UPDATES

യാത്രക്കുറിപ്പുകള്‍

മഹാരാജ് ചാമരാജ വോഡയാര്‍ സ്വപ്‌നങ്ങളില്‍ വന്ന് എതിരേറ്റ മൈസൂരിലേക്ക്..

വോഡയാര്‍ രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന മഹിഷപുരമെന്ന മൈസൂര്‍

കിഴക്ക് രാവുദിച്ചുകയറുമ്പോള്‍ കലമ്പലുകളും ഒച്ചപ്പാടുകളുമായി സര്‍വ്വ സന്തോഷത്തോട് കൂടിയാണ് ‘കൊച്ചുകൊമ്പന്റെ’ ഉള്ളിലേക്ക് ചേക്കേറിയത്. ഒരു യാത്ര തുടങ്ങുകയായി. മുപ്പത്തിയാറ് വിദ്യാര്‍ത്ഥികളും, നാല് അധ്യാപകരും, രണ്ടു മാര്‍ഗ്ഗ ദര്‍ശികളും.. ഓരോ എത്തിപ്പെടലുകള്‍ക്കിടയിലും കൂടെകൂടും കാലേക്കൂട്ടി നിശ്ചയിച്ച ആനന്ദകരമായ ഒരു യാത്ര. അതിന് ഉതകുന്ന ചില ആത്മബന്ധങ്ങളും.

പുറകില്‍ ആശീര്‍വദിച്ചു, കൈവീശി നില്‍ക്കുന്നത്, പട്ടാമ്പിയാണ്. പുഞ്ചിരിച്ച് സലാം പറഞ്ഞ് മണ്ണാര്‍ക്കാടും.. ബാഗ്, മൊബൈല്‍ഫോണ്‍, വെള്ളം, ചാര്‍ജര്‍, മെഡിസിന്‍, വാലറ്റ്.. ഓര്‍ത്തെടുക്കലിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയും വ്യാകുലതകളും ഒന്നടങ്ങിത്തുടങ്ങിയപ്പോള്‍ പതിയെ ഉയര്‍ന്നുപൊങ്ങി സംഗീതം.

മനസ്സു നിറയെ യാത്ര സ്വപ്നങ്ങളടുക്കിവച്ച് ആടിപ്പാടലുകളുമായി ചേര്‍ന്നു. തണുപ്പിലൂടെ വയനാടിനെ, മുത്തങ്ങയെ വകഞ്ഞു മാറ്റി മഞ്ഞ വെളിച്ചത്തില്‍ തെളിയുന്ന പാതയിലൂടെ ഞങ്ങളെയും കൊണ്ട് ഒഴുകുകയായിരുന്നു ‘കൊച്ചുകൊമ്പന്‍’ എന്ന ആ ബസ്.

മേഘങ്ങളിലൂടെ ഒരു തീവണ്ടി യാത്ര!

വനങ്ങളുടെ വന്യത ഇരുട്ടിനെ ഇരട്ടിച്ചിരിക്കുകയാണ്. കേട്ട് ശീലിക്കാത്ത കൂജനങ്ങള്‍, മുരളിച്ചലുകള്‍, ചീവിടുകള്‍.. പുതിയ അനുഭവങ്ങളായിരുന്നു ഇത്.. മഞ്ഞില്‍മുക്കിയ നിലാവിനാല്‍ തന്റെ പൂപ്പാടങ്ങളെ പുതപ്പിച്ചുറക്കുന്ന ഗുണ്ടല്‍പേട്ടിനെ കണ്ടപ്പോഴാണ് ഉറക്കത്തിന്റെ മടിയിലേക്ക് തലചായ്ക്കാന്‍ ഇനിയും നാലോ അഞ്ചോ പേര്‍ മാത്രമെയുള്ളൂ എന്ന് മനസ്സിലായത്.

വോഡയാര്‍ രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന മഹിഷപുരമെന്ന മൈസൂര്‍. ഒരിക്കല്‍, കല്‍പാത്തിപ്പുഴയുടെ തീരത്ത് ചായപ്പാത്രങ്ങള്‍ കൈമാറുമ്പോള്‍ സഹയാത്രികരില്‍ നിന്ന് ആഗ്രഹങ്ങളിലേക്കിറ്റിയ പൊള്ളാന്‍ മാത്രം ചൂടില്ലാത്തൊരു പൈതൃകത്തുള്ളിയാണത്. അതില്‍പ്പിന്നെ സ്വപ്‌നങ്ങളില്‍ മഹാരാജന്‍ ചാമരാജ വോഡയാര്‍ എത്രയോവട്ടം കൊട്ടാര മതില്‍ക്കെട്ടോളം വന്ന് എതിരേറ്റിരിക്കുന്നു..


ആ പ്രഭാതത്തില്‍ ചാമുണ്ഡി മലയില്‍ മഹിഷാസുര പ്രതിമക്കരികില്‍ നിന്ന് മൈസൂറിനെ നോക്കി കണ്ടു. കൊട്ടാരവും കോട്ടകളും ക്ഷേത്രങ്ങളുമൊക്കെയായി സൂര്യകിരണത്തോടൊപ്പം വിളങ്ങുകയായിരുന്നു മൈസൂര്‍.

കുതിരകള്‍, ആനകള്‍, ഒട്ടകങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍, ആരവങ്ങള്‍, ധവള ധൂമങ്ങള്‍, ലോഹകോലാഹലങ്ങള്‍, വോഡയാര്‍മാരുടെ, ഹൈദരാലിയുടെ, ടിപ്പുവിന്റെ, ബ്രിട്ടീഷുകാരുടെ പടയും പന്തങ്ങളും ഇരച്ചുകയറുന്നത് മനസ്സില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ കാണാന്‍ ഇനിയുമിടങ്ങളുണ്ടെന്നോര്‍മ്മിപ്പിച്ചു ദൂതന്മാര്‍ എത്തി.

കൗതുകങ്ങളുടെ തേരിലേക്ക് പരിവര്‍ത്തനംകൊണ്ട ശകടം രാജവീഥികളിലൂടെ ശ്രീരംഗപട്ടണത്തെ ലക്ഷ്യമിട്ട് യാത്ര തുടര്‍ന്നു. ചൂണ്ടുപലകകള്‍ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു ദൂരങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.


ഒടുവില്‍ ശവകുടീരങ്ങള്‍ നിവര്‍ന്നുകിടക്കുന്ന ആരാമത്തില്‍ തെളിഞ്ഞ ആ വെളുത്ത വഴി വരവേല്‍പ്പൊരുക്കിയത് ഒരു നിശ്ശബ്ദതയിലേക്കാണ്. ഇരുമ്പഴികളാല്‍ ബന്ധിതമായ ആ കല്ലറയിലാണ് മൈസൂര്‍ സിംഹം നിദ്രകൊള്ളുന്നത്. മനസ്സിലൂടെ കടന്നുപോയത് വെടിയൊച്ചകളുടെയും പീരങ്കി ശബ്ദങ്ങളുടെയും മുഴക്കങ്ങളായിരുന്നു. ബോധപൂര്‍വം അതിനെ അവഗണിച്ച് ചുവടുകള്‍ മുമ്പോട്ട് തന്നെ വച്ചു.

തന്ത്രങ്ങളും കല്പനകളും വിടവാങ്ങിയ മൈസൂര്‍ കൊട്ടാരത്തിന്റെ ദര്‍ബാര്‍ ഹാളില്‍ പ്രൗഢഗംഭീരമായ സിംഹാസനത്തിന് മുന്നില്‍ അത്ഭുതങ്ങളുടെ കിഴികള്‍ ഓരോന്നും പതിയെ അഴിച്ചപ്പോള്‍ കണ്ടത്, പരിതാപങ്ങളുടെ.. പണക്കൊഴുപ്പുകളുടെ.. പടയോട്ടങ്ങളുടെ.. മേല്‍ക്കോയ്മകളുടെ.. ആര്‍ഭാടങ്ങളുടെ.. അടിയറവുകളുടെ.. ഒക്കെയാണ്. അഴിച്ചാലും തീരാത്ത ആ കിഴികളെയും ഉപേക്ഷിച്ചു കടന്നു പോയി. തീരാത്ത കൗതുകം സമ്മാനിച്ച മെസൂര്‍ ബ്രിന്ദാവന്‍ ഗാര്‍ഡനിലെ അത്ഭുതങ്ങളുടെ നീര്‍വീഴ്ചയും താലോലിച്ചായിരുന്നു മിഴികള്‍ പൂട്ടിയത്.

മറ്റൊരു രാവുകൂടി ഉദിച്ചുയരുമ്പോള്‍ അല്പമല്ലാത്തൊരു നഷ്ടബോധത്തോടെയുള്ള ഒരു തിരിച്ചുവരവിലായിരുന്നു. ആര്‍ക്ക് കൈവീശണമെന്നറിയാതെ പുറകില്‍ മാഞ്ഞ് പോകുന്ന മൈസൂര്‍ പട്ടണത്തെ നോക്കി ഇരിപ്പിടത്തിലേക്ക് തന്നെ ചാഞ്ഞു. കയ്യിലൊരു കപ്പ് കാപ്പിയില്ലാതെപോയ സങ്കടത്തെ മൈസൂറിന്റെ ഏറ്റവും വലിയ ഉത്സവമായ ദസറ കാണാനാകാത്ത മഹാസങ്കടത്തിലേക്ക് ഒഴുക്കിക്കളഞ്ഞു..

പട്ടാമ്പി പിജി അക്കാദമിയുടെ യാത്ര എത്രപേര്‍ അനുഭവങ്ങളില്‍ എഴുതി ചേര്‍ക്കുമെന്ന് അറിയില്ല. എഴുതിയില്ലെങ്കിലും പറയാനെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ എല്ലാവരിലും ബാക്കിയുണ്ടാവുമായിരിക്കണം.

*ചിത്രങ്ങള്‍: സിദ്ദിഖ്

29 സംസ്ഥാനങ്ങള്‍, 4 യൂണിയന്‍ ടെറിറ്ററീസ്; ലക്കും ലഗാനുമില്ലാതെ ഒരുത്തന്‍ ഒറ്റയ്ക്ക് ചുറ്റിയടിച്ച കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍