒന്നാണ്, കാൽ കയറ്റി വയ്ക്കാതെ പുലരും വരെ ഒരേ ഇരിപ്പ് ഇരിക്കുന്നതിന്റെ മടുപ്പും അസ്വസ്ഥതയും, ശരിക്കൊന്ന് ഉറങ്ങാൻ ആവാതെ നേരം വെളുപ്പിക്കേണ്ട ബുദ്ധിമുട്ട് വേറെയും. ഇതിനൊക്കെ പുറമെ ഏത് നിമിഷവും നിറയാവുന്ന ബ്ളാഡർ എന്ന ടെൻഷൻ. ബസ്സിൽ ഏതോ പഞ്ചാബി സിനിമ, അതിലെ തമാശകൾ കണ്ട് ബസ്സിൽ നിന്ന് എടുത്തു ചാടിയാലോ എന്നു പോലും തോന്നിപ്പോയി. പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു, ധാബകളുടെ നീണ്ട നിരയാണ്, അവയിലെ വർണ്ണ വിളക്കുകൾ എരിഞ്ഞു നിൽക്കുന്നു. പന്ത്രണ്ട് മണിയോട് കൂടി രാഗ് മഹൽ എന്ന അത്യാവശ്യം വലിപ്പമുള്ള ഒരു ഹോട്ടലിനു മുൻപിൽ ബസ് നിർത്തി. ടോയ്‌ലറ്റിൽ  പോവാനും ഭക്ഷണം കഴിക്കാനും ഒക്കെ നേരമുണ്ട്. ഞാനൊരു മംഗോ ഖീർ (മാങ്ങാ രുചിയുള്ള പായസം) നുണഞ്ഞ് ബസ് യാത്രയുടെയും  സിനിമയുടെയും ക്ഷീണം തീർക്കാൻ ശ്രമിച്ചു. വീണ്ടും ‘On the Road’. മയക്കം പിടിച്ചു തുടങ്ങുമ്പോഴേക്കും അടുത്ത ഇടത്ത് വണ്ടി നിർത്തിയിരുന്നു, അവിടെയും ടോയ്‌ലറ്റ് സൗകര്യമുണ്ട്. സമയം നോക്കുമ്പോൾ മൂന്നര മണി. ഒന്ന് ചരിഞ്ഞിരുന്ന് ചുരുണ്ടു കൂടി ഉറങ്ങാൻ ശ്രമിക്കുമ്പോൾ തൊട്ടു പുറകിലിരുന്ന സ്ത്രീ ഛര്‍ദ്ദിക്കാന്‍ തുടങ്ങി, എല്ലാ പശ്ചാത്തല സംഗീതത്തോടും കൂടി. എന്റെ അടിവയറ്റിൽ നിന്ന് ഉരുണ്ടു കയറുന്നത് മാങ്ങാപ്പൂളുകൾ കൊണ്ടലങ്കരിച്ച മട്ടൺ ബുറയല്ലേ എന്ന ആധിയിൽ കണ്ണും പൂട്ടിയിരുന്നു ഞാൻ നൂറ് വരെ മുകളിലേക്കും താഴേക്കും എണ്ണി, എനിക്കിഷ്ടപ്പെട്ട കാഴ്ചകൾ ഓർത്തു, അതിനിടയിലേക്ക് തിക്കി തിരക്കി ബായ്ക്കിൽ നിന്നും ഗുളു ഗുളു ശബ്ദം, അവിഞ്ഞ മണം. കണ്ണും കാതും മൂക്കും ഇറുക്കിയടച്ച് അടിവയറ്റിലെ ആന്ദോളനത്തെ എങ്ങനെയൊക്കെയോ പിടിച്ചു നിർത്തി, വളവുകളും തിരിവുകളും കയറി ബസ് പുലർകാല മഞ്ഞിലൂടെ ഷിംലയിലേക്ക് നീങ്ങുന്ന കാഴ്ചയിലേക്ക് കണ്ണ് തുറക്കുന്നത് വരെ.

അടുത്ത കടമ്പ ദൂരദർശൻ ഗസ്റ്റ് ഹൗസ് കണ്ടു പിടിക്കുക എന്നുള്ളതായിരുന്നു. ഒട്ടും ക്ഷമയില്ലാത്ത ഒരു പയ്യനായിരുന്നു ടാക്സി ഡ്രൈവർ, കൃത്യമായി വഴി ചോദിക്കാൻ പോലും നിൽക്കാതെ തലങ്ങും വിലങ്ങും അമിത വേഗത്തിൽ അയാൾ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. പീറ്റർ ഹോഫ് ഹോട്ടലിൽ ഇറക്കാൻ പറയേണ്ടി വന്നു അവസാനം. അവിടെ നിന്നും നടക്കാനുള്ള ദൂരമുള്ളൂ എന്ന് റിസപ്ഷനിലെ ആൾ പറഞ്ഞു, മുന്നിലെ കയറ്റം കയറി ചെല്ലുന്നത് ഗസ്റ്റ് ഹൗസിലേക്കാണ്. നന്നായി വിശക്കുന്നത് കൊണ്ട് അവിടെ നിന്ന് തന്നെ ഭക്ഷണവും കഴിച്ച ശേഷമാണ് ഗസ്റ്റ് ഹൗസിലേക്ക് ചെല്ലുന്നത്. ഭംഗിയുള്ള ഇരുനില കെട്ടിടം, ഒച്ചയും അനക്കവുമില്ല, ഓടിക്കളിക്കാൻ പറ്റുന്നത്ര വലിപ്പമുള്ള മുറി, എല്ലാ ബഹളങ്ങളിൽ നിന്നും മാറി അവിടെ കുറച്ചുകാലം കൂടിയാലോ എന്നു തോന്നിപ്പോയി. അല്പം കഴിഞ്ഞ് ദേവകന്യ വന്നു, സൗഹൃദത്തെ ഒരാലിംഗനത്തിൽ പുതുക്കി ഞങ്ങൾ വിശേഷങ്ങൾ കൈമാറി. അവൾ ഫിലിം ഫെസ്റ്റിവൽ ഒരുക്കങ്ങളുടെ തിരക്കിൽ നിന്ന് ഓടി വന്നതാണ്. അടുത്തുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ തന്ന്, കൂടെ വരാൻ സാധിക്കാത്തതിൽ ക്ഷമ പറഞ്ഞ്, പഹാഡി പെണ്ണിന്റെ സ്നേഹവായ്പുകളോടെ അവൾ തിരക്കിലേക്ക് മടങ്ങി.

തൊട്ടടുത്തുള്ള മ്യൂസിയം ആയിരുന്നു എന്റെ ആദ്യ ലക്ഷ്യം. ദൂരദർശനും ജഡ്ജിയുടെ വസതിയുമൊക്കെയുള്ള ഈ ഭാഗത്ത് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. നടപ്പ് തന്നെ ശരണം. എല്ലാ മ്യൂസിയങ്ങൾക്കും ഏതാണ്ടൊരേ ഛായയാണ്. എടുത്തു പറയത്തക്ക കാഴ്ചകൾ ഒന്നുമില്ലായിരുന്നു. മ്യൂസിയത്തിനു പുറത്തെ വിശാലമായ മുറ്റത്തിനരികിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ സ്വസ്ഥമായിരുന്നു സ്വപ്നം കാണുകയോ പുസ്തകം വായിക്കുകയോ ചെയ്യാം. ഊതുമ്പോൾ സൂചിമുനകൾ പോലുള്ള ഇതളുകൾ കാറ്റിൽ പറക്കുന്ന പേരറിയാ പൂവ്, ഞാൻ എന്ന സ്വത്വത്തിന് പ്രസക്തിയില്ലാത്ത ഒരു നാട്ടിൽ ആ പൂവിനേയും എനിക്ക് പറത്താം. യാത്രകളുടെ ഏറ്റവും വലിയ സുഖവും അതാണ്, ആരുടെയൊക്കെയോ മുൻപിൽ ജീവിച്ചു ഫലിപ്പിക്കുന്ന ‘ഞാൻ’ അല്ലാതിരിക്കാനുള്ള ഇടവേളകൾ. അവിടെ ഇരിക്കുന്ന ഓരോരുത്തരുടെയും തലയിൽ ഇതു പോലെ എന്തെല്ലാം പ്രാന്തൻ ചിന്തകളുടെ ട്രാക്കുകൾ ഓടിക്കൊണ്ടിരിക്കുന്നുണ്ടാവും. മുറ്റത്തെ ലോൺ വെട്ടിയൊതുക്കുന്ന തോട്ടക്കാരന്റെ മനസ്സിൽ എന്താവും?

മിക്ക റോഡുകളിലും വാഹനങ്ങൾ കുറവാണ്, കയറ്റവും ഇറക്കവുമായി നടത്തത്തോട് നടത്തം. ഫ്രിഡ്‌ജും ഗ്യാസ് സിലിണ്ടറും കട്ടിലും എന്ന് വേണ്ട എല്ലാ ഉരുപ്പടികളും മുതുകിലേറ്റി ഈ കയറ്റിറക്കങ്ങൾ താണ്ടി നടന്നു നീങ്ങുന്ന മനുഷ്യർ അമ്പരപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു.

റോഡിനൊരുവശത്തെ താഴ്ചയിൽ കണ്ണെത്താത്ത ഉയരമുള്ള മരങ്ങളാണ്, ഒറ്റ ഫ്രെയിമിൽ പതിയാത്തത്ര നീളത്തിൽ. ആ ആഴങ്ങളിൽ നിന്ന് ചീവീടുകൾ നിർത്താതെ ഒച്ച വച്ചു കൊണ്ടിരുന്നു. കരിങ്കുരങ്ങുകളും ഏതൊക്കെയോ കിളികളും അവയ്ക്ക് തോന്നിയ പോലെ ചിലച്ചു കൊണ്ട് നടക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ആയിരുന്നു അടുത്ത ഇടം. ചുവപ്പ് കുപ്പായത്തിൽ സുന്ദരിയായ ഒരു സ്ത്രീ പാത അടിച്ചു വാരി വൃത്തിയാക്കുന്നു, ഫോട്ടോ എടുക്കാൻ അവർ പോസ് ചെയ്തു തന്നു.

ഗൈഡഡ് ടൂർ ആയിരുന്നു സ്റ്റഡി സെന്ററിൽ, ഒരു കൂട്ടം ആളുകൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് നടത്തം. കറുപ്പിലും വെളുപ്പിലുമായി ചില്ലിട്ടു തൂക്കിയ ചരിത്ര മുഹൂർത്തങ്ങൾ, വിഭജനത്തിന്റെ ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കിയ മേശ അങ്ങനെയങ്ങനെ. പുറത്തിറങ്ങിയപ്പോഴേക്കും വിശപ്പിന്റെ വിളി കലശം. ഒറ്റമുറി കഫേയിലെ പയ്യൻ ചൂടോടെ ചുട്ടു തന്ന പനീർ പറാത്ത അതു കൊണ്ടു തന്നെ ഏറെ രുചികരമായി തോന്നി. തിരിച്ച് മുറിയിൽ വന്ന് ബോധം കെട്ടൊരുറക്കം. വൈകീട്ട് മാൾ റോഡ് ലക്ഷ്യമാക്കി നടന്നു. ഗവർണറുടെ വാഹനം, തപാൽ, ആംബുലൻസ് ഇവയ്ക്കല്ലാതെ വേറെ ഒരു വാഹനത്തിനും പ്രവേശനമില്ല മാൾ റോഡിൽ. പോകുന്ന വഴിക്ക് കണ്ട ചെറിയൊരു കടയിൽ നിന്ന് കട്ടൻ ചായ കുടിച്ച് എല്ലാവരും ചെയ്യുന്ന പോലെ അതിന്റെ ക്ലോസ് അപ്പ് ഫോട്ടോയും എടുത്തു!

കട ചെറുതാണെങ്കിലും അവിടെ ഇല്ലാത്ത സാധനങ്ങൾ കുറവാണ്, ഓരോരോ ആവശ്യങ്ങൾക്കായി ആളുകൾ വന്നു കൊണ്ടേ ഇരുന്നു, ഒരു ചിരിയോടെ എല്ലാവരുടെയും ആവശ്യങ്ങൾ ഒരുപോലെ നിവർത്തിച്ചു കൊടുത്തു കൊണ്ട് കടക്കാരനും.

കാഴ്ചകൾ കണ്ടു കൊണ്ടുള്ള നടത്തത്തിനിടയിൽ ഏറ്റവും ആകർഷിച്ചത് വൃത്തി തന്നെ. പ്ലാസ്റ്റിക് രഹിത ഇടങ്ങളാണ് മിക്കതും. വഴിയരികിൽ അവിടവിടെയായി  ഇരിപ്പിടങ്ങളുണ്ട്. വിൻഡോ ഷോപ്പിംഗ് നടത്തി അലസമായങ്ങനെ നടന്നു. മാൾ റോഡിൽ ഒരുപാട് ഉയരത്തിൽ ദേശസ്നേഹം പാറിക്കളിക്കുന്നുണ്ടായിരുന്നു. ഈ പതാക പണ്ടേ ഉണ്ടായിരുന്നോ എന്ന് ആരോടെങ്കിലും ചോദിക്കണമെന്ന് കരുതിയെങ്കിലും പിന്നീടത് മറന്നു പോവുകയും ചെയ്തു.

ലക്ഷ്യങ്ങളൊന്നുമില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുമ്പോഴാണ് സ്കൂൾ കാലത്തു നിന്നൊരു വിളി വരുന്നത്, പഴയൊരു കൂട്ടുകാരി. ഞാനിങ്ങനെ ഷിംലയിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് അലഞ്ഞു നടക്കുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് വലിയ സന്തോഷം. ഭക്ഷണവും കഴിഞ്ഞ് തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴാണ് സമയം വൈകിയല്ലോ എന്ന ബോധം വരുന്നത്. ഏയ് ഓട്ടോ എന്നു പറഞ്ഞു കൈ കാണിക്കാനും നിവൃത്തിയില്ല, നടന്നു തന്നെ താണ്ടണം ദൂരങ്ങൾ. അടുത്തുള്ള കടയിലെ ആളോട് ‘Is it safe to walk?’ എന്നു ചോദിച്ചപ്പോൾ ‘ഈ പെമ്പ്രന്നോത്തി എവിടുന്നു വരുന്നു’ എന്ന മട്ടിൽ അയാളൊരു നോട്ടം. പെങ്ങൾ ധൈര്യായിട്ട് നടന്നോ, ആറു മണി കഴിഞ്ഞാ പുറത്തിറങ്ങാതിരിക്കാൻ ഇത് കേരളമൊന്നുമല്ല എന്നയാൾ പറഞ്ഞോ എന്നെനിക്ക് തോന്നാതിരുന്നില്ല!

ഒരു ബഹളത്തിലേക്കാണ് അടുത്ത ദിവസം കണ്ണു തുറക്കുന്നത്. രാത്രി വൈകി എപ്പോഴോ ഡൽഹിയിൽ ഫ്ലൈറ്റ് ഇറങ്ങി ടാക്സി പിടിച്ചു വന്ന ഇറാനിയൻ സംവിധായകന് ഒഴിഞ്ഞയിടത്തെ ഒച്ചയും അനക്കവുമില്ലാത്ത താമസം പിടിച്ചിട്ടില്ല, ആൾ ഒട്ടു ഭയപ്പെടുകയും ചെയ്തിട്ടുണ്ട്. ഫെസ്റ്റിവലിനൊന്നും നില്‍ക്കാതെ അപ്പോൾ തന്നെ തിരിച്ചു പോവണം എന്ന നിലപാടിലാണയാൾ. പുതപ്പിനുള്ളിൽ നിന്ന് എന്നെ വലിച്ചെടുത്ത് പ്രഭാത കൃത്യങ്ങൾ തീർത്ത് ഭക്ഷണം കഴിക്കാൻ ചെന്നിരുന്നു. കൈ കഴുകുമ്പോഴേക്ക് തണുത്തുറയുന്ന വിരലുകൾക്ക് മുൻപിലേക്ക് ആവി പറക്കുന്ന ആലു പറാത്ത, അതിനു മുകളിൽ ഉരുകി തുടങ്ങുന്ന വെണ്ണയുടെ കുഞ്ഞു കൂന. ദയാറാമും ഭാര്യയുമാണ് അടുക്കളയുടെ ചുമതല, അവരുടെ മകനുമുണ്ട് സഹായത്തിന്. പ്രദീപ് പ്ലസ് ടു വിദ്യാർത്ഥിയാണ്, സിനിമയിലും കമ്പമുണ്ട്. വെജിറ്റേറിയൻ ഭക്ഷണം മാത്രമേയുള്ളൂ, ഏതൊക്കെ നേരം കഴിക്കാനുണ്ടാവുമെന്ന് നേരത്തെ പറയണമെന്ന് ദയാറാം പറഞ്ഞു. നല്ല രുചിയിൽ ചൂടോടെ വിളമ്പി തരുന്ന ആഹാരത്തിന്റെ ധന്യത. ഞാൻ റെഡി ആയപ്പോഴേക്കും ദേവ് കന്യ വന്നു, ഇറാനിയുടെ പ്രശ്നം പരിഹരിക്കാനാവാതെ, അയാൾ തിരിച്ചു പോയി എന്നു പറഞ്ഞു. അവളുടെ കൂടെ ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റിയിലേക്ക്.

വസന്ത കാലത്ത് ഈ മരങ്ങളെല്ലാം ചുവപ്പ് കൊണ്ട് മൂടിയിട്ടുണ്ടാവും, നിലത്തു പരവതാനി പോലെ കൊഴിഞ്ഞ പൂക്കളും എന്ന് ദേവ് കന്യ. ബുറാൻഷ് എന്ന പേരിൽ അറിയപ്പെടുന്ന റോഡോഡെൻഡ്രൻ വർഗ്ഗത്തിൽ പെട്ട മരങ്ങളാണ്. മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിലേക്കാണ് ആദ്യം പോയത്, അവിടത്തെ കുട്ടികൾ ഫെസ്റ്റിവൽ വോളന്റിയേഴ്സാണ്, നാക് വിസിറ്റിന്റെ തിരക്കിലാണ് ക്യാംപസ്. ദേവ് കന്യയെ അവളുടെ തിരക്കുകളിലേക്ക് വിട്ട് ക്യാമ്പസ്സിൽ ഒന്നു കറങ്ങി, അവരുടെ കാന്റീനിൽ നിന്ന് ഒരു കട്ടൻ ചായയൊക്കെ കുടിച്ച്. ഹെറിറ്റേജ് ട്രെയിനിൽ യാത്ര ചെയ്യാൻ കൂട്ടിന് രണ്ടു കുട്ടികളെ പറഞ്ഞയച്ചു തന്നു കന്യ. ക്യാമ്പസ്സിൽ നിന്ന് ഏതോ ഊടു വഴികളിലൂടെ ഇറങ്ങി നടന്നാൽ സ്റ്റേഷനിലേക്കുള്ള വഴിയായി. തിരക്കില്ലാത്ത, ബഹളങ്ങളില്ലാത്ത ഒരു കൊച്ചു സ്റ്റേഷൻ. ഞാൻ കയറിയ ബോഗിയിൽ അധികവും കോളേജ് കുട്ടികളായിരുന്നു, വണ്ടി ഓരോ തുരങ്കത്തിന്റെ ഇരുട്ടിലേക്ക് കയറുമ്പോഴും അവർ കൂവിയാർത്തുകൊണ്ടിരുന്നു.

വണ്ടിയിറങ്ങി മാൾ സ്ട്രീറ്റിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ ദേവ് കന്യയും എത്തി, കൂടെ അനിത താക്കൂറും ഉണ്ടായിരുന്നു. അനിത ജേർണലിസം ഡിപ്പാർട്മെന്റിലാണ് ജോലി ചെയ്യുന്നത്, കൂടാതെ അവർ തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ്. ദേവ് കന്യ സംവിധാനം ചെയ്ത ‘ലാൽ ഹോത്താ ദറാഖത്’ എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്നതും അനിതയാണ്. തൃശൂരിൽ നടക്കാറുള്ള ITFOC-നെ കുറിച്ച് പറഞ്ഞപ്പോൾ അനിത പങ്കെടുക്കണമെന്ന ആഗ്രഹം പറയുകയും ചെയ്തു. കുറെയേറെ നടന്ന് മാൾ സ്ട്രീറ്റിൽ എത്തുമ്പോഴേക്കും തളർന്നു. ഹണി ഹട്ട് എന്നൊരു കടയുണ്ട് അവിടെ, എല്ലാ വിഭവങ്ങളിലും തേൻ ചേർത്താണ് വിളമ്പുന്നത്, ചായയും കാപ്പിയും കേക്കും എല്ലാം. തേൻ രുചിയോട് അത്ര മമത ഒന്നുമില്ലെങ്കിലും  ഇവിടത്തെ എല്ലാ വിഭവങ്ങളും  വളരെ രുചികരമായിരുന്നു. അനിതയുടെ കൂടെ ഗെയ്റ്റി തിയേറ്ററിലേക്ക്, അവൾ എല്ലായിടവും കൊണ്ടു കാണിച്ചു തന്നു. 1887-ൽ പണിതതാണ് ഇത്, ഗോഥിക് മാതൃകയിൽ. റുഡ്യാർഡ് കിപ്ലിങ്ങും പൃഥ്വിരാജ് കപൂറും കെ എൽ സൈഗളും എല്ലാം വന്നിരുന്ന ഇടം.

ഇപ്പോൾ ഫിലിം ഫെസ്റ്റിവലിനു വേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്, എല്ലാവരും അതിന്റെ തിരക്കിലും തിമിർപ്പിലും.

ഉച്ചയ്ക്ക് ഹിമാചൽ ഭക്ഷണം പരീക്ഷിക്കാമെന്ന് തീരുമാനിച്ചു. ‘ഹിമാചലി രസോയി’  ചെറിയൊരിടമാണ്, കുഞ്ഞു ഗോവണി കയറിയാൽ നിലത്തു ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം, എഴുന്നേറ്റ് നിൽക്കാനുള്ള ഉയരമില്ല മുകൾ തട്ടിന്. പല തരം പച്ചക്കറി വിഭവങ്ങളുമായി ഊണ്.

അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോൾ ചിലർ പ്രസാദം വിതരണം ചെയ്യുന്നു, ഏത് അമ്പലത്തിലെ എന്നൊന്നും അറിയില്ല, സംഗതി ഉഗ്രൻ ടേസ്റ്റ് ആയിരുന്നു, ആദ്യമൊന്ന് മടിച്ചെങ്കിലും രണ്ടാമതും വാങ്ങി കഴിക്കുകയും  ചെയ്തു! മാൾ റോഡിനു ചുറ്റുമായി കറങ്ങി നടന്നു. മരത്തിൽ തീർത്ത പലതരം സാധനങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരൈറ്റം. ഒരു ഫ്രിഡ്ജ് മാഗ്നെറ്റിൽ ഒതുങ്ങി എന്റെ ഷോപ്പിംഗ്. പല അടുക്കുകളായി ഓരോ വഴികൾ. റിഡ്‌ജിൽ കുതിര സവാരി നടത്തുന്നവർ. പലവിധ വേഷങ്ങളിൽ സുന്ദരിമാരുടെ ഒഴുക്ക്. പെൺകുട്ടികളുടെ സൗന്ദര്യത്തിനോട് കിടപിടിക്കുന്ന പുരുഷന്മാരെ വളരെ കുറച്ചു മാത്രമേ കണ്ടുള്ളൂ. വഴിയരികിലെ അമ്പലത്തിനു മുൻപിൽ നിരന്നിരുന്നു ഭിക്ഷ ചോദിക്കുന്നവർ. ചില കാഴ്ചകൾക്ക് എവിടെയും ഒരേ ഛായ തന്നെ. വൈകീട്ട് തിരിച്ചു നടക്കുമ്പോൾ ‘റൈഡ് ദി പ്രൈഡ്’ എന്ന വാൻ കിട്ടി, ബസ്സിന്റെ കുഞ്ഞൻ രൂപം, ചെറിയ പൈസയ്ക്ക് യാത്ര. ഗസ്റ്റ് ഹൗസിൽ പുതിയ അതിഥികൾ വന്നിരുന്നു, ഡൽഹിയിൽ നിന്ന് മകളുടെ സിനിമയുമായി പ്രായം ചെന്ന മാതാപിതാക്കൾ, ബോംബയിൽ നിന്ന് ശീതളും രണ്ടു സഹപ്രവർത്തകരും. എല്ലാവരെയും പരിചയപ്പെട്ടു.

ഷിംല എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് മഞ്ഞിൽ മൂടിയ ഇടവും അവിടത്തെ ആപ്പിൾ തോട്ടങ്ങളുമാണ്. മഞ്ഞുകാലത്തിനു മുൻപുള്ള സന്ദർശനമായതു കൊണ്ട് ആപ്പിൾ തോട്ടങ്ങളെങ്കിലും കണ്ടു വരാമെന്നോർത്തു. അവിടെ നിന്നെടുക്കുന്ന ഫോട്ടോകൾ കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതൊക്കെ മനസ്സിൽ പ്ലാൻ ചെയ്യുകയും ചെയ്തു. ദേവ് കന്യ അയച്ചു തന്ന ടാക്സി കാറിൽ രാവിലെ തന്നെ പുറപ്പെട്ടു, മഷോബ്ര എന്ന സ്ഥലത്തു പോയി ഡോ. മാങ്കോട്ടിയയെ കണ്ടാൽ മതിയെന്നും അവൾ പറഞ്ഞിരുന്നു. സിറ്റിയിൽ നിന്നൊക്കെ വിട്ട് ഉൾപ്രദേശങ്ങളിലൂടെ ഒരു യാത്ര. ആപ്പിൾ തോട്ടങ്ങൾ എവിടെയുണ്ടാവും എന്നൊന്നും ടാക്സി ഡ്രൈവർ രാഹുലിനും വല്യ പിടിയൊന്നുമില്ല, നഗരത്തിനു പുറത്തേക്ക് അയാൾ പോയിട്ടേയില്ല എന്ന് തോന്നി. ചെറുപ്പക്കാരനായത് കൊണ്ട് ഇത്തരം യാത്രകളോട് പ്രിയമില്ലാത്തതാവാം. ചോദിച്ചു ചോദിച്ചാണ് യാത്ര, ആരൊക്കെയോ ചൂണ്ടി കാണിക്കുന്ന വഴികളിലൂടെ. ഇടയ്ക്ക് ഒരമ്പലം കണ്ടു, ചുറ്റും മരങ്ങളും പച്ചപ്പും പായൽ മൂടിയ ഒരു കുളവും മാത്രം.

പടികൾ കയറി ചെല്ലുമ്പോൾ ഒരു കുഞ്ഞമ്പലം, പ്രാർത്ഥിക്കാൻ വന്ന രണ്ടു മൂന്ന് സ്ത്രീകളും പൂജാരിയും. ഒച്ചയും ബഹളവുമില്ല. വീണ്ടും ഗ്രാമത്തിന്റെ ഉള്ളിലേക്കുള്ള യാത്ര. ഡോ. മാങ്കോട്ടിയയെ ഫോണിൽ കിട്ടിയപ്പോൾ അദ്ദേഹം ലീവിലാണെന്ന അറിയിപ്പ്. ഒടുവിൽ റിസർച്ച് സെന്ററിൽ എത്തിയപ്പോൾ ആപ്പിളിന്റെ വിളവെടുപ്പ് കാലം കഴിഞ്ഞെന്ന സങ്കടകരമായ വാർത്ത, ആപ്പിൾ തോട്ടത്തിൽ അവശേഷിച്ച ഒന്നിനെയെങ്കിലും തപ്പി കുറെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. അവരുടെ മ്യൂസിയം ഒക്കെ കണ്ടു തിരിച്ചു പോന്നു. കുഫ്രിയിൽ പോയാലോ എന്നോർത്തു ചോദിച്ചപ്പോൾ രാഹുൽ ഇതു വരെ പോയിട്ടില്ല, ഇതു പോലെയൊക്കെ തന്നെയാണ് കുഫ്‌റി, മഞ്ഞു കാലത്ത് സ്കീയിങ് ഒക്കെ ഉണ്ടാവും, പിന്നെ കുതിരപ്പുറത്തും ചിലർ പോവാറുണ്ട് എന്ന് പറഞ്ഞു. അത്യാവശ്യം യാത്രയുണ്ട്, വൈകുന്നേരം ഞങ്ങളുടെ ഫിലിം കാണിക്കുന്നതിന് മുൻപ് എനിക്കവിടെ എത്തേണ്ടതുമുണ്ട്, അതു കൊണ്ട് കുഫ്രി പ്ലാൻ ഞാൻ ഉപേക്ഷിച്ചു. ഷിംല മാർക്കറ്റിനടുത്താണ് രാഹുൽ തിരിച്ചിറക്കിയത്, പഴ്സിന്റെ കനം അത്യാവശ്യം നന്നായി കുറയുകയും ചെയ്തു! മാർക്കറ്റിലെ കാഴ്ചകളും കണ്ട് നടന്നു.

തേങ്ങ വലിയ കഷ്ണങ്ങളായി പൂളി വച്ചിരിക്കുന്നു. പരിചയമില്ലാത്ത ഫ്രൂട്ട് കണ്ടപ്പോൾ അതൊന്നു പരീക്ഷിക്കാമെന്ന് കരുതി, പെർസിമ്മോൺ എന്നാണ് പേര് പറഞ്ഞത്, കടക്കാരൻ നീളത്തിൽ മുറിച്ചു തന്നു, മാംസളമായ കാമ്പ്, നമ്മുടെ പപ്പായയ്ക്ക് മാങ്ങയിലുണ്ടായ കുട്ടിയെ പോലെയൊക്കെ രുചിയുള്ളത്. പ്രായത്തേയും കാൻസറിനെയും ഒക്കെ പ്രതിരോധിക്കാൻ നല്ലതാണ് ഈ പഴം എന്ന് ഗൂഗിൾ.

ജാഖു ടെംപിളിനെ കുറിച്ച് ദേവ് കന്യ പറഞ്ഞിരുന്നു, ലോകത്തിൽ തന്നെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയാണ് അവിടെയുള്ളത് എന്നൊക്കെ. അവിടെ പോവുമ്പോൾ ആകെ സൂക്ഷിക്കേണ്ടത് കുരങ്ങന്മാരെയാണ്, നിറയെ ഉണ്ടാവും. കണ്ണട, പേഴ്സ്, ബാഗ്, ഫോൺ ഇങ്ങനെ എന്തു കണ്ടാലും തട്ടിപ്പറിക്കും എന്നുകൂടി കേട്ടപ്പോൾ ആ ശ്രമം ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചു, പൂർവികരോട് പണ്ടേ എനിക്കത്ര സ്നേഹമില്ല! ഹനുമാൻ പ്രതിമയുടെ ദൂരദൃശ്യം താഴെ നിന്നും കാണാം. പകരം ലക്കാർ ബസാറിലും ചോട്ടാ ബസാറിലുമൊക്കെ കറങ്ങി. ബ്രിട്ടീഷുകാർ പണിത ക്രൈസ്റ്റ് ചർച്ച് ഒരു മുഖ്യ ആകർഷണമാണ് മാൾ റോഡിൽ. ഉച്ചയ്ക്ക് ഒരുപാട് നിറങ്ങളിൽ പൊലിപ്പിച്ചെടുത്ത ‘കഫേ സോൾ റെസ്റ്ററന്റിൽ നിന്ന് മെക്സിക്കൻ ഭക്ഷണം. മുൻപിലെ ടേബിളിൽ മോടിയിൽ വസ്ത്രം ധരിച്ച, പ്രായം ചെന്ന  കുറച്ചു പേർ, അവർ വളരെ മാനേഴ്സോടുകൂടി ഭക്ഷണം കഴിക്കുന്നു. എന്തെന്നില്ലാത്ത ഒരാഹ്ലാദം ഉണ്ടായിരുന്നു അവരുടെ മുഖത്ത്. ഒരു സ്കൂൾ കാലത്ത് കൈ വീശി പിരിഞ്ഞവർ അര നൂറ്റാണ്ടിനിപ്പുറം കണ്ടുമുട്ടിയതാവാമെന്നൊക്കെ സങ്കൽപ്പിച്ചു ഞാൻ.

ഫിലിം പ്രദർശനത്തിനായി ഗെയ്റ്റി തിയേറ്ററിലേക്ക് നടക്കുമ്പോൾ കണ്ടു ഞാൻ, രാവിലെ തേടിപ്പോയ ആപ്പിളുകളുടെ പ്രദർശനം നടക്കുന്ന കൂടാരം; പല വലുപ്പത്തിൽ, പച്ചയും ചുവപ്പുമായി തുടുത്ത് നിരന്നിരിക്കുന്നവ. തത്ക്കാലം അതിന്റെ ഫോട്ടോ എടുത്ത് സംതൃപ്തിയടയേണ്ടി വന്നു. ഗെയ്റ്റി തിയേറ്ററിനോട് ചേർന്ന് വട്ടത്തിൽ സ്റ്റെപ്പുകൾ പണിത് തയ്യാറാക്കിയ ഒരിടം, അവിടെ അവരുടെ തനത് ഡാൻസ് അരങ്ങേറാനുള്ള പുറപ്പാട്. ആളുകൾ വട്ടം കൂടിയിരിക്കുന്നു, ആണും പെണ്ണുമായി ഒരു നിര നർത്തകർ, വാദ്യങ്ങളും നാടൻ ശീലുകളുമായി കലാകാരൻമാർ മുകളിലെ പ്ലാറ്റ്ഫോമിൽ ഇരിക്കുന്നു.

ഒരുപാട് നീളത്തിൽ അറ്റം വളഞ്ഞ ഒരു സംഗീത ഉപകരണം വായിക്കുന്ന ഒരാൾ. മനോഹരമായ നൃത്തം.

ഈ കാഴ്ചകളിൽ മുഴുകി ഇരിക്കുമ്പോഴാണ് തിരിച്ചുള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല എന്നോർക്കുന്നത്. ദേവ് കന്യയുടെ ഭർത്താവ് തൊട്ടടുത്ത് തന്നെ ബുക്ക് ചെയ്യാനുള്ള ഇടമുണ്ടെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയെങ്കിലും അത് അഞ്ചു മിനിട്ടു മുൻപ് അടച്ചു പോയി എന്ന അറിയിപ്പ് കിട്ടി. താഴെ ബസ് സ്റ്റാൻഡിൽ പോയി ബുക്ക് ചെയ്യുകയേ നിവർത്തിയുള്ളൂ. ഫിലിം സ്ക്രീനിംഗ് തുടങ്ങുന്നതിനു മുൻപ് തിരിച്ചെത്തേണ്ടതുള്ളത് കൊണ്ട് ധൃതി പിടിച്ച് ആ കുന്നു മുഴുവൻ ഇറങ്ങി ടിക്കറ്റ് ബുക്ക് ചെയ്‌തു. തിരിച്ചുള്ള യാത്രയായിരുന്നു കഠിനം, കയറിയിട്ടും കയറിയിട്ടും തീരാത്ത പടവുകൾ, തണുത്ത കാറ്റിൽ ശ്വാസം പിടയുന്ന പോലെ. കൈയിൽ കരുതിയ കുപ്പിയിലെ അവസാന തുള്ളി വെള്ളവും തീർന്നിട്ടും കയറ്റം അവസാനിക്കുന്നില്ല. ഓടിയും പിടച്ചും ഗെയ്റ്റി തിയേറ്ററിലേക്ക് ഓടുമ്പോൾ എന്റെ ഹൃദയം ഏതെങ്കിലുമൊരു നിമിഷം പണിമുടക്കിയേക്കാം എന്നു വരെ തോന്നിപ്പോയി! ആളുകൾ കൈയടിച്ചും ചിരിച്ചും ഞാൻ എഴുതിയ വരികൾ സ്‌ക്രീനിൽ കണ്ടിരുന്നപ്പോൾ ക്ഷീണമൊക്കെ മറന്ന് സന്തോഷിക്കുകയും ചെയ്തു.

ഷിംലയിലെ അവസാനത്തെ ദിവസമാണ്, ഇന്നിനി കറക്കമൊന്നുമില്ലാതെ സിനിമയും കണ്ട് മാൾ റോഡിൽ കൂടാമെന്നു വിചാരിച്ചാണ് ഉണർന്നത് തന്നെ. ‘ബിർനി’ എന്ന ഹിമാചലി സിനിമയായിരുന്നു അന്നത്തെ ഹൈലൈറ്റ്. മൂത്ത സഹോദരൻ കല്യാണം കഴിച്ചു കൊണ്ട് വരുന്ന പെണ്ണിനെ വീട്ടിലെ മറ്റ് ആണുങ്ങളും വച്ചു കൊണ്ടിരിക്കുന്ന Polyandry സമ്പ്രദായത്തെ കുറിച്ചാണ് സിനിമ. ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഈ ആചാരം ഉണ്ട് എന്ന് ദേവ് കന്യ പറഞ്ഞു. സിനിമയിലെ നടീനടന്മാരും സംവിധായകനും എല്ലാം സന്നിഹിതരായിരുന്നു പ്രദർശനത്തിന്. വൈകുന്നേരം പുതിയൊരു സംഘത്തിന്റെ നൃത്തവും പാട്ടും. വീട്ടിലേക്ക് കൊണ്ടു വരാൻ വലിയൊരു കുപ്പി തേൻ വാങ്ങി വച്ചു, ഹണി ഹട്ടിൽ  നിന്ന്. സമാപന ചടങ്ങുകൾക്ക് ഗവർണറും മുഖ്യമന്ത്രിയും അടങ്ങുന്ന സദസ്സ്, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന്റെ സന്തോഷം.

രാത്രി ഭക്ഷണവും കഴിഞ്ഞു ബാഗും പാക്ക് ചെയ്ത് ഇറങ്ങുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ എന്ന ആവശ്യവുമായി പ്രദീപ്. അവരുടെ കുടുംബത്തോടൊപ്പം ഫോട്ടോ എടുത്ത് യാത്ര പറഞ്ഞിറങ്ങി. രാത്രിയാത്ര ദുരിതം കൂട്ടാൻ പെണ്ണൊലിപ്പും തുടങ്ങിയിരുന്നു. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് പുലർച്ചെ ഡല്‍ഹിയിലെ ഹിമാചൽ ഭവന് മുൻപിൽ ബസ്സിറങ്ങി. ദേവ് കന്യയുടെ ഭർത്താവ് വിളിച്ചു പറയാമെന്ന് പറഞ്ഞിരുന്നെങ്കിലും ഹിമാചൽ ഭവനിൽ കുളിച്ച് ഫ്രഷ് ആവാൻ മുറികളൊന്നും ഒഴിവില്ല എന്നവർ പറഞ്ഞു. ഇടയ്ക്കും തലയ്ക്കും പോയി കെഞ്ചിയെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല. ഡൽഹിയിലെ ചൂടിൽ തണുത്ത ഷവറിനു കീഴെ ഒന്നു നില്‍ക്കാന്‍, ഒന്നു മയങ്ങാൻ ഒരു പായ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചു പോയി. മുകൾ നിലയിലെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവാദം കിട്ടി ചെന്ന് നോക്കുമ്പോൾ പ്രാവുകൾ സ്വൈര്യവിഹാരം നടത്തുന്ന ഇടം, അവയുടെ തൂവലും കാഷ്ഠവും ചിതറി കിടക്കുന്നു. റെസ്റ്ററന്റിലെ ടോയ്‌ലെറ്റിൽ നിന്ന് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ച് അടുത്തുള്ള തിയേറ്ററിൽ പോയിരുന്നു, ചൂടിൽ നിന്ന് രക്ഷയാണെങ്കിലും എം എസ് ധോണിയെ കുറിച്ചുള്ള സിനിമ വല്ലാതെ മുഷിപ്പിച്ചു. കണ്ണുകൾ അടഞ്ഞു പോവുന്നുണ്ടായിരുന്നു. ഫ്ലൈറ്റ് പിടിക്കാനുള്ളത് കൊണ്ട് പകുതി കണ്ട് ഇറങ്ങിപ്പോന്നു.

പതിവിലും അല്പം വൈകിയ ഫ്ലൈറ്റിൽ കയറി ഇരുന്നപ്പോൾ ആശ്വസിച്ചു, രാത്രി ആവുമ്പോഴേക്കും കൂടണയാം, സ്വസ്ഥമായി മൂടിപ്പുതച്ചുറങ്ങാം എന്നൊക്കെ. മുംബൈ എത്തിയപ്പോൾ അറിയിപ്പ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ വിമാനം ഇനി പോവൂല, മാറിക്കയറണമെന്ന്! മുൻപിൽ ഗമിക്കുന്ന ഏതോ ഗോവിന്റെ പിന്നാലെ എല്ലാവരും വരിവരിയായി ഓട്ടം, വീണ്ടും സെക്യൂരിറ്റി ചെക്ക്, വീണ്ടും ക്യൂ, എല്ലാവരുടെയും കണ്ണുകളിൽ മുഷിപ്പ്, അലറി കരഞ്ഞ് ഒരു കൊച്ചു കുട്ടി. ഹാൻഡ് ബാഗേജിൽ നിന്ന് തേനിന്റെ കുപ്പി അവർ എടുത്തു വച്ചു, അനുവദനീയമല്ല എന്നു പറഞ്ഞു. ഡൽഹിയിൽ നിന്ന് ചെക്ക് ഇൻ ചെയ്തപ്പോൾ പ്രശ്നമുണ്ടായില്ലല്ലോ എന്നു പറഞ്ഞതൊന്നും അവിടെ ഏശിയില്ല. ഹണി ഹട്ടിലെ പയ്യൻ കരുതലോടെ പായ്ക്ക് ചെയ്തു തന്ന തേൻ വേസ്റ്റ് ബാസ്കറ്റിലേക്ക്! പുതിയ ഗേറ്റ് നമ്പർ തപ്പിപ്പിടിച്ച് ഇരിക്കുമ്പോൾ തണുത്തു മരവിച്ച ഒരു ഭക്ഷണ പൊതി വിമാന കമ്പനി വക. ഓടിപ്പിടിച്ച് ഒന്ന് ബാത്‌റൂമിൽ പോയി വരുമ്പോഴേക്കും അടുത്ത ക്യൂ നിൽക്കാൻ നേരമായി. ഒടുവിൽ കൂടണയുമ്പോൾ നട്ടപ്പാതിര. അടുത്ത യാത്ര വന്നു വിളിക്കുന്നതു വരെ വീട്ടിൽ അഴിച്ചിട്ട ഞാനെന്ന കുപ്പായത്തിലേക്ക്.

ഡോ. ഷാഹിന റഫീഖ്

ഡോ. ഷാഹിന റഫീഖ്

എഴുത്തുകാരി, മൂവി മേക്കര്‍. 81/2 Intercuts Life and films of KG George എന്ന ഡോക്യുമെന്ററിയുടെ കോ-ഡയറക്ടര്‍, Unfriend എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍. മണിരത്നം സിനിമകളെ കുറിച്ച് കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. അഴിമുഖത്തില്‍ Movie Map എന്ന സിനിമ സംബന്ധിയായ കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍