UPDATES

യാത്ര

ഏഷ്യയിലെ ആറ് പ്രധാന രാത്രി ചന്തകള്‍

ഏഷ്യന്‍ സാമൂഹ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് രാത്രി ചന്തകള്‍. പ്രാദേശിക സംസ്‌കാരത്തെ കുറിച്ച് യാത്രക്കാര്‍ക്ക് ഇതിലൂടെ കൂടുതല്‍ അറിവും കിട്ടും.

സംസ്‌കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഏഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഒരുപാട് അമൂല്യമായ വസ്തുക്കള്‍ ലഭിക്കുന്ന നീണ്ട മാര്‍ക്കറ്റുകള്‍ തന്നെയുണ്ട് ഏഷ്യയില്‍. ഏഷ്യന്‍ സാമൂഹ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് രാത്രി ചന്തകള്‍. പ്രാദേശിക സംസ്‌കാരത്തെ കുറിച്ച് യാത്രക്കാര്‍ക്ക് ഇതിലൂടെ കൂടുതല്‍ അറിവും കിട്ടും.

ആള്‍ക്കൂട്ടങ്ങളുടെ ബഹളം, വില്‍പ്പനക്കാരുടെ ശബ്ദ കോലാഹലങ്ങള്‍, കളിപ്പാട്ടങ്ങളും തുണികളും മറ്റ് വസ്തുക്കളും – ഇങ്ങനെ ആവശ്യമായ എല്ലാ സാധനവും വില്‍ക്കുന്ന ഇടുങ്ങിയ പാതകള്‍ നല്ലൊരു അനുഭവമായിരിക്കും. ഇതില്‍ ചില കടകള്‍ വര്‍ഷം മുഴുവനും, ചിലത് വാരാന്ത്യത്തിലും ചിലത് സീസണലുമാണ്. അടുത്ത അവധിക്കാലത്ത് ഏഷ്യയിലെ ഈ തെരുവുകളില്‍ നല്ലൊരു ഷോപ്പിംഗ് അനുഭവം തേടി പോകാവുന്നതാണ്.

ഇന്‍ഗോസ് സാറ്റര്‍ഡേ നൈറ്റ് ബസാര്‍, ഗോവ

പാര്‍ട്ടികളും ബീച്ചുകളും കൊണ്ട് പ്രശസ്തമാണ് ഗോവ. ചൂട് സമയത്ത് ബീച്ചുകളില്‍ നിന്നൊക്കെ മാറി മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ഒരുപാട് കാര്യങ്ങളുണ്ട്. നോര്‍ത്ത് ഗോവയിലെ ആര്‍പോറയിലുള്ള ഇന്‍ഗോസ് സാറ്റര്‍ഡേ നൈറ്റ് ബസാര്‍, ഇന്ത്യയിലെ പ്രശസ്തമായൊരു നൈറ്റ് മാര്‍ക്കറ്റാണ്. സുഗന്ധ വ്യഞ്ജന വസ്തുക്കള്‍, ആഭരണങ്ങള്‍, ബീച്ച് വസ്ത്രങ്ങള്‍ മുതല്‍ വൈനുകള്‍ വരെ ഇവിടുത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഗോവയിലെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ മാത്രമല്ല, മെക്‌സിക്കന്‍ മുതല്‍ ഇറ്റാലിയന്‍ വരെയുള്ള ഭക്ഷണ സാധനങ്ങളും ഇവിടുത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ഷിലിന്‍ നൈറ്റ് മാര്‍ക്കറ്റ്, തായ്‌പേയ്

ഷോപ്പിംഗ് കേന്ദ്രമായ തായ്‌വാനിലെ പ്രധാന നഗരങ്ങളായ തായ്‌നാന്‍, കൗവോഹ്‌സിംഗ് എന്നിവിടങ്ങളിലൊക്കെ രാത്രി ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാരമ്പര്യമായുള്ള ഒരു ചൈനീസ് പ്രതിഭാസമാണ് ഈ രാത്രി ചന്തകള്‍. തായ്‌വാനിലെ ഏറ്റവും വലുതും പ്രശസ്തവുമായ രാത്രി ചന്തയാണ് ഇത്. ഇവിടെ ലഭിക്കുന്ന ഭക്ഷണം സന്ദര്‍ശകര്‍ക്ക് പ്രധാനമാണ്. തായ്‌പേയിലെ രാത്രി ജീവിതം ആസ്വദിക്കാനും നൈറ്റ് മാര്‍ക്കറ്റില്‍ പോകാം. ജില്ലയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റിന് പേര് നല്‍കിയിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലവും മറ്റ് വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലവും എന്നിങ്ങനെ മാര്‍ക്കറ്റിന് രണ്ട് ഭാഗങ്ങളുമുണ്ട്.

റോട്ട് ഫൈ മാര്‍ക്കറ്റ്, ശ്രീനകരിന്‍, ബാങ്കോക്ക്

തായ്‌ലന്‍ഡ് തലസ്ഥാനത്തിന്റെ ജീവിതത്തെ കുറിച്ച് അടുത്തറിയാന്‍ ഏറ്റവും എളുപ്പവും ഉല്ലാസപരവുമായ വഴിയാണ് ബാങ്കോംങിലെ നൈറ്റ് മാര്‍ക്കറ്റുകള്‍. ട്രെഷര്‍ ഹണ്ടേഴ്‌സില്‍ പ്രശസ്തമായ റോട്ട് ഫൈ മാര്‍ക്കറ്റില്‍ മറ്റെങ്ങും ലഭിക്കാത്ത അപൂര്‍വമായ വിന്റേജ് ശേഖരങ്ങള്‍ ഉണ്ട്.

ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ്, ഹോങ്കോങ്

ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ബസാറായ ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് ഹോങ്കോങിലെ ഏറ്റവും വലുതും ഒരുപാട് വിനോദ സഞ്ചാരികള്‍ എത്തുന്ന നൈറ്റ് മാര്‍ക്കറ്റും കൂടിയാണ്. ഒരു കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മാര്‍ക്കറ്റില്‍ വില കുറഞ്ഞ തുണികളും, ഇലക്ട്രോണിക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും ലഭ്യമാണ്. കൗലൂണില്‍ സ്ഥിതി ചെയ്യുന്ന ഈ മാര്‍ക്കറ്റ് ചൈനയുടെ ബൃഹത്തായ കലാ പാരമ്പര്യവും ആഘോഷ സംസ്കാരവും സാക്ഷ്യപ്പെടുത്തും.

തമാന്‍ കോണാട്ട് പസര്‍ മാലം, മലേഷ്യ

മലേഷ്യയിലെ പ്രധാന നൈറ്റ് മാര്‍ക്കറ്റ്, ക്വാലലമ്പൂരിലെ തമാന്‍ കോണാട്ട് പസര്‍ മാലമാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ നൈറ്റ് മാര്‍ക്കറ്റാണ് ഇത്. രണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഈ മാര്‍ക്കറ്റ് കോണാട്ട് ഗാര്‍ഡനിലാണ് സ്ഥിതി ചെയ്യുന്നത്. 700 സ്റ്റാളുകള്‍ ഉള്ള ഈ മാര്‍ക്കറ്റില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ ഒരുപാട് വസ്തുക്കളാണ് ഒരുക്കിയിരിക്കുന്നത്. തായ്‌ലന്‍ഡ് നിവാസികളാണ് ഇവിടുത്തെ കച്ചവടം നിയന്ത്രിക്കുന്നത്. ഏഷ്യയിലെ വൈവിധ്യമുള്ള ഭക്ഷ്യ വസ്തുക്കളും മറ്റു വസ്തുക്കളും ഈ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ബെന്‍ താന്‍ നൈറ്റ് മാര്‍ക്കറ്റ്, വിയറ്റ്‌നാം

സൈഗോണിലെ ഏറ്റവും പുരാതനമായ മാര്‍ക്കറ്റും, ഹോ ചി മിന്‍ സിറ്റിയുടെ ഒരു പ്രധാന മുഖമുദ്രയുമാണ് ബെന്‍ താന്‍ നൈറ്റ് മാര്‍ക്കറ്റ്. കരകൗശലവസ്തുക്കള്‍, തുണികള്‍, പ്രാദേശിക ഭക്ഷണങ്ങള്‍ എന്നിവ വാങ്ങാന്‍ വിദേശ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഫ്രഞ്ച് അധിനിവേശ ശക്തികള്‍ നിര്‍മ്മിച്ച ഈ മാര്‍ക്കറ്റ് 1870 തീപിടുത്തത്തില്‍ നശിച്ചിരുന്നു. പിന്നീട് പുനര്‍നിര്‍മ്മാണത്തിലൂടെ സൈഗോണിലെ ഏറ്റവും നല്ല മാര്‍ക്കറ്റായി ഇത് മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍