UPDATES

യാത്ര

സ്പിറ്റിയിലെ മഞ്ഞ് ഗ്രാമങ്ങളിലൂടെ…

മുനിഞ്ഞ കത്തുന്ന മെഴുകുതിരി നാളത്തില്‍ ആ ചിത്രങ്ങള്‍ക്ക് അഭൗമമായ ഒരു സൗന്ദര്യം കൈവരുന്നതുപോലെയാണ് അനുഭവപ്പെടുന്നത്

ഗിരിജ കെ പി

ഗിരിജ കെ പി

സ്പിറ്റിയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ ആകെ കൈമുതലായുണ്ടായിരുന്നത് ഒന്നുരണ്ടു തവണ ഹിമാലയത്തിന്റെ മറ്റൊരു വശമായ ഗംഗോത്രി, ബദരീനാഥ്, കേദാര്‍നാഥ് ഭാഗങ്ങളില്‍ പോയി മറന്ന അനുഭവവും കാഴ്ചകളും മാത്രമായിരുന്നു. ഓരോ ഭൂപ്രദേശങ്ങളും ഓരോ മാതിരി അനുഭവങ്ങളാണ്, കാഴ്ചകളാണ്, ആലോചനകളാണ് പ്രധാനം ചെയ്യുക എന്ന എളിമ യാത്രയുടെ ഭാഗമായി തല്‍കാലം കൂടെവന്നു. നാട്ടിലെത്തിയാല്‍ മറന്നു കളയണം.

ഹിമാലയത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗങ്ങളിലായാണ് സ്പിറ്റി താഴ്‌വര കിടക്കുന്നത്. മലകളാല്‍ ചുറ്റപ്പെട്ട, മഴ കുറഞ്ഞ അഥവാ മഴനിഴല്‍ പ്രദേശമായ ഈ താഴ്‌വര ഹിമാചല്‍ പ്രദേശത്തായി വരും. 1846-നു മുന്‍പ് ലഡാക്കിന്റെ ഭാഗമായിരുന്നു സ്പിറ്റി. ലാഹോള്‍ ഭരിച്ചതു കുളുവിലെ രാജാവും. നേരത്തേ രണ്ടു ജില്ലകളായിരുന്ന ലഹോള്‍, സ്പിറ്റി എന്നിവ 1942 മുതല്‍ കെയ്‌ലാഗ് (Kyelang) തലസ്ഥാനമായ ഒറ്റ ജില്ലയാണ്. എന്നാല്‍ ഒറ്റയടിക്ക് രണ്ടു സ്ഥലങ്ങളും കാണണമെങ്കില്‍ കുറച്ചേറെ ദിവസങ്ങള്‍ ആവശ്യമാണ്. മലനിരകള്‍കിടയിലൂടെയുള്ള യാത്ര, സമതലങ്ങളില്‍ യാത്ര ചെയ്യുന്നതുപോലെ എളുപ്പമാവില്ല. രാത്രി യാത്ര ചെയ്യാനും ഡ്രൈവര്‍മാര്‍ തയ്യാര്‍ ആവില്ല. ഏതു സമയവും മലയിടിച്ചില്‍ (മണ്ണിടിച്ചില്‍) ഉണ്ടായി വഴി മുടങ്ങാം. അതുകൊണ്ട് സ്പിറ്റിയുടെ മാത്രം സ്പന്ദനം അറിയാനായിരുന്നു യാത്ര. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍/ഒക്ടോബര്‍ വരെയാണ് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന കാലം. ബാക്കി സമയം മഞ്ഞു മൂടിയും മലയിടിഞ്ഞും യാത്ര ദുരിതമാണ്.

ഇന്ത്യന്‍ ടിബറ്റ് എന്നൊരു പേര് കൂടിയുണ്ട് സ്പിറ്റി താഴ്‌വരയ്ക്ക്. ഏ.ഡി. എട്ടാം നൂറ്റാണ്ട് മുതല്‍ക്കു ബുദ്ധിസത്തിന് സ്വാധീനമുള്ള പ്രദേശമാണ് സ്പിറ്റിയും ലഹോളും. നിരവധി ബൗദ്ധ ആശ്രമങ്ങള്‍ പല ഗ്രാമങ്ങളിലായി കാണാം. താപോ, കീ, കിബ്ബര്‍, ദങ്കര്‍, കാസ എന്നീ ഗ്രാമങ്ങളില്‍ മനോഹരമായ ബൗദ്ധമഠങ്ങള്‍ കാണാം. ഗോമ്പ എന്നാണ് ബൗദ്ധമഠങ്ങള്‍ക്ക് പറയുക. വഴി ദുര്‍ഘടം. ഒരു ഭാഗത്ത് കൂറ്റന്‍ പര്‍വതങ്ങള്‍, മറുഭാഗത്ത് കൊല്ലി, അഥവാ താഴ്‌വര. ഇടയില്‍ ഇത്തിരി വീതിയില്‍ മാത്രം കിടക്കുന്ന റോഡ്, അല്ലേല്‍ വേണമെങ്കില്‍ റോഡ് എന്ന് വിളിക്കാവുന്ന പാത. മലയിടിഞ്ഞും പാറ തള്ളി നിന്നും ഉള്ളു കാളിക്കുന്ന ഇടുങ്ങിയ വഴികള്‍. അപൂര്‍വമായുള്ള ബസ്സുകള്‍ ദൂരെ താഴെ തീപ്പെട്ടിക്കൂട് പോലെ വളഞ്ഞു പുളഞ്ഞു ഇഴഞ്ഞു പോകുന്നത് കാണാം.

ആറുപേരുള്ള ഞങ്ങടെ യാത്രാസംഘം ഇന്ത്യയുടെ ഒരു ചെറു പതിപ്പാണ്. ഛത്തീസ്ഗഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കേരളം നാടുകളെ പ്രതിനിധാനം ചെയ്യുന്ന ആറുപേരും പഞ്ചാബി-ഹിമാചല്‍ ഡ്രൈവര്‍മാരും. പൊതുവിജ്ഞാനവും യാത്രാബോധവും വേണ്ടത്ര കൈമുതലായുള്ള പഞ്ചാബി ഡ്രൈവര്‍ അനൂപ്‌ സിംഗിന്റെ ടിപ്പുകള്‍, പുസ്തകജ്ഞാനവും, ഗൂഗിള്‍ വിവരങ്ങളും ‘വേണ്ടുവോളമുള്ള’ യാത്രികരില്‍ ചിലര്‍ക്ക് ഇഷ്ടമായില്ല. കുറേനേരം അനൂപ് നിശബ്ദനായത് കണ്ടു പതുക്കെ പതുക്കെയാണ് വീണ്ടും അദ്ദേഹത്തെ മറ്റൊരു യാത്രക്കാരനാക്കി മാറ്റാനായത്. ഞങ്ങള്‍ക്കു മാത്രമല്ല അവര്‍ രണ്ടുപേര്‍ക്കും ആദ്യ യാത്രയായിരുന്നു സ്പിറ്റിയിലെക്കുള്ളത്. അതിനാലവരും സെല്‍ഫിയെടുത്തും അല്ലാതെയും ആ യാത്ര ആസ്വദിക്കുന്നുണ്ടായിരുന്നു.

(റാംപൂര്‍ -സ്പിറ്റി റോഡ്)

കുഫ്രി, ഫാഗു, നാര്‍കണ്ട എന്നിവിടങ്ങള്‍ പിന്നിട്ടു രാംപൂര്‍ എത്തിയാല്‍, മലതുരന്ന ആദ്യത്തെ വഴി കാണുകയായി. പിന്നീടങ്ങോട്ട് ഇടുങ്ങിയതും, മലകള്‍ കുനിഞ്ഞു വന്നു ആലിംഗനം ചെയ്യുന്നതുമായ റോഡുകളാണ്. ആ വഴികളെ ‘റോഡുകള്‍’ എന്ന് വിശേഷിപ്പിക്കാം എന്നേയുള്ളൂ, അത്രക്ക് ദയനീയമാണ് ആ വഴിത്താരകള്‍. അതുകൊണ്ടാവണം, രാംപൂരില്‍ മലവന്നു റോഡ് തൊടുന്ന ദിക്കിലുള്ള ത്രാണ്ടദേവിയെ തൊഴുതാണ് ഡ്രൈവര്‍മാര്‍ യാത്ര തുടരുക. ദേവി യാത്രയെ, യാത്രികരെ കാത്തുകൊള്ളൂമെന്ന് അവരുടെ ഒരു വിശ്വാസമാണ്. ഹിമാലയത്തില്‍ എവിടെയും റോഡുപണി നടക്കുന്നത് കാണാതെ യാത്ര ചെയ്യാനാവില്ല. ചിലപ്പോള്‍ ഒലിച്ചുപോയ അല്ലെങ്കില്‍ മലയിടിച്ചിലില്‍ മൂടിപോയ റോഡിനു പകരം മറ്റൊന്ന് നിര്‍മിക്കുന്നത് കാണാം.

സറാഹന്‍, സാന്ഗ്ല, ചിത്കുല്‍ പിന്നിട്ടു റെക്കോംഗ് പിയോവില്‍ എത്തുമ്പോഴേക്കും സന്ധ്യയാവും. നീണ്ട യാത്രയാകയാല്‍, ആദ്യദിവസം റെക്കോംഗ് പിയോവില്‍ എത്തിയ ആ സന്ധ്യയില്‍ തന്നെ യാത്ര അവസാനിപ്പിച്ചു. 8750 അടി ഉയരമുള്ള പിയോവില്‍ എവിടെനിന്നും നോക്കിയാലും കിന്നര്‍കൈലാസ് എന്ന് വിളിക്കപ്പെടുന്ന കിന്നോര്‍മലയാകെ മഞ്ഞുമൂടി കിടക്കുന്ന സുന്ദരമായ കാഴ്ച കാണാം. ഏതാണ്ട് വര്‍ഷം മുഴുവന്‍ 19,800 അടി ഉയരമുള്ള ഈ മലനിരകള്‍ മഞ്ഞുപുടവച്ചുറ്റിതന്നെ കിടക്കും. വെയിലും മേഘവും മഞ്ഞും ചേര്‍ന്ന് അഭൗമമായ ഒരു കളിയുണ്ട് പ്രകൃതിയുടെ.. വെള്ളിയുരുക്കിയൊഴിച്ച മലകളുടെ ഭാവം അനുനിമിഷം മാറിക്കൊണ്ടിരിക്കും, മനുഷ്യരുടെ മനസ്സ് പോലെ! കൈലാസനാഥന്‍ പാര്‍വതീ സമേതനായി തപസ്സിരുന്ന സ്ഥലമാണ് വിശ്വാസികള്‍ക്ക് കിന്നോര്‍മല.


പിയോവില്‍ നിന്നും കല്പ, പൂ ഗ്രാമങ്ങള്‍ താണ്ടി നാക്കോവില്‍ എത്താം. നാക്കോവില്‍ പ്രകൃതി കാറ്റ് വിതച്ചു കാറ്റ് കൊയ്യുന്നു. പൊടിയിളക്കി പറത്തികൊണ്ട് കാറ്റ് കണ്ണിനെ വന്നു മൂടും. ചക്രവാളം നീലയും പച്ചയും കളിക്കും. 11800 അടി ഉയരത്തിലാണ് നാക്കോ. കടുപ്പത്തിലൊരു ഇഞ്ചിചായ കുടിച്ചു നാക്കോ തടാകം കാണാന്‍ പോകാം. നവംബര്‍-ഡിസംബര്‍ മാസങ്ങളായാല്‍ തടാകത്തില്‍ മഞ്ഞുറയും. നാക്കോ തടാകത്തെ കുറിച്ചു വലിയ പ്രതീക്ഷ വെച്ചു പോയാല്‍ കെണിയും. അതൊരു കുഞ്ഞി-സാദാ തടാകമാണ്. പിന്നെയും യാത്ര തുടര്‍ന്ന് താപോ-വില്‍ എത്താം.

താപോ

കാസയില്‍ നിന്നും ഏതാണ്ട് അമ്പതു കിലോമീറ്റര്‍ പോയാല്‍ താപോയിലെത്തും. AD 996-ല്‍ നിര്‍മ്മിച്ചതെന്നു പറയപ്പെടുന്ന, മണ്ണ് കൊണ്ടുണ്ടാക്കിയ താപോവിലെ ബൗദ്ധവിഹാരം മനോഹരമായ കാഴ്ച്ചയാണ്. തിബറ്റിലെ തോലിംഗ്ഗോമ്പ കഴിഞ്ഞാല്‍ അടുത്ത പ്രശസ്തി താപോയ്ക്കാണ്. ചുറ്റും നിരവധി മണ്‍സ്തൂപങ്ങളാല്‍ (ഗുഹാലയങ്ങള്‍) ചുറ്റപ്പെട്ട ഒരു കൊച്ചു മണ്‍കുടില്‍. ഗുഹാലയങ്ങള്‍ക്ക് ചോര്‍ട്ടന്‍ എന്നാണ് ഇംഗ്ലീഷ് പദം. അതിനകത്തെ കാഴ്ചകള്‍ വളരെ ആശ്ചര്യജനകമാണ്. ചുമരുകളിലെല്ലാം മ്യൂറല്‍ പെയിന്റിങ്ങുകള്‍! ചിത്രങ്ങള്‍ കാണണമെങ്കില്‍ മെഴുതിരി വെട്ടം മാത്രമെ ഗതിയുള്ളൂ. മുനിഞ്ഞു കത്തുന്ന ആ മെഴുകുതിരി നാളത്തില്‍ ചിത്രങ്ങള്‍ക്ക് അഭൗമമായ ഒരു സൗന്ദര്യം കൈവരുന്നതുപോലെയാണ് അനുഭവപ്പെടുന്നത്.


ചിത്രങ്ങള്‍ക്ക് കേടുപാട് പറ്റാതിരിക്കാനായി വൈദ്യുതിവിളക്കുകള്‍ ഉപയോഗിക്കുന്നില്ല (നേരിട്ടുള്ള സൂര്യപ്രകാശങ്ങളും, ചില വൈദ്യുത വിളക്കുകളും ചിത്രങ്ങളില്‍ കെമിക്കല്‍ റിയാക്ഷന്‍ നടത്താന്‍ സാധ്യതയുണ്ട്). മനോഹരമായ ചിത്രങ്ങളുടെ ഫോട്ടോ എടുക്കുവാനും അനുവാദമില്ല. ചില പുരാതനമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ അവ മാത്രമായിരിക്കാം. മ്യൂറല്‍ ചിത്രങ്ങളിലെ സമാനത കൊണ്ട്, ‘ഹിമാചലിലെ അജന്ത’ എന്നു തപോവിലെ ഈ ബൌദ്ധമഠത്തെ വിളിക്കാറുണ്ട്. 9 അമ്പലങ്ങളും 23 ഗുഹാലയങ്ങളും ഉള്‍പ്പെട്ട താപോവില്‍ ഭിക്ഷുണികള്‍ക്കും പ്രവേശനമുണ്ട്. അവര്‍ക്കായി ഒരു എക്‌സ്‌ടെന്‍ഷന്‍ താമസ സ്ഥലവുമുണ്ട്.

ലളിതമായ, അത്രയ്ക്ക് ആകര്‍ഷണീയമൊന്നുമല്ലാത്ത മഠത്തിന്റെ മണ്‍ ചുവരുകള്‍ അകത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്ന മനോഹരവും അമൂല്യവുമായ മ്യുറല്‍ ചിത്രങ്ങളെ കുറിച്ചു പുറത്ത് നിന്നു നോക്കിയാല്‍ ഒരു സൂചന പോലും നല്‍കില്ല. ബുദ്ധ ഭിക്ഷുക്കളെ ഏറെയൊന്നും കാണാനായില്ല താപോവില്‍. മന്ത്രങ്ങള്‍ എഴുതിയ കല്ലുകള്‍ അടുക്കി വെച്ചതു പലയിടത്തും കാണാം. അവിടുത്തെ പല ഒറ്റനില കെട്ടിടങ്ങളുടെയും മേലെ അരികുകള്‍ മുഴുവന്‍ വിറകോ, വൈക്കൊലോ വെച്ചു അലങ്കരിച്ച മാതിരി കാണാം. മഞ്ഞു വീണു തകരാതിരിക്കാനും തണുപ്പ് പ്രതിരോധിക്കാതിരിക്കാനുമാണത്രേ ഈ അലങ്കാരം! താപോ വെള്ളത്തിനു നല്ല ക്ഷാമമുള്ള ഇടമാണ്. ഹിമാലയത്തിന്റെ മഴനിഴല്‍ താഴ്‌വര പ്രദേശങ്ങളാണ് ലാഹോളും സ്പിറ്റിയും. താപോവിലെ താമസസ്ഥലത്ത് വെള്ളം റേഷന്‍ ആയാണ് തന്നത്. നിരവധി ഹോം സ്റ്റേകള്‍ ഉണ്ടവിടെ. പലേടത്തും ചുരുങ്ങിയ സൗകര്യങ്ങളെ കാണൂ. എന്നാല്‍ ഭക്ഷണം എല്ലായ്പ്പോഴും നല്ലതായിരിക്കും.

ദങ്കര്‍

അപരിചിതര്‍ക്ക് അപ്രാപ്യമായ പര്‍വതപ്രദേശം എന്നാണ് ദങ്കര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. അവിടെ എത്തുമ്പോള്‍ അത് ശരിയാണെന്നും തോന്നിപ്പോകും. 12,774 അടി ഉയരത്തിലുള്ള ദങ്കര്‍ ഗ്രാമം സ്പിറ്റി നദിയുടെ ഇടതു വശം ചേര്‍ന്നു കിടക്കുന്നു. മറ്റൊരു ബൌദ്ധമഠം കിഴുക്കംതൂക്കായ മലയുടെ തുഞ്ചത്തു കാണാം. ഏതാണ്ടൊരു കോട്ടയാണ് ദങ്കര്‍ എന്ന് പറയാം. മലയില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ ബ്രൗണ്‍ നിറത്തിലും, പച്ച നിറത്തിലും വിരിഞ്ഞു കിടക്കുന്ന പാടങ്ങള്‍ക്കപ്പുറം മഞ്ഞണിഞ്ഞ മലനിരകള്‍ കാവല്‍ നില്‍ക്കുന്നു. ഉരുളക്കിഴങ്ങും പച്ച പട്ടാണിയുമാണ് അക്കാണുന്ന ബ്രൗണ്‍, പച്ച പാടങ്ങള്‍. വയലിന് ചുറ്റുമുള്ള ചെരിവുകളിലെ വീടുകളില്‍ ചിലത് മണ്ണിടിച്ചിലില്‍ ഒരുഭാഗം അമര്‍ന്നു പോയതും കാണാനാകും. അതിനകത്ത് മനുഷ്യരുണ്ടോ ആവോ? അങ്ങോട്ട് എത്തണമെങ്കില്‍ മല കയറിയും ഇറങ്ങിയും ഒരുപാടൊരുപാട് നടക്കണം. വലിയ പുറ്റുപോലുള്ള കൂറ്റന്‍ പാറകള്‍ കാണാം ദങ്കര്‍ ഗ്രാമത്തില്‍.


നട്ടുച്ചയ്ക്കും നനുത്ത തണുപ്പും കടുത്ത കാറ്റുമായിരുന്നു. രാത്രിയാവുമ്പോള്‍ തണുപ്പ് കടുക്കും. ഉരുളകിഴങ്ങും പട്ടാണിയും തിന്നാനെത്തുന്ന കാട്ടുപന്നികളെയും തണുപ്പിനൊപ്പം ഗ്രാമീണര്‍ക്ക് നേരിടണം. വെയിലും തണുപ്പും ചിത്രം വരച്ച പാടങ്ങള്‍ക്കപ്പുറം മലയുടെ തുഞ്ചത്ത് ദങ്കര്‍ ഗോമ്പയുടെ മുഷിഞ്ഞ ചുവരുകള്‍ കാണാം. ആത്മീയതയ്ക്ക് ഏകാന്തതയും ഒറ്റപ്പെടലും കൂടിയേ തീരു.. ആവോ? ഒട്ടെല്ലാ ബൌദ്ധമഠങ്ങളും മലകളുടെ ഉച്ചിയില്‍ ഒറ്റപ്പെട്ടാണ് കാണുക. കാസയിലാണ് നഗരത്തിന്റെ നടുവിലായി ഒരു മോണാസ്റ്ററി കണ്ടത്. ഉരുളക്കിഴങ്ങ്, പട്ടാണി കൃഷിയൊഴിച്ചാല്‍ സസ്യജാലങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളാണ് താപോയും ദങ്കറും. പതിനേഴാം നൂറ്റാണ്ടില്‍ സ്പിറ്റിയുടെ തലസ്ഥാനം ദങ്കര്‍ ആയിരുന്നുവത്രേ. ലോകത്തെ ഉയരം കൂടിയ സ്ഥലത്തുള്ള ഗോമ്പകളില്‍ പെടുന്നു ദങ്കറും കീഗോമ്പയും. ഗെലുക്പ വിഭാഗത്തില്‍ പെട്ട ബൗധസന്യാസിമാരുടെതാണീ മഠം. ഇവിടെയും ഒരു തടാകമുണ്ട്.

കാസ

കാസ 12500 അടി ഉയരമുള്ള ഒരു മുഷിഞ്ഞ, പൊടിപിടിച്ച നഗരം. നിങ്ങള്‍ക്കവിടെ പൊടി തിന്നാതെ നടക്കാനാവില്ല. അവിടെ സ്പിറ്റിയിലെ സവിശേഷമായ യാക്ക് നെയ്യും, യാക്കിന്റെ രോമത്തില്‍ തീര്‍ത്ത ഷാളുകളുമൊക്കെ ലഭിക്കും. കാസയിലെ ഒരു സവിശേഷത, അവിടെ നഗരവാസികള്‍ക്കാവശ്യമായ നിരവധി ഹോട്ടലുകളും ഹോംസ്റ്റേകളും ഉണ്ടെന്നതാണ്. ടെയ്‌സോര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും ലഭ്യം. താമസത്തിനു നേരത്തെ ബുക്ക് ചെയ്യണം. പലതരം രുചികരമായ ഭക്ഷണം അവര്‍ ഉടനുടന്‍ ഉണ്ടാക്കി തരും. ബ്രേക്ക് ഫാസ്റ്റ് റാപ്പ് വിത്ത് യാക്ക് ചീസ് എന്ന പായ്‌കെജില്‍ ബ്രെഡ്, ചീസ് ഇവയ്ക്കു പുറമേ, പരിപ്പ് വേവിച്ചത്, പഴങ്ങള്‍, അല്‍പ്പം പയര്‍ ഇവയൊക്കെ അടങ്ങിയ ഫുള്‍ മീല്‍ ആണ്.

ഹോട്ടലുടമ കിരണ്‍ ഒരു ചെറുപ്പക്കാരനാണ്. നിറയെ നവ ആശയങ്ങള്‍ ഉള്ള അയാള്‍ നിര്‍ദേശങ്ങള്‍ ചോദിച്ചാല്‍ മടുപ്പിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് പറഞ്ഞുതരില്ല. കാണാത്തതും കേള്‍ക്കാത്തതുമായ സ്ഥലങ്ങളാവും പറയുന്നതെങ്കിലും അവിടെ പോകാന്‍ നിരാശപ്പെടേണ്ടിവരില്ല. ഹിമാലയന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഒരു കൂറ്റന്‍ നായയുണ്ടയാള്‍ക്ക്. കണ്ടാല്‍ പേടിയാകും, കടിച്ചു കുടയും എന്ന് തോന്നും. എന്നാല്‍ ആളൊരു പാവത്താനാണ്.

ഈ ഹോട്ടലിന്റെ ഭാഗമായി കാസാ അങ്ങാടിയിലെ ‘Strictly Spiti’ എന്നൊരു ഷോപ്പ് തിരഞ്ഞു പിടിച്ചാല്‍ സ്പിറ്റിയുടെ തനതായ സാധനങ്ങള്‍ ഷോപ്പിംഗ് ചെയ്യാന്‍ സാധിക്കും. കൂടാതെ സീ ബക് തോണ (sea buck thorn) എന്ന മുള്‍മരുന്ന് ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന ജാമും, സ്‌ക്വാഷും, ആപ്പിള്‍ ജാമും ലഭിയ്ക്കും. രസകരമായ പോസ്റ്റ് കാര്‍ഡുകളും വാങ്ങി ചങ്ങാതിമാര്‍ക്ക് അയ്ക്കാനുള്ള അവസരവും ഉണ്ട്.

കിബ്ബര്‍, കീ മോണാസ്റ്ററികളിലേക്ക് പോകാനുള്ള ബെയ്‌സ് ആണ് കാസ. കിബ്ബര്‍ ഗ്രാമം കടല്‍നിരപ്പില്‍ നിന്നും 14,200 അടി ഉയരത്തില്‍ കിടക്കുന്നു. അവിടെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രവുമുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ നീല ആട് എന്നറിയപ്പെടുന്ന ‘ചാരക്കളര്‍’ ആടിനെയോ ചുരുണ്ട കൊമ്പുകള്‍ ഉള്ള ഐബെക്‌സിനെയൊ കാണാം. ഏതാണ്ട് നൂറില്‍ താഴെ വീടുകള്‍ മാത്രമേ കിബ്ബരിലുള്ളൂ. ലഡാക്കിലെക്കുള്ള പരാഗ് ലാ എന്ന പരമ്പരാഗത ട്രേഡ് റൂട്ട് കിബ്ബരിയില്‍ നിന്നാണ് തുടങ്ങുന്നത്.

കീഗോമ്പ

കാസയിലെ ഗോമ്പ പൊടിയന്‍ നഗരത്തിന്റെ നടുവില്‍ തന്നെയാണ്. പന്ത്രണ്ടു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മറ്റൊരു ഉയരം കൂടിയ കീഗോമ്പയില്‍ എത്താം. 13,123 അടി ഉയരമുള്ള കീഗോമ്പ കോണാകൃതിയിലുള്ള തെറിച്ച് നില്‍ക്കുന്ന മലയിലാണ് പണിതിരിക്കുന്നത്. കീഗോമ്പയും മ്യൂറല്‍ പെയിന്റിംഗിനാല്‍ സമൃദ്ധം. ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ തകൃതിയായി മന്ത്രോച്ചാരണം നടക്കുന്നു. വാതിലിനു മുന്നില്‍ അന്തിച്ചു നിന്ന ഞങ്ങളെ ഒരു മുതിര്‍ന്ന ലാമ ഉദാരതയോടെ അകത്തേയ്ക്ക് കടത്തിവിട്ടു. ചെറിയ അകക്കോവിലിലെ ചെറിയ നീണ്ട പീഠങ്ങളില്‍ ചുറ്റോടുചുറ്റും നടുവിലും ഭിക്ഷുക്കള്‍ (നോ ഭിക്ഷുണി) നിരന്നിരിക്കുന്നു.


ഒരു മുതിര്‍ന്ന ഭിക്ഷു കടലാസ് ചുരുള്‍ നോക്കി മന്ത്രം ചൊല്ലുന്നു. പല പ്രായത്തിലുള്ള, ഭാവത്തിലുള്ള ഭിക്ഷുക്കള്‍. കുഞ്ഞുക്കുട്ടി മുതല്‍ എഴുപത് വയസ്സായവര്‍ വരെ. ചെറിയ ബുദ്ധിമാന്ദ്യം ഉള്ളവര്‍ എന്ന് തോന്നിപ്പിക്കുന്ന ലാമകുട്ടികള്‍ വരെയുണ്ടായിരുന്നു. അതൊരു രസകരമായ ചടങ്ങായി തോന്നി. ചില ഭിക്ഷുക്കളുടെ മുന്നില്‍ നിലത്തു കൊക്കകോളയയോ പെപ്‌സിയോ കുപ്പി ഇരിക്കുന്നുണ്ടായിരുന്നു. ഒരു ലാമ എല്ലാ മന്ത്രോച്ചാരണം ചെയ്യുന്നവര്‍ക്കും പുതുപുത്തന്‍ പത്ത് രൂപ നോട്ടു വിതരണം ചെയത് നടന്നു. ചില ഭിക്ഷുക്കള്‍ അടുത്തിരുന്നവറെ കൈമുട്ട് കൊണ്ട് കുത്തി. ചിലര്‍ എതിരെയുള്ളവര്‍ക്ക് നേരെ കൊഞ്ഞനം കുത്തി. എന്നാല്‍ മുറ തെറ്റാതെ മന്ത്രം ചോല്ലുന്നുമുണ്ട്. ചിലര്‍ ഇടവേള എടുത്തു പെപ്‌സിയോ കോളയോ കുടിച്ചു. മന്തോച്ചാരണ ചടങ്ങ് കഴിഞ്ഞപ്പോള്‍ കുഞ്ഞുലാമകള്‍ ആഹാരം കഴിക്കാന്‍ പാഞ്ഞു പോയി.

ലാമകള്‍ക്ക് വിദ്യാഭ്യാസവും ആഹാരവും മാത്രമേ ബൌദ്ധമഠങ്ങളില്‍ നിന്നും ലഭിക്കൂ. ഷൂ, വസ്ത്രം, രോമ കുപ്പായം തുടങ്ങിയ മറ്റാവശ്യങ്ങള്‍ നിവൃത്തിക്കണമെങ്കിലുള്ള പണം വീടുകളില്‍ നിന്നോ, ദാനമായോ ലഭിക്കണം. ഒരു പ്രമുഖനായ മനുഷ്യന്റെ വീട്ടില്‍ നടന്ന മരണത്തെ തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങായിരുന്നു കീഗോമ്പയില്‍ കണ്ടത്. അദ്ദേഹം നല്‍കിയ സംഭാവനയാണ് പത്തുരൂപയായി വിതരണം ചെയ്യപ്പെട്ടത്. ലാമമാരുടെ ഭൗതിക-അസ്തിത്വ പ്രതിസന്ധിക്കുള്ള പണം!

രണ്ടാം ഭാഗം വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സ്പിറ്റിയിലെ അവസാന ഗ്രാമത്തിലേക്ക്…

ഗിരിജ കെ പി

ഗിരിജ കെ പി

ഷിംലയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഫെല്ലോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍