UPDATES

യാത്ര

മെസിയുടെ ഓട്ടോഗ്രോഫ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റഷ്യയിലേക്ക്; ക്ലിഫിന്‍, നിങ്ങളാണ് താരം

ക്ലിഫിന്‍ തന്റെ 28-ആം പിറന്നാള്‍ ആഘോഷിച്ചത് ഇറാനിലെ റോഡുകളില്‍ ആയിരുന്നു. പേര്‍ഷ്യന്‍ പുതുവത്സരം ആഘോഷിച്ചത് ഇറാനിലെ ഒരു കുടുംബത്തിന്റെ സ്‌നേഹവിരുന്നിന് ഒപ്പവും…

ഹരിത തമ്പി

ഹരിത തമ്പി

മലയാളിയുടെ ഫുട്‌ബോള്‍ പ്രേമം വളരെ പ്രസിദ്ധമാണ്. പാതിരാത്രികളില്‍ പോലും ലൈറ്റുകള്‍ അണയാത്ത വീടുകളും ക്ലാസ് റൂമുകളില്‍ ഉറക്കം തൂങ്ങുന്ന പിള്ളേരും ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയതില്‍ പിന്നെ സാധാരണം.

ഉറക്കമൊഴിച്ചിരുന്നു കളികണ്ടെന്ന് വമ്പു പറയുന്ന എല്ലാവരും അലപ്പുഴക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സിസിന്റെ ഫുട്‌ബോള്‍ പ്രേമത്തെ പറ്റിക്കൂടി കേള്‍ക്കണം. ലോക സഞ്ചാരവും വിദേശരാജ്യ സന്ദര്‍ശനവുമെല്ലാം നിറഞ്ഞ മടിശീലയുള്ളവര്‍ക്ക് മാത്രമാണെന്ന് കരുതുന്നവരും സൈക്കിളില്‍ റഷ്യയിലേക്ക് യാത്രയായ ക്ലിഫിനെക്കുറിച്ച് അറിയണം. ഇഷ്ടതാരമായ മെസ്സിയുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തന്റെ സൈക്കിളില്‍ 4000 കിലോമീറ്റര്‍ താണ്ടുന്ന ഈ യുവാവിന്റെ നിശ്ചയദാര്‍ഢ്യം ചില്ലറയല്ല താനും.

ആലപ്പുഴയിലെ തുറവൂരില്‍ ജനിച്ചു വളര്‍ന്ന ക്ലിഫിന്‍ ഒരു ഫ്രീലാന്‍സ് കണക്ക് അധ്യാപകനാണ്. കൊച്ചിയിലെ ഒരു എന്ന കോച്ചിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ക്ലിഫിന്‍ തുറവൂരില്‍ നിന്നും കൊച്ചിയിലേക്ക് വരാറുള്ളത് സൈക്കിളില്‍ തന്നെയാണ്. ഇന്ധന ലാഭം മാത്രമല്ല ഇതിനുപിന്നില്‍, വായു മലിനീകരണം തടയാനും ഒപ്പം ശരീരത്തിന് നല്ല വ്യായാമം നല്‍കാനും കൂടിയാണ് ക്ലിഫിന്‍ സൈക്കിള്‍ ചവിട്ടുന്നത്. ഇതിനെല്ലാം പുറമെ സൈക്കിള്‍ ചവിട്ടി യാത്ര ചെയ്യുമ്പോഴുള്ള ആത്മസംതൃപ്തിയാണ് വലുതെന്ന് ക്ലിഫിന്‍. കുട്ടിക്കാലം മുതല്‍ക്ക് തന്നെ സൈക്കിള്‍ ക്ലിഫിന്റെ ഒരു വലിയ കൂട്ടുകാരനാണ്.

ഓവര്‍ടൈം ട്യൂഷന്‍ എടുത്താണ് ക്ലിഫിന്‍ ഈ യാത്രയ്ക്ക് പണം സാമ്പാദിച്ചത്. ദുബായില്‍ നിന്നും ഫെറി കയറി ഇറാനില്‍ നിന്നും അസ്സര്‍ ബൈജാന്‍, ജോര്‍ജിയ വഴി ലോക കപ്പ് വേദിയില്‍ എത്താനാണ് ക്ലിഫിന്റെ പ്ലാന്‍. ഹോട്ടല്‍ റൂമുകളുടെയും ഭക്ഷണത്തിന്റെയും ഭീമമായ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ടെന്റുകളില്‍ താമസിച്ചും സ്വയം ഭക്ഷണം പാകം ചെയ്തുമെല്ലാമാണ് ക്ലിഫിന്‍ യാത്ര ചെയ്തത്. പലപ്പോഴും തദ്ദേശവാസികളുടെ ഊഷ്മളമായ വിരുന്നുകളും ക്ലിഫിന് ലഭിച്ചിട്ടുണ്ട്.

"</p

സല്‍മാന്‍ ഖാന്റെ വലിയ ഫാനായ ഒരു ഇറാന്‍കാരിയെ പരിചയപ്പെട്ട വിശേഷം ക്ലിഫിന്‍ പങ്കുവെക്കുന്നുണ്ട്. സൈക്കിള്‍ റോഡ് സൈഡില്‍ നിര്‍ത്തി കുറച്ച് സമയം വിശ്രമത്തിനായി നിന്ന ക്ലിഫിനോട് അരികില്‍ കാറ് നിര്‍ത്തി ഒരാള്‍ വെള്ളം ഓഫര്‍ ചെയ്തു. ആവശ്യത്തിന് വെള്ളം കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ട് യാത്ര പോകുന്ന അവരുടെ വെള്ളം കൂടി ഉപയോഗിക്കേണ്ട എന്നു കരുതി, ക്ലിഫിന്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. കുസൃതിക്കാരിയായ ഒരു പെണ്‍കുട്ടി ബാക്ക് സീറ്റില്‍ നിന്നും തലയിട്ട് ചറപറായെന്നു ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ ആയിരുന്നു ചോദ്യങ്ങള്‍. സൈക്കിളില്‍ ഇത്രയേറെ ദൂരം യാത്ര ചെയ്യുന്ന കണ്ടതില്‍ ഉള്ള മുഴുവന്‍ അത്ഭുതവും അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഉണ്ടായിരുന്നു. ക്ലിഫിനും വളരെ സന്തോഷപൂര്‍വ്വം തന്നെ അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. പൊടുന്നനെ ആ കുട്ടി ചോദിച്ചു ‘Do you think we are terrorists?’ ആ കൊച്ചു കുട്ടിയുടെ ചോദ്യം കേട്ട് പകച്ചു പോയെന്ന് ക്ലിഫിന്‍ പറയുന്നു. ലോകം മുഴുവന്‍ തങ്ങളെ തീവ്രവാദികള്‍ ആയി കാണുന്നത് ആ കുഞ്ഞിനെ എത്ര നോവിക്കുന്നുണ്ടായിരിക്കും…

ക്ലിഫിന്‍ തന്റെ 28-ആം പിറന്നാള്‍ ആഘോഷിച്ചത് ഇറാനിലെ റോഡുകളില്‍ ആയിരുന്നു. പേര്‍ഷ്യന്‍ പുതുവത്സരം ആഘോഷിച്ചത് ഇറാനിലെ ഒരു കുടുംബത്തിന്റെ സ്‌നേഹവിരുന്നിന് ഒപ്പവും…

"</p

ഒരു മനുഷ്യനെയോ മറ്റേതെങ്കിലും ജീവികളെയോ കാണുവാന്‍ കഴിയാത്ത മരുഭൂമികളില്‍ കൂടി കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി പോകേണ്ടി വന്നിട്ടുണ്ട്. മലകളും കുന്നുകളും കാടും മേടും എല്ലാം തന്നെ താണ്ടിയിട്ടുമുണ്ട്. ക്ലിഫിന്‍ തന്റെ ടെന്റിനെ വിളിക്കുന്നത് 2BHK എന്നാണ്. ഏത് ആഡംബര 4BHK-യില്‍ ജീവിക്കുന്നതിലും സുഖം തന്റെ കൂടാരവും കൊട്ടാരവും ആയ 2bhk യില്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍ ആണെന്നാണ് ക്ലിഫിന്‍ പറയുന്നത്. ഇറാനിലെ ഇസഫഹാനില്‍ വെച്ച സൈക്കിളില്‍ സാവാരി ചുറ്റുന്ന ഒരു രസികന്‍ ദമ്പതികളെ ക്ലിഫിന്‍ കണ്ടുമുട്ടി. അവരോടൊപ്പം ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഒരുമിച്ചുള്ള പാചകവും സൈക്കിള്‍ ചവിട്ടും എല്ലാം വളരെ രസകരമായിരുന്നു എന്നു ക്ലിഫിന്‍ പറയുന്നു.

ഇറാന്‍-അസര്‍ബൈജാന്‍ ബോര്‍ഡറില്‍ വച്ച് എട്ടു മണിക്കൂറാണ് വെരിഫിക്കേഷനു വേണ്ടി ചെലവഴിക്കേണ്ടി വന്നത്. നിരന്തരമായ സൈക്കിള്‍ ചവിട്ടല്‍ മൂലം മുഖം കരിവാളിക്കുകയും, വല്ലാതെ ക്ഷീണിച്ചു പോകുകയും ചെയ്തത് കൊണ്ട് പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി വലിയ വ്യത്യാസം വന്നിരുന്നു. എന്നിരുന്നാലും വളരെ ഊഷ്മളമായി തന്നെയാണ് ഈ പൊലീസുകാര്‍ ക്ലിഫിനോട് പെരുമാറിയത് എന്നു പറയുന്നു. അസര്‍ബൈജാനില്‍ ക്ലിഫിന്‍ നേടിയ സുഹൃത്തുക്കള്‍ അപ്രതീക്ഷിതമായ പ്രശ്‌നങ്ങളെ അതിജീവിക്കുവാനും കൂട്ടുണ്ടായിരുന്നു. ധാരാളം ഇന്ത്യക്കാരെ കണ്ടുമുട്ടിയ അനുഭവങ്ങളും ക്ലിഫിന്‍ പങ്കുവെക്കുന്നുണ്ട്. എണ്ണ കമ്പനികളില്‍ ജോലി ചെയ്യുന്നവരും, ബിസിനസുകാരും, ഹോട്ടല്‍ നടത്തിപ്പുകാരും അങ്ങനെ പലവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളെയും ക്ലിഫിന്‍ കണ്ടുമുട്ടി. ഇന്ത്യക്കാരനായ ഈ സൈക്കിള്‍ യാത്രക്കാരനെ തെല്ലൊരു അത്ഭുതത്തോടെയും പുഞ്ചിരിയോടെയുമാണ് എല്ലാവരും വരവേറ്റത്.

"</p

അസര്‍ബൈജാനിലേക്ക് സിംഗിള്‍ എന്‍ട്രി വിസയാണ് ക്ലിഫിന് ഉണ്ടായിരുന്നത്. അസര്‍ബൈജാനില്‍ നിന്നും ജോര്‍ജിയയിലേക്കും അവിടെ നിന്നും റഷ്യയിലേക്കും യാത്ര ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ ജോര്‍ജിയയിലേക്ക് വിസ ലഭിക്കാതെ ഒരു ദിവസം അസര്‍ബൈജാനും ജോര്‍ജിയയ്ക്കും ഇടയില്‍ കുടുങ്ങി പോയി. നിരാശയിലും അനിശ്ചിതത്വത്തിലും കുടുങ്ങി പോയ ആ ഘട്ടത്തില്‍, അസര്‍ബൈജാന്‍ അടിയന്തിര വിസ നല്‍കി സഹായിച്ചു. സൈക്കിള്‍ സവാരിക്ക് ഇടയില്‍ പരിചയപ്പെട്ട ഒരു ജര്‍മ്മനിക്കാരന്‍ ജോര്‍ജിയ കടന്ന് തന്റെ നാട്ടിലേക്ക് പോകും വഴി അയാളുടെ സിംകാര്‍ഡ് ക്ലിഫിന് നല്‍കിയതും അതില്‍ നിന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിസക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞത്തുമെല്ലാം തുണയായതായി ക്ലിഫിന്‍ പറയുന്നു.

അസര്‍ബൈജാനും റഷ്യയുമായി പങ്കെടുന്ന ഒരു അതിര്‍ത്തിയെ പറ്റി കേള്‍ക്കുവാന്‍ ഇടയായതും, സൈക്കിള്‍ സവാരിക്കാര്‍ തിരഞ്ഞെടുക്കാത്ത പാത ആയിരുന്നിട്ടും തന്റെ നിശ്ചയദാര്‍ഢ്യം കൈവിടാതെ അതേ പാതയില്‍ റഷ്യയിലേക്ക് യാത്രയായതും ക്ലിഫിന്‍ തന്റെ സ്വപ്നത്തിന് അത്രമേല്‍ വില നല്‍കുന്നത് കൊണ്ടാണ്. ലോകകപ്പ് ഫാന്‍ ഐഡി ഉപയോഗിച്ചു റഷ്യയിലേക്ക് പോകാന്‍ ഇരുന്നിരുന്ന ക്ലിഫിന് ഒരു മാസം അസര്‍ബൈജാനില്‍ ചെലവഴിക്കേണ്ടി വന്നു. മത്സരങ്ങള്‍ തുടങ്ങുന്നതിന്റെ 10 ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമേ ഈ സംവിധാനം ഉപയോഗിക്കുവാന്‍ കഴിയൂ എന്നതായിരുന്നു കാരണം. അസര്‍ബൈജാന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന് പുതിയ കൂട്ടുകാരെ കണ്ടെത്തി അവിടത്തുകാരുടെ സ്‌നേഹം ആസ്വദിച്ചു പ്ലാനില്‍ ഇല്ലാത്ത ഒരു മാസം ക്ലിഫിന്‍ വളരെ സന്തോഷത്തോടെ ചിലവഴിച്ചു. ഒടുവില്‍ അസര്‍ബൈജാനോട് യാത്ര പറഞ്ഞ് റഷ്യയില്‍ എത്തിച്ചേര്‍ന്ന ക്ലിഫിന്‍ ഇപ്പോള്‍ മോസ്‌കോയിലേക്കുള്ള യാത്രയിലാണ്.

"</p

ചെറുപ്പം മുതല്‍ അര്‍ജന്റീന ഫാന്‍ ആയ ക്ലിഫിന് ലയണല്‍ മെസ്സിയില്‍ നിന്നും തന്റെ സൈക്കിളില്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കുക എന്നതാണ് ചിരകാലാഭിലാഷം. ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക് മത്സരം കണ്ടതിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കുവാനാണ് ക്ലിഫിന്റെ പ്ലാന്‍. അഞ്ചു മാസം തന്റെ ഒപ്പം ഉണ്ടായിരുന്ന, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുവാനും എല്ലാ സന്തോഷങ്ങള്‍ക്ക് കൂട്ടുനില്‍ക്കുവാനും ഉണ്ടായിരുന്ന തന്റെ സൈക്കിള്‍ വില്‍ക്കണം. അല്‍പ്പം വേദനയോടെ ആണെങ്കിലും വിമാന ടിക്കറ്റിന് ആവശ്യമുള്ള പണം നേടണമെങ്കില്‍ സൈക്കിള്‍ വിറ്റാല്‍ മാത്രമേ സാധിക്കുകയുള്ളൂ.

നാട്ടില്‍ വന്നതിന് ശേഷം ഈ സൈക്കിള്‍ യാത്രയുടെ അനുഭവങ്ങള്‍ ഒരു പുസ്തകമായി എഴുതുവാന്‍ ക്ലിഫിന്‍ ഉദ്ദേശിക്കുന്നുണ്ട്. ലോകം കാണാന്‍ അതിയായ ആഗ്രഹമുള്ള, എന്നാല്‍ പണം ഒരു വിലങ്ങുതടിയാകുന്ന ഒരുപാട് പേരുണ്ടെന്നും അവര്‍ക്ക് തന്റെ കഥ ഒരു പ്രോത്സാഹനം ആവണം എന്നും ക്ലിഫിന്‍ പറയുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം;

"</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p "</p

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍