UPDATES

യാത്ര

ഡല്‍ഹി കാഴ്ചകളും എന്നെ കൂട്ടാതെ ഓടിപ്പോയ മണാലി ബസും

ഹിമാചല്‍പ്രദേശിലെ കുളുവിനും മണാലിക്കും ഇടയിലുള്ള ദേവ് തിബ്ബ ട്രെക്കിംഗ് നടത്തിയ ശ്രീനാഥ് പുത്തന്‍പുരയ്ക്കലിന്റെ അനുഭവങ്ങള്‍

ഹിമാചല്‍പ്രദേശിലെ കുളുവിനും മണാലിക്കും ഇടയിലുള്ള ദേവ് തിബ്ബ ട്രെക്കിംഗ് നടത്തിയ ശ്രീനാഥ് പുത്തന്‍പുരയ്ക്കലിന്റെ അനുഭവങ്ങളുടെ ആദ്യ ഭാഗം വായിക്കാം:

മണാലിയിലേക്കുള്ള യാത്ര; ഇടവേളയിലെ ഡല്‍ഹി കാഴ്ചകള്‍

മഞ്ഞു മൂടിക്കിടക്കുന്ന കുന്നുകളും പര്‍വതങ്ങളും നമ്മള്‍ തെക്കേ ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമായ കാഴ്ചയല്ല. ഈ ഹിമാലയന്‍ യാത്ര ഞാന്‍ ഈ സമയത്ത് ആഗ്രഹിച്ചിരുന്നോ എന്ന് തന്നെ അത്ഭുതമാണ്. യാത്രകളില്‍ മാത്രമല്ല ജീവിതത്തിലും എന്റെ വിശ്വാസം ഞാന്‍ തേടുന്നതിനെക്കാള്‍ ഗാഢമായി അനുഭവങ്ങളും കാഴ്ച്ചകളും എന്നെ തേടിയെത്തും എന്ന് തന്നെയാണ്. കേരളം കാണാന്‍ എന്റെ കൂടെ പോരണം എന്ന് ആഗ്രഹിച്ചിരുന്ന രണ്ട് കുട്ടിക്കൂട്ടുകാര്‍ ഉണ്ട് ഇവിടെ ഹൈദരാബാദില്‍; കേരളവും ഗോവയും കാണാന്‍ അവരെ കൊണ്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നു ഞാന്‍. ജോലിത്തിരക്ക് കാരണം പോകാന്‍ നിശ്ചയിച്ച ദിവസങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ എപ്പോഴാണ് ഒരു ഹിമാലയന്‍ ട്രെക്കിങ്ങിനു പോകണം എന്ന് തോന്നിയതെന്നറിയില്ല. ഇന്റര്‍നെറ്റ് സര്‍ഫിങ്ങില്‍ ഊളിയിടുന്നിതിന് ഇടയില്‍ എപ്പോഴോ കണ്ടു യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ നടത്തുന്ന ട്രെക്കിംഗ് പരിപാടികള്‍, പണം വളരെ കുറവ് എന്നതിനാല്‍ വീണ്ടും വീണ്ടും നോക്കി. പിന്നെ കാത്തു നിന്നില്ല, ബുക്ക് ചെയ്യാന്‍ തീരുമാനിച്ചു.

മുമ്പ് പറഞ്ഞ കുട്ടിക്കൂട്ടുകാര്‍ക്ക് 14 ദിവസം ജോലിയില്‍ നിന്നും മാറി നില്‍ക്കാനാവില്ല എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി; ഒറ്റക്ക് പോകുക എന്നത് ഒരു സ്വാതന്ത്ര്യം തന്നെയാണ്, കൂട്ട് ചിലപ്പോള്‍ ബാധ്യതയും, എനിക്കല്ല, ഞാന്‍ അവര്‍ക്ക്. 10 ദിവസത്തെ ട്രെക്കിംഗ് ആണ്, ഒരു ബാച്ചില്‍ ഏകദേശം 50 പേര്‍ക്ക് ആണ് അവസരം. അങ്ങനെ മെയ് 10 ന് തുടങ്ങുന്ന ബാച്ചില്‍ ട്രെക്കിങ്ങിനു പോകാന്‍ തീരുമാനിച്ചു, സര്‍പാസും, ചന്ദര്‍ഖേനിയും സീറ്റ് ലഭ്യമല്ല എന്ന് കണ്ടപ്പോള്‍ മനസ്സില്‍ ഒരു ദുഃഖം തോന്നാതിരുന്നില്ല, ദിയോ തിബ്ബ ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിംഗില്‍ മാത്രമാണ് സീറ്റ് നിലവില്‍ ഉണ്ടായിരുന്നത്. വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ അല്‍പം നിരാശ തോന്നാതിരുന്നില്ല. മഞ്ഞു നിറഞ്ഞ ഹിമാലയന്‍ ചെരുവുകള്‍ സ്വപ്നം കണ്ടവന്റെ മുന്നില്‍ ഒരു മലംചെരിവ് തല ഉയര്‍ത്തി നില്‍ക്കുന്നു. സാധാരണ ചെയ്യുന്ന പോലെ നിര്‍ഭാഗ്യത്തെ പഴി ചാരി. ദിയോ തിബ്ബ എന്നാണ് ഇംഗ്ലീഷില്‍ കാണുന്നതെങ്കിലും അവിടത്തുകാര്‍, ദേവന്മാര്‍ കുടിയിരിക്കുന്ന എന്ന അര്‍ത്ഥത്തിലുള്ള ദേവ് തിബ്ബ എന്നാണത്രേ പറയുക.


സൗഹൃദ സംഭാഷണങ്ങളില്‍ എപ്പോഴോ പോകുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ഒരു ഹൈദരാബാദി സുഹൃത്തിനും, വേറൊരു രാജസ്ഥാനി സുഹൃത്തിനും വന്നാല്‍ കൊള്ളാം എന്നായി. ഞാന്‍ ഓകെ പറഞ്ഞു. രണ്ടു പേരോടും മണാലിയില്‍ കാണാം എന്ന് വാക്ക് പറഞ്ഞു. ട്രെക്കിങ്ങിനു ഉള്ള ബേസ് ക്യാമ്പ് കുളുവിനും മണാലിക്കും ഇടയിലുള്ള കട്രൈന്‍ എന്ന സ്ഥലത്താണ്. ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ സര്‍ക്കാര്‍ ബസ് കിട്ടും. അതാണ് കയ്യില്‍ ഒതുങ്ങുന്ന യാത്ര സൗകര്യം. കൂടുതല്‍ സൗകര്യം വേണ്ടവര്‍ക്ക്, ചാഞ്ഞും ചരിഞ്ഞും കിടക്കാന്‍ പറ്റുന്ന ശീതികരിച്ച വണ്ടി കിട്ടും. ഞാന്‍ ഒരു വേദനിക്കുന്ന കോടീശ്വരന്‍ ആയതുകൊണ്ട് അല്‍പം വേദന സഹിച്ചു സാധാരണ ബസില്‍ പോകാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ നിന്നും മണാലിക്ക് 14 മണിക്കൂര്‍ യാത്രയുണ്ട്. അങ്ങനെ ബസ് ടിക്കറ്റും ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്തു, ഈ ട്രെക്കിങ്ങിന് ഒപ്പം ഒരു ദിവസം വീതം ഡല്‍ഹിയിലും ചണ്ഡിഗഡിലും ചെലവഴിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി പോകും വഴിയും, ചണ്ഡിഗഡ് തിരിച്ചു വരുന്ന വഴിയും; അതിനനുസരിച്ചാണ് യാത്ര ക്രമീകരിച്ചത്.

അങ്ങനെ ആ ദിവസം വന്നെത്തി, മെയ്-8. രാവിലെ 6.30-നുള്ള ട്രെയിനില്‍ ഹൈദരാബാദ് നിന്നും ഡല്‍ഹിക്ക് പുറപ്പെട്ടു. ഇത് വരെയുള്ള ഡല്‍ഹി യാത്രകളില്‍ പോകാന്‍ സാധിക്കാത്ത ഇടങ്ങള്‍ കാണാന്‍ മനസ് വ്യഗ്രത കൂട്ടി. എന്തൊരു ഭീകരം ആയിരുന്നെന്നോ ട്രെയിന്‍ യാത്ര? ശരീരമാസകലം വരഞ്ഞു മസാല പുരട്ടി അടുപ്പില്‍ വേവിക്കുന്ന വികാരം. ഉഷ്ണം അതിന്റെ കാഠിന്യം മുഴുവന്‍ നമ്മില്‍ തീര്‍ക്കുന്നു. വിയര്‍ത്ത് കുളിക്കുന്നു, പുകയുന്നു, ഇടവേളകളില്‍ ടവല്‍ നനച്ച് അല്‍പം ശമനം തേടി. പിറ്റേന്ന് രാവിലെ 8.30 ആയപ്പോഴേക്കും ട്രെയിന്‍ നിസാമുദ്ദിന്‍ സ്റ്റേഷനില്‍ എത്തി. പിന്നെ പതുക്കെ ഗൂഗിള്‍ മാപ്പ് ഓണ്‍ ആക്കി വെച്ചു പിടിപ്പിച്ചു. നിസാമുദ്ദിന്‍ ദര്‍ഗയിലേക്ക്. സൂഫി വര്യനായ ഖ്വാജ നിസ്സാമുദ്ദിന്‍ ഔലിയായുടെ നാമധേയത്തിലുള്ള ഈ ദര്‍ഗ വളരെ പ്രശസ്തമാണ്. കടന്നു പോകുന്ന വഴികളില്‍ ഗലികളുടെ തനതു ഗന്ധം ഉണ്ട്. ആരോടും വഴി ചോദിക്കേണ്ടി വന്നില്ല. ചെരിപ്പ് സൂക്ഷിക്കാന്‍ ദര്‍ഗയുടെ മുന്നിലുള്ള കച്ചവടക്കാര്‍ വിളിക്കുന്നു. ഒരിടത്തേക്ക് ചെന്നപ്പോള്‍, രാവിലെ തന്നെ പോകുന്നതല്ലേ കാഴ്ചസമര്‍പ്പണത്തിന് എന്തെങ്കിലും വാങ്ങാന്‍ ആവശ്യപ്പെട്ടു. സ്‌നേഹപൂര്‍വ്വം അത് നിരസിച്ചപ്പോള്‍ ചെരിപ്പ് വേറെ എവിടെ എങ്കിലും കൊടുക്കാന്‍ ആവശ്യപ്പെട്ടു. അലഞ്ഞു തിരിയുന്ന ഒരു ആത്മാവല്ലാതെ നമുക്ക് എന്താണ് സമര്‍പ്പിക്കാനുള്ളത്, ഏതു ദേവാലയത്തില്‍ ആയാലും. ചെരിപ്പ് സൂക്ഷിക്കാന്‍ വേറൊരു ഇടത്തില്‍ കൊടുത്തു ടോക്കന്‍ വാങ്ങി ദര്‍ഗയുടെ ഉള്ളിലേക്ക് കടന്നു.

ഹുമയൂണിന്റെ ശവകുടീരം
ക്യാമറ നിരോധിച്ചത് കൊണ്ട് ചിത്രങ്ങള്‍ എടുക്കാന്‍ ആയില്ല. ദര്‍ഗയുടെ ഉള്ളിലേക്ക് കടക്കുന്ന വശങ്ങളില്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന ഫക്കീറുകള്‍ പൈസ ചോദിക്കുന്നുണ്ട്. കുടീരത്തിന്റെ ഉള്ളില്‍ പോയില്ല. അതിനു തൊട്ടു മുന്നില്‍ കുറെ നേരം ഇരുന്നു. മനസ് അസ്വസ്ഥമാണ്. ഓരോ യാത്രയും അലച്ചിലുകള്‍ ആണ്. ഗതി അറിയാതെ എവിടെക്കോ വീശുന്ന കാറ്റ്. കണ്ണുകള്‍ അടച്ചു, ബാഗിനെ മുറുക്കെ പുണര്‍ന്നു ഞാന്‍ കുറെ നേരം അവിടെ ഇരുന്നു. ഇനി വയ്യ, പതുക്കെ പുറത്തോട്ട് ഇറങ്ങി. അടുത്ത ഇടം ഹുമയൂണിന്റെ ശവകുടീരമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഈ കുടീരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇത്തരം മാതൃകയില്‍ ഉള്ള ആദ്യത്തേതാണ്. ഹുമയൂണിന്റെ ആദ്യ ഭാര്യയായ ബേഗാ ബീഗം ആണ് ഇത് പണി കഴിപ്പിച്ചിട്ടുള്ളത്. ദര്‍ഗയില്‍ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളു. വിശപ്പ് നന്നായി തോന്നി തുടങ്ങി. ഹുമയൂണ്‍ ടോംബിനു തൊട്ടു മുന്നില്‍ കാണുന്ന ഒരു ചെറിയ കടയില്‍ നിന്നും കഴിക്കാന്‍ തീരുമാനിച്ചു, രണ്ടു പറാത്ത ഒരു കടലാസില്‍ അവര്‍ തന്നു, കൂടെ പരിപ്പ് കറിയും. ആകെ 20 രൂപ.

ഭക്ഷണത്തിന് ശേഷം 30 രൂപയുടെ പാസ് എടുത്ത് ഉള്ളില്‍ കടന്നു. അധികം തിരക്ക് ഇല്ല, അവിടെ ഉള്ളവരില്‍ ഏറിയ കൂറും വിദേശികള്‍ ആണ്. വളരെ ശാന്തം ആയ ഇടം. ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. ആദ്യം തന്നെ കാണുക ഈസ ഖാന്റെ ശവകുടീരം ആണ്. ഷേര്‍ഷയുടെ രാജസന്നിധിയിലെ ഒരു പ്രമാണി ആയിരുന്നു ടിയാന്‍. എന്തുകൊണ്ട് മുഗളന്മാര്‍ ഇത് പൊളിച്ചു കളഞ്ഞില്ല എന്ന് ഞാന്‍ ചിന്തിച്ചു. വിജയിക്കുന്നവരുടെ പ്രധാനമായ ചെയ്തി എന്നത് ചരിത്രം തങ്ങളുടേതാക്കി നിര്‍വചിക്കുകയും മറ്റുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് ഇന്നും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ.

കവാടം തന്നെ കാണാന്‍ നല്ല ചന്തം തോന്നി. മതിലിലെ കല്ലുകള്‍ തെളിഞ്ഞു കാണാം. കല്ല് വിരിച്ച നടപ്പാത, ചുറ്റും പച്ചപുല്ലിന്റെ പരവതാനി. ഉള്ളില്‍ കുടീരത്തിന്റെ തൊട്ടു മുന്നിലുള്ള ഉരുക്ക് ചങ്ങലകള്‍ കൊണ്ടുള്ള കര്‍ട്ടന്‍ എനിക്ക് കൗതുകം തോന്നിച്ചു. വെയില്‍ അതിന്റെ കാഠിന്യം കാണിച്ചു തുടങ്ങി. അവിടെ നിന്ന് ഇറങ്ങി വീണ്ടും നടന്നു. പ്രധാന കുടീരം ചാര്‍ ബാഗ് എന്ന പൂന്തോട്ടത്തിനു ചേര്‍ന്നാണ്. അവിടെ എത്തിയപ്പോള്‍ താജ് മഹല്‍ ഓര്‍മ വന്നു. കവാടം മുതല്‍ ഒഴുകുന്ന ചെറിയ ഒരു ജലധാര നിര്‍മിച്ചിട്ടുണ്ട് അവിടെ. മറ്റു ചില മുഗളന്മാരുടെ ശവകുടീരങ്ങളും അവിടെ കാണാന്‍ സാധിക്കും. ചേതനയറ്റ ശരീരങ്ങളെ നമ്മള്‍ എത്ര മാത്രം താലോലിക്കുന്നു എന്ന് തോന്നിപ്പോയി ചിലപ്പോഴെല്ലാം.

പുരാന കില

അടുത്ത ലക്ഷ്യങ്ങള്‍ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കും, പുരാന കിലയും ആണ്. നടത്തമാണ് മുഴുവന്‍, രണ്ടു ദിവസം കഴിഞ്ഞുള്ള ട്രെക്കിങ്ങിനു മുന്നോടിയായിക്കോട്ടെ എന്ന് ഞാനും കരുതി. ആദ്യം മൃഗശാലയിലേക്ക് പോയി. പോകണം എന്ന് വലിയ ആഗ്രഹം ഒന്നും ഉണ്ടായിട്ടല്ല, വെയിലിന്റെ കഠിനതയില്‍ അല്‍പം പച്ചപ്പ്. അത്രേ ഉദേശം ഉണ്ടായിരുന്നുള്ളു. ഡല്‍ഹി എന്ന മഹാനഗരത്തിന്റെ നടുവില്‍ 176 ഏക്കറില്‍ പരന്നു കിടക്കുന്ന മൃഗങ്ങള്‍ക്കായുള്ള അടിമ സങ്കേതം. കാഴ്ചകള്‍ കണ്ട് നടന്നു തുടങ്ങി. എന്റെ കുഴപ്പം ആണെന്ന് തോന്നുന്നു, ഇത് വരെയും കണ്ടിട്ടുള്ള എല്ലാ മൃഗശാലകളും ഒരു പോലെ ഇരിക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തൊരു അരസികനാണ് ഞാന്‍ അല്ലേ? കുടിക്കാന്‍ വെള്ളം കിട്ടും എന്ന് അറിഞ്ഞപ്പോള്‍ കുറെ സന്തോഷം തോന്നി. പൈസ കൊടുക്കേണ്ടല്ലോ. വെള്ളക്കടുവകളെ കണ്ടപ്പോള്‍ കുറച്ചു നേരം നോക്കി നിന്നു. അവര്‍ അനങ്ങുന്നില്ല, കിടക്കുകയാണ്. എന്നാല്‍ അവര്‍ എഴുന്നേല്‍ക്കുന്നത് കണ്ടിട്ട് തന്നെ കാര്യം എന്ന നിലയില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. എഴുന്നേറ്റപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം, ഒന്ന് രണ്ടു ചിത്രങ്ങള്‍ എടുത്തു അടുത്ത അന്തേവാസികളെ കാണാന്‍ നടന്നു തുടങ്ങി. നല്ല ക്ഷീണമുണ്ട്. അല്‍പനേരം ഒന്ന് മയങ്ങണം എന്ന് തോന്നി. പച്ചപ്പ് പുതച്ച ആ കൃത്രിമ കാട്ടില്‍ ഒരു നല്ല ഇടം കണ്ടെത്താന്‍ എന്റെ മനസിന് കഴിഞ്ഞില്ല. പുരാന കില എന്റെ മനസ്സില്‍ വരുന്നത് അങ്ങനെ ആണ്. മൃഗശാലയോട് തൊട്ടു ചേര്‍ന്നാണ് അത്. സാമൂഹ്യപാഠ പുസ്തകത്തിലെ മുഗളന്മാരുടെ കാലം പഠിക്കുമ്പോള്‍ ഇടയ്ക്കു ഇടിച്ചു കേറി വരുന്ന ഒരു കൊമ്പന്‍ മീശക്കാരന്‍ ഷേര്‍ഷ സ്ഥാപിച്ചതാണീ ഈ പുരാന കില എന്ന കോട്ട.

പുരാന കിലക്ക് പുറത്ത് മനോഹരമായ ഒരു തടാകം ഉണ്ടെന്നും, ആ തടാകത്തില്‍ വഞ്ചിയില്‍ കേറാം എന്നുമൊക്കെ ഞാന്‍ സ്വപ്നം കണ്ടിരുന്നു. അതിനെ തകിടം മറിച്ചു കൊണ്ട് ആ തടാകത്തിലേക്കുള്ള വാതില്‍ അടഞ്ഞു കിടന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എന്തോ പണികള്‍ അവിടെ നടക്കുന്നു എന്ന ലാഘവത്തോടെ ഒരു മറുപടി ആണ് കിട്ടിയത്. എന്തായാലും കോട്ടയിലേക്ക് നടന്നു. പ്രൗഡ ഗംഭീരമായ കോട്ടവാതില്‍ ആണ് അവിടുള്ളത്. ഡല്‍ഹിയിലെ വെയില്‍ എന്നെ പൊള്ളിക്കുകയും, വിയര്‍പ്പിക്കുകയും ചെയ്യുന്നു. കാമുകീകാമുകന്മാരുടെ സ്വര്‍ഗം പോലെ തോന്നി അവിടം. പൊരിവെയിലത്തും അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ പങ്ക് വെക്കുകയാണ്. എനിക്ക് അവരോട് അസൂയ തോന്നാതിരുന്നില്ല. പൊരി വെയിലിലും പ്രണയിതാവിന്റെ സാമീപ്യം അവര്‍ക്ക് കുളികാറ്റ് ന്ല്‍കുന്നുണ്ടായിരിക്കാം. ഒരു നല്ല മരച്ചുവട് കണ്ട് പിടിച്ചു ഞാന്‍ അവിടെ കിടന്നു മയങ്ങാന്‍ തുടങ്ങി. ഹിമാലയന്‍ സ്വപ്നങ്ങളെ ഞാന്‍ മനപ്പൂര്‍വം തടഞ്ഞു വെച്ചിരിക്കുകയാണ്. ഒന്നും ഓര്‍ക്കാതെ മയങ്ങാന്‍ ഇടയ്ക്കു പ്രയോഗിക്കാറുള്ള 10 മുതല്‍ 1 വരെ കൗണ്ട് ഡൌണ്‍ ചെയ്തു. എത്ര നേരം അങ്ങനെ ചെയ്തു എന്ന് ഓര്‍മയില്ല ഞാന്‍ മയങ്ങി പോയി. മയക്കം കഴിഞ്ഞു പതുക്കെ എഴുന്നേറ്റു കാഴ്ചകള്‍ കാണാന്‍ എഴുന്നേറ്റപ്പോള്‍ അതിലും കൗതുകമായ കാഴ്ച.

ബംഗ്ലാ സാഹിബ് ഗുരുദ്വാര 

പ്രണയം നുകരുന്ന പ്രിയ കൗമാര, യൗവനങ്ങളെ ആട്ടിയോടിക്കുന്ന ഉദ്യോഗസ്ഥര്‍, എന്റെ മനസ് വല്ലാതെ ആയി. എങ്കിലും എന്റെ യാത്ര തുടരുക തന്നെ. പടിഞ്ഞാറ്, തെക്ക് വടക്ക് കവാടങ്ങള്‍ ആകാരങ്ങള്‍ കൊണ്ടും സൗകുമാര്യം കൊണ്ടും നമ്മെ ആകര്‍ഷിക്കും. പുരാന കിലയില്‍ നിന്ന് എവിടെ പോകും എന്നതിന് എനിക്ക് നല്ല നിശ്ചയം ഉണ്ട്. അത് വേറെ എങ്ങും അല്ല, ബംഗ്ലാ സാഹിബ് ഗുരുദ്വാര ആണ് അത്. പണ്ട് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ ഉള്ള ഒരു അഡിക്ഷന്‍ ആണ്, സിഖ് ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുക എന്നത്. പുരാന കിലയില്‍ നിന്ന് പുറത്ത് വന്നു ഓട്ടോക്കാരോട് ചോദിച്ചപ്പോള്‍ അവര്‍ 100 രൂപയില്‍ നിന്ന് കുറഞ്ഞൊരു തുക പറയുന്നില്ല. ഒരു ക്യാബോ ഓണ്‍ലൈന്‍ ഓട്ടോയോ ബുക്ക് ചെയ്യാന്‍ ആണെങ്കില്‍ എന്റെ ഫോണ്‍ ഓഫ് ആയി കഴിഞ്ഞിരിക്കുന്നു. വഴി ചോദിച്ചു വല്ല ബസിനും പോകുക തന്നെ. നടക്കാന്‍ വഴി കാട്ടാന്‍ നമ്മുടെ ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കുകയും ഇല്ലാലോ. തൊട്ടടുത്ത് കണ്ട ഒരു കടയില്‍ ചോദിച്ചു ബസ് കേറി. സീറ്റ് കിട്ടി. അത് നേരിട്ട് ഗുരുദ്വാരയില്‍ പോകില്ല, ഒന്നര കിലോമീറ്റര്‍ അപ്പുറത്ത് വരെ പോകും. ബസ് ഇറങ്ങി നടന്നു. കോണാട്ട് പ്ലേസ് അടുത്തുള്ള ഹനുമാന്‍ ക്ഷേത്രം കടന്നു വേണം നടന്നു പോകാന്‍. ഞാന്‍ ക്ഷേത്രത്തില്‍ കയറിയില്ല, ഗുരുദ്വാര എത്താനുള്ള ധൃതിയില്‍ ആയിരുന്നു. നടന്നു അവിടെ എത്തി.

കാല്‍ കഴുകി ഉള്ളില്‍ കടന്നു. അതാ ഭക്ഷണം വിതരണം ചെയ്യുന്നു. ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല ഇത് വരെ. വൈകുന്നേരം 4 മണി ആകാറായിരിക്കുന്നു. നല്ല വിശപ്പ്, ഞാന്‍ നേരെ നല്ലൊരു ഇടം പിടിച്ചു. ഇപ്പൊള്‍ നിങ്ങള്‍ക്ക് മനസിലായി കാണും എന്താ ഗുരുദ്വാര ഇത്ര പ്രിയം എന്ന്. റൊട്ടിയും കറിയും, ചോറും, പിന്നെ പായസവും ഉണ്ടായിരുന്നു, വയര്‍ മുട്ടെ കഴിച്ചു. ഭജനുകളാണെന്ന് തോന്നുന്നു, മൈക്കിലൂടെ നേര്‍ത്ത ശബ്ദങ്ങള്‍ പതുക്കെ ഒഴുകി വരുന്നുണ്ട്. പതുക്കെ അവരുടെ അടുത്തെക്ക് നടന്നു. ഒരു തുറിച്ചു നോക്കുന്ന കണ്ണുകളും അവിടെ കണ്ടില്ല. നമ്മളുടെ സാനിധ്യം അവിടെയുണ്ടെന്ന് അവര്‍ ശ്രദ്ധിക്കുന്നു പോലും ഇല്ല. അവിടെ ചടഞ്ഞിരുന്നു, എയര്‍ കണ്ടിഷന്‍ ചെയ്ത ഹാള്‍ ആയതിനാല്‍ നല്ല കുളിര്‍മ! പതിനേഴാം നൂറ്റാണ്ടില്‍ രാജാ ജയ് സിംഗിനാല്‍ പണി കഴിക്കപ്പെട്ടിട്ടുള്ള ഈ ഗുരുദ്വാര എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹര്‍ കിഷന്റെ മനുഷ്യ സ്‌നേഹത്തിന്റെ ത്യഗോജ്ജല കഥയുടെ കൂടി ശേഷിപ്പാണ്. ഗുരു ഹര്‍ കിഷന്‍ തന്റെ സന്ദര്‍ശനങ്ങളുടെ ഭാഗമായി ഇവിടെ താമസിച്ചിരുന്നു, ആ സമയത്ത് പടര്‍ന്ന വസൂരിയുടെയും കൊളറയുടെയും കാലത്ത് ആളുകകള്‍ക്ക് ശുശ്രൂഷ ചെയ്യുകയും തുടര്‍ന്ന് ആ രോഗം ബാധിച്ചു തന്നെ മരണപ്പെടുകയും ചെയ്തു. ഗുരുദ്വാരയോടു ചേര്‍ന്ന് തന്നെ സരോവര്‍ എന്ന തടാകവും ഉണ്ട്. ഗുരുദ്വാരയുടെ പ്രതിബിംബം തടാകത്തില്‍ പതിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ നല്ല രസമുണ്ട്, പക്ഷെ ഒരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ആളുകള്‍ പല ഭാഗങ്ങളില്‍ ഇറങ്ങുമ്പോഴുള്ള അലയൊലികള്‍ ഉള്ളത് കൊണ്ട് പ്രതിച്ഛായ അത്ര വ്യക്തമല്ല താനും.

പാലിക ബസാര്‍

ഗുരുദ്വാരയിലെ വിശ്രമിക്കാനുള്ള ഇടങ്ങളില്‍ ഞാന്‍ പതിയെ എന്റെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വഴി ഉണ്ടോ എന്ന് നോക്കി, ഒട്ടു മിക്ക പ്ലഗുകളും പ്രവര്‍ത്തന രഹിതമാണ്. അങ്ങനെ കുറച്ചു മുന്നോട്ട് നീങ്ങുമ്പോള്‍ കുടി വെള്ളം വിതരണം ചെയ്യുന്ന ഇടത്തിനു അടുത്തായി ഞാന്‍ ഒരു പ്ലഗ് കണ്ടുപിടിച്ചു, അവിടെ കിടന്നു വിശ്രമിക്കാം എന്ന് കരുതുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് കുടി വെള്ളം വിതരണം ചെയ്യുന്നത് ചെറിയ സ്റ്റീല്‍ പാത്രങ്ങളിലാണ്. കുടിച്ചതിനു ശേഷം ആ പാത്രങ്ങള്‍ ആദ്യം സോപ്പ് വെള്ളത്തിലും പിന്നീട് രണ്ടു വട്ടം സാധാരണ വെള്ളത്തിലും ഇട്ടു വൃത്തിയാക്കിയതിനു ശേഷം ആണ് വീണ്ടും ഉപയോഗിക്കുന്നത്. എത്ര സൗമ്യമായാണ് അവര്‍ അത് ചെയ്യുന്നത്. മുഖത്ത് ഒരു പരിഭവവും ഇല്ല. മലര്‍ന്നു അല്‍പ നേരം കിടന്നതിനു ശേഷം ഞാന്‍ അവരെ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചോദ്യം, ഞങ്ങളെ സഹായിക്കാമോ? അതില്‍ ഒരാള്‍ക്ക് വേറെ എങ്ങോ പോകണം. എനിക്ക് സന്തോഷമായി അവര്‍ ക്ഷണിച്ചതില്‍. ഞാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ മുക്കി കഴുകുന്ന ജോലി ഏറ്റെടുത്തു. ഇടയ്ക്കു അവര്‍ ചായ തന്നു. എനിക്ക് ഒരുപാട് സന്തോഷമായി, ചായ എന്നും എന്റെ ഒരു ബലഹീനതകളില്‍ ഒന്നായിരുന്നു. പാലിക ബസാറും പഹാര്‍ ഗഞ്ചും കാണാന്‍ പോകണം എന്ന ആഗ്രഹം കൂടി വന്നപ്പോള്‍ ഞാന്‍ പതിയെ അവിടെ നിന്ന് എഴുന്നേറ്റു.

ഫോണ്‍ ചാര്‍ജ് ഏകദേശം 40 ശതമാനം ആയിരുന്നു. പാലിക ബസാര്‍ അണ്ടര്‍ ഗ്രൗണ്ടില്‍ ഉള്ള ഒരു മാര്‍ക്കറ്റ് ആണ്. അത്തരം ഒന്ന് ഇതുവരെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അവിടെ പോകണം എന്ന കൗതുകം ഉദിച്ചത്. ഒന്നും വാങ്ങാന്‍ ഉദ്ദേശ്യം ഇല്ലായിരുന്നു. സമയത്തിന്റെ പരിമിതി മൂലം അധിക നേരം അവിടെ ചെലവഴിച്ചും ഇല്ല. പിന്നെ ജിപിഎസ് ഓണ്‍ ആക്കി പഹാഡ്ഗഞ്ചിലേക്ക് വെച്ചു പിടിപ്പിച്ചു. അവിടെ ഏതെങ്കിലും ധാബയില്‍ കയറി ഭക്ഷണം കഴിക്കാം എന്ന് വിചാരിച്ചാണ് ഈ നടപ്പ് മുഴുവന്‍. രാത്രി പത്തിനാണ് കശ്മീരി ഗേറ്റില്‍ നിന്നും മണാലിക്ക് ബസ്. പഹാഡ്ഗഞ്ച് എത്തിയതും വിശപ്പ് എങ്ങോ പോയി. രണ്ടു ചായ കുടിച്ചു. പിന്നെ കശ്മീരി ഗേറ്റിലേക്ക് ബസ് കേറി. രാത്രി ആയിട്ടും നല്ല ചൂട് ഉണ്ട്. ശരീരം വേവുന്ന പോലെ തോന്നുന്നു. ഏകദേശം രാത്രി 9.30-ന് അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനസില്‍ എത്തി. അവിടെ എത്തിയപ്പോള്‍ മൊത്തം കണ്‍ഫ്യൂഷന്‍. ബസിനു ഒന്നും നമ്പര്‍ ഇല്ല. കൗണ്ടറില്‍ ആണെങ്കില്‍ നല്ല തിരക്കും, അവസാനം നുഴഞ്ഞു കയറി ചോദിച്ചപ്പോള്‍ സമയം ആകുമ്പോള്‍ വരും എന്ന ഉദാസീനമായ മറുപടി. വലിയ സ്‌ക്രീനില്‍ വരുന്ന വണ്ടികളുടെ ലിസ്റ്റ് കാണിക്കുന്നുണ്ട്. 10.15 ആയപ്പോള്‍ ഒരു മണാലി ഓര്‍ഡിനറി ബസ് സ്‌ക്രീനില്‍ തെളിഞ്ഞു. നോക്കിയിട്ട് ബസ് കാണാനുമില്ല. 10.20 ആയപ്പോള്‍ സഹികെട്ട് വീണ്ടും ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ചോദിച്ചപ്പോള്‍ വരും എന്ന മറുപടി കേട്ടു. മനസ് ആകെ അസ്വസ്ഥമായി. വേറെ ഒരു ഡ്രൈവര്‍ വരുന്നുണ്ടായിരുന്നു, അയാളോട് ചോദിച്ചപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന ടിക്കറ്റ് എടുത്ത് നോക്കി ഒരു സത്യം വെളിപ്പെടുത്തി. ഓര്‍ഡിനറി ബസുകള്‍ അവിടെ വരില്ല.


മണാലിക്കുള്ള ബസ് തൊട്ടു എതിര്‍വശത്ത് നിര്‍ത്തിയിട്ടാണ് ആളുകളെ കയറ്റി കൊണ്ട് പോവുകയെന്നും ആ ബസ് അവിടെ കിടപ്പുണ്ടായിരുന്നുവെന്നും ആ ഡ്രൈവര്‍ പറഞ്ഞു. ഞാന്‍ ഓടി, ഡല്‍ഹി മണാലി എന്ന് എഴുതിയ ഒരു ബസ് എന്റെ കുറച്ചു മുന്‍പിലൂടെ നീങ്ങുന്നത് കണ്ടു. എത്തിപ്പിടിക്കാന്‍ ഞാന്‍ വേഗത്തില്‍ ഓടി. അപ്പോഴതാ ഓടുന്ന വഴിയില്‍ ആരോ വിലങ്ങനെ ഒരു മൂന്നടി പൊക്കത്തില്‍ ഒരു മുള്ളുകമ്പി കെട്ടിയിരിക്കുന്നു. ഞാന്‍ അതും കുനിഞ്ഞു കടന്നു. പക്ഷെ എന്റെ ബാഗ് കടന്നില്ല. അതവിടെ കുടുങ്ങി. പിന്നെ ബാഗിന്റെ കുറച്ചു ഭാഗത്തെ തുന്നല്‍ വിട്ടു സിപ്പ് പോയി. ബാഗും കെട്ടി വാരി ഓടി ബസിനു ഒപ്പം എത്താന്‍ ഉള്ള അവസാന കുതിപ്പിന് ഇടയില്‍ ഡ്രൈവര്‍ അടുത്ത ഗിയര്‍ മാറി അത്യാവശ്യം വേഗതയില്‍ പോയിരുന്നു. എന്ത് ചെയ്യേണ്ടൂ എന്നറിയാതെ ഞാന്‍ നിന്നു. രണ്ടു മാസം മുമ്പ് മുംബൈ കറങ്ങാന്‍ പോയി തിരിച്ചു പോകാന്‍ ഉള്ള ട്രെയിന്‍ കണ്ണിനു തൊട്ടു മുന്നിലൂടെ എന്നെ കൂട്ടാതെപോയപ്പോള്‍ മനസ്സില്‍ ചിരി പൊട്ടിയിരുന്നു. ഇപ്പോള്‍ എന്തോ എനിക്ക് ചിരി വന്നില്ല. മൊത്തം ശൂന്യത, ചൂട് എരിഞ്ഞടങ്ങാത്ത ആ രാവില്‍ കശ്മീരി ഗേറ്റ് ബസ് ടെര്‍മിനസ് എന്ന കൂറ്റന്‍ കെട്ടിടത്തിനു മുന്നില്‍ ഒരു മതിലില്‍ ചാരി എന്ത് ചെയ്യണം എന്ന് കണ്ണുകള്‍ അടച്ചു ആലോചിക്കുകയായിരുന്നു.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍