UPDATES

സിനിമ

തിരുവനന്തപുരത്തെ എസ്പിഐ കൃപാ സിനിമാസില്‍ ബാഗില്‍ കൈകടത്തി പരിശോധന; പ്രതിഷേധം ഉയരുന്നു

സിനിമാ തിയറ്ററിനകത്ത് പുറത്തു നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടില്ലെന്ന ചില തിയറ്ററുകളുടെ നിലപാടിനെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു

സിനിമാ തിയറ്ററിനകത്ത് പുറത്തു നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടില്ലെന്ന ചില തിയറ്ററുകളുടെ നിലപാടിനെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം വിശദീകരണം തേടി. വിമാനത്തില്‍ പോലും പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടുവരാം എന്തുകൊണ്ട് തിയറ്ററില്‍ ആയിക്കൂട എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി പറയുന്നു. ഇതില്‍ എന്തു സുരക്ഷാ പ്രശ്‌നങ്ങളാണ് ഉള്ളതെന്നും കോടതി ചോദിക്കുന്നു. മള്‍ട്ടി പ്ലക്‌സ് തിയറ്ററുകള്‍ വ്യാപകമായതിനും പിറകേ കേരളത്തിലെ തിയറ്ററുകളിലും പതിവ് കാഴ്ചയാണ് പുറമേ നിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന മുന്നറിയിപ്പ്.

എസ്പിഐ സിനിമാസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് തിയ്യറ്ററായ ‘കൃപയില്‍’ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഒഴിവ് ദിവസം സിനിമ കാണാനെത്തിയതായിരുന്നു നഗരത്തിലെ കുടുംബം. ചാലമാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉള്‍പ്പെടെ വാങ്ങിയായിരുന്നു ഇവര്‍ വൈകുന്നേരത്തെ ഷോയ്‌ക്കെത്തിയത്. എന്നാല്‍ തിയ്യറ്റര്‍ വാതില്‍ക്കലില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇവരെ തടയുകയായിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിയ്യറ്റര്‍ ഓഡിറ്റോറിയത്തില്‍ അനുവദികാനാവില്ലെന്നായിരുന്നും അവരുടെ നിലപാട്. കയ്യിലുള്ള പച്ചക്കറിയായിരുന്നു ഇവരുടെ പ്രശ്‌നം. അധിക തുക നല്‍കി ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത കുടുംബത്തിനാണ് ഈ ദുരിതം. കുട്ടികള്‍ ഉള്‍പ്പെടെയായെത്തിയ ഇവര്‍ തങ്ങളുടെ കൈയ്യിലുള്ള പച്ചക്കറി ഉള്‍പ്പെടെയുള്ളവ പുറത്തെ കടയില്‍ ഏല്‍പ്പിച്ച് സിനിമക്ക് കയറുകയായിരുന്നു പിന്നീട്.

തലസ്ഥാന നഗരത്തിലെ ഈ തിയറ്ററിലെ പരിശോധനകളെ കുറിച്ച് ഇതിനുമുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരിശോധനകള്‍ക്കായി നിരവധി ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ ബാഗുകള്‍ തുറന്നു പരിശോധിച്ചും ഹാന്‍ഡ് ബാഗ് അടക്കമുള്ള സ്വകാര്യ ബാഗുകളില്‍ കൈകടത്തിയും നടത്തുന്ന പരിശോധനകളില്‍ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് തികഞ്ഞ അതൃപ്തിയാണുള്ളത്.

എസ്പിഐ കൃപാ തിയ്യറ്റിലെ ഇത്തരം നടപടികള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കുന്നെന്നും, കാണാന്‍ ഉദ്ദേശിച്ച സിനിമ നഗരത്തിലെ മറ്റ് തിയ്യറ്ററുകളില്‍ ഇല്ലെങ്കില്‍ മാത്രമേ കൃപ തീയ്യറ്റര്‍ തിരഞ്ഞെടുക്കാറുള്ളു എന്നും സിനിമ ആസ്വാദകനായ അഭിലാഷ് പറയുന്നു.

എന്നാല്‍ ഇത്തരത്തില്‍ സ്വകാര്യതയിലേക്ക് കൈക്കടത്തുന്ന തരത്തിലുള്ള പരിശോധനകള്‍ക്ക് നിര്‍ദേശമില്ലെന്നാണ് കേരളം തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രര്‍ത്തിച്ചു വരുന്ന എസ്പിഐ സിനിമാസ് തീയ്യറ്റര്‍ ഗ്രൂപ്പ് പ്രതിനിധി അഴിമുഖത്തോട് പ്രതികരിച്ചത്. എന്നാല്‍ പുറത്തു നിന്നുള്ള ഭക്ഷണം തങ്ങളുടെ തിയറ്ററുകളില്‍ അനുദിക്കാറില്ലെന്നും, ഇത് തങ്ങളുടെ നയമാണെന്നുമാണ് ഇവരുടെ നിലപാട്.

അതേസമയം, സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തനം, മാനദണ്ഡങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന കേരളാ സിനിമാസ് (റഗുലേഷന്‍) റൂള്‍സ്, 1988 ല്‍ ഇത്തരത്തില്‍ യാതൊരു അധികാരവും തിയറ്റര്‍ മാനേജുമെന്റുകള്‍ക്ക് നല്‍കുന്നില്ലെന്ന് വ്യക്തമാണ്. സിനിമ കാണാനത്തുന്നവര്‍ത്ത് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്നാണ് ഇതില്‍ പറയുന്നത്. കുടിവെള്ളം ലഭ്യമാക്കുകയെന്നത് നഗരങ്ങളിലെ മിക്ക മള്‍ട്ടിപ്ലക്‌സുകളിലും നടപ്പാക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തല്‍. കൊച്ചിയിലെ ചില മാളുകളില്‍ ടോയിലറ്റിന് സമീപത്താണ് കുടിവെള്ളത്തിനുള്ള സംവിധാനം സ്ഥാപിച്ചിട്ടുള്ളതെന്നും സിനിമാ പ്രേമികള്‍ കുറ്റപ്പെടുത്തുന്നു.

ഇതിനെല്ലാം പുറമെയാണ് തിയ്യറ്ററുകള്‍ക്ക് സമീപത്തുള്ള ഫുഡ് കോര്‍ട്ടുകളിലെ അമിത വില. പുറത്ത് പരമാവധി 30-35 രൂപ വിലവരുന്ന പോപ് കോണിന് 100 രൂപ വരെയുമാണ് മള്‍ട്ടി പ്ലക്‌സുകളിലും മാളുകളിലും ഈടാക്കുന്നത്. കുപ്പിവെള്ളത്തിന് 50 രൂപയോളവും. ഇത്തരത്തില്‍ അധിക വില ഈടാക്കുന്നതിനെതിരേയാണ് മുംബൈയില്‍ ജെനേന്ദ്ര ഭക്‌സി കോടതിയെ സമീപിച്ചതും.

കേരളത്തില്‍ പരമാവധി 20 രൂപയ്ക്ക് ലഭിക്കുന്ന കുടിവെള്ളത്തിന് 50 രൂപ വരെ ഈടാക്കുന്നത് വിതരണക്കാര്‍ നിശ്ചയിക്കുന്ന വില ഈടാക്കുകയെന്ന വാദമാണ് തീയറ്റര്‍ ഉടമകള്‍ക്കുള്ളത്. എന്നാല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ എത്തുന്ന ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് എംആര്‍പി റേറ്റില്‍ മാറ്റം വരുത്തിയാണ് എത്തുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. എംആര്‍പി റേറ്റിന് അധിക തുക ഈടാക്കിയാല്‍ നിയമ നടപടി സ്വീകരിക്കാമെന്നിരിക്കേ കുപ്പികള്‍ അടക്കമുള്ളവയില്‍ രേഖപ്പെടുത്തിയ തുക സംബന്ധിച്ച ലീഗല്‍ മെട്രോളജി വിഭാഗത്തെ അടക്കം സമീപിക്കാനാവില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. ഈ പേരില്‍ നടക്കുന്നതും വന്‍ തട്ടിപ്പാണ്.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് തിയറ്ററിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് പാലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ അതിന്റെ മാറ്റം കേരളത്തിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകര്‍.

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍