നുവാര എലിയയെ ‘ശ്രീലങ്കയുടെ ഇടുക്കി’ എന്നുവിളിക്കാം. കാരണം ചായതോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും, സുഗന്ധവ്യഞ്ജന തോട്ടങ്ങളും കോടമഞ്ഞും ഒക്കെ നിറഞ്ഞ ഇടുക്കി പോലെ തന്നെ സുന്ദരിയാണ് നുവാര ഏലിയ
സൂര്യന്റെ ഉച്ചരശ്മികള്‍ കനത്തു തുടങ്ങിയിരിക്കുന്നു. ഹിക്കടുവ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ആ ചെറിയ വീഥിയില്‍ ഒരുപാട് കടകമ്പോളങ്ങളുണ്ട്. തീരത്തെ കടകളില്‍ ഉച്ചഭക്ഷണത്തിന്റെ കോപ്പുകൂട്ടലാണ്! കൊതിപ്പിക്കുന്ന കൊത്തുപൊറോട്ടയുടെയും മീന്‍കറിയുടെയും മണവും, വറുത്തു കോരുന്ന കിരു കിരു ശബ്ദങ്ങളും! വഴി നിറയെ ഉച്ചച്ചൂട് ശമിപ്പിക്കാന്‍ ഇളനീര്‍ വില്‍ക്കുന്നവര്‍! ഒരു ഇളനീരും കുടിച്ചു കൊണ്ട് ഇടവഴി തിരിഞ്ഞു നടക്കുന്നതിനിടയില്‍, പെട്ടന്നാണ് അത് കണ്ടത്.. ഒരു കടയുടെ മുന്‍വശത്തു ചേര്‍ന്നിരുന്ന്, ഒരു അമ്മൂമ്മ തന്റെ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വര്‍ണ്ണാഭമായ നൂലുകളും മുത്തുകളും തുന്നി പിടിപ്പിക്കുന്നു. ആ തുരുമ്പു തട്ടിയ സൂചി, നൂലുകളില്‍ മുത്തുകള്‍ കോര്‍ത്തുകൊണ്ട് താളാത്മകമായി താഴുകയും ഉയരുകയും ചെയ്യുന്നു..
അത്തരത്തില്‍ നെയ്തുണ്ടാക്കിയ മാലകളും, കാല്‍ത്തളകളും, വളകളും വില്‍പനയ്ക്കായി മുന്നില്‍ നിരത്തി വെച്ചിട്ടുണ്ട്. നേരിയ മുത്തുകള്‍ കോര്‍ത്ത, മണികിലുക്കത്തെ ഓര്‍മിപ്പിക്കുന്ന ഒരു മനോഹരമായ തൊങ്ങല്‍ പോലുള്ള ബ്രേയിസിലറ്റ് കൗതുകത്തോടെ എടുത്തു നോക്കി. വളരെ സങ്കീര്‍ണ്ണമായ തുന്നലാണ്, അതിമനോഹരം! ഭാഷ അറിയാത്തതു കൊണ്ട് ആംഗ്യഭാഷ തന്നെ ശരണം. കൈകള്‍ കൊണ്ട് ചോദിച്ചു, ‘വില എത്രയാണ്?’ ചെറിയൊരു പുഞ്ചിരിയോടെ അവര്‍ കൈകള്‍ കൊണ്ട് അതിന്റെ വില പറഞ്ഞു. വില പറയുന്നതിനും മുന്‍പേ തന്നെ ഞാനത് വാങ്ങാനുറച്ചിരിക്കണം; ഏതായാലും പെട്ടന്ന് തന്നെ അത് വാങ്ങി കൈയിന്മേല്‍ ധരിച്ചു.
(കാന്‍ഡി ടൗണ്‍)
മനുഷ്യരെന്നും സൗന്ദര്യത്തെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. സൗന്ദര്യത്തിനു സ്ഥായിയായ ഒരു രൂപം വന്നു ചേര്‍ന്നാല്‍, കുറച്ചു കൂടി നല്ലത്. കാരണം എല്ലാ സുന്ദരയമായ വസ്തുക്കളും നമ്മളെ എന്തെങ്കിലും ഓര്‍മപ്പെടുത്തുന്നു. യാത്രകളെയോ, ആള്‍ക്കാരെയോ, അനുഭവങ്ങളെയോ, അങ്ങനെയങ്ങനെ. ആ ബ്രേയിസിലറ്റ് കാണുമ്പോള്‍ ശ്രീലങ്കയെ ഓര്‍മിപ്പിക്കുന്നത് പോലെ!
ചെറുതെങ്കിലും സുന്ദരമായ രാജ്യമാണ് ശ്രീലങ്ക. തെങ്ങുകളും, പാടങ്ങളും, പുഴകളും, കടലുകളും, മലകളും, വനങ്ങളും ആവോളം പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ ഒരു സുന്ദര ഭൂമി. കേരളത്തോട് വളരെയധികം സാമ്യം ഉണ്ട് ഈ രാവണ രാജ്യത്തിന്. ഭക്ഷണം തൊട്ട്, സംസ്‌കാര രീതികളില്‍ വരെ. ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ശ്രീലങ്കന്‍ യാത്ര തന്നെയാണ്.
(ബെനോട്ട ബീച്ച്)
ചെന്നൈയില്‍ നിന്നും കൊളംബോ എത്തിയത് വളരെ പെട്ടന്നാണ്. ഒന്നര മണിക്കൂര്‍ യാത്ര. അധികം താമസിയാതെ തന്നെ കൊളംബോ നഗരത്തിന്റെ താളങ്ങളിലേക്ക് തനിയെ ഊര്‍ന്നിറങ്ങാന്‍ സാധിക്കുകയും ചെയ്തു. ഒരു ടുക്ക് ടുക്ക് (നമ്മുടെ ഓട്ടോ പോലെയുള്ള ഇലക്ട്രിക്ക് വണ്ടി) വാടകക്കെടുത്തു. കൊളംബോ ചുറ്റിക്കറങ്ങാന്‍ യാതൊരു പ്ലാനിങ്ങും വേണ്ട. വളരെ നന്നായി പെരുമാറി വിശേഷം ചോദിക്കുന്ന നാട്ടുകാര്‍, സഹായകമായ പോലീസ് സേന, കുറെയേറെ ഭക്ഷണശാലകള്‍, പബ്ലിക് ടോയ്‌ലറ്റുകള്‍, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരങ്ങള്‍, ശ്രീലങ്കക്കാരുടെ പൗരബോധത്തെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.
രാവിലെ ഏഴര ആയിരുന്നുള്ളുവെങ്കിലും വിശപ്പിന്റെ കാഠിന്യം അറിയിച്ചപ്പോള്‍, ആ ടൂക് -ടൂക് ഡ്രൈവര്‍ എത്തിച്ചത് നെഗോമ്പോയില്‍ പ്രവര്‍ത്തിക്കുന്ന പെരേര ആന്‍ഡ് സണ്‍സ് എന്ന പേരിലുള്ള ഒരു ഭക്ഷണ ശാലയിലേക്കാണ്. പാശ്ചാത്യ രീതിയിലുള്ള സാന്‍ഡ്‌വിച്ചും ബര്‍ഗറിനൊപ്പെ തനതു ശ്രീലങ്കന്‍ പ്രഭാതഭക്ഷണവും, പലഹാരങ്ങളും അവിടെ സുലഭമായി കിട്ടും. ശ്രീലങ്കയില്‍ പ്രശസ്തമായ ഫിഷ് പാറ്റീസും, ഫിഷ് റോളും ഓരോന്നു വാങ്ങി ടൂക്-ടൂക്കിലേക്ക് തിരികെ കയറി. കഴിച്ചു കൊണ്ടാവാം ഇനി കാഴ്ച് കാണല്‍.
ഒരു മീന്‍മാര്‍ക്കറ്റ് കറക്കം
ഫിഷ് പാറ്റീസിന്റെ വ്യത്യസ്തമായ രുചി കാരണമോ എന്തോ, ഡ്രൈവര്‍ ചേട്ടനോട് പറഞ്ഞത് കൊളംബോ നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശത്തേക്ക് പോകുവാനാണ്. ടൂക് ടൂക് നേരെ കൊണ്ട് നിര്‍ത്തിയതോ, കൊളോമ്പോക്കാരുടെ പ്രിയപ്പെട്ട നെഗോമ്പോ മീന്‍മാര്‍ക്കറ്റിലും! ആദ്യം ഒന്ന് അന്തിച്ചെങ്കിലും പിന്നീട് വളരെയധികം സന്തോഷിക്കുകയാണ് ചെയ്തത്. ക്യാമറയ്ക്ക് പകര്‍ത്താന്‍ പറ്റിയ ഒരുപാട് നിമിഷങ്ങളും ഫ്രെയിമുകളും ആ സുപ്രഭാതത്തിലെ യാത്ര എനിക്കു സമ്മാനിച്ചു. വെറും എട്ടുമണിയായാലെന്താ? ജനസാന്ദ്രമായിരുന്നു തീരത്തോടടുത്ത ആ മാര്‍ക്കറ്റ്. കടലിന്റെ സുഖമുള്ള ഇരമ്പല്‍. ക്യാമറയും തൂക്കി ഞാന്‍ ഉലാത്തുന്നത് പോലെ ഓരോരുത്തരും അവരവരുടെ ജോലികളില്‍ മുഴുകിയിരിക്കയാണ്. പെട്ടിഓട്ടോകളിലേക്ക് കയറ്റിവെക്കുന്ന വലിയ മല്‍സ്യങ്ങള്‍; തിരണ്ടി, സ്രാവ്, ചൂര ഓരോന്നും വലിപ്പം കൊണ്ട് മറ്റുള്ളവയെ തോല്‍പ്പിക്കും എന്ന് തോന്നിപ്പോവുന്നു.
കുട്ടകളിലും ബക്കറ്റിലും ഒതുക്കി വെച്ചിരിക്കുന്ന ചെറു മീനുകള്‍, വലിയ പ്ലാസ്റ്റിക് കുട്ടകളില്‍ കൂട്ടിയിട്ടിരിക്കുന്ന ജീവനുള്ള ഞണ്ടുകള്‍, അവ കട-കട ശബ്ദങ്ങള്‍ ഉണ്ടാക്കി ഒന്നിന് മേലെ ഒന്നായി പുറത്തേക്കു വരാന്‍ ധൃതിപ്പെടുന്നു. എല്ലാ ഞണ്ടുകളുടെയും ഇറുക്കന്‍ കാലുകള്‍ റബ്ബര്‍-ബാന്‍ഡുകളാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു ചെറിയ കോണില്‍, ഒരാള്‍ മല്‍സ്യം വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കുന്നു. അത് വാങ്ങിക്കാന്‍ ആളുകള്‍ തിങ്ങി നില്‍ക്കുന്നു.
മാര്‍ക്കറ്റിനു അങ്ങോളം ഇങ്ങോളം ചുറ്റിക്കറങ്ങുന്ന പൂച്ചകള്‍ക്ക് കുശാലാണ്! കുട്ടയില്‍ നിന്ന് വഴുതി വീഴുന്ന പൊടിമീനായാലും നല്ലത്, മീന്‍കാരന്‍ വെട്ടുന്ന വല്യ മല്‍സ്യത്തിന്റെ ചിറകുകളായാലും നല്ലത്! കണ്ടാല്‍ വിടില്ല! മാര്‍ക്കറ്റിലെ ദൃശ്യങ്ങളുടെ കുത്തൊഴുക്ക് തീരുന്നില്ല. മാര്‍ക്കറ്റിനപ്പുറം ദൂരേക്ക് നോക്കിയാല്‍ കാണാം, കടലില്‍ നിറയെ മല്‍സ്യങ്ങളുമായി കരയോടടുക്കുന്ന വെല്യ വള്ളങ്ങളും, തീരത്തു അങ്ങിങ്ങോളം ഉണങ്ങുന്ന വലകളും, മീന്‍ ഉണക്കാനായി ഇട്ടിരിക്കുന്നതും. ക്യാമറ നിറയുവോളം ചിത്രങ്ങള്‍ എടുത്തു നേരെ പോയി കൊളംബോ റെയില്‍വേ സ്റ്റേഷനിലേക്ക്..
ആനകള്‍ക്ക് വേണ്ടി ഒരു അനാഥാലയം
അടുത്ത ലക്ഷ്യം കൊളോമ്പോയില്‍ നിന്ന് രണ്ടര മണിക്കൂര്‍ ദൂരെയുള്ള പിന്നവാല എന്ന സ്ഥലത്തു ഒയ നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആനകള്‍ക്ക് വേണ്ടിയുള്ള ഒരു അനാഥാലയമാണ്. എത്തിയപ്പോഴേക്കും ഉച്ചയായി. പാര്‍ക്കിലേക്ക് കയറാന്‍ തുടങ്ങുമ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാരന്‍ കൈ കൊണ്ട്, ‘മാറൂ’ എന്ന ആംഗ്യം കാണിച്ചു. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ പാര്‍ക്കിലേക്ക് നീളുന്ന വഴിയിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച!
ഒരു മുപ്പതോളം ആനകള്‍, കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ, സംഘമായി വരി വരിക്ക് എന്റെ നേരെ നടന്നു വരുന്നു! നടക്കുന്ന വഴിയേ, മണ്ണും ഇലകളും വാരി സ്വന്തം മേല്‍ വിതറി പൊടി പരാതിയാണ് നടപ്പ്.. റോഡിലെ വാഹനങ്ങളൊക്കെ ഇവര്‍ക്കായി നിര്‍ത്തിയിട്ടുണ്ട്. റോഡ് മുറിച്ച്, ഒരു വാരയകലെയുള്ള ഒയാ നദിയിലേക്ക് ധൃതിപ്പെട്ട് നീരാട്ടിനുള്ള വരവാണ്! വെള്ളത്തിലേക്കിറങ്ങിയതും ആനകുട്ടന്മാര്‍ പരിസരം മറന്നു. ഒഴുക്കുള്ള തെളിനീരില്‍ മുങ്ങി നീരാടി കാണികള്‍ക്ക് നേരെ വെള്ളം ചീറ്റി ആര്‍ത്തുല്ലസിക്കുന്നു. കാഴ്ചക്കാര്‍ നീട്ടുന്ന പഴങ്ങള്‍ തുമ്പിക്കൈ നീട്ടി വാങ്ങി വിഴുങ്ങുന്നു. കുഞ്ഞാനകളെ പാപ്പാന്മാര്‍ ഉരച്ചുരച്ചു കഴുകുന്നു.
പിന്നവാല എന്ന ആനകളുടെ ഈ സ്വര്‍ഗ്ഗം അനാഥരായ, പരിക്കേറ്റ, വയസ്സായ, വലിച്ചെറിയപ്പെട്ട ആനകളെ പാര്‍പ്പിക്കുന്ന ഒരിടമാണ്. ആന പിണ്ഡം ഉപയോഗിച്ച് ഉണ്ടാക്കപ്പെടുന്ന പേപ്പറുകളും ഇവിടുള്ള കടകളില്‍ വാങ്ങുവാന്‍ കിട്ടും. ഹാത്തി ചാപ് എന്ന ഈ പേപ്പര്‍ കൊണ്ടുണ്ടാക്കിയ ശില്പങ്ങളും, പുസ്തകങ്ങളും വാങ്ങിക്കാന്‍ തിരക്കേറെയാണ്!
ഒന്നര മണിക്കൂര്‍ കുളി കഴിഞ്ഞ ഗജവീരന്മാര്‍ മെല്ലെ തിരിച്ചു പാര്‍ക്കിനുള്ളിലേക്ക് നടന്നു നീങ്ങും. കുളി കഴിഞ്ഞാല്‍ പിന്നെ ഊട്ടാണ്! കെങ്കേമമാണ് ഇവരുടെ ശാപ്പാട്. പനമ്പട്ടയും, ചോറും, മുട്ടയും എന്ന് വേണ്ട, കിലോ കണക്കിനാണ് ശര്‍ക്കരയും മറ്റു പഴങ്ങളും. ആനകള്‍ക്കെല്ലാം അവരുടെ സ്വന്തമായി ഷെഡുകളുണ്ട്. തീരെ കുഞ്ഞാനകളെ മാത്രം മനുഷ്യര്‍ ഇല്ലാത്തിടത്താണ് തളച്ചിരിക്കുന്നത്. അസുഖങ്ങള്‍ വരാതിരിക്കാനാണത്രെ!
രാവണ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന ചുവര്‍ ചിത്രങ്ങള്‍
ഉച്ചച്ചൂട് കനത്തപ്പോഴേക്കും അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രക്കായി ഒരുക്കം തുടങ്ങി. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സീഗ്രിയ എന്ന പുരാതനമായ കോട്ടയിലേക്കാണ് എന്റെ യാത്ര. രാവണന്റെ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ കോട്ടയിലെ ചുവര്‍ ചിത്രങ്ങള്‍ ബി സി മൂന്നാം നൂറ്റാണ്ടോളം കാലപ്പഴക്കമുള്ളവയാണ്.
ആ ചുവര്‍ ചിത്രങ്ങളിലേക്ക് എത്തിപ്പെടാന്‍ ആയിരത്തി ഇരുനൂറോളം പടികള്‍ ചവിട്ടി കയറണം! കോട്ടയുടെ ചുറ്റും മനോഹരങ്ങളായ ഉദ്യാനങ്ങളും തടാകങ്ങളും,അവയോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ അമ്പലങ്ങളും കാണാം. ഇവയ്‌ക്കെല്ലാം ശിലായുഗത്തോളം കാലപ്പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ തന്നെ സമ്മതിക്കുന്നു. എന്നിരുന്നാലും ഇവയുടെ നിര്‍മ്മാണരീതിയും വാസ്തുവിദ്യയും എടുത്തു പറയാതെ വയ്യ!
സിഗ്രിയയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ബുദ്ധമത ക്ഷേത്രമായ ദാംബുള്ളയും പ്രശസ്തമാണ്. പുരാതനമായ ഒരു ഗുഹക്കുള്ളിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. രാത്രി കാണാന്‍ അതിമനോഹരമാണ് ഈ അമ്പലം. ശിലായുഗ ചുവര്‍ ചിത്രങ്ങള്‍ നിറയെ ഉള്ളതിനാലും, പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്നതിനാലും ദാംബുള്ള അമ്പലത്തിനുള്ളില്‍ ക്യാമറ അനുവദനീയമല്ല. താലങ്ങളില്‍ താമരപ്പൂക്കളും മുല്ലപ്പൂക്കളും സാമ്പ്രാണിത്തിരികളും നിറച്ച് അമ്പലത്തിലേക്ക് നടന്നു നീങ്ങുകയാണ് വിശ്വാസികള്‍. അമ്പലത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ പ്രസാദമായി കിട്ടിയ പഴങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്നു.
സിഗ്രിയ കാഴ്ചകള്‍ കണ്ട് കണ്ട് വിശപ്പിന്റെ വിളി വന്നത് ഓര്‍ത്തതേയില്ല. ഓര്‍മ്മ വന്നത് വഴിയില്‍ പെരേര ആന്‍ഡ് സണ്‍സ് എന്ന ബോര്‍ഡ് കണ്ടപ്പോഴാണ്. ടൂക് ടൂക് വിളിച്ച് നേരെ ഡംബുല്ലയിലെ പെരേര ആന്‍ഡ് സണ്‍സിലേക്ക് വെച്ച് പിടിച്ചു. ഉച്ചയൂണ് നേരമായതു കൊണ്ട്, കയറി വന്നതും അധികം ആലോചിക്കാതെ തന്നെ മീല്‍സ് മതി എന്ന് തീരുമാനിക്കുകയായിരുന്നു. സസ്യേതരമോ അല്ലാത്തതോ എന്ന് കടക്കാരന്‍ ചോദിച്ചപ്പോള്‍ തീരെ ആലോചിക്കേണ്ടി വന്നില്ല; ഫിഷ് മീല്‍സ് തന്നെ പോരട്ടെ! കാശും കൊടുത്തു ചിറ്റും വാങ്ങി നില്‍ക്കുന്ന എന്നോട് ഇരിക്കുക എന്ന ആഗ്യം കാണിച്ചു അദ്ദേഹം അകത്തേക്ക് പോയി.
ക്യാമറയില്‍ അത് വരെ പകര്‍ത്തിയ ചിത്രങ്ങള്‍ ആകാംക്ഷയോടെ നോക്കിയിരുന്ന എന്റെ മുന്‍പിലേക്ക് വിഭവസമൃദ്ധമായ ഒരു തളിക മെല്ലെ നിക്ഷേപിച്ച് ആ ജീവനക്കാരന്‍ നടന്നു. ക്യാമറയില്‍ നിന്ന് കണ്ണെടുക്കാന്‍ ബുദ്ധിമുട്ടുന്ന എനിക്ക് ഈ തളികയില്‍ നിന്ന് കണ്ണെടുക്കാനായിരുന്നു പിന്നെ പ്രയാസം! ചോറ്, മീന്‍ കറി, പരിപ്പ് കറി, വഴുതനങ്ങ പെരട്ടിയത്, ചീര വരട്ടിയത്, പപ്പടം, കൊണ്ടാട്ടം മുളക് എന്നിങ്ങനെ നിറഞ്ഞു കവിഞ്ഞ ആ പ്ലേറ്റ് നാടിന്റെയും വീടിന്റെയും ഓര്‍മ്മകള്‍ ആണ് സമ്മാനിച്ചത്! പ്ലേറ്റ് കാലിയാക്കാന്‍ ആകെ വേണ്ടി വന്നത് അഞ്ചു മിനിട്ടാണ്!
ചോള രാജക്കന്മാരുടെ നഗരം
സീഗരിയയില്‍ നിന്നും മറ്റൊരു പുരാതനമായ നഗരത്തിലേക്കായിരുന്നു അടുത്ത യാത്ര. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലൊന്നുരുവാ എന്ന ഈ പുരാതന നഗരത്തിനും ഭാരതത്തിനും ഒരു ബന്ധമുണ്ട്. എന്താണെന്നല്ലേ? പോലൊന്നുരുവാ എന്ന പുരാതന നഗരം കുറെ കാലം വരെ ഭരിച്ചിരുന്നത് തമിഴ് വംശജരായ ചോളന്മാര്‍ ആയിരുന്നു. അവര്‍ അവിടെ നിര്‍മ്മിച്ച നഗരം ഇന്നും വളരെയധികം വാസ്തുപരമായ അത്ഭുതങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. വളരെയധികം ആസൂത്രിതമായി നിര്‍മ്മിച്ച ഈ നഗരം അടക്കി വാഴാന്‍ ആഗ്രഹിച്ച രാജാക്കന്മാര്‍ കുറേയേറെയാണ്. ബുദ്ധ രാജാക്കന്മാര്‍ തുരത്തിയോടിച്ച ചോളന്മാര്‍ തിരികെ ഭാരതത്തിലേക്ക് കുടിയേറുകയും ചെയ്തുവെന്നാണ് വിശ്വാസം. ഹംപിയെ പോലെ തന്നെ ഒരുപാടു പ്രശംസകള്‍ നേടിയ നഗരമെന്ന ഖ്യാതിയുണ്ട് പോലൊന്നാരുവയ്ക്ക്.
വൈകുന്നേരങ്ങളില്‍ പോലൊന്നുരുവായിലെ പച്ചപ്പിട്ട ഉദ്യാനങ്ങളില്‍ തത്തകളുടെ കൂട്ടം കലപില കൂടുന്നത് കേള്‍ക്കാം. ബുദ്ധസ്തൂപങ്ങളും അമ്പലങ്ങളും നിറഞ്ഞ ഈ നഗരം ഇപ്പോള്‍ വാനരന്മാരുടെ വിഹാര കേന്ദ്രമാണ്. സൂര്യന്‍ ചായുമ്പോഴേക്കും പോലൊന്നുരുവായില്‍ നിന്നും എനിക്ക് കാന്‍ഡി നഗരത്തിലേക്ക് എത്തേണ്ട തീവണ്ടി വരും. ഈ പുരാതന നഗരത്തിന്റെ ഓര്‍മക്കായി മാര്‍ബിളില്‍ തീര്‍ത്ത ഒരു ബുദ്ധപ്രതിമയും വാങ്ങി നേരെ അനുരാധപുര തീവണ്ടിയാപ്പീസിലേക്ക് നീങ്ങി.
ബുദ്ധ ദന്തം
അനുരാധപുരയില്‍ നിന്നും കാന്‍ഡി നഗരത്തിലെത്തിയപ്പോഴേക്കും വൈകീട്ട് ആറ് മണിയായിരുന്നു. ജനനിബിഡമായ ഈ നഗരം ലങ്കയിലെ യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു നഗരമാണ്. പബ്ബുകളും, ഡിസ്‌കോകളും കുറേയെമ്പാടുണ്ട് കാന്‍ഡി നഗരത്തില്‍. വിദേശികള്‍ ഏറ്റവും കൂടുതല്‍ വരുന്ന നഗരവും കാന്‍ഡി തന്നെ! കാന്‍ഡി നഗരത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ടെമ്പിള്‍ ഓഫ് ടൂത് റെലിക് എന്ന ബുദ്ധ സ്തൂപം ആ സന്ധ്യ നേരത്ത് സ്വര്‍ണം പോലെ തിളങ്ങി നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു കുളിരാണ്. ബുദ്ധ ഭഗവാന്റെ ഒരു പല്ല് നിധി പോലെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അത് കൊണ്ടാണ് ഈ സ്തൂപത്തിന് വ്യത്യസ്തമായ ഈ പേരും.
ടെംപിള്‍ ഓഫ് ടൂത് റെലിക്കില്‍ വാദ്യഘോഷങ്ങളുടെ കരമേളമാണ്. കൊടിതോരണങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട് .. ഉത്സവം നടക്കുകയാണ്. തൂവെള്ള നിറത്തിലുള്ള ആ കെട്ടിടത്തിന്റെ ഇടനാഴികളില്‍ ബൗദ്ധ സന്യാസിമാര്‍ നിരന്നിരുന്ന് മന്ത്രോച്ചാരണം ചെയ്യുകയാണ്. മന്ത്രങ്ങള്‍ ഒന്നാകെ ഒരുമിച്ച് കേള്‍ക്കുവാന്‍ കാതിനിമ്പം. ദീപങ്ങളാലും വിളക്കുകളാലും അലംകൃതമായ ആ സ്തൂപം സന്ധ്യാനേരത്ത് ഒരു സ്വര്‍ണത്തളിക പോലെ തിളങ്ങി നില്‍ക്കുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്.
ഈ സ്തൂപം സ്ഥിതി ചെയ്യുന്നത് കാന്‍ഡി നഗരത്തിന്റെ ഒത്ത നടുക്കാണ്. തെരുവകളിലും വീഥികളിലും രാത്രി വിളക്കുകള്‍ മിന്നി തുടങ്ങി. കാന്‍ഡി തടാകത്തിന്റെ ചുറ്റിലുമുള്ള കടകളും ഭക്ഷണശാലകളും ആള്‍ക്കാരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു. പിസ്സ ഹട്ട്, മാക് ഡൊണാള്‍ഡ്‌സ് പോലെയുള്ള പാശ്ചാത്യ ഭക്ഷണക്കടകള്‍ ഉണ്ടെങ്കിലും നമുക്ക് പഥ്യം നാടന്‍ ഭക്ഷണം തന്നെ!
അതുകൊണ്ട് തന്നെ ദലധ വീഥിയിലെ കാന്‍ഡിയന്‍ മുസ്ലിം ഹോട്ടല്‍ എന്ന സ്ഥാപനത്തിലേക്കാണ് വിശപ്പടക്കാന്‍ ഓടിക്കയറിയത്. ചെറിയ കട, പക്ഷെ ഭക്ഷണ വൈവിധ്യം ഞെട്ടിക്കുന്നത് തന്നെ! കൂടുതല്‍ ഒന്നും ആലോചിക്കാതെ ഒരു ഫിഷ് മീല്‍സ് തന്നെ വാങ്ങി. ചെറിയ ചില രുചിഭേദങ്ങള്‍ അനുഭവപ്പെട്ടെങ്കിലും കൊള്ളാം. കാന്‍ഡിയന്‍ ഭക്ഷണത്തില്‍ തേങ്ങയുടെ ഉപയോഗം നന്നേ കുറവാണത്രേ! പരിപ്പാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. അത് തന്നെയാണ് പ്രധാനപ്പെട്ട വ്യതാസം. ആസ്വദിച്ച് ഭക്ഷണം കഴിച്ചെങ്കിലും, ആര്‍ത്തി കാരണം അഞ്ചു മിനുറ്റില്‍ പ്ലേറ്റ് വടിച്ചു തുടച്ചു ക്ലീന്‍ ആക്കിയപ്പോള്‍ ആ കടയിലെ ചേട്ടന് അത്ഭുതം!
ശ്രീലങ്കയുടെ ‘ഇടുക്കി’
അടുത്ത ലക്ഷ്യമായ, ശ്രീലങ്കയുടെ മലനിരകളായ നുവാര ഏലിയ ടൗണിലേക്കുള്ള ട്രെയിന്‍ രാത്രി എട്ടു മണിക്കാണ്. നുവാര എലിയയെ ‘ശ്രീലങ്കയുടെ ഇടുക്കി’ എന്നുവിളിക്കാം. കാരണം ചായതോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും, സുഗന്ധവ്യഞ്ജന തോട്ടങ്ങളും കോടമഞ്ഞും ഒക്കെ നിറഞ്ഞ ഇടുക്കി പോലെ തന്നെ സുന്ദരിയാണ് നുവാര ഏലിയ. നേരിയ തണുപ്പുള്ള കാന്‍ഡിയില്‍ നിന്നും വളരെ തണുപ്പുള്ള നുവാര എലിയയില്‍ എത്താന്‍ രണ്ടു മണിക്കൂര്‍.. തീവണ്ടി യാത്രയിലുടനീളം മനോഹരമായ ദൃശ്യവിരുന്നാണ് കാത്തിരിക്കുന്നത്. രാവിലെ യാത്ര ചെയ്യുകയാണ് ഉത്തമം. മലനിരകള്‍ക്കിടയിലൂടെയുള്ള, പച്ചപ്പിനെ പുതച്ചു നില്‍ക്കുന്ന മഞ്ഞിന്റെ കുളിരറിയിക്കുന്ന യാത്ര. യാത്രക്കിടയില്‍ തീവണ്ടിയില്‍ വില്‍ക്കുവാന്‍ കൊണ്ടുവരുന്ന വട പോലുള്ള പലഹാരങ്ങള്‍ കഴിക്കുകയോ, ചൂട് ഏലക്ക ചായ കുടിക്കുകയോ ആവാം.
നുവാര എലിയ ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമായി ഒരുപാടു കെട്ടിടങ്ങളും ശില്പങ്ങളും ഇപ്പോഴും കാണുവാന്‍ കഴിയും. നുവാര എലിയയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഗ്രിഗറി തടാകവും, തടാകത്തിനോട് ചേര്‍ന്ന ഉദ്യാനവും. ഉദ്യാനത്തില്‍ അങ്ങോളം ഇങ്ങോളം കുതിരകള്‍ മേയുന്നു. തടാകത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ അരയന്നതിന്റെ രൂപത്തിലുള്ള ബോട്ടുകളും വഞ്ചികളും കാണുവാന്‍ കഴിയും. ചെറിയ കുട്ടികളെ കുതിരപ്പുറത്തിരുത്തി മാതാപിതാക്കള്‍ ഫോട്ടോകള്‍ എടുപ്പിക്കുന്നു. തടാകത്തിനു ചുറ്റും ചെറിയ ലഘുഭക്ഷണശാലകള്‍ കാണാം. ഫ്രഞ്ച് ഫ്രൈ, സാന്‍ഡ്‌വിച്ച് തുടങ്ങിയ പാശ്ചാത്യ വിഭവങ്ങളും, ഫിഷ് കട്‌ലറ്റ്‌സ്, ഫിഷ് റോള്‍, സമോസ തുടങ്ങിയ ശ്രീലങ്കന്‍ വിഭവങ്ങളും പാനീയങ്ങളും അവിടെ ലഭിക്കും.
നുവാര എലിയയുടെ, ഏറ്റവും വലിയ കയറ്റുമതികളില്‍ ഒന്നാണ് ചായപ്പൊടിയും കാപ്പിപൊടിയും. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചായതോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും, സുഗന്ധവ്യഞ്ജന ഉദ്യാനങ്ങളും ശ്രീലങ്കയെ ലോകത്തിന്റെ ഭക്ഷണ പാരമ്പര്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരംഗം ആക്കി മാറ്റുന്നു. എങ്ങോട്ട് നോക്കിയാലും പച്ചപ്പാണ്! തേയിലയുടെ ഗന്ധം ഒഴുകി നടക്കുകയാണ് ആ മലയോര പട്ടണം മുഴുവന്‍. കുറേയേറെയുള്ള തേയില ഫാക്ടറികളിലൊന്നില്‍ ഒരു സന്ദര്‍ശനം നടത്തുകയോ, അവിടെ നിന്ന് കയറ്റുമതി നിലവാരത്തിലുള്ള ചായപ്പൊടിയോ കാപ്പിപൊടിയോ വാങ്ങിക്കുകയും ആവാം.
നുവാര എലിയയില്‍ നിന്ന് തിരിച്ചുള്ള ഇറക്കത്തിനിടയില്‍ കാണാവുന്ന മനോഹര ദൃശ്യങ്ങളില്‍ ഒന്നാണ് പരന്നു കിടക്കുന്ന സുഗന്ധവ്യഞ്ജനോദ്യാനങ്ങള്‍. കയറി ചെല്ലുമ്പോള്‍ തന്നെ ഔഷധങ്ങളുടെ നറുമണം തങ്ങി നില്‍ക്കുന്നു. ആ ഉദ്യാനത്തിലൂടെ നടക്കുന്നത് തന്നെ ശരീരത്തിനും മനസിനും ഒരു ഉന്മേഷമാണ്. അവിടെയുള്ള കടകളില്‍ നിന്നും ഔഷധക്കഞ്ഞികളും, ശ്രീലങ്കന്‍ മസാലപ്പൊടികളും വാങ്ങിക്കുവാനും കിട്ടും. നുവാര എലിയയില്‍ നിന്ന് പ്രശസ്തമായ ഹിക്കടുവ തീരത്തേക്കാണ് അടുത്ത യാത്ര.
കണ്ണും മനവും നിറച്ച യാത്ര
നുവാര എലിയയില്‍ നിന്ന് അഞ്ചു മണിക്കൂറെടുത്തു ഹിക്കടുവ-യിലേക്ക്. സ്വകാര്യ ബസുകള്‍ സേവനം നടത്തുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ ബസുകളാണ് സൗകര്യം. ഹിക്കടുവ തീരത്തിന്റെ വശ്യത പറഞ്ഞറിയിക്കാന്‍ കഴിയില്ല. കണ്ണും മനവും വയറും നിറയ്ക്കുന്നതാണ് ഹിക്കടുവ. ശാന്തമായ തിരകള്‍, ഇളം നീല നിറത്തിലുള്ള കടല്‍വെള്ളം, ഒരു കോണില്‍ ചെറു മത്സ്യങ്ങളെ ചൂണ്ടയിടുന്ന രണ്ടു കുരുന്നുകള്‍, തിരമാലകളില്‍ ആടിയുലയുന്ന വള്ളങ്ങള്‍, തീരത്തോട് ചേര്‍ന്ന് ആഴക്കയങ്ങളില്‍ മരത്തടി കൊണ്ടുണ്ടാക്കിയ എടുപ്പുകളില്‍ ഇരുന്നു മീന്‍ പിടിക്കുന്ന മുക്കുവര്‍, മണല്‍പ്പരപ്പില്‍ ഉണങ്ങുന്ന മല്‍സ്യങ്ങള്‍, അവയ്ക്ക് ചുറ്റുമിരുന്ന് സൊറ പറയുന്ന മുക്കുവസ്ത്രീകള്‍..
തീരത്തോട് ചേര്‍ന്ന് കിടക്കുന്ന വീഥിയോ; കഥകളാലും, കാഴ്ചകളാലും നിറഞ്ഞു തുളുമ്പി നില്‍ക്കുകയാണ്.സാഹസിക വിനോദങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്ന ബോട്ടുകളും, സ്‌കൂട്ടറുകളും ഓളങ്ങളുടെ താളത്തില്‍ ആടുന്നു. വൈകുന്നേരങ്ങളില്‍ വീശുന്ന തണുത്ത കാറ്റില്‍, ഓറഞ്ച് നിറത്തിലുള്ള ആകാശത്തിന്റെ ഭംഗി നോക്കിയിരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. ചക്രവാളത്തിലേക്ക് മെല്ലെ താഴുന്ന സ്വര്‍ണത്തളിക പോലുള്ള സൂര്യന്‍. ചായയും പലഹാരങ്ങളും വില്‍ക്കുന്ന ഉന്തുവണ്ടികള്‍, കൊത്തു പൊറോട്ടയുടെ കൊതിപ്പിക്കുന്ന മണം.. ഇവയോരോന്നും ഹിക്കടുവയ്ക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.
ശ്രീലങ്കയെന്ന കൊച്ചു രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണം. ലങ്കയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ത്രിങ്കോമാലി എന്ന കടല്‍ത്തീരം വളരെയധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. അറുഗം ബേ എന്ന ശ്രീലങ്കയുടെ തന്നെ അഭിമാനമായ തീരത്തേക്ക് വരുന്ന വിദേശികള്‍ ശ്രീലങ്കയുടെ മനോഹാരിതയെക്കുറിച്ച വാചാലരാകുന്നത് സ്വാഭാവികം! അറുഗം ബേ ഫ്‌ലിപ് ഫ്‌ലോപ്‌സ് എന്ന് കേട്ടിട്ടില്ലേ?
ഓരോ ശ്രീലങ്കന്‍ വിഭവം രുചിച്ചു നോക്കാനും വേണം സമയം. മലയാളി ഭക്ഷണസമ്പ്രദായങ്ങളോട് വളരെയധികം സാമ്യമുണ്ട് ശ്രീലങ്കന്‍ ഭക്ഷണ പാരമ്പര്യത്തിന്. അതുകൊണ്ടു തന്നെ, പാലപ്പവും മുട്ടക്കറിയും കേരളത്തില്‍ നിന്ന് കഴിച്ചു മടുത്തെങ്കില്‍ നേരെ വിട്ടോളൂ.. ശ്രീലങ്കയിലും കിട്ടും, അപ്പവും (ഹോപ്പര്‍, egg-hopper) മുട്ടക്കറിയും! വേണമെങ്കില്‍ ഇടിയപ്പവും ആവാം (string hopper). പോല്‍ സമ്പോള്‍ എന്ന തേങ്ങാപൊടി ചട്ണിയും കൂടെയുണ്ടെങ്കില്‍ സംഗതി ഉഷാര്‍! എത്രയൊക്കെ വിഭവങ്ങള്‍ കഴിച്ചാലും, തേങ്ങാപ്പാല്‍ കൊണ്ടുണ്ടാക്കിയ വട്ടളപ്പന്‍ എന്ന മധുരപലഹാരം കഴിക്കാന്‍ മറക്കരുത് കെട്ടോ..
(*ചിത്രങ്ങള്‍- ഗായത്രി ശിവകുമാര്‍)