UPDATES

യാത്ര

ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് സ്ഥലങ്ങള്‍

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നമ്മളുടേതായ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും യാത്ര ചെയ്യാന്‍ സാധിക്കും. അങ്ങനെ യാത്ര പോകാന്‍ പറ്റിയ കുറേ സ്ഥലങ്ങളെ കുറിച്ചാണ് പറയുന്നത്.

ഒറ്റയ്ക്കുള്ള യാത്രകള്‍ (solo trip) നടത്തുന്നവരുടെ എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ട്. സാഹസിക യാത്രകളോടുള്ള ഭ്രമം, നമ്മള്‍ നമ്മളെ തന്നെ കണ്ടെത്താനുള്ള ശ്രമം ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഒരാള്‍ ഒറ്റയ്ക്ക് യാത്ര പോകുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നമ്മളുടേതായ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും പോകാന്‍ സാധിക്കും. അങ്ങനെ യാത്ര പോകാന്‍ പറ്റിയ ചില സ്ഥലങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ലഡാക്ക് – ത്രില്ലടിപ്പിക്കുന്ന മലയടിവാരത്തിലൂടെയുള്ള യാത്ര, തണുത്ത അന്തരീക്ഷം, ചുറ്റിനും മനോഹരമായ കാഴ്ചകള്‍. ഇന്ത്യയിലെ മറ്റൊരു സ്ഥലവും ഇത്ര മനോഹരമായിരിക്കില്ല. മഞ്ഞുമൂടിക്കിടക്കുന്ന ഗോമ്പസാണ് യാത്രക്കാരെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ച.

യാത്രാ സൗകര്യം: യാത്രകള്‍ എളുപ്പമാക്കാന്‍ ലഡാക്കിലെ ലോക്കല്‍ ബസ്, ടാക്സി, വാടകയ്ക്ക് ലഭിക്കുന്ന മോട്ടോര്‍സൈക്കിള്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. താഴ്‌വരയില്‍ എല്ലായിടത്തും സ്ഥലത്തിന്റെ വിവരങ്ങള്‍ പതിച്ച ഷെയര്‍ ടാക്സികള്‍ കാണും. ഈ ടാക്സി സൗകര്യവും പ്രയോജനപ്പെടുത്താവുന്നതാണ്.

സുരക്ഷ: ലഡാക്കിലെ പല സ്ഥലങ്ങളും 3000 മീറ്റര്‍ ഉയരത്തിലാണ്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് അക്യൂറ്റ് മൗണ്ടന്‍ സിക്ക്നസ് എന്ന രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രയാസകരമായ യാത്രകള്‍ ആദ്യ 24 മണിക്കൂര്‍ ഒഴിവാക്കുക. ധാരാളം വെള്ളവും കുടിക്കുക.

മുംബയ് – തിരക്കേറിയ റെസ്റ്ററന്റുകള്‍, വ്യത്യസ്ത വിഭവങ്ങളോട് കൂടിയ ഇറാനി കഫേകള്‍, മാര്‍ക്കറ്റുകള്‍, ബോട്ടിക്കുകള്‍, തിരക്കേറിയ ട്രാഫിക്കുകള്‍, ലോക്കല്‍ ട്രെയിനുകള്‍. മുംബൈയെ പറ്റി അറിയണമെങ്കില്‍ അവിടുത്തെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കണം. രുചിയേറിയ ഭക്ഷണവും, ഷോപ്പിംഗുകളുമൊക്കെ നിങ്ങള്‍ക്ക് ഇവിടെ ഒരു വ്യത്യസ്ത അനുഭവമായിരിക്കും. ഒറ്റയ്ക്ക് യാത്രയ്ക്കിറങ്ങുന്ന സഞ്ചാരികള്‍ ഇവിടുത്തെ കടല്‍ വിഭവങ്ങള്‍ പരീക്ഷിക്കണം. കൂടുതല്‍ ആഘോഷങ്ങള്‍ക്കായി നേരെ ചൗപ്പെട്ടി ബീച്ചിലേക്ക് വിടാവുന്നതാണ്.

യാത്രാ സൗകര്യം: ലോക്കല്‍ ട്രെയിനുകള്‍, ടാക്സികള്‍ എന്നിവ യാത്രസൗകര്യത്തിനായി പ്രയോജനപ്പെടുത്താം.

സുരക്ഷ: മുംബൈയിലെ പ്രാദേശിക യാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ കൈയിലെ വിലപ്പെട്ട വസ്തുക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. വലിയ തിരക്കുള്ള ട്രെയിനുകളിലും മാര്‍ക്കറ്റുകളിലും കഴിയുന്നതും പോകാതിരിക്കുക.

പുതുച്ചേരി (പോണ്ടിച്ചേരി) – ഉരുളന്‍ കല്ലുകള്‍ വിരിച്ച തെരുവോരങ്ങളും, കടുക്-മഞ്ഞ നിറത്തിലും മറ്റുമുള്ള ഫ്രഞ്ച് നിര്‍മ്മിത കെട്ടിടങ്ങളും, കടലിന് അഭിമുഖമായ റെസ്റ്ററന്റുകളുമൊക്കെയാണ് ആകര്‍ഷിക്കുന്നത്. ഒറ്റയ്ക്കുള്ള യാത്രകളില്‍ പോണ്ടിച്ചേരിയില്‍ നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാം. ഒരു സൈക്കിള്‍ എടുത്താല്‍ സൗന്ദര്യവും, സ്വാദിഷ്ടമായ ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കുകയും, ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളില്‍ പോവുകയും ചെയ്യാം.

യാത്രാ സൗകര്യം: നഗരത്തിലൂടെ നടക്കുകയാണ് ഏറ്റവും നല്ലത്. നടക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് സൈക്കിളില്‍ പോകാം, അതുമല്ലെങ്കില്‍ ബൈക്കിലോ ഗിയറില്ലാത്ത സ്‌കൂട്ടറിലോ പോണ്ടിച്ചേരിയിലൂടെ കറങ്ങാം. എംജി റോഡിലോ, മിഷന്‍ സ്ട്രീറ്റിലോ ഒക്കെ ധാരാളമായി ഇവ വാടകയ്ക്ക് ലഭിക്കും.

സുരക്ഷ: പോണ്ടിച്ചേരി പൊതുവെ സുരക്ഷിതമായ നഗരമാണ്.

ഉദയ്പൂര്‍ – ചരിത്ര അവശേഷിപ്പുകള്‍, പഴയ കൊട്ടാരങ്ങള്‍, മ്യൂസിയം, ക്ഷേത്രങ്ങള്‍, ഹവേലി, തെവുവോരങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ രാജസ്ഥാന്‍ നഗരം. കായലില്‍ ബോട്ട്  യാത്ര നടത്താം.

യാത്രാ സൗകര്യം: പിച്ചോല കായലിനരികിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരകേന്ദ്രങ്ങള്‍ ഉള്ളത്. ഇത് നടന്ന് തന്നെ കാണുന്നതാണ് നല്ലത്. മറ്റ് നഗരങ്ങളിലേക്ക് പോകാന്‍ ടാക്സിയോ ഓട്ടോയോ ഉപയോഗിക്കാവുന്നതാണ്.

സുരക്ഷ: വളരെ സുരക്ഷിതമായ നഗരമായാണ് ഉദയ്പൂരിനെ കണക്കാക്കുന്നത്. എങ്കിലും രാത്രികാലങ്ങളില്‍ വെളിച്ചമില്ലാതെ വഴികളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുക. പൊതുയാത്രാ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ നിങ്ങളുടെ വിലപ്പെട്ട സാധനങ്ങളും സൂക്ഷിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍