UPDATES

ട്രെന്‍ഡിങ്ങ്

കർണാടക: ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളി, ഭരണം തുടരാൻ വലിയ വിജയം അനിവാര്യം, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ്

യദ്യൂരപ്പ സർക്കാറിന് ഭരണത്തിൽ തുടരണമെങ്കിൽ ഇതിലെ 6 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്.

മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കേരളമുള്‍പ്പെടെ 18 സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെയും  പ്രഖ്യാപനം വന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് പോരിലേക്ക്. വിവിധ സംസ്ഥാനങ്ങളിലായി 64 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കാനിരിക്കുന്നത് കർണാടകയിലാണ്. സംസ്ഥാനത്തെ 15 സീറ്റുകൾ പോളിങ്ങ് ബൂത്തിലെത്തുമ്പോൾ നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ 2019 ജൂലായ് 19 ന് അധികാരത്തിലെത്തിയ ബിജെപിയുടെ യദ്യൂരപ്പ സർക്കാറിന്റെ ഭാവികൂടിയായിരിക്കും നിശ്ചയിക്കപ്പെടുക.

കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ ഭരണത്തിൽ നിന്നും പുറത്താക്കാൻ കാരണമായ രാജിവച്ച വിമത എംഎൽഎമാരുടെ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതെന്നത് ബിജെപി സംബന്ധിച്ച് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. നിലവിലെ സാഹതര്യത്തിൽ യദ്യൂരപ്പ സർക്കാറിന് ഭരണത്തിൽ തുടരണമെങ്കിൽ ഇതിലെ 6 സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. ഈ സീറ്റുകൾ എല്ലാം കോൺഗ്രസ് ജെഡിഎസ് സിറ്റിങ്ങ് സീറ്റുകളാണെന്നുള്ളതും ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനത്ത് പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നു.

നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 17 സീറ്റുകളുടെ പശ്ചാത്തലത്തിലാണ് 105 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ യദ്യൂരപ്പ സർക്കാർ അധികാരത്തിലിരിക്കുന്നത്. കോൺഗ്രസിന്റെ 66, ജെഡിഎസിന്റെ 34, ബി.എസ്.പി 1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷി നില. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ വിജയം കണ്ടാൽ ബിജെപിക്ക് സംസ്ഥാനത്തെ അധികാരത്തിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങും എന്നത് വ്യക്തമാണ്.

എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ന പോലെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പിലും ജെഡിഎസ് – കോൺഗ്രസ്‌ സഖ്യമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 15സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ് പ്രഖ്യാപിച്ചു. എല്ലാ സീറ്റിലും ജെ.ഡി.എസ്. സ്ഥാനാർഥികൾ മത്സരിക്കുമെന്നും കോൺഗ്രസുമായുള്ള സഖ്യത്തിൽനിന്ന് പാഠംപഠിച്ചെന്നമായിരുന്നു ജെ.ഡി.എസ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്.ഡി.ദേവഗൗഡയും മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം ജെഡിഎസ്-കോൺഗ്രസ്‌ – ബിജെപി ത്രികോണ മത്സരം തങ്ങൾക്കനുകൂലമാകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. ത്രികോണ മത്സരം ബിജെപിക്ക് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സംസ്ഥാന സർക്കാറിനെതിരെ നിലവിൽ തന്നെ വലിയ വിമർശങ്ങളുണ്ട്, ഇതിനൊപ്പം ത്രികോണ മത്സരം കൂടിയുണ്ടായാൽ എല്ലാവരും അവരവരുടെ പാർട്ടിക്ക് വോട്ട് ചെയ്യും ഇത് തിരിച്ചടിയാവുമെന്നതാണ് ബിജെപി ക്യാപിലെ ആശങ്ക. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോൺഗ്രസിലും അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതായിരിക്കും അന്തിമതീരുമാനം.

ഇതിനെല്ലാം പുറമെയാണ് വിമത എംഎൽഎമാരെ സ്ഥാനത്ത് അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ നടപടിക്കെതിരെ നിയമ പോരാട്ടം. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിമത്‌ എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്. ഈ നീക്കങ്ങൾക്കും തിരിച്ചടിയായിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആകെ 17 മണ്ഡലങ്ങളിലെ എം.എൽ.എമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയതെങ്കിലും ഇതിൽ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല. ഭരണമില്ലങ്കിലും തങ്ങളുടെ കരുത്ത് അവസാനിച്ചില്ലെന്ന് വ്യക്തമാക്കാൻ കോൺഗ്രസിനും ജെ.ഡി.എസിനും ഈ തിരഞ്ഞെടുപ്പുകളിലെ വിജയം ആവശ്യമാണെന്നതും പോരാട്ടം കനപ്പിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍