UPDATES

യാത്ര

മഞ്ഞും പ്രണയവും വസന്തവും കൊണ്ട് പ്രകൃതി ഒരുക്കിയ ‘പൂക്കളുടെ താഴ്‌വര’, ഒരു യാത്ര പോകാം

യാത്രയില്‍ പൂക്കളുടെ സ്വര്‍ഗ്ഗീയ ലോകം കണ്ടമ്പരന്ന് നിന്നുപോകരുത്.

ഏറ്റവും മനേഹരമായ പ്രകൃതിയുടെ പൂങ്കാവനം സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമായ ഉത്തരാഖണ്ഡിലാണ്. ദ വാലി ഓഫ് ഫ്‌ളവേഴ്‌സ് (The Valley of Flowser).. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സാഹിത്യകൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വര. പര്‍വതാരോഹകരേയും സസ്യശാസ്ത്രജ്ഞരേയും ഒരുപാട് ആകര്‍ഷിക്കുന്ന സഞ്ചാരികളുടെയും സാഹസികരുടെയും സ്വപ്നഭൂമികളിലൊന്ന്. മഞ്ഞിന്റെ, പ്രണയത്തിന്റെ, വസന്തത്തിന്റെ ഈ താഴ്‌വര നല്‍കുന്ന അനുഭവം വാക്കുകള്‍ക്കതീതമാണ്.

1982-ലാണ് വാലി ഓഫ് ഫ്‌ളവേഴ്‌സിനെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അതൊരു ലോക പൈതൃക ഭൂമികയുമാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ നോര്‍ത്ത് ചമോലിയില്‍ സ്ഥിതിചെയ്യുന്ന പൂങ്കാവനം ആല്‍പൈന്‍ പുഷ്പങ്ങള്‍ തളിര്‍ക്കുന്ന പുല്‍മേടുകള്‍ക്കും അസംഖ്യം സസ്യലതാദികള്‍ക്കും പേരുകേട്ട ഇടമാണ്. എപ്പോഴും കണ്ടാസ്വദിക്കാവുന്ന സ്ഥലങ്ങളാണെങ്കിലും ജൂണിലെ കാഴ്ചയാണ് ഏറ്റവും സുന്ദരം. പതിയെ പഞ്ഞുരുകി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ തെളിഞ്ഞു വരുന്ന കാഴ്ചപോലെ മനോഹരമായി മറ്റെന്തുണ്ട്?

നിങ്ങളൊരു ഫോട്ടോഗ്രാഫറാണെങ്കില്‍ അസംഖ്യം വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ വിതറിയ മനോഹരമായ ഈ ലാന്‍ഡ്സ്‌കേപ്പ് സ്വപ്നങ്ങളില്‍ പോലും ലഭിച്ചേക്കില്ല. ആ കാഴ്ചമാത്രം മതി യാത്ര സഫലമാകാന്‍. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരാണെങ്കിലും സാധ്യതകള്‍ ഏറെയുണ്ട്. ഏകദേശം 3,658 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൂക്കളുടെ താഴ്വരയിലേക്ക് 4-5 ദിവസത്തിനുള്ളില്‍ കാല്‍നടയായി പോകാനും വഴികളുണ്ട്.

ഗോവിന്ദ്ഘട്ടില്‍ നിന്നും തുടങ്ങാം. ഗംഗാരിയയില്‍ എത്തുമ്പോള്‍ ഒരു വഴി ഗുരുദ്വാര ഹേംകുന്ദ് സാഹിബിലേക്കും മറ്റൊന്ന് പൂക്കളുടെ താഴ്വരയിലേക്കും പോകുന്നത് കാണാം. എങ്ങോട്ട് തിരിയണമെന്നത് നിങ്ങളുടെ ഇഷ്ടം. ഒരു കാര്യമുറപ്പ്, ഒരിക്കലും നിരാശരാകേണ്ടിവരില്ല.  പാര്‍ക്കിനുള്ളില്‍ ക്യാമ്പ് ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഒരു ദിവസം തന്നെ ധാരാളമാണ്.

യാത്രയില്‍ പൂക്കളുടെ സ്വര്‍ഗ്ഗീയ ലോകം കണ്ടമ്പരന്ന് നിന്നുപോകരുത്. വെള്ളച്ചാട്ടങ്ങളും, സാന്‍സ്‌കര്‍ പര്‍വതനിരയുടെയും ഗ്രേറ്റ് ഹിമാലയത്തിന്റെയും മനോഹരമായ കാഴ്ചകളും നഷ്ടപ്പെടുത്തരുത്. ഗോള്‍ഡന്‍ ലില്ലി, റോഡോഡെന്‍ഡ്രോണ്‍, സുഗന്ധം പരത്തുന്ന ചില കാട്ടുപൂക്കള്‍, കാട്ടു റോസ്, കാട്ടു സ്‌ട്രോബെറി എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.കാരണം പിന്നീട് അവ കാണാന്‍ കഴിഞ്ഞെന്നു വരില്ല.

വ്യത്യസ്ത ഉയരങ്ങളിലുള്ള മൂന്ന് ഉപ-ആല്‍പൈന്‍ വനങ്ങള്‍ ഈ താഴ്‌വരയിലുണ്ട്. 500 ഓളം കാട്ടുപൂക്കളുടെ അപൂര്‍വ്വ ശേഖരം. കൂടാതെ അപൂര്‍വ്വയിനം പക്ഷിമൃഗാദികളുടെയും ആവാസ കേന്ദ്രമാണ്. ഭാഗ്യമുണ്ടെങ്കില്‍ ഏഷ്യാറ്റിക് കറുത്ത കരടി, നീല ആടുകള്‍, ചുവന്ന കുറുക്കന്‍, തവിട്ട് കരടി തുടങ്ങിയ വന്യജീവികളെയും കാണാം.

നന്ദാദേവിയെകുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വത കൊടുമുടിയിലേക്ക് വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണല്‍ പാര്‍ക്കില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഈ കാഴ്ചകളെല്ലാം നിങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും… ഉറപ്പ്.

Read: ആഴക്കടലില്‍ സഞ്ചരിക്കാന്‍ അത്യപൂര്‍വ്വ അവസരവുമായി ബഹ്‌റൈന്‍; ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍