UPDATES

ട്രെന്‍ഡിങ്ങ്

11 മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ഫഡ്‌നാവിസ് ഒന്നാമത്, പിണറായിക്ക് രണ്ടാം സ്ഥാനം

യോഗി ആദിത്യനാഥിനെയുള്ള നാലു ക്രിമിനല്‍ കേസുകളും ഗുരുതരമായവ

രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിനാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോം (ADR) പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിമാരെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരമാണിത്. 31 മുഖ്യമന്ത്രിമാരില്‍ എട്ടു പേരുടെ പേരില്‍ ഗൗരവകരമായ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.

ബിജെപിക്കാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരില്‍ 22 കേസുകളുണ്ട്. ഇവയില്‍ മൂന്നെണ്ണം ഗൗരവകരമായ കുറ്റകൃത്യങ്ങളാണ്. ആയുധമുപയോഗിച്ച് ദേഹോപദ്രവം ചെയ്യല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.

സി.പി.എം നേതാവായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ 11 കേസുകളുണ്ട്. വസ്തു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള വഞ്ചന, കലാപമുണ്ടാക്കല്‍, കുറ്റകരമായ ഗൂഡാലോചന ഉള്‍പ്പെടെ ഗുരുതരമായ കേസുകളാണ് ഇവയില്‍ പലതും.

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്റെ പേരില്‍ 10 കേസുകളുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലി ചെയ്യുന്നതില്‍ തടസപ്പെടുത്തുക, മാനനഷ്ടം തുടങ്ങിയ കേസുകളാണിവ.

ജാര്‍ഖണ്ഡിലെ ബി.ജെ.പി മുഖ്യമന്ത്രി രഘുബര്‍ ദാസിന് 8 കേസുകളുണ്ട്. കുറ്റകരമായ അതിക്രമിച്ച് കടക്കല്‍, അതിക്രമിച്ച് കടന്ന് ഉപദ്രവിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലി ചെയ്യുന്നതില്‍ തടസപ്പെടുത്തല്‍, തടഞ്ഞ് വെക്കല്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.

യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ പേരില്‍ നിലവില്‍ നാലു കേസാണുള്ളത്. ബി.ജെ.പി യുടെ ഈ മുഖ്യമന്ത്രി പ്രതിയായിട്ടുള്ളതെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. കലാപമുണ്ടാക്കല്‍ , അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനാലയം നശിപ്പിക്കുകയും മലിനമാക്കലും, ശവസംസ്‌കാരയിടങ്ങളിലേക്ക് അതിക്രമിച്ച് കടക്കല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ചാര്‍ജ്ജുകള്‍.

ആന്ധ്രമുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രശേഖര നായിഡു ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ്. 177 കോടി രുപയുടെ സ്വത്തിനുടമയായ നായിഡുവിന്റെ പേരില്‍ 3 ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ADR റിപ്പോര്‍ട്ട് പ്രകാരം ഇവയൊന്നും ഗുരുതരമായ കേസുകളല്ല.

തെലുങ്കാന രാഷ്ട്ര സമിതി പ്രധിനിധിയായ കെ ചന്ദ്രശേഖര്‍ റാവുവാണ് തെലുങ്കാന മുഖ്യമന്ത്രി. രണ്ടു കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ഭീഷണിപ്പെടുത്തലും, തടഞ്ഞുവെക്കലും സംഘംചേരലുമാണ് ചാര്‍ജ്ജുകള്‍.

പുതുച്ചേരി മുഖ്യമന്ത്രി, കോണ്‍ഗ്രസിലെ വി നാരായണ സ്വാമിയുടെ പേരിലും രണ്ട് കേസുകളുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 188, 34 വകുപ്പുകള്‍ പ്രകാരമാണിത്.

പിഡിപി നേതാവും, ജമ്മു കാശ്മീരിലെ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് ഒരു ക്രിമിനല്‍ കേസേ ഉള്ളൂ. മാനനഷ്ടക്കേസാണ് അത്. ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റിലെ ഏകവനിതയാണ് മുഫ്തി. ജെഡിയു വിന്റെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരു കേസിലാണ് പ്രതി. അത് പക്ഷേ ഗൗരവകരമായ കുറ്റമാണ്. കൊലപാതകക്കേസാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍