UPDATES

യാത്ര

ലോകത്തെ ഒരേയൊരു ‘ഓട്ടം ചെറി ബ്ലോസം ഫെസ്റ്റിവല്‍’ നവംബര്‍ എട്ടിന് ഷില്ലോംഗില്‍ തുടങ്ങും

ഇന്ത്യ ഇന്റര്‍നാഷണല്‍ ചെറി ബ്ലോസം എന്നറിയപ്പെടുന്ന ഫെസ്റ്റിവല്‍ ലോകത്തെ ഒരേയൊരു ഓട്ടം ചെറി ബ്ലോസം ഫെസ്റ്റിവലാണ് എന്നാണ് പറയുന്നത്.

വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത് എന്താണ് എന്ന് പാബ്ലോ നെരൂദ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരത് കാലത്ത് ചെറി മരങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു? ശരത്കാലത്തും ചെറിമരങ്ങള്‍ പൂക്കുക തന്നെ ചെയ്യുന്നു. എല്ലാ വര്‍ഷവും നവംബറിലെ ശരത്കാല (autumn) സീസണില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ജപ്പാനിലേയ്ക്കും യുഎസിലേയ്ക്കും, ചെറി പൂക്കള്‍ക്ക് ലോകപ്രശസ്തമായ ജപ്പാനിലെ സാകുറയിലേയ്ക്കും മറ്റും പോകുന്നത്. പിങ്കും വെള്ളയും നിറമുള്ള ചെറു പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന കാഴ്ച അത്രയ്ക്ക് വശ്യമാണ്. കൂടുതല്‍ വിദേശ സഞ്ചാരികളും ജപ്പാനിലെത്തുന്നതും ഇക്കാലത്ത് തന്നെ. ഇന്ത്യക്കാര്‍ക്ക് ഇനി ഋതുക്കള്‍ ചെറി മരങ്ങളോട് എന്ത് ചെയ്യും എന്നറിയാന്‍ വിദേശത്തേയ്ക്ക് പോകേണ്ട കാര്യമില്ല. മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നവംബര്‍ എട്ടിന് ചെറി ബ്ലോസം ഫെസ്റ്റിവല്‍ തുടങ്ങുകയാണ്. നവംബര്‍ എട്ട് മുതല്‍ 11 വരെയാണ് ഫെസ്റ്റിവല്‍.

ഇന്ത്യ ഇന്റര്‍നാഷണല്‍ ചെറി ബ്ലോസം എന്നറിയപ്പെടുന്ന ഫെസ്റ്റിവല്‍ ലോകത്തെ ഒരേയൊരു ഓട്ടം ചെറി ബ്ലോസം ഫെസ്റ്റിവലാണ് എന്നാണ് പറയുന്നത്. മേഘാലയ സര്‍ക്കാരിന്റെ ടൂറിസം വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്‌സസ് ആന്‍ഡ് സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് (ഐ ബി എസ് ഡി), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) എന്നിവയുമായി ചേര്‍ന്നാണ് മേഘാലയ സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്. പോളോ സെക്കന്റ് ഗ്രൗണ്ട്, ജെഎന്‍ സ്‌റ്റേഡിയം, വാര്‍ഡ്‌സ് ലേക്, താര ഖര്‍ എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായാണ് ഫെസ്റ്റിവല്‍ നടക്കുക. അന്താരാഷ്ട്ര സുസ്ഥിര ടൂറിസം വര്‍ഷത്തോടനുബന്ധിച്ചാണ് ചെറി ബ്ലോസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രാത്രി നടത്തങ്ങള്‍, സംഗീത പരിപാടികള്‍, ഫാഷന്‍ ഷോ, ഫുഡ്, വൈന്‍, ക്രാഫ്റ്റ് എക്‌സിബിഷനുകള്‍ തുടങ്ങിയവ ഫെസ്റ്റിവലിനോട് അനുബന്ധിച്ചുണ്ടാകും. വാര്‍ഡ് ലേക്കിന് ചുറ്റുമാണ് നിറയെ ചെറി മരങ്ങള്‍ പൂത്തുനില്‍ക്കാറുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍