UPDATES

യാത്ര

സ്പിറ്റിയിലെ അവസാന ഗ്രാമത്തിലേക്ക്…

സ്പിറ്റിയിലെ അവസാനത്തെ ഗ്രാമമാണ് മുധ്. പിന്‍ നദിയും മലകളും കഴിഞ്ഞാല്‍ പിന്നെ ചൈന-ടിബറ്റ് ബോര്‍ഡര്‍ ആയി.

ഗിരിജ കെ പി

ഗിരിജ കെ പി

താഷിഗാംഗ്

സ്പിറ്റി വാലിയിലെ ഏറ്റവും ഉയരമുള്ളയിടമാണ് താഷിഗാംഗ്, 15250 അടി. യാത്ര ചെയ്താലും ചെയ്താലും എത്താത്ത ഇടം. ചിലപ്പോള്‍ എന്തിനാണ് ഈ പര്‍വതമിങ്ങിനെ ചുറ്റിച്ചുറ്റി കയറുന്നത് എന്ന് ആലോചിച്ചു പോകും. പുറത്ത് പലതരം കാഴ്ചകള്‍, വളര്‍ത്തുമൃഗങ്ങളുടെ മേച്ചില്‍ സ്ഥലങ്ങള്‍, മൃഗങ്ങളെ ഒന്നും കണ്ടില്ലെങ്കിലും ഗ്രേസിംഗ് ഭൂമി നീണ്ടു വളഞ്ഞു കിടന്നു. മലനിരകള്‍ക്കിടക്ക് ഒരു ചെറു കുളം പൊടുന്നനെ, അതിനരികെയുള്ള ബോര്‍ഡില്‍ ഫിഷറീസ് ഡിപ്പാര്ട്ടുമെന്റിന്റെ മീന്‍ വളര്‍ത്തു കേന്ദ്രം എന്നെഴുതിക്കണ്ടു. എങ്ങനെയാണ് ഇത്രയും ഉയരത്തിലുള്ള കുളത്തില്‍ ഫിഷറീസ് വകുപ്പ് മീന്‍ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക എന്ന് ഞങ്ങള്‍ എല്ലാവരും അത്ഭുതപ്പെട്ടു! മത്സ്യങ്ങള്‍ മഞ്ഞിനെ അതിജീവിക്കുമോ, അതോ മറ്റൊരു പാഴ്ചിലവിനുള്ള വകയോ? പുത്തിറങ്ങുമ്പോള്‍ ഒക്കെയും കടുത്ത കാറ്റു വന്നു പുണര്‍ന്നു. ഗ്രാമത്തില്‍ വഴി ചോദിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. വീടുകള്‍ മൂന്നോ നാലോ, ഇടയിലെവിടെയോ കണ്ട ബ്ലൂ ഷീപ് ഹോംസ്റ്റേ എന്ന ചെറു കൂര അടഞ്ഞു കിടപ്പായിരുന്നു. പോകെ പോകെ ഉയരവും കാറ്റും കൂടി കൂടി വന്നു. ദൂരെ മലകളുടെ തുഞ്ചത്തായി രണ്ടു പഴയ ഗുഹകള്‍ കാണാമായിരുന്നു. അവയിലൊന്നിന്റെ ചുമരുകളില്‍ ചിത്രങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഞങ്ങള്‍ക്കവിടെ എത്താന്‍ കഴിഞ്ഞില്ല. ഒരു രാത്രി ഒരാളുമില്ലാത്ത ഒരു പര്‍വതമുകളില്‍ ഒറ്റപ്പെട്ടുപോകാന്‍ ഞങ്ങളാരും ആഗ്രഹിച്ചില്ല എന്നതാണ് സത്യം!

ഗ്യൂ

കാസാ ജില്ലയില്‍ നിന്നും ഏതാണ്ട് 80 കീ.മീ. സഞ്ചരിച്ചാല്‍ ഗ്യൂ ഗ്രാമത്തില്‍ എത്തും. ഗ്യൂ ഗ്രാമത്തിന്റെ പ്രത്യേകത അവിടെ 549 വര്‍ഷം പഴക്കമുള്ള ഒരു മമ്മി ഉണ്ടെന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 10499 അടി ഉയരമുള്ള ഈ കൊച്ചു ഗ്രാമത്തെ സ്പിറ്റിയ്ക്ക് പുറത്തുള്ള ലോകം അറിയുന്നത് ഈ മമ്മിയിലൂടാണ്. ഗ്രാമത്തിന്റെ ഏതാനും കിലോമീറ്ററുകള്‍പ്പുറത്ത് ഇന്‍ഡോ-ചൈന ബോര്‍ഡര്‍ ആണ്. ഗ്രാമത്തിന്റെ കവാടത്തില്‍ നിന്നും അകത്തേക്ക് കടന്നാല്‍ ‘Welcome Mummy. Road 1 Km’ എന്ന ഒരു ബോര്‍ഡ് നമ്മെ വരവേല്‍ക്കും! മമ്മിയെ വെല്‍കം ചെയ്യുന്നതാണോ മമ്മി നമ്മെ വെല്‍ക്കം ചെയ്യുന്നതാണോ എന്ന സംശയത്തോടെ യാത്ര തുടര്‍ന്നു.

(താഷിഗാംഗ്)

പണിതുവരുന്ന ഒരു ബൗദ്ധ മഠത്തിനരികെ അല്‍പ്പം ഉയരത്തില്‍ ഒരു കണ്ണാടിക്കൂട്ടില്‍ നമ്മുടെ മമ്മി(മുമ്മാന്‍) ഇരിക്കുന്നു. ആളുകള്‍ ആവേശത്തോടെ മമ്മിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നു, ചാഞ്ഞും ചെരിഞ്ഞും. എന്തോ ചെയ്യ് എന്ന മട്ടില്‍ മുമ്മാന്‍ സമാധിരൂപത്തില്‍. കയ്യില്‍ ഒരു ജപമാല പിടിപ്പിച്ചത് പിന്നീടായിരിക്കണം, അത്ര പഴതല്ല. ഉണങ്ങി ചുങ്ങിയ, ഒരു കണ്ണ് കുഴിഞ്ഞടഞ്ഞ ഒരു രൂപം. അത്ഭുതമായത് ഒരുതരം മരുന്നുകളും (അലോപ്പതിയോ ആയുര്‍വേദമോ) ഉപയോഗിക്കാതെയാണ് അതാ രൂപത്തില്‍ കേടുപാട് കൂടാതെ സംരക്ഷിക്കുന്നത് എന്നതാണ്. ചിലപ്പോള്‍ ഹിമാലയത്തിന്റെ മരുന്നുചെടി മലകള്‍ കാരണവും തണുപ്പു കാരണവുമായിരിക്കാം (ഹിമാലയമേ ഒരു ഫ്രീസര്‍ ആണല്ലോ) കേടുപാടുകള്‍ കൂടാതെ മമ്മി ദര്‍ശനമരുളുന്നത്. മമ്മിയ്ക്ക് ചുറ്റും എറിഞ്ഞുകൊടുത്ത നോട്ടുകള്‍ നിറഞ്ഞു കിടക്കുന്നു. ഒരു മഞ്ഞ പട്ടു വസ്ത്രം ചുറ്റികൊടുത്തിട്ടുണ്ട്. 1975-ലെ ഭൂകമ്പത്തില്‍ തകര്‍ന്ന അഞ്ചു ബൗദ്ധ സ്തൂപങ്ങളില്‍ ഒന്നില്‍ നിന്നാണ് ഈ മമ്മിയെ കണ്ടെടുക്കുന്നതത്രേ. അന്നേരം മമ്മിയില്‍ മുടിയും നഖവും വളരുന്നുണ്ടായിരുന്നു. കൂടാതെ രക്തവും കണ്ടിരുന്നു പോലും എന്ന് സൂക്ഷിപ്പുകാരന്‍ പയ്യന്‍ പറഞ്ഞു. ഇപ്പോള്‍ ഏതായാലും മുടിയും നഖവും ഇല്ല. തേളുകള്‍ നിറഞ്ഞ ഗ്യൂ-മലയെ അതില്‍നിന്നു മോചിപ്പിക്കാനായി ലാങ്കതെന്‍സിന്‍ എന്ന ലാമ തപസ്സിരുന്നു സമാധിയടഞ്ഞതായി നാട്ടുകാര്‍ വിശ്വസിക്കുന്നു. ഏതായാലും സമാധിക്കു ശേഷം തേളുകള്‍ മലയൊഴിഞ്ഞതായാണ് കഥ. ഹിമാലയത്തിന്റെ ഈ ഭാഗങ്ങളില്‍, ഷിംലയിലടക്കം തേളുകളെ കാണാമെന്നതു കാര്യം വേറെ. മറ്റൊരു കഥ, പട്ടാളത്തിന്റെ ഉത്ഘനനത്തില്‍ മമ്മിയെ കണ്ടെടുത്തതായും ഗ്രാമത്തിനു കൈമാറിയതായുമാണ്. ഏതായാലും മമ്മി, ഗ്യൂ ഗ്രാമത്തെ പുറം ലോകത്തിനു പ്രശസ്തമാക്കി കൊണ്ടിരിക്കുന്നു.

ആദ്യഭാഗം വായിക്കാം: സ്പിറ്റിയിലെ മഞ്ഞ് ഗ്രാമങ്ങളിലൂടെ…

പിന്‍ വാലി

പിന്‍ വാലിയിലേക്കുള്ള യാത്ര തന്നെയാണ് കാഴ്ച്ചയും രസവും. ഇടുങ്ങിയ റോഡുകളിലൂടെ വളഞ്ഞു പുളഞ്ഞു, തൂങ്ങി നില്‍ക്കുന്ന മലമടക്കുകള്‍ക്കടിയിലൂടെ ഞെരുങ്ങിയും ഞെങ്ങിയും പൊടുന്നനെയൊരു സുന്ദരി താഴ്‌വരയിലെത്തും. ചെറിയ ഒരു അരുവി പോലെ പിന്‍ നദി ഒഴുകുന്ന താഴ്‌വര. അതേവരെ നമ്മോടൊപ്പം സമാന്തരമായി ഒഴുകിയിരുന്ന സത്‌ലജ് നദിയും പിന്നീട് സ്പിറ്റി നദിയും മാറി ഇവിടെ അത് പിന്‍-പാര്‍വതി നദിയായി ഒഴുകും. സ്പിറ്റി നദിക്കു കുറുകെയുള്ള റോഡ് അഥവാ പാലം കടന്നു വേണം പിന്‍ വാലിയിലേക്ക് എത്താന്‍. പല പല മലനിരകള്‍ ഒന്നിന് പിറകെ ഒന്നായി തലങ്ങും വിലങ്ങും ശറെന്നു വന്നവസാനിക്കുന്ന ഇടകളില്‍ പിന്‍ നദി ഒഴുകുന്നത് കാണാം. ഇടയ്ക്കിടെ പച്ച പുതച്ച താഴ്‌വാരവും. വാഹനത്തിനു പുറത്തിറങ്ങിയാല്‍ തണുപ്പ് കുത്തുന്ന കാറ്റ് പറത്താന്‍ ശ്രമിക്കും. എന്നലതിനു അതിന്റേതായ സുഖവുമുണ്ട് കേട്ടോ! പിന്‍ വാലിയില്‍ ധാരാളം കുതിരകള്‍ മേയുന്നത് കാണാം, അങ്ങ് ദൂരെ മലമുകളില്‍ യാക്കുകളും. രാംപൂരിലെ ലാവി മേളയിലും, ലഡാക്കിലും വില്‍ക്കപ്പെടുന്ന ചൗമൂര്‍ത്തി കുതിരകള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ് പിന്‍ വാലി. ഉയരവും തണുപ്പും താങ്ങാന്‍ കെല്‍പ്പുള്ള കുതിരകള്‍. ടൂറിസ്റ്റുകള്‍ വലിയ പരിക്കൊന്നും വരുത്താത്ത ഇടങ്ങളാണ് പിന്‍വാലിയും മുധ് ഗ്രാമവും. കാസയില്‍ നിന്നും ഏതാണ്ട് അമ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുധ് ഗ്രാമത്തില്‍ എത്താം. സ്പിറ്റി തന്നെ മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം, പിന്‍ വാലിയാകട്ടെ പിന്നെയും മലകളാല്‍ ചുറ്റപ്പെട്ടു സ്പിറ്റിയില്‍ നിന്നുകൂടി ഒറ്റപ്പെട്ടു കിടക്കുന്നു.

(പിന്‍ നദി) 

മുധ്

സ്പിറ്റിയിലെ അവസാനത്തെ ഗ്രാമമാണ് മുധ്. പിന്‍ നദിയും മലകളും കഴിഞ്ഞാല്‍ പിന്നെ ചൈന-ടിബറ്റ് ബോര്‍ഡര്‍ ആയി. മുധിലെ സൂര്യാസ്തമനം അതിമനോഹരമാണ്. ഹിമാചലിലെവിടെയും അസ്തമന സൂര്യന്‍ ആകാശത്തൊരു ചിത്രരചന നടത്തിയെ പിന്‍വാങ്ങൂ. മുധില്‍ അതികഠിനമായ തണുപ്പും കാറ്റുമായിരുന്നു എത്തുമ്പോള്‍. വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത നിരവധി ഹോംസ്റ്റേകള്‍ മുളയ്ക്കുന്നത് സഞ്ചാരികളുടെ എണ്ണം കൂടുന്നത് കൊണ്ടാവണം. മറ്റിടങ്ങളിലെ പോലെ വെള്ളത്തിനു ക്ഷാമമേ ഇല്ല മുധില്‍. തൊട്ടടുത്ത അരുവിയിലെ ജലം കുഴലുകളിലൂടെ വീടിനു പുറത്ത് എത്തിച്ചു പൊതുവായി ഉപയോഗിക്കുന്നു. വെള്ളം തുടര്‍ച്ചയായി ഒഴുകി പാഴാകുന്നത് കാണുമ്പോള്‍ നെഞ്ചിടിക്കും. തൊട്ടപ്പുറത്ത് ചെറിയ വെള്ളച്ചാട്ടങ്ങളൂമായി പിന്‍ നദി ഒഴുകുമ്പോള്‍ എന്ത് പ്രശ്‌നം. പല വീടുകളുടെയും താഴത്തെ നിലയില്‍ കന്നുകാലികള്‍ക്കുള്ള ഇടമാണ്. ചുരി എന്ന് വിളിക്കുന്ന യാക്കിനും പശുവിനും ഇടക്കുള്ള ഒരുമാതിരി കാലിയാണ് പ്രധാനമായും പാലിനായി ആശ്രയിക്കുന്നത്. ആടുകളും ചുരികളും വീടിന്റെ കിളിവാതിലിലൂടെ തലയിട്ടു പുറത്തേക്ക് നോക്കുന്നത് കാണാം.

താമസിച്ച ഹോംസ്‌റെറയില്‍ താഴത്തെ നില വീട്ടുടമയ്ക്കും മുകളിലത്തേത് സഞ്ചാരികള്‍ക്കുമാണ്. താഴെ എന്ന് പറയാന്‍ അത്രയ്‌ക്കൊന്നുമില്ല. അടുക്കളയില്‍ രണ്ടു വീതികുറഞ്ഞ കിടക്കകളും ഒരു അരികിലായി വേര്‍തിരിച്ച സ്ഥലത്ത് മറ്റൊരു കുഞ്ഞ് കിടക്കയുമുണ്ട്. ചവാങ്ങ് എന്ന വീട്ടുടമയുടെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെതാണ് ആ സ്ഥലം. അടുക്കളയുടെ ചൂടില്‍, സമോവറിനരികെയുള്ള ഇടത്ത് കുഞ്ഞ് ഡോര്‍ജെ കമ്പിളികുപ്പായങ്ങള്‍ക്കകത്ത് ചുരുണ്ടുറങ്ങി. ചവാങ്ങിന്റെ ഭാര്യ തെന്‍സിംഗ് ആണ് വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്. പ്രസവിച്ചു രണ്ടു മാസം പോലുമായിട്ടില്ല തെന്‍സിംഗ്. സഹായത്തിനു സുനില്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്‍. അതിഥികള്‍ക്കുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കിയത് തെന്‍സിംഗ് തനിയെ. അത് മുകള്‍ നിലയില്‍ എത്തിക്കാന്‍ സുനില്‍. തണുപ്പ് സഹിക്ക വയ്യാതെ, വിരലിന്റെ അറ്റം പോലും വേദനിച്ചു തുടങ്ങിയപ്പോള്‍, സമോവറിനരികെ ഇരുന്നൊന്നു ചൂട് പിടിപ്പിക്കാന്‍ ഞാനടുക്കളയില്‍ പോയി. അത് നമ്മുടെ ചായ സമോവര്‍ മാതിരിയല്ല, മേല്‍പ്പുരയിലേക്ക് നീളുന്ന ഒരു കുഴലതിനുണ്ട്. സഹായിക്കട്ടെ എന്ന ചോദ്യം തെന്‍സിംഗ് ചിരിച്ചുതള്ളി. കുഞ്ഞു ഡോര്‍ജെ കണ്ണ് മിഴിച്ചു കിടപ്പായിരുന്നു. കമ്പിളികുപ്പായങ്ങള്‍ക്കും പുതപ്പിനുമിടയില്‍ കൈകാലുകള്‍ അനങ്ങുന്നത് അറിയില്ല. ഇവിടുത്തെ ഗ്രാമങ്ങളില്‍ എല്ലാം സ്ത്രീകള്‍ കഠിനാധ്വാനികള്‍ ആണ്. പാടത്തും പറമ്പിലും അടുക്കളയിലും ഒരുപോലെ അവര്‍ ഓടിനടന്നു പണിയെടുക്കും. പ്രസവം കഴിഞ്ഞു മാസങ്ങളോളമുള്ള പരിചരണമൊന്നും അവര്‍ക്ക് ലഭിക്കില്ല. സ്‌കൂളും, ആശുപത്രിയുമെല്ലാം അകലെയാണ്. പുരുഷന്മാര്‍ ഏറെയും പുറം പണിക്കാരത്രേ. ഇപ്പോഴും റോഡ് പണി ഉണ്ടാകുമല്ലോ!

ഓക്‌സിജന്‍ കുറവാകുന്നത്രയും (12130 അടി) ഉയരത്തിലായതിനാല്‍ രാത്രിയില്‍ ശ്വാസം മുട്ടോ തലവേദനയോ മൂക്കില്‍ ക്യാപ്പിലറി പൊട്ടി രക്തം വരാലോ ഒക്കെ സംഭവിക്കാം. താപോവില്‍ വെച്ച് തന്നെ രണ്ടു പേര്‍ക്ക് മൂക്കില്‍ നിന്ന് ഇടയ്ക്ക് രക്തം വന്നു തുടങ്ങിയിരുന്നു. ഒരാള്‍ അതിനു മരുന്നും വിഴുങ്ങിയിരുന്നു. ലാലി ഡ്രൈവര്‍ക്ക് രാത്രിയായപ്പോള്‍ ശ്വാസം മുട്ടാന്‍ തുടങ്ങി. അനൂപ് വളരെ ശാന്തനായി ലാലിയോടു വെള്ളം കുടിക്കുവാനും, തണുത്തുവിറക്കുന്ന മുറിയുടെ വാതില്‍ തുറന്നിടാനും നിര്‍ദേശം നല്‍കി. മൂക്കിലെ ചോര വരുന്നതിനും ഉണ്ട് പൊടികൈ. വെളുത്തുള്ളി ചവയ്ക്കുക, മൂക്കില്‍ കടുകെണ്ണയോ മറ്റെന്തെങ്കിലും എണ്ണകളോ തടവുക. രാവിലെ ലാലി ക്ഷീണിതനായി കണ്ടെങ്കിലും വണ്ടി ഓടിക്കുന്നതില്‍ അമാന്തമൊന്നും വരുത്തിയില്ല. ഹിമാച്ചലീ ഡ്രൈവര്‍ക്ക് പഞ്ചാബിയുടെ പൊടിക്കൈ അഥവാ ഫോക് വിസ്ഡം.

ടിബറ്റിലെ പോലെ ഇവിടങ്ങളിലെല്ലാം പ്രധാനപ്പെട്ടൊരു കൃഷിയാണ് ബാര്‍ലി. അതുവെച്ചു വാറ്റിയ ചാംഗ് എന്നാ ചാരായം മറ്റൊരു ഹോംസ്റ്റേ നടത്തുന്ന ഒരു കോളേജ് മാഷ് സംഘടിപ്പിച്ചു തന്നു. ചൊരുക്കില്ലാത്ത, മണമില്ലാത്ത, സ്വാദുള്ള മദ്യം. തണുപ്പ് കാരണം തലയ്ക്കുപിടിക്കുന്നത് അറിയുകയുമില്ല. സ്ഥലത്തെ പല പഠിപ്പിസ്റ്റുകളില്‍ ഒരാളാണ് മാഷ്. അദ്ദേഹം പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ കഴിഞ്ഞു മാണ്ടിയിലെ ഒരു കോളേജില്‍ പഠിപ്പിക്കുന്നു. മൂപ്പര്‍ക്കാണ് അത്യാവശ്യം സാധങ്ങള്‍ ഒക്കെ കിട്ടുന്ന ഒരു പീടിക ഉള്ളത്, ഹോംസ്‌റെറയോട് ചേര്‍ന്ന്. അത്ഭുതം തോന്നിയ ഒരു കാര്യം, ടിബറ്റന്‍ സ്വാധീനമുള്ള ഈ ഗ്രാമത്തില്‍ ഒരു ഹോംസ്റ്റെയില്‍ പോലും പച്ചക്കറിയല്ലാതെ കോഴിയോ ആടോ കിട്ടില്ല എന്നതാണ്. പോത്ത് നിങ്ങള്‍ക്ക് ഹിമാചലില്‍ എവിടെയും പൊടിപോലും കിട്ടില്ല. രഹസ്യമായി കിട്ടുമോ എന്നറിയില്ലാട്ടോ. തണുപ്പ് പ്രതിരോധിക്കാന്‍ മാംസം കൂടിയല്ലേ തീരൂ. ഞങ്ങളുടെ ഡ്രൈവര്‍ തന്റെ ജ്ഞാനം പുറത്തെടുത്തു. ഇവിടെ മാംസം ലഭിക്കണമെങ്കില്‍ കാസയില്‍ നിന്നും കൊണ്ടുവരണം. ആഴ്ചതോറും മാത്രമേ അവിടെ പോയിവരാനാകൂ. അത്തരം പ്രയാസങ്ങള്‍ കൊണ്ടാണ് മാംസാഹാരം ആരും ഓഫര്‍ ചെയ്യാത്തത്.

രാവിലെ ഞങ്ങള്‍ നീണ്ടൊരു നടത്തതിന് പോയി. നടത്തം എന്നതിനേക്കാള്‍ മലകയറ്റത്തിനു പോയി എന്നു പറയുന്നതാവും കൂടുതല്‍ യോജിക്കുക. ഏതാണ്ട് നാലഞ്ചു കിലോമീറ്റര്‍ നടന്നും വലിഞ്ഞും ഉയരത്തില്‍ എത്തിയപ്പോള്‍ ഇപ്പോഴും അലിയാതെ കിടക്കുന്ന ഗ്ലാസിയറില്‍/ഉറഞ്ഞ മഞ്ഞില്‍ തൊടാനായി. വഴിയില്‍ ഒപ്പം കൂടിയ ഒരു നായ, രത്‌നാകര്‍ കൊടുത്ത ബിസ്‌കറ്റിന്റെ നന്ദിയില്‍ ഒപ്പം ഓടിനടന്നു മല കയറി. മഞ്ഞുറഞ്ഞ് കിടന്നിട്ടു നാളുകള്‍ ആയതിനാലാവണം അതിന്റെ ധവളിമ നഷ്ടപ്പെട്ടിരുന്നു. മഞ്ഞിച്ചും, ചെളിപിടിച്ച് ബ്രൗണ്‍ നിറത്തിലും കിടന്ന മഞ്ഞില്‍ ആര്‍ത്തിപൂണ്ടു കയറിയ ഞങ്ങളെ ഞെട്ടിച്ച് കൂടെ വന്ന നായ അതില്‍ കിടന്നുരുണ്ടു കളിക്കാന്‍ തുടങ്ങി. ഇടയ്ക്ക് മഞ്ഞു തിന്നും അത് രമിച്ചു. തിരിച്ചെത്തും വരെ വിശ്വസ്തനായൊരു കാവല്‍ക്കാരനായി നായ കൂടെതന്നെയുണ്ടായിരുന്നു. ടോമി എന്ന് വിളിച്ചാലും, ബിക്കു എന്ന് വിളിച്ചാലും തിരിഞ്ഞു നിന്ന് വിളികേട്ടുകൊണ്ട്..

(മുധിലെ സൂര്യാസ്തമയം)

മുധ് ടൗണില്‍ (എന്നു വച്ചാല്‍ താമസിക്കുന്ന ഇടത്തിനരികെയുള്ള കുറച്ച് കടകളുള്ള ഒരു സ്ഥലം. ടൗണ്‍ എന്നൊന്നും പറയാനാവില്ല) എത്തും വരെ അത് കൂടെ വന്നു. പിന്നെ പൊടി പോലും കണ്ടില്ല. വൈകിയ ഒരു ഉച്ച ഭക്ഷണത്തിനു ശേഷം പോകാനൊരുങ്ങുമ്പോള്‍ ചവാങ്ങിനെ കണ്ടില്ല. മൂപ്പര്‍ ദൂരെ കാസയില്‍ അരിയും പച്ചക്കറിയും വാങ്ങാന്‍ പുലര്‍ച്ചേ പോയതായിരുന്നു. അന്ന് പാചകം മാത്രമല്ല, കണക്കു നോക്കി പണം വാങ്ങി ഞങളെ യാത്രയാക്കിയതും തെന്‍സിംഗ് ആയിരുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ അടുക്കളയില്‍ തെന്‍സിങ്ങിന്റെ ബന്ധുക്കളായ നാലുപേര്‍ കൂടിയുണ്ടായിരുന്നു. പ്രസവിച്ചു രണ്ടു മാസം മാത്രമായ തെന്‍സിംഗ് ഇത്രയും പേര്‍ക്ക് ആഹാരം ഉണ്ടാക്കിയത് കണ്ടപ്പോള്‍ ചെറിയ ഒരു കുറ്റബോധമൊക്കെ ഞങ്ങള്‍ക്ക് തോന്നിയിരുന്നു. ഞങ്ങള്‍ തിരിച്ചു പോകുമ്പോള്‍ വലിയൊരു ജീപ്പ് നിറയെ സാധനങ്ങളും ആളുകളുമായി ചവാങ്ങ് എതിരെ തിരിച്ചു വരുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി സുഖവിവരങ്ങള്‍ അന്വേഷിച്ചിട്ടാണ് അദ്ദേഹം പോയത്. മുധില്‍ കാക്കയോട് സാമ്യമുള്ള ഒരു പക്ഷിയുണ്ട്. കാക്കയെ പോലെ ധാരാളമായി കാണാം. ഓറഞ്ച് കാലുകളും മഞ്ഞകൊക്കുമായി, ചുങ്ക എന്നു വിളിക്കും അതിനെ.

പര്‍വതങ്ങളിലെ ജീവിതത്തിന്റെ ഗമനവേഗം വ്യത്യസ്തമാണ്. നഗരത്തിന്റെ ധൃതി അവിടെ കാണാന്‍ കഴിയില്ല. കഠിനമായ കാലാവസ്ഥയോടും ഭൂപ്രകൃതിയോടും പൊരുതുകയല്ല, നാട്ടുകാര്‍ സമരസപ്പെടുകയാണ് എന്ന് തോന്നി. സവിശേഷമായി തോന്നിയ ഒരു കാര്യം, ഓരോ തിരിവിലും പര്‍വതത്തിന്റെ, പാറയുടെ സ്വഭാവം, texture മാറികൊണ്ടിരിക്കുന്നുവേന്നതാണ്. അതെങ്ങിനെ വര്‍ണിക്കാന്‍ കഴിയും? നേരിട്ട് കണ്ട് ബോധ്യപ്പെടുക തന്നെ വേണം. യാത്രയിലുടനീളം റോഡുകളില്‍, വഴികളില്‍ ടിബെറ്റന്‍-ബൗദ്ധ മന്ത്രകൊടികള്‍ അഥവാ പ്രാര്‍ഥനാ പതാകകള്‍ പാറുന്നുണ്ടായിരൂന്നു. വീശിയടിക്കുന്ന കാറ്റില്‍ പലയിടങ്ങളില്‍ അവയെല്ലാം നിറം മങ്ങി, ചെളി പിടിച്ചു ഒരു കൂമ്പാരമായി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. തിരിച്ചെത്തിയിട്ടും ആ ശബ്ദം, മാഞ്ഞു പോയിട്ടും പോകാത്ത ഒരു സ്വപ്നം പോലെ…..ഒരു കാലം പോലെ.. കാതുകളില്‍ മുഴങ്ങികൊണ്ടെയിരുന്നു.

സ്പിറ്റിയിലെ മഞ്ഞ് ഗ്രാമങ്ങളിലൂടെ…

ഗിരിജ കെ പി

ഗിരിജ കെ പി

ഷിംലയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഫെല്ലോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍