UPDATES

യാത്ര

പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ വേറിട്ടൊരു യാത്രയുമായി ‘ഇന്‍ട്രെപിഡ് ട്രാവല്‍’

2020ല്‍ നിരവധി ഗ്രഹണങ്ങളാണ് ആകാശത്ത് വിസ്മയം സൃഷ്ടിക്കാന്‍ പോകുന്നത്. തികച്ചും ആവേശകരമായ പൂര്‍ണ്ണ സൂര്യഗ്രഹണമാണ് അതില്‍ പ്രധാനം. അത് തെക്കേ അമേരിക്കയില്‍ നിന്നും, ആഫ്രിക്കയുടെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നും, പസഫിക് – ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നിന്നും നന്നായി വീക്ഷിക്കാനാകും എന്നാണ് കരുതുന്നത്. ഇത് മുന്നില്‍കണ്ട് വേറിട്ടൊരു വിനോദ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് അര്‍ജന്റീനയില്‍ നിന്നുള്ള ഒരു ടൂര്‍ കമ്പനി. ഗ്രഹണകാലത്ത് ജ്യോതിശാസ്ത്ര വിദഗ്ദ്ധരുമൊത്ത് അര്‍ജന്റീന ചുറ്റിക്കറങ്ങുവാനുള്ള അവസരമാണ് അവര്‍ ഒരുക്കുന്നത്.

2020 ഡിസംബറില്‍ തുടങ്ങുന്ന വ്യത്യസ്തമായ ഈ ടൂര്‍ ആസൂത്രണം ചെയ്യുന്നത് ‘ഇന്‍ട്രെപിഡ് ട്രാവല്‍’ എന്ന കമ്പനിയാണ്. 8, 11, 13, ദിവസങ്ങളിലായി നടക്കുന്ന പദ്ധതികളുണ്ട്. ജ്യോതിശാസ്ത്ര വിദഗ്ധനും ഗ്രഹണ നിരീക്ഷണ വിദഗ്ധനുമായ ഡോ. ജോണ്‍ മേസനാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. ആന്‍ഡീസ് താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമായ സാന്‍ കാര്‍ലോസ് ഡി ബറിലോച്ചെയില്‍ നിന്നാണ് യാത്ര തുടങ്ങുക.

ശാസ്ത്രീയ ഗവേഷണത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയായ ഈ നഗരം സാംസ്‌കാരികവും ചരിത്രപരവുമായ സ്മാരകങ്ങളാല്‍ സമ്പന്നമാണ്.ഗ്രഹണത്തിന് മുമ്പും ശേഷവും അതിഥികള്‍ക്ക് ഈ പ്രദേശം പര്യവേക്ഷണം ചെയ്യാം. ഗ്രഹണം കാണുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ പിയേഡ്ര ഡെല്‍ അഗുവിയിലെ വാന നിരീക്ഷണ കേന്ദ്രത്തിലേക്കുംകൊണ്ടുപോകും.
‘പൂര്‍ണ്ണ സൂര്യ ഗ്രഹണം പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ്. കുറച്ചു നേരത്തേക്ക് അമാവാസി സൂര്യന്റെ തിളക്കമുള്ള മുഖം പൂര്‍ണ്ണമായും മൂടും. എങ്ങും ഇരുട്ടു പരക്കും. ഇരുണ്ട ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രത്യക്ഷപ്പെടും. പൂക്കള്‍ വാടും. പക്ഷികള്‍ അവരുടെ കൂടുകളിലേക്ക് ചേക്കേറും. ലോകം അതിന്റെ ശ്വാസം അടക്കിപ്പിടിക്കുന്നതുപോലെ തോന്നും. ഈ വിസ്മയം കാണാന്‍ മനോഹരവും വ്യത്യസ്തവുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് കാഴ്ചയെ കൂടുതല്‍ അതിശയകരവും മാന്ത്രികവുമാക്കും’- ഡോ. ജോണ്‍ മേസണ്‍ പറഞ്ഞു.

പ്രീ-എക്ലിപ്‌സ് ക്ലാസുകള്‍, ചിലിയിലെ വിദൂര എല്‍ക്വി വാലിയില്‍ നിന്നുള്ള ആകാശക്കാഴ്ച്ച, അര്‍ജന്റീനിയന്‍ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ അടുത്തറിയല്‍, നഹുവല്‍ ഹുവാപ്പി തടാകത്തിലൂടെയുള്ള യാത്ര തുടങ്ങിയവയെല്ലാം ഈ ടൂറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

Read More : നാളെയ്ക്ക് വേണ്ടി വെള്ളായണിയെ പകര്‍ത്തി ഫോട്ടോവാക്ക്-ചിത്രങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍