UPDATES

യാത്ര

19 മണിക്കൂര്‍ നേരത്തെ ഒറ്റയിരുപ്പ്, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്രയോട് മനുഷ്യശരീരം എങ്ങനെ പ്രതികരിക്കും?

ലണ്ടനിൽ നിന്നോ ന്യൂയോർക്കിൽ നിന്നോ നേരിട്ട് സിഡ്നിയിലേക്ക് 40 പേരുമായി ക്വാണ്ടാസ് വിമാനം പറക്കും

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തു നിന്നും ലണ്ടനിലേക്കോ ന്യൂയോർക്കിലേക്കോ നേരിട്ട് വിമാന സര്‍വ്വീസെന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും. അതിന്‍റെ ആദ്യപടിയെന്നോണം മൂന്ന് പരീക്ഷണ പറക്കലിനാണ് ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസ് തയ്യാറെടുക്കുന്നത്. ലണ്ടനിൽ നിന്നോ ന്യൂയോർക്കിൽ നിന്നോ നേരിട്ട് സിഡ്നിയിലേക്ക് 40 പേരുമായി ക്വാണ്ടാസ് വിമാനം പറക്കും. 19 മണിക്കൂറോളം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ദീര്‍ഘദൂര യാത്രയോട് മനുഷ്യ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്.

2023 ഓടെ ലണ്ടൻ, ന്യൂയോർക്ക് എന്നീ സ്ഥലങ്ങളില്‍നിന്നും സിഡ്‌നി, ബ്രിസ്‌ബേൻ, മെൽബൺ എന്നീ മൂന്ന് ഓസ്‌ട്രേലിയൻ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് ക്വാണ്ടാസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് പരീക്ഷണ പറക്കല്‍ നടത്തുക. യാത്രക്കാരോടൊപ്പം അവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനായി മെഡിക്കൽ വിദഗ്ധരും ഉണ്ടാകും.

19 മണിക്കൂർ ദൈർഘ്യമുള്ള ഫ്ലൈറ്റ് യാഥാർത്ഥ്യമായാൽ, യാത്രക്കാർക്ക് അത് ചിലവേറിയ യാത്രയാകാന്‍ സാധ്യതയുണ്ട്. വിമാന കമ്പനിയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ ലാഭകരമാവുകയും ചെയ്യും. എന്നിരുന്നാലും സമയത്തിന്‍റെ വില കണക്കിലെടുക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനു മുന്‍പ്, നിലവില്‍ ഉത്പാദനം പൂര്‍ത്തിയായ മൂന്ന് ബോയിംഗ് 787-9 ഡ്രീംലൈനറുകൾ സിയാറ്റിലിലെ ബോയിംഗിന്റെ ഫാക്ടറിയിൽ നിന്ന് ലണ്ടനിലേക്കോ ന്യൂയോർക്കിലേക്കോ പറക്കും. അങ്ങിനെ വന്നാല്‍ അതായിരിക്കും ആദ്യത്തെ ദീര്‍ഘദൂര വിമാന സര്‍വ്വീസ്.

പരീക്ഷണ പറക്കല്‍ വിജയകരമായാല്‍ അത് വാണിജ്യാടിസ്ഥാനത്തില്‍ ഉടന്‍തന്നെ ആരംഭിക്കാനാണ് ക്വാണ്ടാസ് ആലോചിക്കുന്നത്. ക്വാണ്ടാസ് ജീവനക്കാരായിരിക്കും ടെസ്റ്റ് ഫ്ലൈറ്റുകളുടെ ഭാഗമാവുക. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ചാൾസ് പെർകിൻസ് സെന്റർ, മോനാഷ് യൂണിവേഴ്‌സിറ്റി, അലേർട്ട്നെസ് സേഫ്റ്റി ആൻഡ് പ്രൊഡക്ടിവിറ്റി കോപ്പറേറ്റീവ് റിസർച്ച് സെന്റർ എന്നിവിടങ്ങളിലെ ഗവേഷകർ ദീർഘദൂര വിമാനത്തിന് ഉണ്ടായേക്കാവുന്ന വിവിധ ആഘാതങ്ങള്‍ പരിശോധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍