UPDATES

യാത്ര

ആന പ്രേമികളേ, നിങ്ങള്‍ തായ്‌ലൻഡിലേക്ക് പോരൂ, ഈ ആനപ്പന്തി കാണൂ

ആനകൾക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്ന ഒരു സങ്കേതം കാണണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തായ്‌ലൻഡിലെ ‘ചാങ് ചിൽ’ സന്ദര്‍ശിക്കണം.

ആനകളെ കാട്ടില്‍ പോയി കാണുന്നതാണ് ഏറ്റവും ഭംഗി. ആനകളെ ഉപയോഗിച്ചുള്ള പോളോ മത്സരങ്ങള്‍ അടക്കം നടക്കാറുള്ള തായ്‌ലൻഡിലും ആനകളെ കാണാന്‍ നിരവധി സൗകര്യങ്ങളുണ്ട്. മിക്കവയും നമ്മുടെ നാട്ടിലേതിനു സമാനമായ ആനപ്പന്തികളോ മൃഗശാലകളോ ഒക്കെ ഉണ്ടെങ്കിലും വേറിട്ടൊരു അന്തരീക്ഷത്തില്‍ സൌഹാര്‍ദ്ദപരമായ അന്തരരീക്ഷത്തില്‍ ആനപ്പന്തി ഒരുക്കിയിരിക്കുകയാണ് തായ്‌ലൻഡ്.

ആനകളെ ക്രൂരമായി ആക്രമിച്ചുകൊണ്ട് മെരുക്കാന്‍ ശ്രമിക്കുന്ന ഒന്നും ഇല്ലാതെ ആനകൾക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്ന ഒരു സങ്കേതം കാണണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തായ്‌ലൻഡിലെ ‘ചാങ് ചിൽ’ സന്ദര്‍ശിക്കണം. മനുഷ്യന്‍റെ യാതൊരു ഇടപെടലുകളുമില്ലാതെ ആനകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സാഹചര്യമൊരുക്കുന്ന ആനപ്പന്തിയാണ് ചാങ് ചിൽ. ലോകത്തിലെ ആദ്യത്തെ ആന സൗഹൃദ വാണിജ്യ വേദിയെന്ന വിശേഷണം ഇതിനകംതന്നെ സ്വന്തമാക്കിയ ചാങ് ചിൽ ജൂണ്‍ മാസത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

മേ മുൻ, മേ യുൻ, മേ ടൂ, മൊളേക്കോ, മേ ഗോഗെ, മയൂറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആറ് പെണ്‍ ആനകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സഞ്ചാരികള്‍ക്ക് സമയം ചിലവഴിക്കാം. എന്നാല്‍ ആനകളെ അസ്വസ്ഥമാക്കുന്ന ഒന്നും അവിടെ അനുവദിക്കുകയുമില്ല. അവിടെ ഇത് ആനകളെ ആനകളാക്കാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. പ്രജനനം,സവാരി,സ്പർശനം എന്നിവയൊന്നും അനുവദിക്കുന്നില്ല. സ്വാഭാവിക ക്രമീകരണത്തിൽ ആനകളെ കാണുന്നതിന് പുറമെ അവയെ കുളിപ്പിക്കാനുള്ള സൌകര്യവും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു സുരക്ഷിത സ്ഥാനവും ഒരു സ്പ്രിംഗളർ സിസ്റ്റവും അവിടെ പുതുതായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

കരിമ്പ്, ധാന്യം, വാഴപ്പഴം എന്നിവ പോലുള്ള ആഹാരങ്ങള്‍ നേരിട്ടല്ലാതെ ആനകള്‍ക്ക് നല്‍കുന്നതിനും സംവിധാനമുണ്ട്. എല്ലാംകൊണ്ടും സൌഹാര്‍ദ്ദത്തോടെയാണ് ഈ ആനപ്പന്തി ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തൊട്ടടുത്തുള്ള നദിയെയാണ് ആശ്രയിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും വളരെ സൂക്ഷ്മതയോടെ ഒരുക്കിയിരിക്കുന്നു. ആനകളുടേയും സഞ്ചാരികളുടെയും സുരക്ഷയ്ക്കുതന്നെയാണ് പ്രഥമ പരിഗണന. ആനകളെ ക്രൂരമായി ആക്രമിച്ച് മെരുക്കിയെടുക്കാന്‍ ശ്രമിക്കുകയും വാണിജ്യ-വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ലോകത്തിനുമുന്നില്‍ മികച്ച മാതൃകയാവുകയാണ് ചാങ് ചിൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍