UPDATES

പ്രളയം 2019

കവളപ്പാറ ഉരുള്‍പൊട്ടല്‍; കാണാതായവരില്‍ സഹോദരിയുടെ വിവാഹത്തിന് എത്തിയ കരസേന ഉദ്യോഗസ്ഥനും

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണ് വിഷ്ണുവും കുടുംബവും ഉരുള്‍പൊട്ടലില്‍ പെട്ടുപോയതായി വിവരം നല്‍കുന്നത്

കവളപ്പാറ ഉരുള്‍പ്പൊട്ടിലില്‍ കാണാതായവരുടെ കൂട്ടത്തില്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയ ജവാനും. കരസേനയുടെ ബംഗാള്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ സേവനം അനുഷ്ഠിച്ചിരുന്ന വിഷ്ണുവാണ് ദുരന്തത്തില്‍ പെട്ടത്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണ് വിഷ്ണുവും കുടുംബവും ഉരുള്‍പൊട്ടലില്‍ പെട്ടുപോയതായി വിവരം നല്‍കുന്നത്. അന്‍വറിന്റെ ഫെയ്‌സബുക്ക് പേജില്‍ വരുന്ന അന്വേഷണങ്ങളില്‍ ഒന്ന് വിഷ്ണുവിനെ കുറിച്ചായിരുന്നു. ഇതിനുള്ള മറുപടിയായാണ് ‘ഏറെ ദുഖ:കരമായ വിവരമാണു അന്വേഷണത്തില്‍ ലഭിച്ചത്. വിഷ്ണുവും കുടുംബവും ഉരുള്‍പ്പൊട്ടലില്‍ പെട്ടുപോയിട്ടുണ്ട്‘ എന്ന് എംഎല്‍എ വിവരം പങ്കുവയ്ക്കുന്നത്.

കവളപ്പാറ ഉരുള്‍പൊട്ടലിനു പിന്നാലെ നിലമ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സുരക്ഷിതാരാണോ എന്നറിയാതെ നിലമ്പൂരിനു പുറത്തുള്ളവരെല്ലാം ഭയപ്പെടിലാണ്. വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യവും തടസപ്പെട്ടിരിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ട് തങ്ങളുടെ ആശങ്കകള്‍ അന്വേഷിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. മഴ തുടരുകയും മണ്ണിടിച്ചില്‍ വീണ്ടും വീണ്ടും ഉണ്ടാവുകയും ചെയ്യുമ്പോള്‍ പ്രിയപ്പെട്ടവരുടെ അവസ്ഥയെന്താകുമെന്നറിയാതെ വിഷമിക്കുകയാണ് കേരളത്തിന് അകത്തും പുറത്തും വിദേശങ്ങളിലുമെല്ലാം ഉള്ളവര്‍.

മൊബൈല്‍ ഫോണ്‍ വഴി വിവരങ്ങള്‍ അറിയാന്‍ മാര്‍ഗമില്ലാതെ നിരവധി പേര്‍ ഭയപ്പാടോടെ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് പ്രളയബാധിതരുടെ വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കാനായി തന്റെ ഫെയ്‌സ്ബുക്ക് പേജ് ഉപയോഗപ്പെടുത്താന്‍ പി വി അന്‍വര്‍ തയ്യാറായിരിക്കുന്നത്. നിലമ്പൂരിലെ മിക്ക മേഖലകളിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ല. ആയിരങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. ദൂരദേശങ്ങളില്‍ ഉള്ള അവരുടെ ബന്ധുക്കള്‍ക്ക്, ഉറ്റവരുടെ വിവരങ്ങള്‍ ലഭ്യമാകാനോ, അവരെ ബന്ധപ്പെടാനോ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അങ്ങനെയുള്ളവരുടെ വികാരത്തെ ഉള്‍ക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്നു. ആളപായം ഉണ്ടായിട്ടുള്ളത് കവളപ്പാറയിലാണ്. മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ എല്ലാം ക്യാമ്പുകളില്‍ സുരക്ഷിതരാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കിലും, അവരെല്ലാം തീര്‍ച്ചയായും സുരക്ഷിതരാവും. പ്രളയബാധിതരുടെ വിവരങ്ങള്‍ ഇനിയും ലഭിക്കാത്ത അടുത്ത ബന്ധുക്കള്‍ക്ക് ഈ പോസ്റ്റില്‍ കമന്റായി അന്വേഷണങ്ങള്‍ നടത്താം. ഫോളോ അപ്പ് നടത്തി കഴിവതും വേഗത്തില്‍ വിവരങ്ങള്‍ കമന്റായി രേഖപ്പെടുത്താം; എന്നാണ് എംഎല്‍എയുടെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെ നിരവധിപേരാണ് വിവരങ്ങള്‍ അറിയാനായി എത്തുന്നത്.

നിലവില്‍ കവളപ്പാറയില്‍ അല്ലാതെ നിലമ്പൂരിലെ മറ്റിടങ്ങളില്‍ ഭയപ്പെടേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നാണ് എംഎല്‍എ അറിയിക്കുന്നത്. ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലും നിരവധി പേരെ സുരക്ഷിതമായി ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ടെന്നും എംഎല്‍എ പറയുന്നു. ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വരുന്നതോടെയാണ് നിലമ്പൂരിനു പുറത്തുള്ളവരുടെ ആശങ്ക ഇരട്ടിക്കുന്നത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തിന്റെ സമീപ പ്രദേശങ്ങളിലുള്ളവരെക്കുറിച്ചും ആശങ്കയോടെ പലരും ചോദിക്കുന്നുണ്ട്. ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച മേഖലയ്ക്ക് പുറത്തുളളവരെല്ലാം തന്നെ സുരക്ഷിതരാണെന്ന് എംഎല്‍എ മറുപടിയും നല്‍കുന്നുണ്ട്. കവളപ്പാറ ആയുര്‍വേദ ആശുപത്രിക്ക് സമീപം, വഴീക്കടവ് ചെക് പോസ്റ്റിന് സമീപം, എരുമുണ്ട, മുണ്ടേരി, മുണ്ട, ചുങ്കത്തറ, കല്‍ക്കുളം, പോത്തുകല്ല് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ അവസ്ഥകള്‍ ആളുകള്‍ ചോദിച്ചറിയുന്നുണ്ട്. നിലവില്‍ ഈ പ്രദേശങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് അറിയിപ്പ്. മിക്കയിടങ്ങളിലും നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തതിനാല്‍ ഫോണ്‍ സൗകര്യം ഇല്ലാത്തതും പലരും ക്യാമ്പുകളിലേക്കും മാറിയതുമാണ് ബന്ധപ്പെടാന്‍ കഴിയാതെ വരുന്നത്.

‘ഞങ്ങള് റെഡിയാ… എങ്ങോട്ട് പോണമെന്നു മാത്രം പറഞ്ഞാല്‍ മതി’; മറ്റെന്തിനേക്കാളും വിശ്വാസമുണ്ട് മലയാളിക്ക് ഈ വാക്കുകളില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍