UPDATES

ട്രെന്‍ഡിങ്ങ്

പെഹ്ലു ഖാനെ കൊന്നതില്‍ ഖേദമില്ല: ജെഎന്‍യു കോണ്ടം ഫെയിം ബിജെപി എംഎല്‍എ

പെഹ്‌ലു ഖാനെ പിടികൂടിയപ്പോള്‍ അയാളും മക്കളും വാഹനത്തിലിരുന്ന് ചിരിക്കുകയായിരുന്നുവെന്നും അഹൂജ

പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ നിന്നുള്ള ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ഗോസംരക്ഷണ സേന കൊലപ്പെടുത്തിയതില്‍ യാതൊരു ഖേദവുമില്ലെന്ന് ആല്‍വാറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. പശുക്കളെ കടത്തുന്നവര്‍ പശുക്കളെ കൊല്ലുന്നവരാണെന്നും ഇത്തരം പാപം ചെയ്യുന്നവരുടെ വിധി നേരത്തേയും ഇതു തന്നെയായിരുന്നുവെന്നും ഇത് തുടരുമെന്നും അഹൂജ പ്രസ്താവിച്ചു. ജെ.എന്‍.യുവില്‍ ദിവസവും 3000 കോണ്ടം വീതം ഉപയോഗിക്കുന്നുണ്ടെന്ന് പ്രസ്താവന നടത്തി നേരത്തെ തന്നെ വിവാദത്തില്‍ ഇടംപിടിച്ചയാളാണ് അഹൂജ.

ആല്‍വാറില്‍ നിന്ന് പശുക്കളെ വാങ്ങി മടങ്ങുന്നതു വഴിയാണ് പെഹ്‌ലു ഖാനും മക്കളും ഗോസംരക്ഷണ സേനയുടെ ആക്രമണത്തിന് ഇരയായത്. രണ്ടു ദിവസത്തിനു ശേഷം പെഹ്‌ലു ഖാന്‍ മരണത്തിന് കീഴടങ്ങി. കോണ്‍ഗ്രസ് ഈ വിഷയം രാജസ്ഥാന്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പെഹ്‌ലു ഖാന്‍ പശു കള്ളക്കടത്തുകാരനാണെന്നും അതിന് തങ്ങള്‍ക്ക് തെളിവുണ്ടെന്നും അഹൂജ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് എന്തിനാണ് ഈ രാജ്യത്തെ വഞ്ചിക്കുന്നവര്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്നത്? അവരാണ് ഇവരെ പ്രീണിപ്പിക്കാനുള്ള നയങ്ങള്‍ നടപ്പാക്കുന്നത്. ചതിയന്മാര്‍ക്ക് പുരസ്‌കാരവും രാജ്യസ്‌നേഹികളെ അപമാനിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. പശുക്കളെ കൊല്ലുന്നവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്നും അഹൂജ ആരോപിച്ചു.

ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ ഖാനെ പശു കള്ളക്കടത്തുകാരനെന്ന് വിളിച്ചതിനെ കോണ്‍ഗ്രസ് സഭയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കടാരിയ തന്റെ വാക്കുകളെ ന്യായീകരിച്ചു.

ഓടി രക്ഷപെടാന്‍ ശ്രമിച്ചതിനാലാണ് ബെഹ്‌ലു ഖാനെ മര്‍ദ്ദിച്ചതെന്നും അഹൂജ ആരോപിച്ചു. പെഹ്‌ലു ഖാനെ പിടികൂടിയപ്പോള്‍ അയാളും മക്കളും വാഹനത്തിലിരുന്ന് ചിരിക്കുകയായിരുന്നു. അവിടെ അപ്പോള്‍ ഒരാള്‍ക്കുട്ടമുണ്ടായിരുന്നു. ആള്‍ക്കൂട്ടം, ആള്‍ക്കൂട്ടം തന്നെയാണ്. അവര്‍ പ്രതികരിക്കുകയായിരുന്നുവെന്നുമാണ് അഹൂജയുടെ വിശദീകരണം.

ഖാന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പിയുസിഎല്ലിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍ രാജസ്ഥാന്‍ നിയമസഭയ്ക്കു മുമ്പില്‍ മൂന്നു ദിവസത്തെ സമരം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ തുടങ്ങിയവര്‍ക്ക് പ്രതിഷേധക്കാര്‍ നിവേദനം നല്‍കി. മുന്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഹര്‍ഷ് മാന്ദര്‍ ഉള്‍പ്പെടെ 1968 ബാച്ചിലെ 23 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട നിവേദനമാണ് രാജെയ്ക്ക് കൈമാറിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍