UPDATES

യാത്ര

ലോകത്ത് ഏറ്റവുമധികം യാത്ര ചെയ്തിട്ടുള്ള വ്യക്തി ആരാണ്? ഇന്ത്യക്കാരനാണ്, പക്ഷെ മോദിയല്ല

ഇപ്പോള്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള കണ്‍സള്‍ട്ടേഷനും പ്രഭാഷണങ്ങളും ചെറു ബിസിനസുമായി സമ്മദാര്‍ ദുബായില്‍ കഴിയുകയാണ് സമ്മദാര്‍, കാണാന്‍ മോഹിച്ചതെല്ലാം കണ്ടുകഴിഞ്ഞ നിസ്സംഗതയോടെ.

ലോകത്ത് ഏറ്റവുമധികം യാത്രചെയ്തിട്ടുള്ള വ്യക്തി ആരാണ്? പലര്‍ക്കും പല ഉത്തരങ്ങളുണ്ടായേക്കാം. ബറാക് ഒബാമ, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തുടങ്ങി ജര്‍മന്‍ ചാന്‍സ്ലര്‍ ആഞ്ജല മെര്‍ക്കല്‍ വരെയുള്ള പേരുകള്‍ മനസ്സിലൂടെ മിന്നിപ്പായുന്നില്ലേ? എന്നാല്‍ ഇവരാരുമല്ല, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൂരവും കാലവും രാജ്യങ്ങളും സഞ്ചരിച്ചയാള്‍. ഇതൊരു ഇന്ത്യക്കാരനാണ്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല അത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ച, ഏറ്റവും ദൂരം സഞ്ചരിച്ച അദ്ദേഹത്തിന്റെ പേര് കാശി സമ്മദാര്‍ എന്നാണ്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ പ്രവാസി വ്യവസായിയാണ് സമ്മദാര്‍. 2008 മെയ് 27ന് കൊസോവയിലെത്തുമ്പോള്‍ അദ്ദേഹം സഞ്ചരിക്കുന്ന 195-ാം രാജ്യമായിരുന്നു അത്. അന്ന് ലോകത്ത് അത്രയും രാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. യാത്ര തുടര്‍ന്ന അദ്ദേഹം ഇന്ന് നിലവിലുള്ള എല്ലാ രാജ്യങ്ങളും കണ്ടുകഴിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അടക്കം നാല് ലോക റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്. കാശി സമ്മദാര്‍ ഇനി യാത്ര ചെയ്ത് നേടാന്‍ ഒന്നുമില്ല.

1995 മുതല്‍ 2011 വരെയുള്ള കാലത്താണ് ഈ യാത്രകളെല്ലാം കൊല്‍ക്കത്തയില്‍ വേരുകളുള്ള കാശി സമ്മദാര്‍ നടത്തിയത്. എന്നാല്‍ ഒരു റെക്കോര്‍ഡ് നേട്ടത്തിലേക്ക് അത് കൊണ്ടുചെന്നെത്തിച്ചത് 2003ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് വിസ പ്രശ്‌നങ്ങള്‍ മൂലം രണ്ടുദിവസം കുടുങ്ങിപ്പോയപ്പോളാണ്. അന്ന് സമ്മദാര്‍ ഒരു തീരുമാനമെടുത്തു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പോകും. റെക്കോര്‍ഡുകള്‍ സ്വന്തമാക്കും. തന്റെ സമ്പാദ്യമായ 3,50,000 പൗണ്ട് (മൂന്നരക്കോടി രൂപയിലധികം) അദ്ദേഹം യാത്രകള്‍ക്കായി മാറ്റിവെച്ചു. എല്ലാമറിയുന്ന ഭാര്യ ബര്‍ണാലി ഭര്‍ത്താവിനൊപ്പം നിന്നു. 70 രാജ്യങ്ങളില്‍ സമ്മദാര്‍ക്ക് കൂട്ടായി ഭാര്യയുണ്ടായിരുന്നു. 12 വര്‍ഷവും എട്ടുമാസവും 13 ദിവസവുമെടുത്ത് ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമെത്തി ആഗ്രഹിച്ചതെല്ലാം അദ്ദേഹം സ്വന്തമാക്കി. സഞ്ചരിച്ചത് ഒന്നരലക്ഷം മൈലിലധികം കിലോമീറ്റര്‍. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ഈവര്‍ഷം മാര്‍ച്ചില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ബറാക് ഒബാമ പോകുന്ന 84 ാമത്തെ രാജ്യം മാത്രമായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും യാത്രാപ്രിയനായ ലോകനേതാവ് ജോണ്‍പോള്‍ രണ്ടാമന്‍ എത്തിയത് 129 രാജ്യങ്ങളില്‍ മാത്രം.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സമ്മദാര്‍ക്ക് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. പലതവണ വിസ നിഷേധിക്കപ്പെട്ടു. മോള്‍ഡോവയെന്ന ചെറു രാജ്യം മൂന്നുവര്‍ഷം തുടര്‍ച്ചയായി നിഷേധിച്ചതിന് ശേഷമാണ് സമ്മദാര്‍ക്ക് സന്ദര്‍ശന വിസ നല്‍കിയത്. ലോകത്തിലെ ഏതാണ്ട് എല്ലാ എയര്‍ലൈനുകളിലും സമ്മദാര്‍ യാത്ര ചെയ്തു. മുന്നൂറിലേറെ ഫ്‌ളൈറ്റുകളിലായിരുന്നു യാത്ര. ഭൂമിയുടെ ചുറ്റളവിന്റെ ഏതാണ്ട് ഏഴിരട്ടി വരും സമ്മദാര്‍ യാത്ര ചെയ്ത ദൂരം. സമ്മദാര്‍ക്ക് ശേഷം ബ്രിട്ടീഷ് സഞ്ചാരിയായ ഗ്രഹാം ഹ്യൂസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പോയെങ്കിലും അത് സ്വന്തം ചെറുവിമാനത്തിലായതിനാല്‍ സമ്മദാരുടെ റെക്കോര്‍ഡ് ഭദ്രമായിരുന്നു. പിന്നീട് ന്യൂസിലന്റുകാരായ ജോണ്‍ ബോഗനും ജെയിംസ് ഇര്‍വിംഗും 191 രാജ്യങ്ങള്‍ സഞ്ചരിച്ചെങ്കിലും സമ്മദാരുടെ റെക്കോര്‍ഡ് തകര്‍ക്കാനായില്ല.

ഇപ്പോള്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള കണ്‍സള്‍ട്ടേഷനും പ്രഭാഷണങ്ങളും ചെറു ബിസിനസുമായി സമ്മദാര്‍ ദുബായില്‍ കഴിയുകയാണ് സമ്മദാര്‍, കാണാന്‍ മോഹിച്ചതെല്ലാം കണ്ടുകഴിഞ്ഞ നിസ്സംഗതയോടെ….

(മന്‍സൂര്‍ കുഞ്ചിറയില്‍ പനംപാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍