UPDATES

സെലിബ്രിറ്റി ട്രാവല്‍

എസ്.കെ എന്ന മലയാളികളുടെ ലോകജാലകം

മുംബൈയിലെ ജീവിത കാലമാണ് എസ്‌കെയിലെ ലോകസഞ്ചാരിയെ  ഉണര്‍ത്തിയതെന്നു പറയാം.  1949ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിദേശ സഞ്ചാരം. അതും കപ്പലിലായിരുന്നു. 18 മാസങ്ങള്‍ നീണ്ട ആഫ്രിക്കന്‍- യൂറോപ്പ് സഞ്ചാരം.

മലയാളികളുടെ യാത്രകളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കം. ജീവിതായോധനത്തിനായി പത്തേമാരികളിലും മറ്റും കയറി മലയായിലേക്കും സിലോണിലേക്കും  പോയ മലയാളികള്‍ പരശതം. പിന്നീട് ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും… ആ യാത്രകള്‍ നീണ്ടു. നിത്യപ്രവാസിയായ മലയാളികള്‍ എത്താത്ത ഇടം ചുരുങ്ങും. ഈ യാത്രകളൊന്നും കാഴ്ചകള്‍ തേടി പോയതായിരുന്നില്ല. എന്നാല്‍ പിന്നീട് മലയാളികള്‍ കാഴ്ചകള്‍ തേടിയും യാത്ര തുടങ്ങി. പരിചിതമല്ലാത്ത നാടു കാണാന്‍, അവിടത്തെ ജനതതികളെ , അവരുടെ ശീലങ്ങളെ, സംസ്‌കാരങ്ങളെ, സവിശേഷതകളെ ഒക്കെ മനസ്സിലാക്കാനുള്ള യാത്രകള്‍.
ഇത്തരം യാത്രകള്‍ക്ക് മലയാളികള്‍ക്കൊരു വഴികാട്ടി ഉണ്ടായിരുന്നു. അവരുടെ ലോക ജാലകം. എസ്.കെ. പൊറ്റേക്കാട്. യാത്ര വെബിടങ്ങളും ടെലിവിഷനും ഇന്റര്‍നെറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് ലോകത്തെ എഴുത്തിലൂടെ മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിച്ച പ്രതിഭാശാലി. നിത്യപ്രവാസിയായ മലയാളികളുടെ അന്തമില്ലാത്ത യാത്രകളെ വിവരണങ്ങളിലൂടെ അവര്‍ക്ക് കൂടുതല്‍ പഥ്യമാക്കികൊടുത്ത സര്‍ഗധനന്‍.  യാത്രകളില്‍ സാഹിത്യത്തിന്റെ ചാരുതയും സാഹിത്യത്തില്‍ യാത്രകളുടെ അനുഭവതീഷ്ണതയും പകര്‍ന്ന ഗദ്യകാരനും കവിയുമായ എസ്.കെ. ശ്ലഥമായ യാത്രാഖ്യായികകള്‍ ആയിരുന്നില്ല എസ്.കെയുടെ സഞ്ചാര കൃതികള്‍. കടന്നുപോയ വഴികളെ മനുഷ്യപ്പറ്റോടെ അദ്ദേഹം വിവരിച്ചു. സ്ഥലം, കാലം. സമൂഹം, ചിരിത്രം ഇവയൊക്കെ സര്‍ഗാതമക രചനകളുടെ ചൈതന്യത്തോടെ പകര്‍ത്തി.
ഇങ്ങനെ നോക്കിയാല്‍, എസ്.കെ. പൊറ്റേക്കാടിന് വിശേഷണങ്ങള്‍ ഏറെ. മലയാളത്തിലേക്ക് രണ്ടാമത്തെ ജ്ഞാനപീഠം കൊണ്ടുവന്ന എസ്.കെ. നിരന്തരം യാത്ര ചെയ്തു. ചെന്നിടങ്ങളിലൊക്കെ,  എന്തിന് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോലും മലയാളികളുടെ സാന്നിധ്യം കണ്ട് നിത്യപ്രവാസിയായ മലയാളി സ്വത്വത്തിന്റെ സവിശേഷതകളിലേക്ക് അദ്ദേഹം ചൂട്ടുകറ്റ വീശി. സിംഹഭൂമി, കാപ്പിരികളുടെ നാട്ടില്‍, പാതിര സൂര്യന്റെ നാട്ടില്‍, സോവിയറ്റ് ഡയറി, നൈല്‍ ഡയറി എന്നു തുടങ്ങി രണ്ടു ഡസനിലേറെ യാത്രവിവരണഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ശൈശവ ദശയിലായിരുന്ന മലയാളത്തിലെ യാത്ര വിവരണ സാഹിത്യശാഖ വയസറിയിച്ചത് എസ്.കെയിലൂടെയാണെന്ന് പറയാം.
സര്‍ഗാത്മക സാഹിത്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ കൈവച്ച എസ്.കെ. പക്ഷെ അവയെ പോലെ തന്നെയോ അതിലേറെയോ യാത്രാ വിവരണങ്ങളിലൂടെ  മലയാളികളുടെ ഹൃദയതാരകമായി. 1939ല്‍ മുംബേയിലേക്കുള്ള യാത്രയില്‍ നിന്നാണ് ഈ സഞ്ചാര പ്രണയിയുടെ ലോകസഞ്ചാരങ്ങള്‍ ആരംഭിക്കുന്നത്. കുറച്ചു കാലം അദ്ദേഹം മുംബേയില്‍ ജോലി ചെയ്യുകയും ഉണ്ടായി. 1940കള്‍ മുതലാണ് അദ്ദേഹം വിപുലമായി യാത്ര ചെയ്തുതുടങ്ങുന്നത്. 1941ല്‍  ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. മടങ്ങിയെത്തിയ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് പോലീസിന്റെ കൈയില്‍ പെടാതിരിക്കാനായി വീണ്ടും മുംബൈയിലെത്തി. പിന്നീട് കാശ്മീരും ഹിമാലയവുമൊക്കെ സന്ദര്‍ശിച്ചു. കാശ്മീരിനെ കുറിച്ചുള്ള പുസ്തകം 1947ല്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മുംബൈയിലെ ജീവിത കാലമാണ് എസ്‌കെയിലെ ലോകസഞ്ചാരിയെ  ഉണര്‍ത്തിയതെന്നു പറയാം.  1949ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിദേശ സഞ്ചാരം. അതും കപ്പലിലായിരുന്നു. 18 മാസങ്ങള്‍ നീണ്ട ആഫ്രിക്കന്‍- യൂറോപ്പ് സഞ്ചാരം. ഇന്നത്തെപ്പോലെ ഒന്നുമല്ല അന്ന് യാത്രകള്‍. വിരല്‍ത്തുമ്പില്‍ ഒന്നും ലഭിക്കില്ല. ദൂരം ദൂരം തന്നെ. യാത്ര കടമ്പകള്‍ ഏറെ. അവയൊക്കെ എസ്.കെ. തന്നെ പലവട്ടം വിശദമായി എഴുതിയിട്ടുമുണ്ട്. 1980ല്‍ മധ്യപൂര്‍വേഷ്യയിലേക്കുള്ള യാത്രയായിരുന്നു അവസാനത്തെ വിദേശയാത്ര.
1913 മാര്‍ച്ച് 14 കോഴിക്കോടായിരുന്നു  ജനനം. എസ്.കെ. എന്ന് ആരാധകര്‍ സ്‌നേഹനിര്‍ഭരം വിളിച്ചിരുന്ന അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റേക്കാട് എന്നായിരുന്നു. അച്ഛന്‍ കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തില്‍ 1937-1939 വര്‍ഷങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളില്‍ താല്പര്യം ജനിച്ചത്.
നീണ്ട സാമൂഹികാഖ്യാനങ്ങള്‍ എസ്.കെയുടെ സര്‍ഗാതമക രചനകളുടെ ഉള്‍ത്തലം നിര്‍വചിച്ചു. യാത്രാ രചനകളില്‍ ഈ ആഖ്യാനം കൂടുതല്‍ വസ്തുനിഷ്ടവും ചരിത്രനിഷ്ടവുമാക്കിത്തീര്‍ക്കാന്‍ അദ്ദേഹം ശ്രദ്ധവെച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്.  യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. അന്തമില്ലാത്ത യാത്രകളെ അന്തമില്ലാതെ പ്രണയിച്ചു ഈ എഴുത്തുകാരന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍