UPDATES

ട്രെന്‍ഡിങ്ങ്

കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തിയവര്‍ ബ്ലാക് ലിസ്റ്റില്‍; റിപ്പബ്ലിക് ദിന ചടങ്ങ് കവര്‍ ചെയ്യാന്‍ അനുവദിക്കാതെ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് വിലക്ക്

ഭരണഘടനാ മൂല്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന ദിവസം തന്നെ സത്യസന്ധമായി ജോലി ചെയ്യാനെത്തിയ ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്

ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന ചടങ്ങുകള്‍ കവര്‍ ചെയ്യുന്നതില്‍ നിന്നും ഫോട്ടോ ജേര്‍ണലിസ്റ്റുകളെ വിലക്കി. കശ്മീര്‍ പ്രശ്‌നങ്ങള്‍ കവര്‍ ചെയ്തതിന്റെ പേരില്‍ ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ എന്നാരോപിച്ചാണ് ലോകത്തിലെ തന്നെ പ്രമുഖമായ ന്യൂസ് ഏജന്‍സികളിലെ അന്താരാഷ്ട്ര പ്രശസ്തരായ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ഉള്‍പ്പെടെ തടഞ്ഞത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ബിഷ്‌കരിക്കുകയും ചെയ്തു.

സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളായ എജന്‍സ് ഫ്രാന്‍സ് പ്രസ്സിന്റെ തൗസീഫ് മുസ്തഫാ, റോയിട്ടേഴ്‌സിലെ ഡാനിഷ് ഇസ്മായില്‍, ഗ്രെയ്റ്റര്‍ കശ്മീരിലെ അമന്‍ ഫാറൂഖ്, അസോസിയേറ്റഡ് പ്രസ്സിലെ ഉമര്‍ മെഹ്‌റാജ്, മെഹ്‌റാജുദീന്‍ തുടങ്ങിയവരെയാണ് ചടങ്ങ് നടന്ന സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതെ മാറ്റി നിര്‍ത്തിയത്.

ഭരണഘടനാ മൂല്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന ദിവസം തന്നെ സത്യസന്ധമായി ജോലി ചെയ്യാനെത്തിയ ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത്തരമൊരു വിലക്കിനെതിരേ ശക്തമായ രീതിയിലാണ് കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സ്റ്റേഡിയത്തില്‍ ഒത്തുകൂടി റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് അവര്‍ അറിയിച്ചു.

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. കശ്മീരിനെ കുറിച്ച് ഉറക്കെ സംസാരിക്കുന്നതിനാലാണ് ഞങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നത് എന്നായിരുന്നു ഈ സംഭവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. കശ്മീരിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്ക് ക്യാമറ നീട്ടിയതിനാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിധം ബ്ലാക്ക് ലിസ്റ്റില്‍ പെട്ടുപോയത്. ഇത്തരത്തില്‍ സത്യസന്ധമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ തൗസീഫ് മുഹമ്മദിനെ കശ്മീര്‍ പോലീസ് മര്‍ദിക്കുന്ന ചിത്രം അടുത്ത കാലത്ത് സൈബര്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആ ചിത്രം കശ്മീരും മാധ്യമ സ്വാതന്ത്രവുമായി ബന്ധപ്പെടുത്തിയ ചര്‍ച്ചകളെ അന്ന് ഉയര്‍ത്തിവിട്ടിരുന്നു. കശ്മീരില്‍ നടക്കുന്ന ഭീകരതയുടെ കഥകള്‍ പുറം ലോകം അറിയാതിരിക്കാന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ കായികമായി ആക്രമിക്കുകയും വേട്ടയാടുകയും കൊലപ്പെടുത്തുക പോലും ചെയ്യുകയാണെന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനമാണ്.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കശ്മീരില്‍ നടന്ന സംഭവങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ഒക്കയും വിച്ഛേദിച്ച് സുരക്ഷാ പ്രശനങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളെ നിരീക്ഷിക്കുകയായിരുന്നു. 69 ആം റിപ്പബ്ലിക് ദിനം കശ്മീരിലെ ജനങ്ങള്‍ക്ക് കരിദിനം ആയിരുന്നുവെന്ന് അന്ന് ദേശീയ മാധ്യമങ്ങളൊക്കെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മുറിവുണങ്ങുന്നതിനു മുന്‍പാണ് ഇപ്പോള്‍ മാധ്യമ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം വീണ്ടും ഉണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍