UPDATES

യാത്ര

അന്‍പത്തഞ്ച് നിലയുള്ള കെട്ടിടത്തിനു മുകളില്‍ 360 ഡിഗ്രി നീന്തല്‍ക്കുളം; ‘ഇന്‍ഫിനിറ്റി ലണ്ടന്‍’ ഒരുങ്ങുന്നു

നീന്തല്‍ കുളത്തിന്റെ നാലതിരുകളും അടിത്തട്ടും ചില്ലുപാകി സുതാര്യമായി നിര്‍മ്മിക്കാനാണ് കോംപസ് പൂള്‍സ് ഉദ്ദേശിക്കുന്നത്.

അന്‍പത്തഞ്ച് നിലകളുള്ള ഒരു ഹോട്ടല്‍. അതിന്റെ ഏറ്റവും മുകളില്‍, ഏകദേശം 220 മീറ്റര്‍ ഉയരത്തില്‍, ‘360 ഡിഗ്രി’യില്‍ ഒരു നീന്തല്‍ക്കുളം. കുളത്തിലേക്കിറങ്ങിയാല്‍ 4 വശത്തെയും മുകളിലെയും താഴത്തെയുമെല്ലാം കാഴ്ചകള്‍ കാണാം.

ലണ്ടനിലാണ് ലോകത്തിലെ ആദ്യത്തെ ‘360 ഡിഗ്രി’ പൂള്‍ ഒരുങ്ങുന്നത്. ‘ഇന്‍ഫിനിറ്റി ലണ്ടന്‍’ എന്നു പേരിട്ടിരിക്കുന്ന ഈ കുളത്തില്‍ ആറു ലക്ഷം ലീറ്റര്‍ വെള്ളം കൊള്ളും.നീന്തല്‍ക്കുളം ഡിസൈനിങ് രംഗത്തെ പ്രമുഖരായ ‘കോംപസ് പൂള്‍സ്’ ആണ് ഈ വമ്പന്‍ പദ്ധതിക്കു പിന്നില്‍. ലണ്ടന്‍ നഗരത്തെ മുഴുവന്‍ കാണാന്‍ കഴിയുന്ന രീതിയിലാണ് നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നത്. സന്ദര്‍ശകര്‍ക്ക് നഗരത്തിന്റെ മുകളിലൂടെ ഒഴുകുന്ന ഒരനുഭൂതി നല്‍കുന്നതാവും അത്.

നീന്തല്‍ കുളത്തിന്റെ നാലതിരുകളും അടിത്തട്ടും ചില്ലുപാകി സുതാര്യമായി നിര്‍മ്മിക്കാനാണ് കോംപസ് പൂള്‍സ് ഉദ്ദേശിക്കുന്നത്. കുളത്തില്‍ നീന്തുന്നവരെ കെട്ടിടത്തിന്റെ താഴെ നിന്നു നോക്കിയാല്‍പോലും കാണാമെന്നു ചുരുക്കം. നഗരത്തിന്റെ മുക്കും മൂലയും കാണുവാനാണ് ഇങ്ങനെയൊരു നിര്‍മ്മാണ രീതി തെരഞ്ഞെടുക്കുന്നത് എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കുളത്തിലേക്ക് ആളെയിറക്കാനും തിരിച്ചു കയറ്റാനും ‘അന്തര്‍വാഹിനി’ സാങ്കേതികതയാണ് കോംപസ് പൂള്‍സ് ഉപയോഗപ്പെടുത്താന്‍ പോകുന്നത്. വെള്ളത്തിനു മുകളിലും താഴെയുമുള്ള കാഴ്ചകള്‍ യാതൊരു തടസ്സവുമില്ലാതെ കാണുന്നതിനാണ് പടികള്‍ പോലും ഒഴിവാക്കിയിരിക്കുന്നത്.

കുളത്തിലെ വെള്ളം ചൂടാക്കാനും സംവിധാനമുണ്ട്. കെട്ടിടത്തിലെ എയര്‍ കണ്ടിഷനറുകളില്‍ നിന്നു പാഴാകുന്ന ഊര്‍ജ്ജമായിരിക്കും വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുക. വെള്ളം താഴത്തെ നിലകളിലേക്ക് ഒലിച്ചിറങ്ങുന്നത് തടയാന്‍ വിന്‍ഡ് സ്പീഡ് മോണിറ്ററുകളും സ്ഥാപിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലാണ്‌കോംപസ് പൂള്‍സ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. അതിഥികള്‍ക്ക് മേല്‍ക്കൂരയിലെ വിശാലമായ നീന്തല്‍ കുളത്തില്‍ സമയം ചിലവഴിക്കാം. 2020ല്‍ കുളത്തിന്റെ നിര്‍മാണം ആരംഭിക്കും.

ആറു ലക്ഷം ലീറ്റര്‍ വെള്ളം എങ്ങിനെ മുകളില്‍ എത്തിക്കും, ‘അന്തര്‍വാഹിനി’ സാങ്കേതികവിദ്യ എത്രത്തോളം പ്രയോജനപ്രദമാകും തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഒരു വര്‍ഷത്തിനപ്പുറം ലഭിക്കുമെന്ന് കോംപസ് പൂള്‍സ് പറയുന്നു.

Read More : എച്ച്ബിഒ പരമ്പര സൂപ്പര്‍ഹിറ്റ്, ചെര്‍ണോബിലിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍