UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനിശ്ചിതത്വം പേറി പെന്‍ഷന്‍കാര്‍; ആവശ്യമുള്ള പണം ഇനിയുമെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടും

കൃഷ്ണ ഗോവിന്ദ്

നോട്ട് പരിഷ്‌കരണത്തിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ ലഭിച്ചു തുടങ്ങുന്നതിനാല്‍ തലസ്ഥാനത്തെ പ്രധാന മൂന്ന് ട്രഷറികളിലും ഇന്ന് പതിവിലും തിരക്ക് കൂടൂതലായിരുന്നു. (തിരുവനന്തപുരം ജില്ലാ ട്രഷറി, കിഴക്കേക്കോട്ടയിലെ പെന്‍ഷന്‍ പേയ്മന്റ് ട്രഷറി, പ്രിന്‍സിപ്പല്‍ സബ് ട്രഷറി) ഒന്നാം തീയ്യതി സാധാരണ ട്രഷറികളില്‍ പെന്‍ഷന്‍ വാങ്ങുവാന്‍ തിരക്കുണ്ടാവറുണ്ടെങ്കിലും ഇത്തവണ ഒരുപ്പാട് ആശങ്കകളുമായിട്ടായിരുന്നു ഈ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ എത്തിയത്. ഈ ആശങ്കകള്‍ തന്നെയായിരുന്നു ഇന്നത്തെ തിരക്കിനും കാരണം.

 

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പെന്‍ഷന്‍ പേയ്മന്റ് ട്രഷറിയില്‍ നിന്ന് 12 വര്‍ഷമായി പെന്‍ഷന്‍ വാങ്ങുന്ന ശ്രീധരന്‍ പിള്ള എന്ന മുന്‍ അധ്യാപകന്‍ പറയുന്നത്- ‘നാളത്തെക്കുറിച്ച് ഉത്കണ്ഠയുണ്ട്, അതുകൊണ്ടാണ് പെന്‍ഷന്‍ എടുക്കാന്‍ ഇന്ന് തന്നെ എത്തിയത്. സാധാരണ മാസാദ്യം പെന്‍ഷന്‍ എടുക്കുവാന്‍ എത്താറില്ല, ഒരാഴ്ച കഴിഞ്ഞാണ് പണം എടുക്കുവാന്‍ പോകുന്നത്. നിയമങ്ങള്‍ ഓരോ ദിവസവും മാറി മാറി വരുകയാണ്. ഇപ്പോള്‍ ആഴ്ചയില്‍ ഒരു തവണ 24,000 രൂപ പിന്‍വലിക്കാം. ഇത് മാറിയാല്‍ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റും. അതുകൊണ്ടാണ് ഇന്നു തന്നെ പെന്‍ഷന്‍ വാങ്ങാന്‍ എത്തിയത്. ഒരു പക്ഷെ ഇന്ന് തിരക്കുകൂടാന്‍ കാരണം ഇതുപ്പോലെ കണക്കുകൂട്ടലുകളുമായി ഇരിക്കുന്നവരുടെ ആശങ്കയായിരിക്കാം.’

തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ എല്ലാ പെന്‍ഷന്‍ ദിവസങ്ങളിലെപ്പോലെയുള്ള തിരക്കുകളെ ഇന്നും ഉണ്ടായിരുന്നുള്ളൂ. പക്ഷെ വന്നവരില്‍ പലരും പരിഭ്രമത്തിലായിരുന്നു. പരിഭ്രമത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍ എം റഹ്മാന്‍ എന്ന വിരമിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞത്- ‘തിരക്ക് ഒക്കെ എല്ലാതവണത്തെയുമ്പോലെ തന്നെയാണ്. പക്ഷെ ഒന്നു രണ്ട് കാര്യങ്ങള്‍ അറിഞ്ഞു. അതിന് ശേഷമാണ് ഒരു വെപ്രാളം. ട്രഷറികളില്‍ ഇന്നലെ റിസര്‍വ് ബാങ്ക് പറഞ്ഞ തുകകള്‍ (500 കോടി) എത്തിയിട്ടില്ലെന്നാണ് പരിചയമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതനുസരിച്ച്. ഈ ട്രഷറിയില്‍ ഒരു കോടി രൂപയെ എത്തിയിട്ടുള്ളൂവെന്നാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് പെന്‍ഷന്‍ തരുന്നത് അവരുടെ പക്കലുള്ള കരുതല്‍ പണം കൊണ്ടാണെന്നാണ്. ഈ പണം തീര്‍ന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടിന്നു കാര്യത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് എത്രയും പെട്ടന്ന് പെന്‍ഷന്‍ വാങ്ങണം.’ – റഹ്മാന്‍ പണം വാങ്ങുവാനുള്ള ക്യൂവിലേക്ക് നടന്നകന്നു.

റഹ്മാന്‍ പറഞ്ഞ കാര്യങ്ങള്‍ ജില്ലാ ട്രഷറിയില്‍ പെന്‍ഷന്‍ എടുക്കാന്‍ വന്ന പലരും പറഞ്ഞു കേട്ടു. ഈ സംശയം ട്രഷറിയിലെ ചില ഉദ്യോഗസഥരോട് പങ്കുവച്ചപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ലഭ്യമായ വിവരമനുസരിച്ച് 42 ട്രഷറികളില്‍ പണം എത്തിയിട്ടില്ലെന്നാണ്. ട്രഷറികളിലും ബാങ്കിലും കൂടി എത്തിയത് 500 കോടി രൂപമാത്രമാണ്. 1000 കോടി രൂപയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അടിയന്തരമായി ഇന്ന് ആവശ്യപ്പെട്ടത് 150 കോടി രൂപയാണ്. പക്ഷെ ട്രഷറികളില്‍ ഉച്ചവരെ ലഭിച്ചത് 75 കോടി മാത്രം. മിക്കവരും ഒരാഴ്ച കൊണ്ട് പിന്‍വലിക്കാവുന്ന 24,000 രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കായിരിക്കും നയിക്കുക. ഇന്നും ആവശ്യമുള്ള പണം ട്രഷറികളില്‍ കിട്ടിയില്ലെങ്കില്‍ നാളത്തെ പെന്‍ഷന്‍ വിതരണം മുടങ്ങും.

സര്‍ക്കാര്‍ മേഖലയിലെ ശമ്പളത്തിന് വേണ്ടത് 2,400 കോടി രൂപയും പെന്‍ഷന് വേണ്ടത് 1300 കോടിയോളം രൂപയുമാണ്. ഇന്നലെ  റിസര്‍വ് ബാങ്ക് അനുവദിച്ച പണവും ട്രഷറികളിലെ നീക്കിയിരിപ്പും ഉപയോഗിച്ചാണ് ആദ്യം എത്തിയവര്‍ക്ക് പണം നല്‍കിയത്. പല ട്രഷറികളിലും ടോക്കണ്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക് പറഞ്ഞിരിക്കുന്ന 500 കോടി എസ്ബിടിക്ക് ലഭിച്ചുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനും എസ്ബിടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ കെ എസ് കൃഷ്ണ അറിയിച്ചത്. ‘നിലവില്‍ മൂന്ന് ദിവസത്തേക്ക് ജീവനക്കാരുടെ ഇടപാടുകള്‍ നടത്തുവാന്‍ ബുദ്ധിമുട്ടില്ല. റിസര്‍വ് ബാങ്ക് പറഞ്ഞ ബാക്കി തുക കൂടി എത്തിക്കുമ്പോള്‍ പ്രശ്‌നപരിഹാരമാകുമെന്ന കണക്കകൂട്ടലിലാണ് ബാങ്ക്. ഇന്നു രാവിലെ തന്നെ 160 കോടിരൂപ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബാങ്കുകളിലും എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ബാങ്കുകളില്‍ 140 കോടി രൂപയും എത്തിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് പറഞ്ഞകാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വലിയ ബുദ്ധിമുട്ടലുകള്‍ ഉണ്ടാവില്ല.’ കെ എസ് കൃഷ്ണ പറഞ്ഞു നിര്‍ത്തി.

പ്രിന്‍സിപ്പല്‍ സബ് ട്രഷറിയില്‍ നിന്ന് പണം എടുക്കാന്‍ എത്തിയ ദമ്പത്തികളായ രാധാകൃഷ്ണനും (റിട്ട. പോലീസ് കോണ്‍സറ്റബിള്‍) മാലിനിയും (സ്‌ക്കൂള്‍ പ്യൂണ്‍) പറയുന്നത്- ‘പെന്‍ഷന്‍ ഒന്നാം തീയ്യതി തന്നെ വന്ന് എടുക്കാറില്ല. എട്ടാം തീയ്യതിയോ ഒന്‍പതാം തീയ്യതിയോ പണം എടുക്കാന്‍ പോകുന്നത്. ഇതിപ്പോ മൊത്തത്തില്‍ പ്രശ്‌നങ്ങളാണല്ലോ. അതുകൊണ്ടാണ് നേരത്തെ പണം എടുക്കാന്‍ വന്നത്. ഇത്രയും തിരക്കില്‍ മുമ്പ് പണം എടുക്കാന്‍ വന്നിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുണ്ട്. ദിവസവും അവന് പഠിക്കാന്‍ പോകാനും വീട്ടിലെ ചെലവിനും ഒക്കെ പെന്‍ഷന്‍ കാശിനെയാണ് ആശ്രയിക്കുന്നത്.’

കിഴക്കേക്കോട്ടയിലെ പെന്‍ഷന്‍ പേയ്മന്റ് ട്രഷറിയില്‍ പണം എടുക്കാന്‍ എത്തിയ 22 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രസില്‍ നിന്ന് പെന്‍ഷനായ ബാലന്‍ പറയുന്നത് “എല്ലാ തവണയും പെന്‍ഷന്‍ എടുക്കാന്‍ വരുമ്പോള്‍ തിരക്കാണ്. കുറഞ്ഞത് അഞ്ചു മണിക്കൂര്‍ എങ്കിലും ക്യൂ നില്‍ക്കേണ്ടി വരാറുമുണ്ട്. ഇടയ്ക്ക് ആളുകള്‍ കുഴഞ്ഞു വീഴുന്നതു കണാറുമുണ്ട്. ഇപ്പം ഭരണം മുഴുവനും കുത്തക മൊതലാളിമാരുടെ കൈയ്യിലല്ലേ. അവരു പറയുന്നതിനനുസരിച്ചുള്ള ഭരണപരിഷ്‌കാരങ്ങളാണ് വരുന്നത്. ഇന്ന് എനിക്ക് പണം കിട്ടിയില്ല. പല കാര്യങ്ങളും മുടങ്ങും. ഈ പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നത്. ഇതില്ലെങ്കില്‍ ബുദ്ധിമുട്ടാവും നല്ല ബുദ്ധിമുട്ട്. ഒന്നാം തീയ്യതി പണം കിട്ടുമെന്നു കരുതിയാണ് പല കാര്യങ്ങളിലും അവധി പറഞ്ഞും കടം പറഞ്ഞും നില്‍ക്കുന്നത്. എത്ര വേണമെങ്കിലും ക്യൂ നില്‍ക്കാം ഇന്നോ നാളെയോ വേണമെങ്കില്‍ മറ്റനാളോ നില്‍ക്കാം. പിന്നെയും നീട്ടരുത് പ്രശ്‌നമാവും. കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കില്ല.”

കേരളത്തില്‍ 222 ട്രഷറികളാണുള്ളത്. 4.50 ലക്ഷം പേര്‍ ട്രഷറി വഴിയാണ് പെന്‍ഷന്‍/ശമ്പളം പിന്‍വലിക്കുന്നത്. 5.50 ലക്ഷം ജീവനക്കാരും പെന്‍ഷന്‍ വാങ്ങുന്നവരും ബാങ്കുകള്‍ വഴിയാണ് ശമ്പളം പിന്‍വലിക്കുന്നത്. ഏഴു ദിവസമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം. ഒന്നാം ദിവസം ശമ്പള വിതരണത്തിന് സര്‍ക്കാരിന് 750 കോടിരൂപ ആവശ്യമാണ്. രണ്ടാംദിനം 700 കോടി, മൂന്നാംദിനം 450 കോടി, നാലാംദിനം 400 കോടി, അഞ്ചാംദിനം 300 കോടി, ആറാം ദിനവും ഏഴാം ദിനവും 250 കോടിവീതം. സംസ്ഥാനത്തിന് ആദായമുണ്ടാകുന്ന ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാര്‍ക്കും (ആര്‍ടിഒ ഓഫീസ്, എക്‌സൈസ്  തുടങ്ങിയവ)  പെന്‍ഷന്‍കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പെന്‍ഷന്‍/ശമ്പളം ലഭിക്കുന്നത്.

 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാന് കൃഷ്ണ ഗോവിന്ദ്) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍