UPDATES

സെലിബ്രിറ്റി ട്രാവല്‍

അമേരിക്കയുടെ ആത്മഭാഷണങ്ങള്‍ തേടി ‘ജോണ്‍ സ്‌റ്റെയിന്‍ബക്’

75ല്‍പരം ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം 10,000ത്തോളം മൈലുകള്‍ സഞ്ചരിച്ചു. ഗുരുതരമായ ഹൃദയരോഗം ബാധിച്ച് മരണാസന്നനായിരിക്കവെയാണ് ഇത്തരമൊരു യാത്രയ്ക്ക് ജോണ്‍ സ്‌റ്റെയിന്‍ബക്  ഇറങ്ങിയത്. 

അമേരിക്കയെ അടുത്തറിയാനായി വളര്‍ത്തുനായയുമൊത്ത് ഒരു യാത്ര. ആ നാടിന്റെ ഉള്ളറകളിലൂടെ, തദ്ദേശീയരുടെ യഥാര്‍ഥ ഭാഷണങ്ങള്‍ കേട്ട്, പുല്ലുകളും പുല്‍ച്ചാടികളും തല ഉയര്‍ത്തുന്ന ഗ്രാമാന്തരങ്ങളുടെ ഗന്ധങ്ങളും കാഴ്ചകളും വര്‍ണ്ണ സഞ്ചയങ്ങളും തേടിയുള്ള യാത്ര. നാട്ടറിവുകള്‍, രാഷ്ട്രീയം, സ്വത്വ പ്രതിസന്ധി… കൊണ്ടും കൊടുത്തും ചര്‍ച്ച ചെയ്തും കരയിലും വെള്ളത്തിലുമായി നടത്തിയ അന്വേഷണങ്ങള്‍. പറഞ്ഞുവരുന്നത് 58-ാം വയസ്സില്‍ പ്രശസ്ത  അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ സ്‌റ്റെയിന്‍ബക് നടത്തിയ നെടുങ്കന്‍ യാത്രയെ കുറിച്ചാണ്. 75ല്‍പരം ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം 10,000ത്തോളം മൈലുകള്‍ സഞ്ചരിച്ചു. ഗുരുതരമായ ഹൃദയരോഗം ബാധിച്ച് മരണാസന്നനായിരിക്കവെയാണ് ഇത്തരമൊരു യാത്രയ്ക്ക് ജോണ്‍ സ്‌റ്റെയിന്‍ബക്  ഇറങ്ങിയത്.
വൈകാതെ മരണം സംഭവിക്കുമെന്നും അതിനു മുന്‍പ് ആവുന്നത്ര അമേരിക്കയെ അടുത്തറിയണമെന്നുമുള്ള ആഗ്രഹമായിരുന്നു ജോണ്‍ സ്‌റ്റെയിന്‍ബക്കിനുണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ മൂത്ത മകന്‍ തോമസ് സ്‌റ്റെയിന്‍ബക് എഴുതിയിട്ടുണ്ട്.അമേരിക്കക്കാരുടെ ഇഷ്ടങ്ങളേയും അവരുടെ അന്തസഞ്ചാരങ്ങളേയും അടുത്തറിയുക എന്നതായിരുന്നു യാത്രക്കിറങ്ങുമ്പോള്‍ മനസ്സിലെന്ന്  സ്‌റ്റെയിന്‍ബക് തന്നെയും വിശദീകരിക്കുന്നു. ട്രാവല്‍സ് വിത്ത് ചാര്‍ളി ഇന്‍ സെര്‍ച്ച് ഓഫ് അമേരിക്ക എന്ന  ശീര്‍ഷകത്തില്‍ സ്‌റ്റെയിന്‍ബക് ആ യാത്രയുടെ അനുഭവങ്ങളെ പുസ്തകരൂപത്തില്‍ പകര്‍ത്തുകയും ചെയ്തു.

1960ന്റെ തുടക്കത്തിലായിരുന്നു സ്റ്റെന്‍ബക്കിന്റെ പ്രഖ്യാതമായ യാത്ര. യാത്രയില്‍ സ്‌റ്റെയിന്‍ബക്കിന്റെ സഹചാരി ചാര്‍ളി എന്ന അദ്ദേഹത്തിന്റെ നായ ആയിരുന്നു. പുസ്തകത്തിന്റെ ശീര്‍ഷകത്തില്‍ തന്നെ ചാര്‍ളിയെ പരാമര്‍ശിക്കുന്നു. ചാര്‍ളിയുമായി നടത്തിയ ആത്മഭാഷണങ്ങളാണ് പുസ്തകമായി രൂപപ്പെട്ടതെന്ന് സ്‌റ്റെയിന്‍ബക് പറയുന്നു. താന്‍ പതിറ്റാണ്ടുകളായി ജീവിക്കുന്ന നാടിനു നെടുകേയും കുറുകേയും സഞ്ചരിച്ചുകൊണ്ട് പുത്തന്‍ ഉള്‍ക്കാഴ്ച നേടുകയും അക്കാര്യം ലോകത്തോട് പങ്കുവെയ്ക്കുകയുമായിരുന്നു സ്‌റ്റെയിന്‍ബക് ലക്ഷ്യമിട്ടത്.

പുതിയ  ട്രക് വാങ്ങി അതില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒക്കെ തയാറാക്കിയായിരുന്നു യാത്ര. ഡോണ്‍ ക്വിക്ക് സോട്ടിന്റെ കുതിരയെ അനുസ്മരിച്ച് റോസിനാന്റെ എന്ന പേരും ട്രക്കിനു നല്‍കി. യാത്ര തുടങ്ങാനിരിക്കെ ഉണ്ടായ ഡോണ ചുഴലിക്കാറ്റ് ദൗത്യം  രണ്ടാഴ്ച കൊണ്ടു വൈകിപ്പിച്ചു. കാലാവസ്ഥ മോശമായിരുന്നിട്ടും അദ്ദേഹം ആപല്‍ക്കരമായ ജല യാത്രകളും ഇതിനൊപ്പം നടത്തി. നഗരചത്വരങ്ങളേക്കാള്‍ ഗ്രാമാന്തരങ്ങളും ഗ്രാമീണ റോഡുകളും കേന്ദ്രീകരിച്ചായിരുന്നു യാത്രകള്‍ അധികവും. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഭക്ഷണം കഴിച്ചു. പലപ്പോഴും വഴിവക്കില്‍ ട്രക്ക് നിര്‍ത്തിയിട്ട് അതില്‍  തന്നെ കിടന്നുറങ്ങി. പുരുഷാരത്തിലേക്ക് ആണ്ടിറങ്ങി. അമേരിക്കന്‍ സമൂഹത്തില്‍ അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും നിലനിന്ന വര്‍ണ വിദ്വേഷങ്ങളെ കൂടുതല്‍ അടുത്തറിഞ്ഞു. യുവാക്കളുമായും ആസ്വാദകരുമായും എഴുത്തുകാരുമായും മറ്റും സംവാദങ്ങള്‍ നടത്തി. അമേരിക്കകാരില്‍ മാത്രം സ്‌റ്റെന്‍ബക് വീക്ഷിച്ചിട്ടുള്ള സവിശേഷതരമായ ഏകാന്തതയുടെ അര്‍ഥാന്തരങ്ങള്‍ ആരാഞ്ഞു.

സ്‌റ്റെയിന്‍ബക് ആദ്യം വെര്‍മോണ്ടിലേക്കാണ് പോയത്. അവിടെ കര്‍ഷകരുമായി നീണ്ട മുഖാമുഖങ്ങള്‍. അവരുമായി അദ്ദേഹം രാഷ്ട്രീയം ചര്‍ച്ച ചെയ്തു. പരമ്പരാഗത കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍  ചോദിച്ചറിഞ്ഞു. ആധുനികവത്ക്കരണവും യന്ത്രവത്ക്കരണവും കൃഷിയെ ഏത് തരത്തിലാണ് മാറ്റിത്തീര്‍ക്കുന്നതെന്നും കര്‍ഷക സമൂഹം എത്തരത്തിലാണ് മാറ്റങ്ങളെ സമീപിക്കുന്നതെന്നും തൊട്ടറിഞ്ഞു. പിന്നീട് വടക്കന്‍ മൈനയിലേക്കാണ് പോയത്. അവിടയപ്പോള്‍ ഉരുളക്കിഴങ്ങ് വിളവെടുപ്പിന്റെ കാലമായിരുന്നു. കൃഷിക്കാരെ സഹായിക്കുന്നതിനായി  കാനഡയില്‍ നിന്നും കുടിയേറിയ തൊഴിലാളികളെ അദ്ദേഹം അവിടെ കണ്ടു. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ആ തൊഴിലാളികള്‍ക്ക് ഒരു കുപ്പി കോഞ്യാക്ക്  സ്‌റ്റെയിന്‍ബക് നല്‍കി. എന്നാല്‍ അവിടെ നിന്നും കാനഡയുടെ അതിര്‍ത്തി കടന്നു പോകുന്നതിന് നടത്തിയ ശ്രമം പക്ഷെ വിജയം കണ്ടില്ല.
വിന്‍കോസിനിലെ ഡയറി ഫാം സന്ദര്‍ശനം സ്‌റ്റെയിന്‍ബക്കിന് നല്‍കിയത് മറ്റൊരു അനുഭവ തലം. വടക്കന്‍ ഡക്കോട്ടയില്‍ മേപ്പിള്‍ നദിക്കരയില്‍ സ്‌റ്റെയിന്‍ബക് ഒരു തെരുവോര നാടക കലാകാരനെ കണ്ടു. അദ്ദേഹവുമായി ദീര്‍ഘ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഷേക്‌സ്പിയര്‍ നാടകങ്ങള്‍ തെരുവകള്‍ തോറും അവതരിപ്പിക്കുന്നയാളായിരുന്നു ആ കലാകാരന്‍. പിന്നീട് ദക്ഷിണ ഡക്കോട്ടയിലെത്തിയ സ്‌റ്റെയിന്‍ബക്കിനു പക്ഷെ അവിടത്തെ പകലുകളേക്കാള്‍ രാത്രികളെയാണ് ഇഷ്ടപ്പെട്ടത്.
ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ നിന്നും തുടങ്ങിയ യാത്ര അമേരിക്കന്‍ ഐക്യനാടുകളുടെ അതിര്‍ത്തി ദേശങ്ങളിലൂടെ നീണ്ടു. മൈനോ, പസഫിക് നോര്‍ത്ത് വെസ്റ്റ്, തന്റെ ജന്മദേശമായ സലിനാസ് വാലി, ടെക്‌സാസ് ഒക്കെ ചുറ്റി ന്യൂയോര്‍ക്കില്‍ തിരിച്ചെത്തുകയായിരുന്നു. യാത്രാകാമനായ ജോണ്‍ സ്‌റ്റെയിന്‍ബക് നയഗ്രാ വെള്ളച്ചാട്ടത്തിലും  പര്‍വതപംക്തികളിലുമൊക്കെ അലഞ്ഞശേഷമായിരുന്നു യാത്ര അവസാനിപ്പിച്ചത്.യാത്ര കഴിഞ്ഞ് മടങ്ങിയെത്തി തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരവും ലഭിച്ചു. അമേരിക്കയുടെ ശരിയായ ഭാഷണം കേള്‍ക്കാനുള്ള ആ യാത്രകള്‍ പുസ്തകരൂപത്തിലായപ്പോള്‍, വായനക്കാരെ ആമുഖകാരന്‍ ഓര്‍മ്മിപ്പിച്ചു:  ‘it would be a mistake to take this travelogue too literally, as Steinbeck was at heart a novelist.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍