UPDATES

യാത്ര

പ്ലാസ്റ്റിക് സ്ട്രോകള്‍ ഉപയോഗിക്കില്ല: ടൂറിസം മേഖലയുടെ പ്രതിജ്ഞ

ഇന്ത്യ മുഴുവന്‍ ശാഖകളുള്ള 17 സ്ഥാപനങ്ങളാണ് പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരിക്കുന്നത്.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ടൂറിസം സംഘടനകളും ഓഹരി ഉടമകളും അവരുടെ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് മുക്തമായ ചെടികളും മരങ്ങളും നിറഞ്ഞ ഒരു ഭാവിയാണ് ലക്ഷ്യം. ടൂറിസം നിക്ഷേപകരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വന്നൊരു നിര്‍ദ്ദേശമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ശാഖകളുള്ള 17 സ്ഥാപനങ്ങളാണ് പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരിക്കുന്നത്.

പ്ലാസ്റ്റിക് സ്ട്രോകള്‍ ഉപേക്ഷിക്കുന്നത് ഒരു പുതിയ ആശയമല്ലെങ്കിലും ലോക പരിസ്ഥിതി ദിനം ഈ തീരുമാനം എടുക്കാന്‍ പറ്റിയ ദിവസമാണെന്ന് ഈ നീക്കത്തിന് കാരണക്കാരനായ, വയനാടിലെ മഡ്ഡി ബൂട്സ് വെക്കേഷന്‍സ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി പറഞ്ഞു. പ്ലാസ്റ്റിക് സ്ട്രോ ഹാനികരമായ വസ്തുവാണ്. പുനചംക്രമണം ചെയ്യാന്‍ പറ്റാത്ത വസ്തു. ഒരു ദിവസം ഏകദേശം 500 മില്യണ്‍ സ്ട്രോകളാണ് ഉപയോഗിക്കുന്നത്. ഒരു ഉപയോഗവുമില്ലാത്ത ഒരു വസ്തുവാണിതെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വഞ്ചര്‍ ടൂറിസം ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എടിഒഎഐ) പ്രതിജ്ഞ എടുത്തിട്ടുണ്ട്. അസോസിയേഷന് വേണ്ടി പ്രസിഡന്റ് ഈ പദ്ധതി അംഗീകരിച്ചുകൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിലേക്ക് സന്ദേശം അയച്ചു.

ഇന്ത്യക്കാര്‍ക്ക് സ്ട്രോ അത്ര അത്യാവശ്യമുള്ള വസ്തുവല്ല. ഒരു കെട്ട് സ്ട്രോ മേശയില്‍ വെച്ചാല്‍ മാത്രമേ ആളുകള്‍ അത് ഉപയോഗിക്കൂ. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ശീലം ഞങ്ങള്‍ ഒഴിവാക്കി വരുകയാണ്. ഇപ്പോള്‍ സ്ട്രോയുടെ ഉപയോഗം 50 ശതമാനമായി കുറഞ്ഞു. പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന്റെ ഉപയോഗം കുറച്ചത് പോലെ സ്ട്രോകളുടെ ഉപയോഗവും കുറക്കാവുന്നതാണെന്ന് എടിഓഎഐ സെക്രട്ടറി രാജേഷ് ഓജ പറഞ്ഞു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ (WTO) അംഗങ്ങളായ നിരവധി റിസോര്‍ട് ഉടമകളും മുന്നാറിലെയും തേക്കടിയിലെയും ടൂറിസം ഓപ്പറേറ്ററുകളും ഈ പ്രതിജ്ഞ എടുത്തു.

‘മറ്റ് സ്ഥാപനങ്ങളും പ്ലാസ്റ്റിക് സ്ട്രോകള്‍ നിരോധിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. പേപ്പര്‍ സ്ട്രോകളും ബാംബൂ സ്ട്രോകളും വിപണിയില്‍ ലഭ്യമാണ്. ഇതുപോലുള്ള വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം’- വയനാട്ടിലെ മൂന്ന് ടൂറിസം സ്ഥാപനങ്ങളുടെ ഉടമയും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും ആയ ശൈലേഷ് സിപി പറഞ്ഞു.

‘പ്ലാസ്റ്റിക് സ്ട്രോകള്‍ നിരോധിക്കുന്നത് എളുപ്പത്തില്‍ നടത്താവുന്ന ഒരു പദ്ധതിയാണ്. സ്ട്രോ ആവശ്യമുള്ളത് വളരെ കുറച്ച് ഡ്രിങ്ക്സിന് മാത്രമാണ്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം സ്ട്രോകള്‍ നല്‍കുക. ഈ ശീലം സ്‌ട്രോയുടെ ഉപയോഗം കുറയ്ക്കും’- കൊച്ചിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജയേഷ് എംവി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍