UPDATES

യാത്ര

കടലില്‍ ഉല്ലാസയാത്രയും വാട്ടര്‍ സ്പോര്‍ട്സുമായി ‘സീ ദുബായ്’

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സ്പോര്‍ട്സ് ഫിഷിങ് പദ്ധതിയുമുണ്ടാവും

കടലിലും ജലാശയങ്ങളിലും ഉല്ലാസയാത്രയ്ക്കും വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള വിനോദങ്ങളുമായി ‘സീ ദുബായ്’. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ജലവിനോദങ്ങളിലേക്ക് ആകര്‍ഷിക്കാനായി ദുബായ് മാരിടൈം സിറ്റി അതോറിറ്റിയുടെ (ഡിഎംസിഎ) പദ്ധതി ആര്‍ടിഎയുമായി ചേര്‍ന്നു വിപുലമാക്കാനാണ് തീരുമാനം. ഫ്ളോട്ടിങ് റസ്റ്ററന്റുകള്‍, റസ്റ്റ്ഹൗസുകള്‍, ആധുനിക സൗകര്യങ്ങളുള്ള ഉല്ലാസബോട്ടുകള്‍ എന്നിവ പദ്ധതിയിലുണ്ടാവും.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി വിപുലീകരിക്കുക. ബോട്ടുകളുടെയും മറ്റും രജിസ്ട്രേഷന്‍, ലൈസന്‍സ്, ബോട്ടുകളുടെ വേഗം, സുരക്ഷാ മാനദണ്ഡങ്ങള്‍, ജീവനക്കാര്‍ക്കുള്ള അനുമതിപത്രം, ടൂറിസം മേഖലകള്‍ എന്നിവയുടെ കാര്യത്തില്‍ രൂപരേഖയുണ്ടാക്കുനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടൂറിസം മേഖലകളെ വാട്ടര്‍ബസ്, വാട്ടര്‍ടാക്സി ശൃംഖലകളുമായി ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സ്പോര്‍ട്സ് ഫിഷിങ് പദ്ധതിയുമുണ്ടാവും. ഇതു വഴി പരമ്പരാഗത അറിവുകളും വിശാലമായ തീരവും വൈവിധ്യമാര്‍ന്ന മല്‍സ്യ സമ്പത്തുമുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഉല്ലാസത്തിന്റെ പുതിയൊരു മേഖല തുറക്കാനാണ് ലക്ഷ്യമിടുന്നത്.

അറേബ്യന്‍ മേഖലയില്‍ മുന്നൂറ്റിയന്‍പതിലേറെ മല്‍സ്യ ഇനങ്ങള്‍ ഉള്ളതായാണ് കണക്ക്. ഇവയെ പരിചയപ്പെടുത്തുന്നതിനൊപ്പം രസകരമായ സമുദ്രയാത്രയുടെ സാധ്യതകളും നടപ്പില്‍ വരുത്തും. ജെറ്റ്സ്‌കീ, മീന്‍പിടിത്തം, കട്ടമരത്തിലുള്ള യാത്ര തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികള്‍ക്കു കൂടുതല്‍ സ്വീകാര്യത ലഭിച്ചു വരുന്നുണ്ടെന്നതും വിശാലമായ തീരദേശമുള്ള എമിറേറ്റിന് ഇക്കാര്യത്തില്‍ വന്‍ മുന്നേറ്റം നടത്താനാകുമെന്നതുമാണ് പദ്ധതിക്ക് ഡിഎംസിഎ-ക്ക് കരുത്ത് പകരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍