UPDATES

യാത്ര

എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ താത്കാലിക സ്‌പെഷ്യല്‍ഫെയര്‍ തീവണ്ടി

2019 ഒക്ടോബര്‍ 7 മുതല്‍ 2019 ഒക്ടോബര്‍ 29 വരെ എല്ലാ ചൊവ്വാഴ്ചയും, രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി (വണ്ടി നമ്പര്‍ -06033) ബുധനാഴ്ച രാവിലെ 11 ന് രാമേശ്വരത്ത് എത്തും

2019 ഒക്ടോബര്‍ 7 മുതല്‍ 2019 ഒക്ടോബര്‍ 29 വരെ എല്ലാ ചൊവ്വാഴ്ചയും, രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി (വണ്ടി നമ്പര്‍ -06033) ബുധനാഴ്ച രാവിലെ 11 ന് രാമേശ്വരത്ത് എത്തും.പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്ര അനുഭവിച്ചറിയാന്‍ പറ്റിയ അവസരമാണിത്. രാവിലെ 10:20 ന് ആണ് ഈ ട്രെയിന്‍ പാമ്പന്‍ പാലത്തില്‍ കയറുന്നത്. ബുധനാഴ്ചകളില്‍ രാത്രി 8:55 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 10:45 ന് എറണാകുളത്ത് ഈ വണ്ടി (വണ്ടി നമ്പര്‍ -06034) തിരിച്ചെത്തും. റിസര്‍വേഷന്‍ സെപ്റ്റംബര്‍ 22 ന് തുടങ്ങും. 7 സ്ലീപ്പര്‍ കോച്ചുകളും, 3 AC ത്രീ ടയര്‍ കോച്ചുകളും കൂടാതെ രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളും ഈ വണ്ടിയിലുണ്ട്.

രാമേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്ന് പോകാനാവുന്ന ദൂരത്തിലാണ് രാമേശ്വരം അമ്പലം.രാമേശ്വരം രാമനാഥപുരം ബസില്‍ കയറിയാല്‍ പാമ്പന്‍ പാലത്തിലും, അബ്ദുള്‍ കലാം മെമ്മോറിയലിലും ഇറങ്ങി അവിടുത്തെ കാഴ്ച്ചകള്‍ കാണാം.ചെറുതും വലുതുമായ ഒരു പാട് അമ്പലങ്ങള്‍ രാമേശ്വരത്തിലുണ്ട്. 300 രൂപക്ക് ഓട്ടോക്കാരുമായി ധാരണ ഉണ്ടാക്കിയാല്‍ രാമേശ്വരം ടൗണിലെ അമ്പലങ്ങളിലും, മുന്‍ പ്രസിഡണ്ട് അബ്ദുള്‍ കലാമിന്റെ വീട്ടിലും കൊണ്ട് പോകും. രാമസേതുനിര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍, ചെറിയ പൂളുകള്‍ കെട്ടി, ദൈവ വിഗ്രഹം വെച്ച്, രാമായണ കഥാപാത്രങ്ങളുടെ പേരില്‍ ഫ്‌ലക്‌സ് അടിച്ച് വെച്ച് പ്രദര്‍ശിപ്പിക്കുന്ന താത്കാലിക / ചെറുകിട അമ്പലങ്ങളും ഇവിടെ ധാരാളമുണ്ട്.

ലോകത്തേറ്റവും നീളം കൂടിയ അമ്പല ഇടനാഴി രാമേശ്വരം അമ്പലത്തിന്റേയാണ്. രാമേശ്വരത്ത് ആകെ 36 തീര്‍ത്ഥക്കുളങ്ങള്‍ / കിണറുകള്‍ ഉണ്ട്. സ്‌കന്ദപുരാണത്തില്‍ പ്രതിപാദിച്ചിട്ടുള്ള 24 തീര്‍ത്ഥങ്ങളില്‍ 22 എണ്ണവും ഈ അമ്പലത്തിനുള്ളിലാണ്. ഈ 22 എണ്ണത്തിലും കുളിക്കുന്നതിലൂടെ സര്‍വപാപമുക്തി നേടുമെന്നാണ് വിശ്വാസം. അമ്പലകൗണ്ടറില്‍ നിന്ന് 25 രൂപ ടിക്കറ്റെടുത്താല്‍ എല്ലാ തീര്‍ത്ഥങ്ങളിലും കുളിക്കാം. പൂജാരി / സഹായികളായി നില്‍ക്കുന്നവര്‍ക്ക് 100 രൂപ കൊടുത്താല്‍, അവര്‍ കൂടെ കൊണ്ടുപോയി എല്ലാ തീര്‍ത്ഥങ്ങളിലേയും വെള്ളം കോരി ഒഴിച്ചു തരും. തീര്‍ത്ഥങ്ങളിലെ കുളിക്ക് മുന്നേ, ഫോണും, പൈസ ഉള്‍പ്പെടെയുള്ള പേപ്പറുകളും, പ്ലാസ്റ്റിക് കവറിലാക്കി കൂടെ കരുതുകയോ, വഴിപാട് കൗണ്ടറിനടുത്തുള്ള ക്ലോക്ക് റൂമില്‍ സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. അമ്പലത്തില്‍ കയറുന്നതിന് മുമ്പ് സമുദ്ര സ്‌നാനം ചെയ്യണമെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് അമ്പലത്തിന്റെ തൊട്ടടുത്തുള്ള (250 മീറ്റര്‍) കടലിന്റെ കടവില്‍ കുളിക്കാവുന്നതാണ്.

രാമേശ്വരം പോയാല്‍ മറക്കാതെ കാണേണ്ട സ്ഥലമാണ് ധനുഷ്‌കോടി. രാമേശ്വരത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രേതനഗരമാണിത്. 1964 വരെ ഇന്ത്യയിലെ ഏതൊരു ചെറിയ പട്ടണത്തേയും പോലെ, ബസ് സ്റ്റാന്റും, റെയില്‍വേ സ്റ്റേഷനും, സ്‌കൂളും പള്ളിയും, അമ്പലങ്ങളും ഒക്കെ ഉള്ള ഒരു സാധാരണ ടൗണ്‍ ആയിരുന്നു ധനുഷ്‌കോടി. 36 കിലോമീറ്റര്‍ മാത്രം അകലെ ആയിരുന്ന ശ്രീലങ്കയിലേക്ക് ബോട്ട് സര്‍വീസും ഇവിടെ നിന്നുണ്ടായിരുന്നു.

1964ല്‍ വീശിയടിച്ച മിനുറ്റുകള്‍ മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റ് ഈ നഗരത്തെയും, അവിടെ ജീവിച്ചിരുന്ന 1800 ഓളം ജനങ്ങളേയും കടലിനടിയിലേക്ക് കൊണ്ടുപോയി. ഇന്ത്യയില്‍ അന്നുവരെ ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും വലിയ കടല്‍ പാലമായ പാമ്പന്‍ പാലത്തെയും തകര്‍ത്ത കാറ്റ്, അപ്പോള്‍ പാലത്തിലൂടെ കടന്നു പോയിരുന്ന തീവണ്ടിയെയും, അതിലെ 180 പേരെയും കൂടി കൊണ്ടുപോയി. പിന്നീട് 45 ദിവസം കൊണ്ട് പാലം പുനര്‍നിര്‍മ്മിച്ച് തന്റെ ഇന്‍ട്രൊഡക്ഷന്‍ ഇ.ശ്രീധരന്‍ ഗംഭീരമാക്കിയത് ചരിത്രം. തമിഴ്‌നാട് ഗവണ്‍മെന്റ് ധനുഷ്‌കോടിയെ ജീവിക്കാന്‍സാധ്യമല്ലാത്ത (Unfit to live) പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നു രണ്ട് കൊല്ലം മുന്നേവരെ ഓഫ് റോഡ് വണ്ടികള്‍ക്ക് മാത്രമേ ധനുഷ് കോടിയിലേക്ക് പോകാന്‍ പറ്റിയിരുന്നുള്ളൂ. ഇപ്പോള്‍ തമിഴ്‌നാട് ഗവണ്‍മെന്റ് ധനുഷ്‌കോടിക്കപ്പുറം അരിചല്‍മുനെ വരെയുള്ള റോഡ് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട് വശത്തും ആര്‍ത്തിരമ്പുന്ന കടലിന്റെ നടുവിലൂടെ, റണ്‍വേ പോലെ നീണ്ടു നില്‍ക്കുന്ന ഓള്‍വെതര്‍ റോഡിലൂടെയുള്ള യാത്ര നിങ്ങളെ ആവേശഭരിതരാക്കും.

രാമേശ്വരം ബസ് സ്റ്റാന്റില്‍ നിന്ന് മൂന്നാം നമ്പര്‍ ബസ് പിടിച്ചാല്‍ ധനുഷ്‌കോടി വഴി അരിചല്‍മുനൈ വരെ പോകാം. ധനുഷ്‌കോടി പഴയനഗരം സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പഴയ പള്ളിയുടേയും, റെയില്‍വേ സ്റ്റേഷന്റെയും സ്‌കൂളുകളുടെയും ശേഷിച്ച ഭാഗങ്ങള്‍ കാണാം. പള്ളിയിലെ അവശേഷിച്ച ആള്‍ത്താരയില്‍ ഇപ്പോഴും വിശ്വാസികള്‍ വീശിയടിക്കുന്ന കാറ്റിലും മെഴുകുതിരി കത്തിച്ച് വെക്കാറുണ്ട്. പള്ളിക്ക് ചുറ്റും കടല്‍ കരകൗശല വസ്തുക്കളുടെ ചെറിയ താത്ക്കാലിക കടകള്‍ കാണാം. ഇവിടുത്തെ കടലിന് വല്ലാത്തൊരു ശാന്തതയാണ്. തീരത്തു നിന്ന് തിരയടിക്കുന്ന 10-20 മീറ്റര്‍ ദൂരത്തിനപ്പുറം പുറം കടലെന്ന പോലെ അലയില്ലാതെ അനങ്ങാതെ നില്‍ക്കും കടല്‍. വേലിയറക്കത്തില്‍ ചിലപ്പോഴൊക്കെ പഴയ നഗരത്തിലെ കടലെടുത്തു പോയ ഗണപതി അമ്പലത്തിന്റെ മകുടവും കാണാനാകും.

കടലിന്റെ ശാന്തത പുറമേ മാത്രമാണ്. നല്ല ആഴവും അടിയൊഴുക്കും ഉള്ള ഇവിടെ കുളിക്കുന്നത് അപകടകരമാണ്. കുളിക്കാനിറങ്ങിയ ഒരു പാട് പേരെ കൊണ്ടുപോയ കടലാണിവിടെയും അരിചല്‍മുനൈയിലും.

പഴയ പള്ളിയിലെ ആള്‍ത്താരയില്‍ ഇരുന്ന് കണ്ണടച്ചാല്‍ കടലെടുത്തു പോയവരുടെ പ്രാര്‍ത്ഥനകളും അലമുറകളും കേള്‍ക്കാമെന്നാണ് വിശ്വാസം. കാഴ്ചകള്‍ കണ്ട് കഴിഞ്ഞ്, ഫ്രെഷ് കടല്‍മീനും കൂട്ടി ഊണ് കഴിച്ച്, അടുത്ത ബസില്‍ കയറി അരിചല്‍ മുനെയില്‍ ഇറങ്ങാം. റോഡിവിടെ തീരുന്നു. ഇതു വരെയും, റോഡിന്റെ രണ്ട് വശത്തു നിന്നും പിന്‍തുടര്‍ന്നുകൊണ്ടിരുന്ന കടല്‍ ഇവിടെ വച്ച് 3 വശത്ത് നിന്നും നമ്മളെ പൊതിയാന്‍ തുടങ്ങും. ചുറ്റും അനാദിയായ കടല്‍ മാത്രമാണിവിടെ. അവിടൊരു രാമക്ഷേത്രവും, ദേശീയ ചിഹ്നമായ അശോകസ്തംഭവും ഉണ്ട്. സീതയെ ലങ്കയില്‍ നിന്ന് വീണ്ടെടുക്കാന്‍, വാനരന്‍മാരുടെ സഹായത്തോടെ ശ്രീരാമന്‍ നിര്‍മ്മിച്ച ഇന്ത്യ – ലങ്ക പാലമായ രാമസേതു ഇവിടെ നിന്ന് തുടങ്ങുന്നു എന്നാണ് വിശ്വാസം. ആഴം കുറഞ്ഞ, പാറക്കെട്ടുകള്‍ നിറഞ്ഞ കടലിന്റെ ശ്രീലങ്ക വരെ നീളുന്ന ഭാഗം, ഈ വിശ്വാസത്തിന് ബലം പകരുന്നു. നീലപ്പച്ച നിറത്തിലെ തെളിഞ്ഞ കടലില്‍ കാല്‍ നനച്ച്, ഇന്ത്യയുടെ അവസാന മുനമ്പിലെ കുളിര്‍കാറ്റേറ്റ് മതിയായെങ്കില്‍, അടുത്ത മൂന്നാം നമ്പര്‍ ബസ് കയറി തിരിച്ച് രാമേശ്വരത്തെത്താം.

ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാനാവുന്ന കാഴ്ചകളേ രാമേശ്വരത്തുള്ളൂ. തിരിച്ചു വരുന്ന വഴി പഴനിയില്‍ ഇറങ്ങി, പഴനിമല കയറി, ദര്‍ശനവും കഴിഞ്ഞ് തിരിച്ചിറങ്ങി, വൈകുന്നേരം 6 മണിക്കുള്ള അമൃത എക്‌സ്പ്രസില്‍ (വണ്ടി നമ്പര്‍- 16344- എല്ലാ ദിവസവും ഓടുന്നു) കയറിയാല്‍ രാത്രി 1:45 ന് എറണാകുളത്തെത്താം.

എറണാകുളത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെട്ട്, വെള്ളിയാഴ്ച രാവിലെ 01:45 തിരിച്ചെത്തുന്ന ഈ കോമ്പിനേഷന്‍, ഫലത്തില്‍ രണ്ട് ദിവസത്തെ അവധി കൊണ്ട്, രാമേശ്വരവും ധനുഷ്‌കോടിയും പഴനിയും കാണാനും അറിയാനും ഉള്ള അവസരം ഒരുക്കുകയാണ്
പോകുന്ന വഴിയും സ്റ്റോപ്പുകളും സമയവും
എറണാകുളം – 11 PM ( ചൊവ്വ മാത്രം)
ആലുവ – 11;25 PM
തൃശൂര്‍ – 12:27 AM
പാലക്കാട് ജംഗ്ഷന്‍ – O2:20 AM
പാലക്കാട് ടൗണ്‍ – 02:55 AM
പൊള്ളാച്ചി – O4:15 AM
ഉദുമലൈപേട്ട – 04:55 AM
പഴനി – 05:47 AM
ഒട്ടന്‍ ചത്രം – 06:10 AM
ഡിണ്ടിക്കല്‍ – 07:00 AM
മദുരൈ – 08:10 AM
മനമദുരൈ – 08:45 AM
പരമക്കുടി – 09;05 AM
രാമനാഥപുരം – 09;35 AM
മണ്ഡപം – 10:00 AM
പാമ്പന്‍ പാലം – 10:20 AM (സ്റ്റോപ്പില്ല)
രാമേശ്വരം – ബുധന്‍ 11:00 AM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍