UPDATES

യാത്ര

പുരുഷന്മാര്‍ക്ക് നോ എന്‍ട്രി; സ്ത്രീകള്‍ക്ക് മാത്രമായി ഒരു വിനോദസഞ്ചാര ദ്വീപ്

ഫിന്‍ലാന്‍ഡിലാണ് സൂപ്പര്‍ ഷീ അവധിക്കാല കേന്ദ്രം

സഞ്ചാരപ്രിയര്‍ക്കായി ഫിന്‍ലന്‍ഡിന്റെ തീരത്ത് ഒരു പുതിയ ദ്വീപ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും നേരെയങ്ങ് ചെല്ലാന്‍ പറ്റില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. സ്ത്രീകള്‍ക്ക് മാത്രമേ ഇ ‘സൂപ്പര്‍ ഷീ’ അവധിക്കാല കേന്ദ്രത്തിലേക്ക് പ്രവേശനമൊള്ളൂ.

ആരോഗ്യ ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന ദ്വീപ് സഞ്ചാരികള്‍ക്കായി അടുത്ത് തന്നെ തുറന്ന് കൊടുക്കും. പുരുഷന്‍മാരോട് നോ എന്‍ട്രി പറയുന്ന ഈ അവധിക്കാല കേന്ദ്രത്തിന്റെ പുറകില്‍ ക്രിസ്റ്റീന റോത്ത് എന്ന വനിതയാണ്.

കാലിഫോര്‍ണിയയിലെ കാലാബസാസില്‍ ചിലവിട്ട ഒരു അവധിക്കാലമാണ് ക്രിസ്റ്റീനയുടെ മനസില്‍ ഈ ചിന്തക്ക് വിത്ത് പാകിയത്. ശരീരത്തിനും മനസ്സിനും നവോന്മേഷം നേടാന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകളെ പുരുഷന്‍മാരുടെ സാമിപ്യം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ആലോചിച്ചു. അത്തരം അന്തരീക്ഷമില്ലാത്ത ഒരു ‘സൂപ്പര്‍ ഷീ’ ഇടം ഒരുക്കുന്നതിലേക്കാണ് അത് എത്തി നിന്നത്.

‘ഒരു സുന്ദരന്‍ പയ്യനെ കാണുമ്പോള്‍, സ്ത്രീകള്‍ നേരെ ലിപ്സ്റ്റിക്കെടുത്തിടും. ‘സൂപ്പര്‍ ഷീ’ ദ്വീപിന്റെ ആശയം തന്നെ നിങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൂ, ഹോര്‍മോണ്‍ കുതിപ്പുകളെ വിട്ടു കളയൂ എന്നതാണ്’.. ക്രിസ്റ്റീന പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരുഷ വിരോധിയായത് കൊണ്ടല്ല ക്രിസ്റ്റീന ഈ സംരംഭത്തിനൊരുങ്ങിയത്. സ്ത്രീകള്‍ക്ക് സമാധാനത്തോടെ പരസ്പരം ഇടപഴകാനും ഇഷ്ടങ്ങള്‍ക്കൊത്ത് സമയം ചിലവഴിക്കാനും ഒരു സ്ഥലം ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ക്രിസ്റ്റീനയുടെ കാമുകന്റെ നിര്‍ദ്ദേശമായിരുന്നു ഈ ദ്വീപ് വാങ്ങാന്‍. ആദ്യം താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കിലും വ്യക്ഷങ്ങളുടെ മനോഹാരിത നിറഞ്ഞ ഈ ഇടം അവരുടെ ഹൃദയം കവര്‍ന്നു.

വരുന്ന ജൂണിലാണ് ഈ അപൂര്‍വ്വ അവധിക്കാല കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുക. സൂപ്പര്‍ ഷീ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴീ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്. ഇതിന്റെ ചിലവ് വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍