UPDATES

ട്രെന്‍ഡിങ്ങ്

നാണക്കേടോര്‍ത്ത്‌ അച്ഛനെ ആദരിക്കുമ്പോള്‍ ഞാന്‍ മകളാണെന്നു പറയരുതെന്നു പറഞ്ഞവരാണവര്‍; ദീപ നിശാന്തിനെ അവഹേളിച്ച് അനില്‍ അക്കര എംഎല്‍എ

താനൊരു കൂലിപ്പണിക്കാരന്റെ മകളാണെന്നു അഭിമാനത്തോടെ വിളിച്ചു പറയുന്ന രമ്യ ഹരിദാസിനെയും ദുരഭിമാനിയായ ദീപ നിശാന്തിനെയും സമൂഹം വിലയിരുത്തട്ടേ എന്നാണ് അനില്‍ അക്കര പറയുന്നത്‌

അധ്യാപിക ദീപ നിശാന്തിനെതിരേ വ്യക്തിപരമായ ആക്ഷേപവുമായി അനില്‍ അക്കര എംഎല്‍എ. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ചു എന്ന വിവാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അനില്‍ അക്കര കടുത്ത ആരോപണങ്ങളുമായി വീണ്ടും ദീപ നിശാന്തിനെതിരേ വന്നിരിക്കുന്നത്. ദീപയുടെ അച്ഛനും റിട്ടയേര്‍ഡ് പൊലീസുകാരനുമായ തടത്തില്‍ ശങ്കരനാരായണനെ ആദരിക്കുന്ന ചടങ്ങ് നടക്കുന്ന ദിവസം ദീപ തന്നെ ഫോണില്‍ വിളിച്ച് താന്‍ മകളാണെന്ന കാര്യം പറയേണ്ടെന്ന് അഭ്യര്‍ത്ഥിച്ചെന്നാണ് അനില്‍ മനോരമ ന്യൂസിനോട് പറയുന്നത്. ഒരു പൊലീസുകാരന്റെ മകള്‍ ആണെന്നു പറയുന്നതിലെയോ കോണ്‍ഗ്രസുകാരന്റെ മകളാണെന്ന് അറിയുന്നതിലെയോ നാണക്കേട് കൊണ്ടായിരിക്കും ദീപ അങ്ങനെ പറഞ്ഞതെന്നാണ് അനില്‍ അക്കരെയുടെ പരിഹാസം.

കോണ്‍ഗ്രസിന്റെ കുടുംബസംഗമങ്ങള്‍ നടക്കുന്ന സമയത്ത്, ഇവരുടെ അച്ഛനായ തടത്തില്‍ ശങ്കരനാരായണനെ, റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ്. ആ പ്രദേശത്തെ സജീവ കോണ്‍ഗ്രസ് കുടുംബവുമാണ്. റിട്ടയേര്‍ഡ് ആയശേഷം കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ആദരിച്ചിരുന്നു. അന്നേ ദിവസം രാവിലെ ദീപ നിശാന്ത് ഫോണില്‍ വിളിച്ച് എന്നോട് പറഞ്ഞത്, അനിലേ അച്ഛനെ ആദരിക്കാന്‍ പോകുന്നുണ്ട്, അങ്ങനെ ആദരിക്കുമ്പോള്‍ ഞാന്‍ മകളാണ് എന്ന കാര്യം അവിടെ പറയേണ്ട എന്നായിരുന്നു. ഒരു പൊലീസുകാരന്റെ മകളാണ് താനെന്നു സമൂഹത്തോട് പറയുന്നതിലെ നാണക്കേട് ആയിരിക്കാം, അതല്ലെങ്കില്‍ ഒരു കോണ്‍ഗ്രസുകാരന്റെ മകളാണ് താനെന്നുള്ളത് സമൂഹത്തോട് പറയുന്നത് നാണക്കേടാകും എന്നു കരുതിയായാരിക്കാം അവരങ്ങനെ പറഞ്ഞത്. താനൊരു കൂലിപ്പണിക്കാരന്റെ മകളാണെന്നു അഭിമാനത്തോടെ വിളിച്ചു പറയുന്ന രമ്യ ഹരിദാസിനെയും ദുരഭിമാനിയായ ദീപ നിശാന്തിനെയും സമൂഹം വിലയിരുത്തട്ടേ; അനില്‍ അക്കരെ പറയുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായും ജാതീയമായും അവഹേളിക്കുകയും എതിര്‍സ്ഥാനാര്‍ത്ഥിക്ക് വോട്ട് ലഭിക്കാന്‍ വേണ്ടിയുള്ള ദുഷ്പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എന്ന രീതിയില്‍ മുന്നോട്ടു പോകുന്നത് തികഞ്ഞ പെരുമാറ്റ ചട്ടലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദീപ നിശാന്തിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും ആലത്തൂര്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ള അനില്‍ അക്കരെ പറയുന്നു.

സോഷ്യല്‍ മീഡിയയിലും സമൂഹത്തിലും ഒരു സ്ഥാനവുമില്ലാത്തയാളും ആരാണെന്നു മറ്റുള്ളവര്‍ക്ക് അറിയുകയുമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് പി കെ ബിജു എന്നും അനില്‍ അക്കരെ പറയുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് വിവാദ നായികയായ ദീപ നിശാന്ത് ബിജുവിനെ തന്നെ മോഷ്ടിച്ച് പാര്‍ലമെന്റില്‍ കൊണ്ടുപോകാന്‍ കഴിയുമോയെന്നു നോക്കുകയാണെന്നും അനില്‍ അക്കര എംഎല്‍എ ആക്ഷേപം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍