UPDATES

യാത്ര

തണുപ്പ് അരിച്ചിറങ്ങുന്ന വഴികളിലൂടെ വെറുതെ ഒരു നടത്തം

‘മഴ കൊണ്ട് ഞാന്‍ നടന്നു. കുളിര് മാറിയാല്‍ പിന്നെ ഏതു പെരുമഴയും ഒരുപോലെയാ..’-ശ്രീനാഥ് പുത്തന്‍പുരയ്ക്കലിന്റെ യാത്രവിവരണം

അതൊരു നല്ല ക്ഷണം ആയിരുന്നു, മഴ പെയ്തു കൊതിപ്പിക്കുന്ന അഗുംബെയിലെക്കും, പിന്നെ കുദ്രമുഖിലേക്ക് ട്രെക്കിങ്ങിനും വേണ്ടി വിളിച്ചത് കര്‍ണാടകയിലെ യാത്ര ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ ആണ്. പക്ഷെ ഞാന്‍ നിരസിച്ചു, അത് പോകാന്‍ ആഗ്രഹം ഇല്ലാതിരുന്നിട്ടോ, അവരെ കാണണം എന്ന് തോന്നാഞ്ഞിട്ടോ അല്ല. ഒറ്റയ്ക്ക് അഗുംബെയില്‍ അലയണം എന്ന പൂതി കൊണ്ടാണ്. അങ്ങനെ യാത്ര ചെയ്യേണ്ട തീയതികള്‍ തീരുമാനിച്ചു. തിരുപ്പൂരിലും കോയമ്പത്തൂരും മീറ്റിങ്ങുകള്‍ നടക്കുന്നുണ്ട്, അപ്പോള്‍ ശനി ഞായര്‍ ദിവസങ്ങള്‍ ഫ്രീ ആക്കാം വേണമെങ്കില്‍. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരില്‍ എത്തി ചേര്‍ന്നാല്‍ മതി. അങ്ങനെ വെള്ളിയാഴ്ച തിരുപ്പൂരിലെ മീറ്റിംഗ് അവസാനിച്ചു, ഞാന്‍ വൈകുന്നേരം ആകുന്നതിനു മുന്‍പ് തന്നെ കോയമ്പത്തൂര്‍ക്ക് വിട്ടു, ഒരു ചെറിയ ബാഗില്‍ ഒന്ന് രണ്ടു ഡ്രസുകള്‍ എടുത്തു ബാക്കിയുള്ള ലഗേജ് കോയമ്പത്തൂര്‍ ഓഫീസില്‍ വെച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. വൈകിട്ട് 7.30-നു ആണ് ട്രെയിന്‍. മംഗലാപുരം വരെ ആണ് ഈ ട്രെയിന്‍, രാവിലെ 4 മണിക്ക് അവിടെ എത്തും, അവിടെ നിന്ന് മംഗലാപുരം- മഡ്ഗാവ് പാസഞ്ചറില്‍ കേറി ഉഡുപ്പിയില്‍ ഇറങ്ങാം. 5.50 നു മംഗലാപുരത്ത് നിന്ന് തുടങ്ങുന്ന പാസഞ്ചര്‍ കണ്ടപ്പോള്‍ വെറുതെ ഗോവ വരെ പോയാലോ എന്ന് തോന്നാതിരുന്നില്ല. ആ ആഗ്രഹം അടക്കി വെച്ച് പാസഞ്ചറില്‍ കേറി ഇരുന്നു. അല്പം ലേറ്റ് ആയാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്.


ഇനി അഗുംബയെ കുറിച്ച് രണ്ടു വാക്ക്. മിക്കവര്‍ക്കും ഇപ്പോള്‍ വളരെ പരിചിതം ആയ ഇടം ആണ് അഗുംബെ, കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് ഇത്. അഗുംബെ കാടുകള്‍ രാജവെമ്പാലകളുടെ സാന്നിധ്യം കൊണ്ട് ഏറെ പ്രസിദ്ധമാണ്. ലഭ്യമാകുന്ന മഴ കൊണ്ട് അഗുംബെയെ ദക്ഷിണ ചിറാപുഞ്ചി എന്ന് വിളിക്കുന്നു. മഴയെ പ്രണയിക്കുന്നവര്‍ മഴക്കാലത്ത് അഗുംബെയില്‍ മഴ നനയാന്‍ എത്തും. ആര്‍ കെ നാരായണന്റെ മാല്‍ഗുഡി ഡെയ്‌സ് ദൂരദര്‍ശനില്‍ സീരിയല്‍ ആയി നിര്‍മിച്ചപ്പോള്‍ ഏറെ ഭാഗം ഇവിടെ ഷൂട്ട് ചെയ്തിരുന്നു. 2005-ല്‍ സ്ഥാപിക്കപ്പെട്ട അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റേഷന്‍ ഇവിടെയാണ് ഉള്ളത്.

ഉഡുപ്പിയില്‍ നിന്ന് ഏകദേശം 54 കിലോമീറ്ററോളം ദൂരം ഉണ്ട് അഗുംബയിലേക്ക്. ബസുകള്‍ ലഭ്യം ആണ്. ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറച്ചു അകലെ ആണ് ബസ് സ്റ്റാന്‍ഡ്. ട്രെയിനില്‍ വരുന്ന വഴിയെ നല്ല മഴ ഉണ്ടായിരുന്നു. അഗുംബെയില്‍ താമസ സൗകര്യങ്ങള്‍ വളരെ കുറവാണ്. മല്യ റെസിഡന്‍സി എന്ന ലോഡ്ജും പിന്നെ ”ദൊഡ മനേ” എന്ന ഹോം സ്റ്റേയും. ഇതില്‍ ദൊഡ മനേ വളരെ പ്രശസ്തമാണ്. പത്ത് നൂറ്റമ്പതില്‍ പരം വര്‍ഷം പഴക്കം ഉണ്ടത്രേ ആ വീടിന്. അവിടത്തെ കസ്തൂരി അക്കയെ കുറിച്ച് പല യാത്രികരും പറഞ്ഞു കേട്ടിട്ടുണ്ട്, അവരുടെ ആതിഥ്യ മര്യാദയെ കുറിച്ചു. ഒരു കര്‍ണാടക്കാരന്‍ സുഹൃത്ത് വഴി അവിടെ താമസിക്കാന്‍ വല്ല വഴിയും ഉണ്ടോ എന്നറിയാന്‍ കസ്തൂരി അക്കയുടെ മകനെ വിളിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. മുന്‍കൂട്ടി ബുക്ക് ചെയ്യണം അത്രേ. ഇനി അഗുംബെ എത്തിയിട്ട് താമാസത്തെ പറ്റി ആലോചിക്കാം എന്ന് കരുതി.

ദൊഡ മനേ

അഗുംബെ വന്നു ബസ് ഇറങ്ങി. ഒരു ചെറിയ ഗ്രാമം, അവിടെ വളരെ ചെറിയ ഒരു ബസ് സ്റ്റാന്‍ഡ്, അതിനോട് ചേര്‍ന്നുള്ള ഹോട്ടല്‍, ഒന്ന് രണ്ടു കടകള്‍, പിന്നെ മല്യ റെസിഡന്‍സി, അഗുംബെ എന്ന ഒരു കോണ്‍ക്രീറ്റ് ഫലകം. ഇത്രേയുമാണ് ആ ഗ്രാമത്തിന്റെ ഭൂമി ശാസ്ത്രം. വരുന്ന വഴിക്കുള്ള ഹെയര്‍ പിന്‍ വളവുകളില്‍ ബസിന്റെ ജനലിലൂടെ പുറത്തോട്ടു നോക്കുമ്പോ മൂടല്‍മഞ്ഞു പൊതിഞ്ഞ കാടുകള്‍ കാണാം. മഴയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് ആ മഞ്ഞിന്റെ മറവില്‍ എന്ന് തോന്നും.

ബസ് ഇറങ്ങി പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു, ഇനി എന്താ പരിപാടികള്‍ എന്ന് ഉറപ്പിച്ചിട്ടില്ല. ആളുകളോട് അന്വേഷിച്ചപ്പോള്‍ അടുത്തുള്ള വെള്ളചാട്ടങ്ങളിലെക്കുള്ള വഴികള്‍ എല്ലാം ഫോറസ്റ്റുകാര്‍ അടച്ചു വെച്ചിരിക്കുകയാണ് എന്ന് കേട്ടു, കനത്ത മഴ മൂലം. അപ്പോള്‍ വെള്ളച്ചാട്ടങ്ങള്‍ ഇനി കാണല്‍ നടക്കില്ല. 30 കിലോമീറ്ററോളം ദൂരമുണ്ട് ശൃംഗേരിയിലേക്ക്. അവിടെ പോകണോ എന്ന ചിന്തയെ നൈസ് ആയി ഒഴിവാക്കി. ബസുകള്‍ പരിമിതങ്ങള്‍ ആയതിനാല്‍ എവിടെ പോകണം എന്ന് പെട്ടെന്ന് തന്നെ നിശ്ചയിക്കണം എന്ന് തോന്നി. നേരെ അഗുംബെ വ്യൂ പോയന്റിലേക്ക് വെച്ച് പിടിപ്പിച്ചു. താഴെ ഹെയര്‍ പിന്‍ വളവുകളിലൂടെ വാഹനങ്ങള്‍ കടന്നു വരുന്നത് കാണാന്‍ തന്നെ ഒരു ചേലായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു ഒന്ന് ഒന്നര കിലോ മീറ്റര്‍ ദൂരം ഉണ്ട് ഇവിടേയ്ക്ക്. നടന്നു തുടങ്ങി, ഒരു മുഴുവന്‍ ദിവസ നടത്തത്തിന്റെ തുടക്കം. പചപ്പ് നിറഞ്ഞ റോഡിന്റെ ഇരുവശവും, കാടുകളില്‍ ഇരുന്നു ചീവീടുകള്‍ മൂളുന്നു. റോഡില്‍ അധികം ആരെയും കാണാനില്ല. ഇടയ്ക്ക് ചില വാഹനങ്ങള്‍ കടന്നു പോകും, വ്യൂ പൊയന്റിനു തൊട്ടു മുന്നില്‍ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്, അതിനടുത്ത ചായ കടയില്‍ കേറി ചായ കുടിച്ചു. മഴ പെയ്തു തുടങ്ങുന്നു, പതുക്കെ പുറത്തേക്കു ഇറങ്ങി. മൂടല്‍ മഞ്ഞു മൂടുന്നു ചിലപ്പോള്‍ കാഴ്ചകള്‍. തണുപ്പ് അരിച്ചിറങ്ങുന്ന വഴികളിലൂടെ വെറുതെ നടക്കാന്‍ തോന്നി, ഒരു കാര്യവും അന്തവും ഇല്ലാതെ. കാഴ്ചകള്‍ കണ്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു, ഇന്ന് വൈകുന്നേരവും ഇവിടെ വരണം. സൂര്യന്‍ അസ്തമിക്കുന്ന നിമിഷങ്ങളില്‍. കാണാന്‍ ഒരുപാട് ഇടങ്ങള്‍ ഉണ്ട് പരിസര പ്രദേശങ്ങളില്‍, പക്ഷെ പൊതുഗതാഗതം അത്ര കാര്യമായി ഇല്ല, ഓട്ടോറിക്ഷകള്‍ ഉണ്ട്, പക്ഷെ അവര്‍ ചോദിക്കുന്ന കാശ് ഉണ്ടേല്‍ എനിക്ക് അഞ്ച് ദിവസം വേറെ എവിടേലും തെണ്ടിതിരിയാം. അതുകൊണ്ട് പോകണം എന്നുള്ള സ്ഥലം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതനാക്കപ്പെട്ടു. എന്റെ മനസ്സില്‍ വെറുതെ അങ്ങ് നടക്കുക എന്ന മോഹം മാത്രമേ കലശല്‍ ആയി ഉണ്ടായിരുന്നുള്ളൂ.

അഗുംബെ ഫോറെസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍, കുന്ദാദ്രി കുന്നുകള്‍, അവിടെയുള്ള ജൈന ക്ഷേത്രം, പിന്നെ അഗുംബെയിലെ സായാഹ്നം ഇത് മാത്രം ആണ് ഇന്ന് നടക്കുന്ന പരിപാടികള്‍ എന്ന് ഞാന്‍ ഉറപ്പിച്ചു. കാവല്‍ ദുര്‍ഗ കോട്ടയും, കുദ്ര മുഖും, ശൃംഗേരിയും എല്ലാം ഒരു മനസ്താപം കൂടാതെ ഞാന്‍ മനസില്‍ നിന്ന് വെട്ടി മാറ്റി. ഇപ്പോഴും ഞാന്‍ നടക്കുകയാണ്. ഒരു 11.30 ആകാറായി എന്ന് തോന്നുന്നു, ഇനി നാളെ എന്താണ് പരിപാടി എന്ന് തീരുമാനിച്ചിട്ടില്ല. രാത്രി യാത്ര സാദ്ധ്യം എന്ന് തോന്നണില്ല. തലവേദനയുടെ ശല്യം ഉണ്ട്. കിടന്നു ഉറങ്ങിയെ മതിയാകൂ, രാത്രിയില്‍. മല്ല്യ റെസിഡന്‍്‌സിയില്‍ റൂം ചോദിച്ചു. സിംഗിള്‍ റൂം ഇല്ല. ഒരു ഡബിള്‍ റൂം ഉണ്ട്, അത് എടുത്തു. ബാക്കി മിക്ക റൂമുകളും കേരളത്തില്‍ നിന്ന് വന്ന ഒരു യാത്ര ഗ്രൂപ്പ് ബുക്ക് ചെയ്തിരിക്കുന്നു. ഞാന്‍ രാവിലെ വന്നിറങ്ങുമ്പോള്‍ അവരില്‍ ചിലര്‍ വാഹനങ്ങളില്‍ വരുന്നുണ്ടായിരുന്നു. ചുമ്മാ ഒറ്റക്ക് അതിലൂടെ നടക്കുമ്പോള്‍ അവരില്‍ ചിലര്‍ നോക്കുന്നുണ്ടായിരുന്നു.

ഒന്ന് ഫ്രഷ് ആയി ഇനി കുന്ദാദ്രി. 10 കിലോമീറ്റര്‍ ദൂരം ഉണ്ട് ആ മലമുകളിലേക്ക്. റോഡു സൗകര്യം ഉണ്ട്, ജീപ്പുകള്‍ക്കും കാറുകള്‍ക്കും കടന്നു പോകാന്‍. ബസ് 5 കിലോമീറ്റര്‍ വരെ ഷിമോഗ പോകുന്ന ബസുകള്‍ പോകും. അവിടെ നിന്നും ഒരു 5 കിലോമീറ്റര്‍ ഉണ്ട്. ബസുകള്‍ വളരെ വളരെ കുറവായത് കൊണ്ട്. ഞാന്‍ നടക്കാന്‍ ആരംഭിച്ചു. ഒരു ഓട്ടോ റിക്ഷക്കാരന്‍ കണ്ണും അടച്ചു 500 എന്നൊക്കെ പറയുന്നു. നമോവാകം ചൊല്ലി ഞാന്‍ നടന്നു, മൂളിപാട്ടൊക്കെ പാടി. മഴ നനയാന്‍ വന്നിട്ട് മഴ ഇല്ലാലോ എന്ന് വെറുതെ മനസ്സില്‍ ഓര്‍ത്തപ്പോഴേക്കും മഴ ഓടി വന്നു. മൊബൈല്‍ ബാഗില്‍ നനയാതെ പൊതിഞ്ഞു വെച്ച് മഴ കൊണ്ട് ഞാന്‍ നടന്നു. കുളിര് മാറിയാല്‍ പിന്നെ ഏതു പെരുമഴയും ഒരുപോലെയാ. പ്രതീക്ഷിച്ച വേഗം കിട്ടുന്നില്ല. റോഡില്‍ ഒരാളെയും കാണാന്‍ കിട്ടുന്നില്ല. വഴി പിടുത്തമില്ല, പക്ഷെ ആ വഴി നേരെ പോയാല്‍ മതി എന്നാ ഒരാള്‍ പറഞ്ഞത്. ദൂരം ഏറെ പിന്നിട്ട്, ഇതാ ഇടതു വശത്തായി വലിയ പ്രവേശന കവാടം, അവിടെ നിന്നും ടാറിട്ട ചെറുവഴി കാണാം, ഞാന്‍ നേരത്തെ കണ്ട ചില മലയാളികള്‍ അവരുടെ വാഹനങ്ങളില്‍ അവിടേക്ക് കേറി പോകുന്നുണ്ട്. ഓരോ വാഹനം പോയി കഴിയുമ്പോഴും ചീവിടിന്റെ മുരളല്‍ മാത്രം കേള്‍ക്കുന്ന കാടകവും ഞാനും തനിച്ചാകും.

കുന്ദാദ്രി ജൈന ക്ഷേത്രം

മഴ ഇപ്പോഴും ചനു ചനെ പെയ്യുന്നുണ്ട്. അവസാനം കുന്ദാദ്രി മലമുകളില്‍ എത്തി. ജൈന ക്ഷേത്രം അതിന്റെ തുഞ്ചത്ത്, കുത്തനെ ഉള്ള കൊക്കക്ക് ചുറ്റും ഇരുമ്പ് വേലി കൊണ്ട് സംരക്ഷണം. വെളുത്ത പുതപ്പു പോലെ ആണ് മൂടല്‍മഞ്ഞു. നിമിഷങ്ങള്‍ കൊണ്ട് കാഴ്ച്ചയെ തെളിച്ചം കൂട്ടിയും മറച്ചും കളിക്കുന്നു. ആ പാറകെട്ടുകള്‍ക്ക് നടുവില്‍ രണ്ടു തടാകങ്ങള്‍ ഉണ്ട്. രണ്ടു വശങ്ങളില്‍ ആയി. വേലിക്കെട്ടുകളില്‍ കൈകള്‍ കൊരുത്ത് കാഴ്ചകള്‍ കണ്ടു നടന്നു, മഴ നനഞ്ഞതിന്റെ തണുപ്പ് ഇടയ്ക്കു അറിയാന്‍ പറ്റുന്നുണ്ട്. ക്ഷേത്രത്തില്‍ കയറി പുറകു വശത്ത് നന്നായി മലനിരകള്‍ കാണാന്‍ പറ്റുന്ന വ്യൂ പൊയന്റില്‍ പോയി. കാറ്റിനു നല്ല ശക്തിയുണ്ട്, അത് നമ്മെ പിടിച്ചു കുലുക്കുന്നുണ്ട്. ഇനി പോകാന്‍ സമയമായി. തിരിച്ചു നടക്കണമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ചെറിയ ഒരു മടുപ്പ്, തീരെ ചെറുത്. സഞ്ചാരികള്‍ കുറച്ചു പേരെ അവിടെ കാണാം. എനിക്ക് പണ്ടേ ഒരാളോട് ഒരു സഹായം ചോദിക്കാന്‍ വല്യ മടിയാ. അതോണ്ട് നടക്കുന്നത് തന്നെ ആണ് നല്ലത് എന്ന് തോന്നി. നടത്തം തുടങ്ങിയപ്പോഴേക്കും മഴ തുടങ്ങി, നനയുക തന്നെ. പാട്ടൊക്കെ പാടി ചൂട് കൂട്ടി ഞാന്‍ അങ്ങ് നടന്നു, പത്ത് നൂറു പേര്‍ എന്റെ കൂടെ ഉള്ള പോലെ. എന്നോട് തന്നെ സംസാരിച്ചു, കലഹിച്ചു, വിഡ്ഢിത്തരങ്ങളില്‍ ചെറുങ്ങനെ ചിരിച്ചു മുന്നോട്ടു നീങ്ങി. അവിടെ നിന്ന് മെയിന്‍ റോഡിലേക്ക് വന്നപ്പോള്‍ സമീപത്തുള്ള ഒരേ ഒരു കടയില്‍ ബസ് എങ്ങാനും കിട്ടാന്‍ വഴി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മണിക്കൂര്‍ കഴിയും എന്നായി. എന്നാ നടക്കുക തന്നെ. കുന്ദാദ്രി കാണാന്‍ പോയവരും ശൃംഗേരി കാണാന്‍ പോയവരും വരുന്ന വാഹനങ്ങള്‍ എന്നെ കടന്നു പോകുന്നുണ്ട് ഇടക്കൊക്കെ. ഒരു മൂന്നാല് കിലോമീറ്റര്‍ നടന്നപ്പോള്‍ മഴ ചെറുതായി കുറഞ്ഞു, പിന്നെ നിന്നു. കുറച്ചൂടെ നടന്നപ്പോള്‍ ഒരു പയ്യന്‍ ബൈക്കില്‍ വരുന്നു, അവനെ കണ്ടപ്പോള്‍ അവിടെ തന്നെ താമസിക്കുന്ന ആളെന്ന് തോന്നി, കൈ കാട്ടി. അഗുംബെ പോകാന്‍ എന്ന് പറഞ്ഞപ്പോള്‍ ബസ് വരുന്ന റോഡില്‍ ആക്കി തരാം എന്ന് പറഞ്ഞു. കേറി പോന്നു.

ഇതിനിടയില്‍ ഞങ്ങള്‍ സംസാരിച്ചു, ഏതു ഭാഷയില്‍ ആണ് ഞാന്‍ സംസാരിച്ചത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ഇപ്പോള്‍. അതൊക്കെ പോട്ടെ. ബസ് കേറി വീണ്ടും അഗുംബെയില്‍ വന്നു ഇറങ്ങി. അടുത്തുള്ള റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ ആണ് നമ്മുടെ ഉന്നം കുറെ യാത്രികര്‍ അവരുടെ വണ്ടികളില്‍ കൂട്ടങ്ങളായി തിരിച്ചു പോകുന്നുണ്ട്. ഒന്ന് രണ്ടു പേര്‍ നോക്കി ചിരിച്ചു, അവരെ ഞാന്‍ കുന്ദാദ്രി നടക്കുമ്പോള്‍ കണ്ടിരുന്നു. റിസര്‍ച് സ്‌റെഷനിലേക്ക് നടക്കുന്ന വഴികളില്‍ ഇനി ആരെയും കാണാനില്ല. നല്ല തെളിച്ചമുള്ള പോലെ തോന്നി ആ സായാഹ്നം, നാലര കഴിഞ്ഞിരിക്കുന്നു. അവിടെ അത് അടച്ചു കാണും എന്ന് എനിക്ക് അറിയാം, എങ്കിലും പോവുക തന്നെ. പൊടുന്നനെ മാറുന്ന കാലാവസ്ഥ, തെളിഞ്ഞ അന്തരീക്ഷം മാറി, ഇപ്പോള്‍ അവിടെ മൂടല്‍മഞ്ഞ് വരുന്നു. പണ്ട് കണ്ട പ്രേതപടങ്ങള്‍ ഓര്‍മ വരുന്നു. ചീവീടുകളുടെ മൂളല്‍ എന്തോ ഓര്‍ക്കസ്ട്ര പോലെ തോന്നി, ഞാന്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തു. ആ മൂളലിന്റെ സൌന്ദര്യം ആസ്വദിക്കാന്‍. കറങ്ങി നടന്നു കാഴചകള്‍ കണ്ടപ്പോള്‍ ആണ് തിരികെ സൂര്യാസ്തമയം കാണാന്‍ അഗുംബെ വ്യൂ പൊയന്റില്‍ പോകാനുള്ള കാര്യം ഓര്‍മ വന്നത്. ഒന്നും ആലോചിച്ചില്ല തിരികെ നടത്തം തുടങ്ങി. ഇനി ആ കാഴ്ചകളില്‍ അഭിരമിക്കം.

ലേഖകന്‍ ജോഗ് വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റില്‍

അവിടെ എത്തിയപ്പോള്‍ ചെറിയ ജനക്കൂട്ടം ഉണ്ട്. വ്യൂ പൊയന്റിന്റെ എതിര്‍വശത്തുള്ള ചെറിയ കുന്നിന്റെ മുകളില്‍ കേറി ഇരുന്നു. അവിടേക്ക് ആരും വരുന്നില്ല. ചില സ്ഥലങ്ങളില്‍ ഇരുന്നാല്‍ നേരം പോകുന്നത് അറിയില്ല. മൂടല്‍മഞ്ഞ് ഒരു വരവുണ്ട്. തൊട്ടു മുമ്പ് നമ്മളുടെ കണ്ണിനു സ്വന്തമായിരുന്ന കാഴ്ചകളെ മായിച്ചു കളഞ്ഞു പുള്ളി സ്വന്തമാക്കും. എല്ലാരും പോയി തുടങ്ങി. പിന്നെ അവസാനം ഒരു ജീപ്പും മൂന്നാല് പേരും മാത്രം ബാക്കിയായി. പിന്നെ അവരും പോയി. കാഴ്ചകള്‍ ഒന്നും ഇല്ല ഇപ്പോള്‍. ഇരുട്ടില്‍ നനുത്ത കാറ്റ് വീശുന്നുണ്ട്, ഹെഡ്‌സെറ്റ് ചെവിയില്‍ കുത്തികേറ്റി പാട്ട് കേട്ട് ഇരുട്ടിലേക്ക് നോക്കി നിന്നു. കാര്യം ആ ഒന്നര കിലോമീറ്റര്‍ മാത്രേ നടക്കേണ്ടതുണ്ട്, പക്ഷെ നമ്മള്‍ എന്തിനാ റിസ്‌ക് എടുക്കുന്നെ. ബസ് വല്ലതും വരോ എന്ന് നോക്കി നിന്നു, കാണാതെ ആയപ്പോള്‍ അടുത്തുള്ള ചായകടയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെട്ടി ഓട്ടോറിക്ഷക്കാരന്‍ അവിടെ ചായ കുടിക്കാന്‍ വന്നു. അഗുംബെ മല്യ റെസിഡന്‍സി വരെ കൊണ്ട് പോകാമോ എന്ന് ചോദിച്ചപ്പോള്‍ ചായ കുടി കഴിഞ്ഞു കേറിക്കോ എന്നായി. അപ്പൊ മുതല്‍ പുള്ളി പറയുന്ന കഥകള്‍ മാവോയിസ്റ്റ്, നക്‌സല്‍ കഥകളാണ്. ഇത്ര നേരം വൈകും വരെ അവിടെ നിന്നതിനു എന്നെ സ്‌നേഹപൂര്‍വ്വം ശകാരിച്ചു. പോലീസ് പിടിച്ചാല്‍ എന്ത് ചെയ്യും എന്നൊക്കെ ചോദിച്ചു. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ട് എന്ന് പറയപ്പെടുന്നതിനാല്‍ അവിടെ പോലീസ് നിരീക്ഷണം കൂടുതല്‍ ആണത്രേ. എന്തായാലും എന്നെ താമസ സ്ഥലത്ത് കൊണ്ട് എത്തിച്ചപ്പോള്‍ പൈസ കൊടുത്തപ്പോള്‍ വേണ്ട എന്ന് പറഞ്ഞു പുള്ളിക്കാരന്‍ വണ്ടി വിട്ടു.

ഇനി ഭക്ഷണം കഴിക്കണം. ഒന്ന് റൂമില്‍ പോയി ഫ്രഷ് ആയി തിരിച്ചു വന്നു. അല്പം മദ്യലഹരി ആവശ്യമുള്ളവര്‍ക്ക് മുട്ടിയാല്‍ തുറക്കുന്ന വാതിലുകള്‍ അഗുംബെയില്‍ ഉണ്ട്. ഞാന്‍ ഒരു രണ്ടു മൂന്ന് വട്ടം മുട്ടി നോക്കുകയും ചെയ്തു. പിന്നെ റൂമില്‍ പോയി കിടന്നു. നാളെ എങ്ങനെ പോയാലും ഇവിടെ നില്‍ക്കില്ല. ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകണം അതാ പരിപാടി. നേരം വെളുത്തു, മുറിയില്‍ നിന്നു വെക്കേറ്റ് ചെയ്തു. ബസ് സ്റ്റാന്‍ഡില്‍ തന്നെയുള്ള ഹോട്ടലില്‍ ഫുഡ് കഴിച്ചു ബസ് കിട്ടാന്‍ വേണ്ടി വെയിറ്റ് ചെയ്തു. കയ്യിലെ പൈസ കുറച്ചു കൂടി ഉള്ളു, ഒരു എ ടി എം കണ്ടാല്‍ വെറുതെ കുത്തി നോക്കാമായിരുന്നു. അവിടെ അടുത്ത് കണ്ടില്ല, ഒരു ബാങ്ക് കണ്ടു, എ ടി എം കൗണ്ടര്‍ പക്ഷെ അടഞ്ഞു കിടക്കുന്നു. ഏകദേശം 140 കിലോമീറ്റര്‍ ദൂരം കാണും അഗുംബെയില്‍ നിന്നു ജോഗ് ഫാള്‍സ് വരെ. നേരെ ബസ് കിട്ടില്ല എന്നാണു എനിക്ക് കിട്ടിയ വിവരം. അഗുംബെ നിന്നു തീര്‍ത്ഥഹള്ളി വരെ ഒരു ബസ് (32 KM), അവിടെ നിന്നു സാഗര്‍ അഥവാ സാഗര വരെ വേറെ ബസ് (80 KM). അവിടെ നിന്നു ജോഗ് ഫാള്‍സിലേക്ക് അടുത്ത വണ്ടി (30 Km). വഴികള്‍ കണ്ടപ്പോള്‍ ബസില്‍ അല്ല ബൈക്കില്‍ പോകേണ്ടിയിരുന്ന ഇടം എന്ന് തോന്നി. കാടകങ്ങള്‍, നല്ല കുളിരുന്ന കാറ്റ്. സാഗര്‍ എത്തിയപ്പോള്‍ ഇറങ്ങി ഫുഡ് കഴിച്ചു, എപ്പോഴെങ്കിലും സാഗര്‍ വരുമ്പോള്‍ വിളിക്കണം എന്ന് പറഞ്ഞ കൂട്ടുകാരിയെ ഓര്‍മ വന്നു, പക്ഷെ വിളിച്ചില്ല. അടുത്ത ബസ് പിടിച്ചു ജോഗ് ഫാള്‍സ്. അവിടെ എത്തി പാസ് എടുത്തു, നല്ല തിരക്ക്, ഞായര്‍ ആഴ്ച ആയതു കൊണ്ടാകും എന്ന് തോന്നി. വ്യൂ പൊയന്റുകളില്‍ നിന്നു വെള്ളച്ചാട്ടത്തെ കണ്ടു, ഇനി അടുത്ത് നിന്നു കാണണം അല്ലോ.

ജോഗ് വെള്ളച്ചാട്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടം 25 മീറ്റര്‍ ആണ് ഉയരം എങ്കില്‍ ആശാന് 253 മീറ്റര്‍ ഉയരം വരും. താഴേക്ക് പടികള്‍ ഉണ്ട്. എണ്ണി നോക്കണം എന്ന് ഉണ്ടായിരുന്നു. ഉച്ച സമയം ആയതു കൊണ്ട് നല്ല ചൂടാണ്. താഴോട്ട് ഇറങ്ങാന്‍ ശക്തിയുള്ള കൈവരികള്‍ ഉള്ള പടികള്‍. താഴേക്ക് ഇതിലൂടെ നടക്കുമ്പോള്‍ മുകളിലോട്ട് കേറി വരുന്നവരെ കാണാം, വിയര്‍ത്തു കുളിച്ചു അവശതയായി, വേണ്ടിയിരുന്നില്ല എന്ന ഭാവം ആണ് അവര്‍ക്കൊക്കെ. ഇതിനു മാത്രം എന്തിരിക്കുന്നു എന്നായി എന്റെ മനസ്സില്‍. താഴോട്ട് ഇറങ്ങാന്‍ നല്ല രസം ആണ്. കുറച്ചു സമയം പിടിക്കും എങ്കിലും, പോകും വഴി വെള്ളച്ചാട്ടത്തിന്റെ നല്ല കാഴ്ചകള്‍ കിട്ടുന്ന ഇടങ്ങള്‍ ഉണ്ട്. ജോഗ് വെള്ളച്ചാട്ടത്തിന്റെ ഇടതു വശം കുറച്ചു മാറി വേറൊരു വെള്ളചാട്ടം ഉണ്ട്, അവിടേക്ക് പ്രവേശനം അനുവദിക്കുന്നില്ല, അത് ഫോറസ്റ്റ് വകുപ്പിന്റെ പ്രത്യേക അനുമതി തേടണം എന്നൊക്കെ ഒരു സെക്ക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു (ഉള്ളത് തന്നെ ആണോ ആവോ). അതിന്റെ പേര് എത്ര ആലോചിച്ചിട്ടും മനസ്സില്‍ തെളിയുന്നില്ല. അങ്ങനെ താഴെ എത്തി. വെള്ളച്ചാട്ടം മുകളില്‍ നിന്നും ഇപ്പൊ പ്രധാനമായും മൂന്നു വഴികളിലൂടെ ആണ് താഴേക്ക് എത്തുന്നത്, പിന്നെ ഒരു ധാര ഇടയ്ക്കു നിന്നും ഒഴുകി വരുന്നതായി കാണാം. നല്ല മഴക്കാലത്ത് എല്ലാം കൂടി നുര പതഞ്ഞു ഒഴുകി വരുന്നത് കാണാന്‍ നല്ല രസം ആയിരിക്കും എന്ന് എനിക്ക് തോന്നി. താഴെ എത്തുമ്പോള്‍ വെള്ളം കുത്തി ചെറിയ ചെറിയ തുള്ളികളായി നമ്മിലേക്ക് വരും. വലിയ കമ്പി വേലി കൊണ്ട് തിരിച്ചു വെള്ളച്ചാട്ടവും സഞ്ചാരികളെയും തിരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു സുരക്ഷിതത്വം തോന്നും, ഒരു ബുദ്ധിക്കും നിരക്കാത്ത ചില സാഹസികതകള്‍ കാണേണ്ടല്ലോ. ഞാന്‍ ഫോട്ടോ എടുത്തിട്ടും തൃപ്തി വരാത്തത് കൊണ്ട് വേറെ ഒരാളെ കൊണ്ട് എടുപ്പിച്ചു. വെയില്‍ കൊണ്ട് ചെറിയ ക്ഷീണം തോന്നി തുടങ്ങി. ഇനി കേറണമല്ലോ തിരിച്ചു. അത് ആലോചിക്കുമ്പോ ഒരു വല്ലായ്ക.

ആരെങ്കിലും നമ്മെ എടുത്തു കൊണ്ട് പോയിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു. കേറി പകുതി ആയപ്പോഴേക്കും ക്ഷീണം തുടങ്ങി, തലവേദനയുടെ പിടിയില്‍ നിന്നും ചെറുതായി രക്ഷപെട്ടിട്ട് അധികം ദിവസം ആയിട്ടില്ല. നടന്നു കേറി. എത്ര സ്റ്റെപ്പുകള്‍ ഉണ്ട് എന്ന് എണ്ണണം എന്നുള്ള ആഗ്രഹം ഞാന്‍ മറന്നു പോയിരുന്നു. തിരികെ മുകളില്‍ എത്തിയപ്പോള്‍ എണ്ണി വരുന്ന ഒരുവനെ കണ്ടപ്പോള്‍ അവന്‍ പറയുകയുണ്ടായി 1500 എന്ന്. ആര്‍ക്കറിയാം. ജോഗ് ഫാള്‍സില്‍ വരുന്ന സഞ്ചാരികള്‍ക്ക് താരതമ്യേന നല്ല സൗകര്യം ഒരുക്കിയിട്ടുണ്ട് സര്‍ക്കാര്‍. അതില്‍ എടുത്തു പറയേണ്ടത് പാര്‍കിംഗ് സൗകര്യം ആണ്. ഇനി തിരിച്ചു പോകണം എനിക്ക്. ആദ്യം ട്രെയിന്‍ ബുക്ക് ചെയ്തിരുന്നത് ഉഡുപ്പിയില്‍ നിന്നാണ്, എന്നാല്‍ അന്നുള്ള പ്ലാന്‍ അല്ല ഇപ്പോള്‍ എന്നത് കൊണ്ട് ഭട്കല്‍ നിന്നു കേറുന്നതാണ് എളുപ്പം’ എന്ന് തോന്നിയത് കൊണ്ട് ഭട്കല്‍ നിന്നു ഉഡുപ്പി വരെ ആ ട്രെയിന്‍ തന്നെ വേറെ ടിക്കറ്റ് തരപ്പെടുത്തി. ജോഗ് ഫാള്‍സില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ ദൂരം ഉണ്ട് ഭട്കല്‍ വരെ. നേരിട്ട് ബസ് ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. കാത്തിരുന്നു കുറച്ചു നേരം. അപ്പോഴേക്കും മഴ പെയ്തു. നന്നായി പെയ്യുന്നു, വന്നു പോകുന്ന ബസുകള്‍ ഏതെന്നു അറിയാന്‍ ആഗ്രഹം ഇല്ല. ചോദിച്ചപ്പോള്‍ വരും വരും എന്നായിരുന്നു അവിടേം ഇവിടേം കേട്ട മറുപടി. ബസുകള്‍ വന്നു പോയി ഇരിക്കുന്നു, മഴയ്ക്ക് ഒരു ശമനവും ഇല്ല. നിങ്ങടെ ബസ് വന്നിട്ടും എന്താ പോകാത്തത് എന്ന് അടുത്തിരുന്ന ഒരാള്‍ ഹിന്ദിയില്‍ ചോദിച്ചപ്പോഴാണ് എന്റെ ബസ് വന്ന വിവരം ഞാന്‍ അറിഞ്ഞത്. ഞാന്‍ മഴയത്ത് ഓടി പോകുന്ന ബസിനു കൈ കാണിച്ചു ഭാഗ്യത്തിന് വണ്ടി നിര്‍ത്തി. സൈഡ് സീറ്റ് കിട്ടിയില്ല. എങ്കിലും ചില കാഴ്ചകള്‍ ഒക്കെ കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഒരു വല്യമ്മ ശര്‍ദ്ദിക്കാന്‍ തുടങ്ങി. പുള്ളിക്കാരിയുടെ മകന്‍ ആണെന്ന് തോന്നുന്നു എന്ത് കാര്യം ആയിട്ടാണ് അവരെ ശുശ്രൂഷിക്കുന്നത്. മുഖം തുടച്ചും, ഇടയ്ക്കും വെള്ളം കൊടുത്തും, കോരികളഞ്ഞും. ആ മകന്റെ മുഖത്ത് ഒരു നേരിയ ഈര്‍ഷ്യ പോലും ഞാന്‍ കണ്ടില്ല. എനിക്ക് അവരോടു സ്‌നേഹം തോന്നി.


അങ്ങനെ ഭട്കല്‍ എത്തി. ഇനി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ട് റെയില്‍വേ സ്‌റെഷനിലേക്ക്. ഓട്ടോക്കാര്‍ 100 രൂപ ചോദിക്കുന്നു. എന്റെ പട്ടി കൊടുക്കും. അടുത്ത് കണ്ട ഹോട്ടലില്‍ നിന്നു ബിരിയാണി വാങ്ങി അടിച്ചു ഞാന്‍ റോഡിന്റെ വലതു വശം കൂടി റെയില്‍വേ സ്‌റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഗൂഗിള്‍ മാപ്പ് നമ്മെ ചതിക്കില്ല എന്ന വിശ്വാസം. എങ്കിലും രാത്രി 10 മണി ആയതു കൊണ്ട് ആണെന്നു തോന്നുന്നു ആരെയും കാണാനില്ല ആ ഇടവഴികള്‍ ഏറെയുള്ള അനാഥമായ റോഡുകളില്‍. ആരെങ്കിലും പിടിച്ചു പറിക്കാന്‍ വരുകയാണ് എങ്കില്‍ ഒന്ന് ഓടിക്കളയാം എന്ന ആലോചനയില്‍ ശരീരം തയ്യാറാക്കി. തയ്യാറാക്കി വെച്ചത് കൊണ്ട് ആണെന്ന് തോന്നണു ആരും വന്നില്ല. 12 മണിക്ക് എത്തേണ്ട വണ്ടി, ഒരു മണി ആയി എത്തിയപ്പോള്‍. നേരെ ഷൊര്‍ണൂര്‍, അവിടെന്നു പാലക്കാട്, പിന്നെ കോയമ്പത്തൂര്‍. രാവിലെ നന്നായി വൈകി തന്നെയാണ് വണ്ടി വന്നത്. മീറ്റിംഗ് നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചു പറഞ്ഞു ചില സാങ്കേതിക കാരണങ്ങളാല്‍ ഞാന്‍ അല്പം ലേറ്റ് ആകും എന്ന്, അവര്‍ക്കും സന്തോഷം. കുറച്ചു നേരം വൈകി അവസാനിപ്പിച്ചാല്‍ തീരുന്ന കേസേ ഉള്ളു അത്. അങ്ങനെ ആ യാത്രയും ഇവിടെ അവസാനിച്ചു, അടുത്ത യാത്ര തുടങ്ങുന്നതിനു വേണ്ടി മാത്രം..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍