അഴിമുഖം പ്രതിനിധി
വിമാനം റദ്ദുചെയ്യുകയോ യാത്രക്കാരന് യാത്ര നിഷേധിക്കുകയോ ചെയ്താല്‍ ഭീമമായ നഷ്ട പരിഹാരം നല്‍കണം എന്ന ഡിജിസിഎയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് വലിയ അടിയായിരിക്കുകയാണ്.
ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരുന്ന പരിഷ്‌കരിച്ച ചട്ടപ്രകാരം വിമാനം റദ്ദുചെയ്യുകയോ രണ്ടു മണിക്കൂര്‍ വൈകുകയോ ചെയ്താല്‍ കമ്പനി 10,000 രൂപയും, യാത്ര റദ്ദ് ചെയ്യുകയോ/നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ 20,000 രൂപയും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം. നിലവില്‍ 4,000 രൂപയാണ് നഷ്ടപരിഹാരം.
വിമാന കമ്പനികള്‍ ഉള്‍പ്പടെ എല്ലാവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് നഷ്ടപരിഹാര തുക പരിഷ്‌കരണം നടപ്പിലാക്കിയത്.
എന്നാല്‍ പരിഷ്‌കരണങ്ങളില്‍ ചില അപാകതകള്‍ ഉണ്ടെന്നും അവ പരിശോധിക്കണമെന്നും എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി സുധാകര്‍ റെഡി പറഞ്ഞു.
വിമാനം റദ്ദുചെയ്യുന്ന വിവരമോ, ഒരു മണിക്കൂര്‍ വരെ വൈകുമെന്ന സന്ദേശമോ വിമാനകമ്പനികള്‍ യാത്രക്കാരനെ അറിയിക്കാന്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ 5,000 രൂപ നഷ്ടപരിഹാരമോ, ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുകയും ഇന്ധന വിലയും, ഏതാണോ കുറവ് അത് നല്‍കണം. കൂടാതെ ടിക്കറ്റ് ചാര്‍ജ് മടക്കി കൊടുക്കുകയും വേണം.
എന്നാല്‍ വിമാനം റദ്ദുചെയ്യുകയോ ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ വൈകുന്ന സാഹചര്യത്തില്‍ 7,500 രൂപയോ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുകയും ഇന്ധന വിലയും, ഏതാണോ കുറവ് അതു നല്‍കണം. രണ്ടു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 10, 000 രൂപയോ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുകയും ഇന്ധന വിലയും, ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി നല്‍കണം.
ഒരു വിമാനം യാത്ര ആരംഭിക്കുന്നത് മുതല്‍ നിശ്ചിത സ്ഥലത്ത് എത്തുന്നത് വരെയുള്ള സമയത്തിനാണ് ‘ബ്ലോക്ക് അവേര്‍സ്’ എന്നു പറയുന്നത്. ഇത് കണക്കാക്കിയാണ് വിമാനത്തിന്റെ ‘ഓണ്‍ ടൈം പെര്‍ഫോര്‍മന്‍സ്’ അഥവ ഒറ്റിപി കണക്കുകൂട്ടുന്നത്.
എന്നാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ 200 ശതമാനവും ഇന്ധന ചാര്‍ജും അല്ലെങ്കില്‍, 20,000 രൂപയോ നല്‍കണം. ഇതോടൊപ്പം കമ്പനി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരനെ നിശ്ചിത സ്ഥലത്ത് എത്തിക്കുന്നത്തിനുള്ള സംവിധാനം ഉറപ്പാക്കുകയാണെങ്കില്‍ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ളതു നല്‍കിയാല്‍ മതി.