UPDATES

യാത്ര

തിരുനെല്ലി കടന്ന് തോല്‍പ്പെട്ടിയിലേക്ക്-കേരളാ അതിര്‍ത്തിയിലൂടെ ഒരു യാത്ര

Avatar

ശബരിനാഥ്

കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത് അത്ഭുതകരമായ വിരുന്നാണ്. തെക്ക് അഗസ്ത്യാര്‍കുടം മുതല്‍ തെന്മല, മൂന്നാര്‍, പറമ്പിക്കുളം, നിലമ്പൂര്‍, ആറളം, മുത്തങ്ങ, തോല്‍പ്പെട്ടി എന്നിങ്ങനെ ആ പ്രദേശങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ഇതില്‍ തോല്‍പ്പെട്ടിയിലേക്ക് ഒരുയാത്ര കുറച്ചുനാളായി ആഗ്രഹിക്കുന്നതാണ്. യാത്രകള്‍ എപ്പോഴും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണല്ലോ, അതിനാണ് ത്രില്ലും. മുന്‍കൂട്ടി തീരുമാനിക്കുന്നതും പലതും മുടങ്ങുന്നതാണ് പതിവ്. തോല്‍പ്പെട്ടി യാത്രയും ആകസ്മികമായി സംഭവിച്ചതാണ്.

യാത്ര ആരംഭിച്ചത് തലശേരിയില്‍ നിന്നാണ്. തലശേരിയില്‍ നിന്ന് ഏകദേശം 102 കിലോമീറ്റര്‍ ഉണ്ട് തോല്‍പ്പെട്ടിയിലേക്ക്. കൊട്ടിയൂര്‍, ബോയ്‌സ് ഠൗണ്‍ വഴിയാണ് പാത. കുത്തനെയുള്ള ഹെയര്‍ പിന്‍ വളവുകള്‍ ഉള്ളതിനാല്‍ യാത്ര കുറച്ച് സാഹസികം തന്നെ! ഉച്ചതിരിഞ്ഞാണ് തലശ്ശേരിയില്‍ നിന്നു പുറപ്പെട്ടത്. തോല്‍പ്പെട്ടിയില്‍ താമസസൗകര്യങ്ങള്‍ കുറവായതിനാല്‍ രാത്രി തിരുനെല്ലിയില്‍ തങ്ങുന്നതാണ് ബുദ്ധിയെന്നു തോന്നി. അങ്ങനെയാണെങ്കില്‍ രാവിലെ എഴുന്നേറ്റ് പാപനാശിനിയില്‍ ഒരു കുളിയും പാസ്സാക്കി തിരുനെല്ലി ക്ഷേത്രദര്‍ശനവും കഴിഞ്ഞ് ബാക്കി യാത്ര പുനഃരാരംഭിക്കാമല്ലോ! രാത്രി ഏതാണ്ട് 9 മണിയായപ്പോഴേയ്ക്കും കാട്ടിക്കുളം എത്തി. ഇതാണ് അവസാനത്തെ ടൌണ്‍. ഇനിയങ്ങോട്ട് വനമാണ്. അതുകൊണ്ടുതന്നെ അത്യാവശ്യ സാധനങ്ങള്‍ എന്തെങ്കിലും വാങ്ങാനുണ്ടെങ്കില്‍ ഇവിടുന്നു വാങ്ങുക.


ഗുണ്ഡിക ക്ഷേത്രം

തിരുനെല്ലി

ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് പ്രകൃതി രമണീയമായ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വയനാട് വന്യജീവി സംരക്ഷണകേന്ദ്രത്തിനു നടുക്കാണ് ഈ ക്ഷേത്രം. വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണുക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല എന്നിവയാല്‍ ചുറ്റപ്പെട്ട ക്ഷേത്രം സഹ്യമലാക്ഷേത്രം എന്നും അറിയപ്പെടുന്നു. രാത്രി മുഴുവന്‍ കാവലായി നിന്നു അതിരാവിലെ ഭക്തര്‍ക്കും സൂര്യഭഗവാനുമായി വഴിമാറി കൊടുക്കുന്ന മഞ്ഞിന്റെ കാഴ്ച്ച വിവരണാതീതമാണ്.

മുപ്പത് കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിനു അല്‍പ്പം അകലെയാണ് പാപനാശിനി അരുവി. ഈ അരുവിയിലെ പുണ്യജലത്തില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാകും എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനാണ് കൂടുതലായും ആളുകള്‍ ഇവിടെ എത്തുന്നത്. ക്ഷേത്രത്തില്‍ നിന്നും ഉരുളന്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ നടന്നുവേണം പാപനാശിനിയില്‍ എത്താന്‍. പോകുന്ന വഴിയ്ക്കാണ് പഞ്ചതീര്‍ത്ഥ കുളവും ഗുണ്ഡികാ ശിവക്ഷേത്രവും. തിരുനെല്ലി ക്ഷേത്രത്തിന്റെ പുറകിലെ പടികള്‍ കടന്നെത്തുമ്പോഴാണ് പഞ്ചതീര്‍ത്ഥം. അഞ്ചുനദികളുടെ സംഗമസ്ഥലമാണ് പഞ്ചതീര്‍ത്ഥം എന്നാണ് വിശ്വാസം.


പാപനാശിനിയിലേക്കുള്ള യാത്ര

വനത്തിലെ വൃക്ഷലതാദികള്‍ക്ക് മുഖം നോക്കാന്‍ ഒരു കണ്ണാടി എന്നു വേണമെങ്കിലും ഈ കുളത്തെ വിശേഷിപ്പിക്കാം. കാരണം ചുറ്റും നില്‍ക്കുന്ന വൃക്ഷങ്ങളുടെ പ്രതിബിംബമാണ് കുളത്തില്‍ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുക. പാപനാശിനി ഗ്രാമം,പഞ്ചതീര്‍ത്ഥ ഗ്രാമം എന്നീ രണ്ടു അതിപുരാതന ഗ്രാമങ്ങള്‍ ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഏതോ അജ്ഞാതകാരണങ്ങളാല്‍ ആ ഗ്രാമങ്ങള്‍ നശിക്കപ്പെടുകയായിരുന്നു.ഈ ഗ്രാമങ്ങള്‍ നശിച്ചപ്പോള്‍ അവിടെ വസിച്ചിരുന്നവര്‍ മാനന്തവാടിക്കടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയംതേടിപോവുകയായിരുന്നുവെന്നാണ് പറഞ്ഞുകേട്ടത്.


പഞ്ച തീര്‍ത്ഥം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടിയൂര്‍ അമ്പലത്തിന്റെ ആഘോഷങ്ങള്‍ക്കായുള്ള അരി തിരുനെല്ലിയില്‍ നിന്നുമാണത്രെ കൊടുത്തിരുന്നത്. ആഘോഷം കഴിയുമ്പോള്‍ അതു മടക്കി കൊടുക്കുകയും ചെയ്തിരുന്നു. അന്നത്തെ കാലത്ത് ഭക്തര്‍ക്ക് പോകാനായി തിരുനെല്ലിയില്‍ നിന്നും ബ്രഹ്മഗിരി കാടിനുള്ളിലൂടെ പത്തു കിലോമീറ്റര്‍ കാട്ടുപാത കൊട്ടിയൂരിലേക്ക് ഉണ്ടായിരുന്നു. ഇന്ന് ആ പാതയില്ല. പകരം കൊട്ടിയൂരില്‍ നിന്നും ബോയ്‌സ് ഠൗണ്‍, മാനന്തവാടി, കാട്ടിക്കുളം വഴി തിരുനെല്ലിയിലേക്ക് റോഡ് വന്നു.


കൊട്ടിയൂര്‍ ക്ഷേത്രം

തോല്‍പ്പെട്ടിയിലേക്ക്
യാത്ര വീണ്ടും തോല്‍പ്പെട്ടിയിലേക്ക്. തിരുനെല്ലിയില്‍ നിന്നും 16 കിലോമീറ്റര്‍ ആണ് തോല്‍പ്പെട്ടിയിലേക്ക്. രാവിലെയുള്ള യാത്ര ആയതിനാല്‍ സുര്യരശ്മികള്‍ അങ്ങിങ്ങായി വൃക്ഷങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്നതെയുണ്ടായിരുന്നുള്ളൂ. രാവിലെ 7 മണിമുതല്‍ 10 വരെയും വൈകിട്ട് 3 മണി മുതല്‍ 5 മണിവരെയുമാണ് തോല്‍പ്പെട്ടിയിലെ ജംഗിള്‍ സഫാരി. തോല്‍പ്പെട്ടിയില്‍ ഞങ്ങളെയും കാത്ത് ജീപ്പുമായി ഗൈഡ് രാജേഷ് ഉണ്ടായിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

മൂകാംബികയിലേക്ക്: ചില യാത്രകള്‍ അങ്ങനെയാണ്; ആരുമില്ലെങ്കിലും പോയി വരും
കാട്ടിലെത്തിയാല്‍ നിശബ്ദരാകുന്ന കൂട്ടുകാര്‍ക്ക്
ജലം കൊണ്ട് കോറിയിട്ട ഒരു വയനാടന്‍ യാത്ര- മാങ്ങാട് രത്നാകരന്റെ യാത്രയില്‍ വയനാട്
ഗുണ്ടല്‍പേട്ട: പൂപ്പാടങ്ങള്‍ കടന്ന് നക്ഷത്രവേശ്യാലയങ്ങളിലേക്ക്
മഴക്കാടുകള്‍ കടന്ന് ഉന്മാദങ്ങളുടെ തീരത്തേക്ക്- അമല്‍ ലാല്‍ എഴുതുന്ന ബൈക്ക് യാത്രാനുഭവം

ആന, കടുവ, കാട്ടുപോത്ത്, പുലി, മലയണ്ണാന്‍, മയില്‍,ഹനുമാന്‍ കുരങ്ങ്, കരടി, കരിമ്പുലി തുടങ്ങിയവയെ കൊണ്ട് സമൃദ്ധമാണ് വയനാട് വന്യജീവി സങ്കേതം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള രണ്ടാമത്തെ വനമാണ് വയനാട് വന്യജീവി സങ്കേതം. അവസാനമായി നടന്ന കണക്കെടുപ്പില്‍ ഇവിടെ 77 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.തോല്‍പ്പെട്ടി വനത്തെക്കുറിച്ചു വാചാലനായി രാജേഷ് ഞങ്ങളുമായി ജംഗിള്‍ സഫാരി ആരംഭിച്ചു. വനത്തിലൂടെ 20 കിലോമീറ്റര്‍ ആണ് ഈ സഫാരിയുടെ ദൈര്‍ഘ്യം.


ജംഗിള്‍ സഫാരി

ബ്രിട്ടീഷുകാര്‍ വനത്തിനകത്ത് തേക്കുമരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. അന്നവര്‍ മരങ്ങള്‍ വെട്ടിക്കൊണ്ട് പോകുന്നതിനുവേണ്ടി കാട്ടുപാതകള്‍ ഉണ്ടാക്കിയിരുന്നു. ആ പാതകളാണ് ഇന്ന് നമ്മുടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജംഗിള്‍ സഫാരിക്കായി ഉപയോഗിക്കുന്നത്. പോകുന്ന വഴിയില്‍ ചിലയിടങ്ങളില്‍ ചെറിയ പാലങ്ങളുണ്ട്. അതില്‍ എല്ലാം 1965 എന്ന് രേഖപ്പെടുത്തിയിരുന്നു. പണ്ടുകാലത്ത് ബ്രിട്ടീഷുകാര്‍ പണിത പാലങ്ങള്‍ തകര്‍ന്നപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ പുതുക്കിപ്പണിതതാണത്രെ ഇന്നു കാണുന്ന പാലങ്ങള്‍.പാലങ്ങള്‍ പുതുക്കി നിര്‍മ്മിച്ച വര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തൊണ്ണൂറുകള്‍വരെ ഇവിടെ മരംമുറി നടന്നിരുന്നു.


ഹനുമാന്‍ കുരങ്ങ്

വനത്തിനുള്ളിലെ മനോഹരമായ ഒരു തടാകത്തിന് അടുത്തെത്തിയപ്പോള്‍ രാജേഷ് ജീപ്പ്‌നിര്‍ത്തി. ഒരുപറ്റം മാന്‍കൂട്ടങ്ങള്‍ തടാക കരയില്‍ വെള്ളം കുടിക്കാന്‍ എത്തിയിരിക്കുന്നു. അവയില്‍ രണ്ടുമാനുകള്‍ കൊമ്പു കോര്‍ക്കുന്ന ദൃശ്യം കാമറയില്‍ പകര്‍ത്താന്‍ തോന്നി. കാമറ തിരികെ വയ്ക്കാന്‍ പോയപ്പോഴാണ് രാജേഷ് ഒരു മരത്തിനു മുകളിലെ കാഴ്ച്ചയിലേക്ക് എന്നെ വിളിച്ചത്. ഹനുമാന്‍ കുരങ്ങ്! ശരീരം മുഴുവനും വെളുത്തരോമങ്ങള്‍കൊണ്ട് മൂടപ്പെട്ടതും കറുത്ത മുഖവുമുള്ള ഹനുമാന്‍ കുരങ്ങുകള്‍ മരത്തിനു മുകളില്‍ ചാടിക്കളിക്കുകയാണ്. പക്കാ വെജിറ്റേറിയന്‍ ആണത്രേ ഹനുമാന്‍ കുരങ്ങുകള്‍. ഇന്ത്യയിലെ മിക്കപ്രദേശങ്ങളില്‍ നിന്നും കഴുകന്മാര്‍ വംശനാശഭീഷണിമൂലം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ അല്‍പ്പമെങ്കിലും ബാക്കിയായിട്ടുള്ളത് പശ്ചിമഘട്ട മലനിരകളിലെ വയനാട്, ബന്ദിപൂര്‍,മുതുമല ഭാഗങ്ങളിലാണ്. ഇവയുടെ കൂടുകള്‍ ഇന്നും തോല്‍പ്പെട്ടിയില്‍ കാണാന്‍ സാധിക്കും. ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീണ്ടു നിന്ന രാജേഷുമൊത്തുള്ള ആ യാത്രയ്‌ക്കൊടുവില്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നത് എന്‍ എ നസീറിന്റെ വാക്കുകളാണ്.’ ഒരു വന്യജീവി ഫോട്ടോഗ്രാഫറാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചല്ല, കാടിനെക്കുറിച്ചാണ് ആദ്യം പഠിക്കേണ്ടത്”. വിദഗ്ദരായ ഗൈഡുകളുമായുള്ള യാത്രയില്‍ കാടിനെക്കുറിച്ച് അവരില്‍ നിന്ന് ധാരാളം അറിവുകള്‍ നേടാന്‍ സാധിക്കും. രാജേഷിന്റെ മൊബൈല്‍ റിംഗ് ചെയ്താല്‍ രാജേഷിനുമാത്രമെ അതറിയാന്‍ സാധിക്കൂ. കാരണം ആ വനത്തിനുള്ളിലെ ഏതോ ഒരു പക്ഷിയുടെ കൂവലാണ് അയാള്‍ തന്റെ ഫോണിന്റെ റിംഗ്‌ടോണ്‍ ആക്കിയിരിക്കുന്നത്.

കാടുകാണാന്‍ എത്തുന്ന ഓരോരുത്തരും രാജേഷിനെപ്പോലുള്ളവരെ മാതൃകയാക്കേണ്ടതാണ്. കാട് ഒരു സ്വകാര്യതയാണ്, അനേകം പക്ഷിമൃഗാദികളുടെയും വൃക്ഷങ്ങളുടെയുമെല്ലാം. നമുക്കവയൊക്കെ ആസ്വദിക്കാം,പക്ഷെ ശല്യപ്പെടുത്തരുത്. നമുക്കതിനുള്ള അവകാശം ഇല്ല.

(സ്വകാര്യ എഫ് എം റേഡിയോ നിലയത്തിലെ ജീവനക്കാരനാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍