UPDATES

യാത്ര

ലോകത്തില്‍ കാര്‍ബണ്‍ പുറംതള്ളുന്നതില്‍ പത്തില്‍ ഒന്ന് ശതമാനം പങ്കും ടൂറിസത്തിന്!

പ്രകൃതിക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്നതും വലിപ്പം കൂടിയതുമായ രാജ്യങ്ങളുമാണ്.

ലോകത്തില്‍ കാര്‍ബണ്‍ പുറംതള്ളുന്നതില്‍ പത്തില്‍ ഒന്ന് ശതമാനം പങ്കും ടൂറിസത്തിനാണെന്ന് പഠനം. ഗ്ലോബല്‍ ഗ്രീന്‍ഹൗസ് ഗ്യാസ് എമ്മിഷനില്‍ എട്ട് ശതമാനവും ടൂറിസത്തിന്റെ പങ്കാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ മൊത്തം കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് എത്രയാണെന്ന് അളക്കാനും ഈ പഠനം സഹായിച്ചു. ട്രാന്‍സറ്റ്ലാന്റ്‌റിക് ഫ്‌ളൈറ്റുകള്‍ മുതല്‍ സൂവനിര്‍ വരെയുള്ള എല്ലാ വസ്തുക്കളും പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റി ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം പരിശോധിച്ചിരുന്നു. വിമാന ഗതാഗതം കുറയ്ക്കുകയാണെങ്കില്‍ കാര്‍ബണ്‍ എമ്മിഷന്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് നേച്ചര്‍ ക്ലൈമറ്റ് ചേയ്ഞ്ച് എന്ന സയന്റിഫിക് ജേര്‍ണലിലെ പ്രസിദ്ധീകരിച്ച പേപ്പറില്‍ ഗവേഷകര്‍ പറയുന്നത്.

പ്രകൃതിക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്നതും വലിപ്പം കൂടിയതുമായ രാജ്യങ്ങളുമാണ്. യുഎസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് റാങ്കിംഗില്‍ മുന്നില്‍. വിമാന യാത്രയാണ് ഇതില്‍ ഏറ്റവും വലിയ പ്രശ്നം. ലോകം കൂടുതല്‍ സമ്പന്നമാകുന്നതനുസരിച്ച് ജനങ്ങള്‍ വിമാനയാത്രകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഇത് പ്രകൃതിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആഗോള ടൂറിസം ഇന്‍ഡസ്ട്രി ഓരോ വര്‍ഷവും അഞ്ച് ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഡോ.അരുണിമ മാലിക് പറയുന്നത്, ‘ടൂറിസം മേഖലയിലെ യഥാര്‍ത്ഥ ചിലവുകളെ പറ്റി പരിശോധിക്കുന്നതാണ് ഞങ്ങളുടെ പഠനം. ഭക്ഷണങ്ങള്‍ മുതല്‍ സുവനീര്‍ വരെയുള്ള എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആഗോള ടൂറിസത്തിന്റെ എല്ലാം ഈ പരിശോധനയുടെ ഭാഗമാക്കിയിട്ടുണ്ട്.’

ഗതാഗതം, പരിപാടികള്‍, ഹോട്ടലുകള്‍, ഭക്ഷണം, ഷോപ്പിംഗ് തുടങ്ങിയ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും കാര്‍ബണ്‍ ഫുഡ് പ്രിന്റ് പഠനം പരിശോധിച്ചു. 189 രാജ്യങ്ങളുടെയും കൂടാതെ പ്രധാന സപ്ലെ ചെയിനുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നരവര്‍ഷമെടുത്താണ് പഠനം പൂര്‍ത്തീകരിച്ചതെന്നും, ഒരു ബില്യണ്‍ സപ്ലെ ചെയിനുകളുടെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പരിശോധിച്ചെന്നും ഡോ.മാലിക് വ്യക്തമാക്കി.

അന്താരാഷ്ട്ര വിമാന യാത്രകളുടെയും ബങ്കര്‍ഷിപ്പിംഗ് എന്നിവയുടെ കാര്‍ബണ്‍ എമ്മിഷന്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ഒഴിവാക്കിയതാണ്. ലോകത്തെ ഏറ്റവും വലിയ ടൂറിസം എമ്മിഷന്റെ സ്ത്രോതസ്സായ അമേരിക്കയുടെ പ്രസിഡന്റ് ആയ ഡൊണാള്‍ഡ് ട്രെംപ് പാരീസ് ഉടമ്പടിക്ക് എതിരാണ്. പല രാജ്യങ്ങളും ടൂറിസത്തിന് വേണ്ടി വന്‍ തോതിലുള്ള നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ജപ്പാന്‍, നേപ്പാള്‍, ഹംഗറി പോലുള്ള രാജ്യങ്ങള്‍ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കാര്‍ബണ്‍ എമ്മിഷന്റെ തീവ്രത മറ്റു മേഖലയെക്കാളും കൂടുതലുള്ളത് ടൂറിസം മേഖലയ്ക്കാണെന്ന് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥ മാറുന്നത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. താപനില കൂടുന്നത് ചില മഞ്ഞു മൂടിയ പ്രദേശത്തെ ടൂറിസം ദുസ്സഹനീയമാക്കുന്നു. ഫിന്നിഷ് ലാപ്ലാന്‍ഡ് പോലുള്ള റിസോര്‍ട്ടുകളെ ഇത് ബാധിക്കുന്നു. കടല്‍ നിരപ്പ് കൂടുന്നതും തീരപ്രദേശ വികസനത്തെ ബാധിക്കുന്നു. യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ടൂറിസവുമായി ബന്ധപ്പെട്ട കാര്‍ബണ്‍ എമ്മിഷന്‍ നിയന്ത്രിക്കാനായി മുന്‍പ് നടപടികള്‍ എടുത്തിരുന്നു. യാത്രികരുടെ നീണ്ട വിമാനയാത്രകള്‍ ഒഴിവാക്കാനും ടൂറിസം ഓപ്പറേറ്റര്‍മാരോട് അവരുടെ കാര്‍ബണ്‍ എഫിഷ്യന്‍സി മെച്ചപ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാല്ലായിരുന്നുവെന്ന് ഗവേഷകര്‍ അവരുടെ പേപ്പറില്‍ പറയുന്നു.

ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്ന രാജ്യങ്ങള്‍ക്ക് വിമാനയാത്രകള്‍ നിയന്ത്രിക്കാനും മറ്റ് ടൂറിസം സംബന്ധമായ പരിപാടികള്‍ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്ടായിരിക്കുമെന്നും, ഈ നിയന്ത്രണം അവരുടെ വരുമാനത്തെ ബാധിക്കുമെന്നും പഠനം പറയുന്നു. മാലിദ്വീപ്, മൗറീഷ്യസ് പോലുള്ള ചെറിയ ജനസംഖ്യയുള്ള ദ്വീപ് രാജ്യങ്ങളില്‍ 80ശതമാനത്തോളം കാര്‍ബണ്‍ എമ്മിഷനുകളും ടൂറിസം മൂലമാണുള്ളത്. സമ്പന്ന രാജ്യങ്ങളില്‍ നിന്നും സാമ്പത്തികമായും സാങ്കേതികമായുമുള്ള സഹായങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് ഒരു ആശ്വാസമാണ്. ഇത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്ന് പഠനം നടത്തിയവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍