UPDATES

യാത്ര

തായ്‌ലാന്‍ഡിന്റെ ആത്മാവിലേക്ക് എത്താം ‘സിയാം നിരമിത്’ലൂടെ..

മനോഹരമായ ദ്വീപുകളും, ഡാന്‍സ് ബാറുകളും, പബും നിശാക്ലബ്ബുകളും നിറഞ്ഞ പടിഞ്ഞാറന്‍ ലഹരികളുടെ പകര്‍ത്തിവയ്പ്പുകളുടേയും കഥകള്‍ മാത്രമല്ല തായ്‌ലാന്‍ഡ് എന്ന് മനസ്സിലാക്കാം ഈ കലാവിഷ്‌കാരത്തിലൂടെ.

സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് തായ് ലാന്‍ഡ്; ഇന്ത്യ, ചൈന, കംബോഡിയ തുടങ്ങി ഒട്ടുമിക്ക ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പൗരാണിക ജീവിതദര്‍ശനങ്ങളും സാംസ്‌കാരിതയും ഏറിയും കുറഞ്ഞും ഇവിടെക്കണ്ടെത്താം. ഈ വൈവിധ്യത്തെ ഈ രാജ്യവുമായി ബന്ധിപ്പിച്ചത് പ്രധാനമായും ബുദ്ധമതമാണ്. എന്ത്‌കൊണ്ടെന്നാല്‍ ഈ നാനാത്വത്തില്‍ ബൗദ്ധികവിശ്വാസങ്ങളുടെ സ്ഥൂലമായ ഏകത്വമുണ്ട്! ലോകത്ത് നിലവിലുള്ള പ്രബലമതങ്ങളില്‍ ഒന്നായ ബുദ്ധമതത്തിന് അത്രമേല്‍ശക്തമായ വേരോട്ടമുണ്ടിവിടെ; പ്രത്യേകിച്ചും പ്രാചീനബുദ്ധമതത്തോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന തേര്‍വാദ (Theravada) ബുദ്ധമത വിശ്വാസികളാണ് ഇവിടെ ഭൂരിപക്ഷവും. തായ് ജനസംഖ്യയുടെ ഏതാണ്ട് 95%വരുമത്. സ്വാഭാവികമായും ബുദ്ധമതത്തിന്റെ ഈറ്റില്ലമായിരുന്ന നമ്മുടെ രാജ്യത്തിന്റെയും ജീവിതസംസ്‌കാരങ്ങളുടെ അലയൊലികള്‍ ഇവിടെ കാണുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വിശ്വാസങ്ങളില്‍ ആചാരങ്ങളില്‍ ഭാഷയില്‍ പോലും ഇന്ത്യയുടെ സ്വാധീനം ചെറുതല്ല! അതിനെക്കുറിച്ച് പറയാനേറെയുണ്ട്. അവിസ്മരീണമായ അനുഭവങ്ങള്‍ സമ്മാനിച്ച തായ്‌ലാന്‍ഡിലെ സിയാം നിരമിത്തിനെ കുറിച്ച് ചിലത് കുറിക്കട്ടെ!

തായ് ലാന്‍ഡിന്റെ പഴയകാല നാമമാണ് സിയാം (സിയാം നദിയുടെ ദേശം). അതിന്റെ ചരിത്രപരവും സാംസ്‌കാരികപരവുമായ ചിത്രങ്ങളെ തനിമയോടെ അവതരിപ്പിക്കുന്ന ഗംഭീരമായ ഒരു കലാവിഷ്‌കാരമാണ് ‘സിയാം നിരമിത്’ (Siam Niramit). ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോകത്തെത്തന്നെ ഏറ്റവുംവലിയ രംഗാവതരണങ്ങളിലൊന്നാണിത്(Stage Show). ഏതാണ്ട് രണ്ടായിരംപേര്‍ക്ക് ഇരിക്കാവുന്ന വിപുലമായ വേദി. കൗതുകകരമായ സജ്ജീകരണം. കലയും നൂതനസാങ്കേതികതയും ഒത്തുചേര്‍ന്ന കമനീയവും വിസ്മയകരവുമായ രംഗാവിഷ്‌കാരങ്ങള്‍, പ്രതിഭാധനന്മാരായ നൂറ്റിയമ്പതോളം കലാകാരന്മാര്‍, നയനാനന്ദകരമായ അഞ്ഞൂറോളം വേഷവിധാനങ്ങള്‍, കാണികള്‍ക്കിടയിലൂടെ നടന്നുവരുന്ന അലങ്കരിച്ച ആന, മണ്ണിലൂടെ അലതല്ലിയൊഴുകുന്ന പുഴ. പുഴയിലൂടെ ചാഞ്ചാടുന്ന വഞ്ചികള്‍. ഏതോ നാടോടിക്കഥയിലെ സുഗന്ധവാഹിയായ സംഗീതം. ഭൂതകാലം അതിന്റെ മുഴുവന്‍ പ്രതാപങ്ങളുമായി നമുക്ക് മുന്നില്‍ നൃത്തം ചെയ്യുന്നു.ആര്‍ക്കും അഭൂതപൂര്‍വമായ ഒരനുഭവമായിരിക്കുമത്.


‘സിയാം നിരമിത്’ കേവലമൊരു നൃത്തനാടകാവതരണമല്ല. അതിന്റെ മികവുറ്റ സംവിധാനം അതിനെ മറക്കാന്‍ കഴിയാത്ത ഒന്നാക്കുന്നു. ഏറ്റവും അത്യാധുനികമായ സാങ്കേതികക്രമീകരണങ്ങള്‍, മികവുറ്റ രംഗപടങ്ങള്‍, പരിചയസമ്പന്നരായ കലാകാരന്മാരുടെ തകര്‍പ്പന്‍ പ്രകടനം, എല്ലാം നമുക്ക് നല്‍കുന്ന അനുഭൂതി വാക്കുകള്‍ക്ക് അതീതമാണ് സിയാമിന്റെ ഗതകാലങ്ങളിലൂടെ സുഖകരമായ ഒരു യാത്ര! മൂന്നുഭാഗങ്ങളായാണ് വേദിയിലെ കലാപ്രകടനം.

ആദ്യ ഭാഗം സിയാമിന്റെ ചരിത്രത്തിലേക്കുള്ള സഞ്ചാരമാണ്. വ്യത്യസ്തമായ നാഗരികതകളുടെ ഇടപെടലുകള്‍, ബുദ്ധദര്‍ശനത്തെ ഹൃദയത്തോട് ചേര്‍ത്തുവച്ച ഗ്രാമീണജീവിതങ്ങള്‍, പ്രജാതല്പരരായ രാജാക്കന്മാരുടെ വീരഗാഥകള്‍, പൂര്‍വ്വകാല സാംസ്‌കാരികവിനിമയങ്ങള്‍, ചൈനീസ് -അറബ് വ്യാപാരബന്ധങ്ങള്‍, അവയിലൂടെ വികസിച്ച സമൂഹങ്ങള്‍ അങ്ങനെ പോകുന്നു അത്. കാഴ്ചക്കാരന് ഒട്ടുംവിരസതതോന്നാത്ത തരത്തില്‍ ചരിത്രത്തിന്റെ ഹ്രസ്വചിത്രങ്ങള്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നത് എടുത്ത്പറയേണ്ടതാണ്. സിയാമിന്റെ വടക്കും, വടക്ക്കിഴക്കും, തെക്കന്‍സമുദ്രതീരത്തും മധ്യഭാഗത്തുമായി ഭൂതകാലം എങ്ങനെയായിരുന്നു എന്നോര്‍മ്മിപ്പിക്കുന്നതാണ് രംഗാവതരണങ്ങള്‍.


രണ്ടാം ഭാഗം, ബുദ്ധമതത്തിന്റെ കര്‍മ്മസിദ്ധാന്തത്തെയും അതുമായി ബന്ധപ്പെട്ട സ്വര്‍ഗ്ഗ-നരക സങ്കല്പ്പങ്ങളുടെയും ആവിഷ്‌കാരമാണ്. നരകവും സ്വര്‍ഗ്ഗവും അതിനിടയിലെ വനാന്തരങ്ങളുമാണ് തായി വിശ്വാസങ്ങള്‍ അനുസരിച്ച് കര്‍മ്മഫലത്തെ ഓര്‍മ്മപ്പെടുത്തുന്നവ.. തീജ്വാലകളുടെ നരകത്തില്‍ പാപികള്‍ക്ക് നരകരാജാവായ ഫ്രയോം (Phrayom) കുറ്റമനുസരിച്ച് ശിക്ഷവിധിക്കുന്നു. നുണയന്‍മാരുടെ നാവറുക്കുന്നു, മദ്യപാനികളെ വെട്ടിത്തിളപ്പിച്ച ചൂടുവെള്ളം കുടിപ്പിക്കുന്നു, കാമകിങ്കരന്മാരായ പാപികളെ കൂര്‍ത്തമുള്ളുകള്‍ നിറഞ്ഞ മരത്തില്‍ കയറ്റുന്നു, അങ്ങനെപോകുന്ന കഠിനമായ ശിക്ഷകള്‍ നിറഞ്ഞ നരകം വേദിയില്‍ നാവുനീട്ടുന്നു.

പിന്നീട് വനാന്തരമാണ്. തായ് പുരാണകഥയില്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ ഒരു വനമുണ്ട് (Himapaan). അവിടെ വിചിത്ര ജീവജാലങ്ങളും ദേവതമാരുമുണ്ട്. ഫലമൂലാദികളില്‍ നിന്നും ജന്മംകൊള്ളുന്ന സുന്ദരിമാരുണ്ട്. അത്തരം അനേകം വിശ്വാസ-സങ്കല്‍പ്പങ്ങളുടെ വനാന്തരവും അതിന്റെ കാഴ്ചകളും. അവരുടെ ആട്ടവും പാട്ടും! അടുത്തതായി സ്വര്‍ഗ്ഗമാണ്. സത്കര്‍മ്മികളെ മാലാഖമാര്‍ അവിടേയ്ക്ക് ആനയിക്കുന്നു. ദേവതമാര്‍ അവരെ പൂജിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. അവര്‍ പുണ്യകര്‍മ്മങ്ങളുടെ കേദാരത്തില്‍ സുഖത്തോടെ ജീവിക്കുന്നു..ആനന്ദിക്കുന്നു..!

മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയുമാണ്. ബുദ്ധവിശ്വാസം അനുസരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോകേണ്ടവര്‍ ഭൂമിയില്‍ ചെയ്യേണ്ട മഹത്തായ കടമകളും കര്‍മ്മങ്ങളുമുണ്ട്. ഈ ആഘോഷങ്ങളെല്ലാം അവയുമായി ബന്ധപ്പെട്ടതാണ്. ഹൃദ്യമായ നൃത്താവതരണങ്ങള്‍. കമിതാക്കള്‍ അല്ലെങ്കില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് പുഴയിലേക്ക് ദീപങ്ങള്‍ ഒഴുക്കുന്ന ഉത്സവം (Loy Krathong ), നമ്മുടെ ഹോളിയെ അനുസ്മരിപ്പിക്കുന്ന നിറങ്ങളുടെ ഉത്സവം (Songkran) തുടങ്ങി ഗ്രാമജീവിതങ്ങളുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന അനേകം കാഴ്ചകള്‍.

ഒന്നരമണിക്കൂര്‍ നീളുന്ന ഈ പരിപാടി കണ്ടുമടങ്ങുമ്പോള്‍ മുളംതണ്ടുകളില്‍ നിന്നും ഒഴുകിയ തായ് സംഗീതവും ചടുലമായ നൃത്തച്ചുവടുകളുടെ മനോഹാരിതയും നമ്മുടെ ഹൃദയത്തെ മുഗ്ധമാക്കും! തായ് ലാന്‍ഡില്‍ ബാങ്കോക്ക്, ഫുക്കറ്റ് എന്നീ സ്ഥലങ്ങളിലെ രണ്ടുവേദികളില്‍ സിയാം നിരമിത് അവതരിപ്പിക്കുന്നു. ബാങ്കോക്കില്‍ നിന്നും സിയാം നിരമിത് വേദിയിലേക്ക് പ്രയാസമില്ലാതെ എത്തിച്ചേരാം. രാത്രി 8 മുതല്‍ 9.20വരെയാണ് ദിവസവും അവതരണം. വൈകിട്ട് ആറു മുതല്‍ സൗജന്യബസ് സര്‍വീസ് അവിടേയ്ക് നടത്തുന്നുണ്ട്. പ്രവേശനത്തിന് സാധാരണ സീറ്റിന് 1500 തായ് ബാഹ്ട്ട് നല്‍കണം.

മനോഹരമായ ദ്വീപുകളും, ഡാന്‍സ് ബാറുകളും, പബും നിശാക്ലബ്ബുകളും നിറഞ്ഞ പടിഞ്ഞാറന്‍ ലഹരികളുടെ പകര്‍ത്തിവയ്പ്പുകളുടേയും കഥകള്‍ മാത്രമല്ല തായ്‌ലാന്‍ഡ് എന്ന് മനസ്സിലാക്കാം ഈ കലാവിഷ്‌കാരത്തിലൂടെ. തായ് ലാന്‍ഡിന്റെ ആത്മാവിലേക്കാണ് സിയാം നിരമത് നയിക്കുക.

കുമയൂണ്‍ മലനിരകള്‍ ആസ്വാദിച്ച് നൈനിറ്റാളിലെ മൂടല്‍ മഞ്ഞിലൂടെ ഒരു നടത്തം

ഈ രാജ്യത്ത് കുടിവെള്ളം പോലെ പ്രധാനമാണ് ലൈബ്രറിയും; ഇവിടെ പുസ്തകങ്ങള്‍ ചുമക്കുന്നത് റോബോട്ടുകളാണ്

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍