UPDATES

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

അധ്യാപകരുടെ പീഡനം സഹിക്കാനാവാതെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരി നേഘയുടെ കുടുംബം കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല എന്നും വ്യക്തമാക്കുന്നു

എത്ര ആശ്വാസവാക്കുകള്‍ ചൊരിഞ്ഞാലും ജീവനേക്കാള്‍ സ്‌നേഹിച്ച കുഞ്ഞിനെ നഷ്ടപ്പെട്ട ആ അമ്മയുടേയും അച്ഛന്റേയും വേദന തരിമ്പും ശമിപ്പിക്കാനാവില്ല എന്ന ബോധ്യത്തോടെ തന്നെയാണ് അവരുടെയടുത്തേക്ക് യാത്ര പുറപ്പെട്ടത്. കുഞ്ഞുണ്ടായതിന് ശേഷം അവനെ തനിച്ചാക്കിയുള്ള ആദ്യത്തെ യാത്ര. രണ്ട് മണിക്കൂര്‍ പോലും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന അറിയാവുന്നതിനാല്‍, പതിനഞ്ച് വയസ്സുവരെ തങ്ങളുടെ ജീവനും ജീവിതവും കൊടുത്ത് നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയ മകള്‍ പെട്ടെന്നൊരു ദിവസം എന്നന്നേക്കുമായി ഇല്ലാതായ ആ അമ്മയുടേയും അച്ഛന്റേയും വേദനയുടെ കാഠിന്യം മനസ്സിലാക്കാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. കൊല്ലം രാമന്‍കുളങ്ങരയിലാണ് അധ്യാപകരുടെ പീഡനം സഹിക്കാനാവാതെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരി നേഘയുടെ വീട്. രാമന്‍കുളങ്ങരയില്‍ എത്തിയാല്‍ വിളിക്കണമെന്ന് വഴികാട്ടിയായ അഡ്വ. സജു പറഞ്ഞതനുസരിച്ച് വിളിച്ചു.

രാമന്‍കുളങ്ങര ജംഗ്ഷനില്‍ നിന്ന് ഇടറോഡിലൂടെ 20 മിനിറ്റ് യാത്രയുണ്ട്. ഓട്ടോ വിളിക്കണം. ഡ്രൈവറുടെ കയ്യില്‍ ഫോണ്‍ കൊടുത്താല്‍ സ്ഥലം താന്‍ പറഞ്ഞുകൊടുക്കാമെന്ന് സജുവിന്റെ നിര്‍ദ്ദേശം വന്നു. അടുത്തുകണ്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്ക് ഫോണ്‍ നല്‍കി. സജു പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ തിരികെ നല്‍കി ഡ്രൈവര്‍ ഉത്തമന്റെ ചോദ്യം, “ഓ, ഫോണൊന്നും വേണ്ട കാര്യമില്ല. ആ സ്‌കൂളുകാര് കൊന്നുകളഞ്ഞ കുഞ്ഞിന്റെ വീടല്ലേ? ഇവിടെ ഞങ്ങക്കെല്ലാര്‍ക്കും അതറിയാം”, ഗൗരിയുടെ വീടെത്തുന്നത് വരെയുള്ള യാത്രയില്‍ ഉത്തമന്‍ അതിനെക്കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരുന്നു; “ശരിക്കും കൊന്നുകളഞ്ഞത് തന്നെയാ. അല്ലാതെ ചോറുണ്ണാനിരുന്ന ഒരു കൊച്ച് മൂന്നാം നിലയില്‍ കേറി ചാടുമോ? ആ വീട്ടിച്ചെന്നിട്ടെന്തോ കാര്യം? ആ കൊച്ച് മാത്രമല്ല, ആ വീട് മുഴുവന്‍ മരിച്ചു. ജീവനവശേഷിക്കുന്നുണ്ടെന്നേയൊള്ളൂ. പക്ഷെ അവരെല്ലാം മരവിച്ചിരിക്കുകയാണ്. പക്ഷെ ഒന്നുണ്ട്. ആ കുഞ്ഞിനെ കൊന്നവരെ പിടിക്കാതെ, നടന്നതെന്താണെന്ന് അവരെക്കൊണ്ട് പറയിക്കാതെ സ്‌കൂള് തുറക്കാന്ന് ആരും കരുതണ്ട. ഞങ്ങള്‍ നാട്ടുകാരെല്ലാം ഒറ്റക്കെട്ടാണ്. ഞങ്ങടെ അനുവാദമില്ലാതെ സ്‌കൂള്‍ തുറന്നാല്‍ ഒന്നും നോക്കില്ല, തല്ലിത്തകര്‍ക്കും.”

ഓട്ടോറിക്ഷ ചെന്ന് നിന്നത് ‘കെ.പി. ഭവന’ത്തിന്റെ മുന്നിലാണ്. ‘ഇതാണ് വീട്’ ഇതുകൂടി പറഞ്ഞ് ഉത്തമന്‍ തിരികെ പോയി. ഗേറ്റിന് മുന്നില്‍ ഗൗരി നേഘയുടെ വലിയ ചിത്രം. തുറന്നുകിടന്ന ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറുമ്പോള്‍ ഉത്തമന്‍ പറഞ്ഞത് അനുഭവമായി. കുറേ മനുഷ്യര്‍ അവിടവിടെ കൂടി നില്‍ക്കുന്നു. ആരും ആരോടും മിണ്ടുന്നില്ല. തളര്‍ന്ന്, ഒടിഞ്ഞുതൂങ്ങിയുള്ള നില്‍പ്പ്. സ്വീകരണമുറിയില്‍ ഒതുക്കിയിട്ട ഇരിപ്പിടത്തില്‍ ഒരാള്‍ മാത്രം ഇരിക്കുന്നുണ്ട്. കരഞ്ഞുകലങ്ങിയ കണ്ണുകളും, വിളര്‍ത്ത മുഖവും, പാതിയടഞ്ഞ കണ്ണുകളുമായി പരാജിതനെപ്പോലെ ആ ഇരിപ്പ് മിനിറ്റുകള്‍ തുടര്‍ന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെയടുത്ത് ആരൊക്കെയോ വന്നുപോവുന്നുണ്ട്. ”നിങ്ങളെല്ലാം വന്നുപോവുന്നത് ഒരാശ്വാസം തന്നെ. പക്ഷെ അത് ഒരാശ്വാസമാണെന്ന് പറയാന്‍ പറ്റില്ല. ആ പിശാചുക്കളെ പിടിക്കണം. എന്റെ കുഞ്ഞിനെ കൊന്ന ആ പിശാചുക്കളെ പിടിക്കണം. അല്ലാതെ ഞാനെങ്ങനെ ആശ്വസിക്കാനാണ്. അതെങ്കിലും ഞാന്‍ അര്‍ഹിക്കുന്നില്ലേ”, ആശ്വാസവാക്കുകളും നോട്ടങ്ങളുമായെത്തുന്നവരോടെല്ലാം ആ മനുഷ്യന്‍ ഇത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അത് ഗൗരി നേഘയുടെ അച്ഛനാണ്; പ്രസന്നകുമാര്‍.

അകത്ത് കുട്ടികളുടെ ശബ്ദം കേള്‍ക്കാം. അവരുടെ ഇടയ്ക്ക് ഓരോന്നും മിണ്ടിയും പറഞ്ഞുമിരിക്കുകയാണ് ഗൗരിയുടെ അനുജത്തി മീര കല്യാണി. എപ്പോഴും ഒന്നിച്ച് നടന്നിരുന്ന, കളിക്കൂട്ടുകാരിയായിരുന്ന ചേച്ചി ഇല്ലാതായതിന്റെ സങ്കടം മറക്കാന്‍ അവള്‍ സ്വയം കണ്ടെത്തിയ വഴിയാണത്. ”അവളെ കാണണ്ട. വലിയ സങ്കടമൊതുക്കിയാണ് അവളിപ്പോള്‍ ചിരിക്കുന്നത്. എപ്പോഴും ഒന്നിച്ച് നടന്നിരുന്നതല്ലേ? വലിയ കൂട്ടായിരുന്നു രണ്ടുപേരും. കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ അവള്‍ക്ക് സമാധാനം കിട്ടുന്നുണ്ടാവും. അതുകൊണ്ട് ഞങ്ങള്‍ പോലും മീരയെ വിളിക്കാറില്ല.” ഗൗരിയുടെ കൊച്ചച്ചന്‍ പ്രകാശന്‍ ഇടക്ക് പറഞ്ഞു. സ്വീകരണ മുറിയുടെ ഒരു മൂലക്ക് ഗൗരിയുടെ അമ്മ ഷാലി തളര്‍ന്ന് കിടക്കുന്നുണ്ട്. മുഖം കൈകള്‍ കൊണ്ട് മറച്ച് കണ്ണടച്ച് തനിക്കിതൊന്നും കേള്‍ക്കുകയും അറിയുകയും വേണ്ടെന്ന മട്ടില്‍. അമ്മയോട് സംസാരിക്കുമെന്ന് ഭയന്നിട്ടാവും പ്രകാശന്‍ ഓടി വന്ന് തടഞ്ഞു. ”അവരെ ഉപദ്രവിക്കല്ലേ. ഇപ്പോള്‍ ഒന്നുറങ്ങിയതേയുള്ളൂ. എത്ര ദിവസം കൂടീട്ടാണ്. ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല അവര്‍. ഉറങ്ങിക്കോട്ടേ”. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഗൗരിക്ക് അപകടമുണ്ടായ അന്നുമുതല്‍ ഷാലി ഒരേകിടപ്പാണെന്ന് അവിടെ നിന്നിരുന്ന ഒരു ബന്ധു പറഞ്ഞു. “ചിലപ്പോള്‍ വാവിട്ട് കരയും, ചിലപ്പോള്‍ എന്തെങ്കിലും പുലമ്പിക്കൊണ്ടിരിക്കും. ഇതുവരെ സാധാരണ ജീവിതത്തിലേക്ക് ഇവള് മടങ്ങി വന്നിട്ടില്ല. കുറേ നേരം നിര്‍ബന്ധിക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് കഴിക്കും.”

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ അരികിലേക്ക് വിളിച്ച്, ‘ആരാ? എന്താ?’ എന്നന്വേഷിച്ചു. വരവിന്റെ ഉദ്ദേശം പറഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു. ഗൗരിയെ അടക്കുന്ന ദിവസം , എനിക്ക് 15 വര്‍ഷം, 22 ദിവസം,11 മണിക്കൂറിന്റെ ഒരു കരാറായിരുന്നു’ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയ ഈ അച്ഛനോട് എങ്ങനെ സംസാരിച്ചുതുടങ്ങും എന്ന് സംശയിച്ചു നിന്നപ്പോള്‍ തന്റെ അവശതകളെല്ലാം മറച്ചുവച്ച് അദ്ദേഹം തന്നെ സംസാരിച്ചുതുടങ്ങി.

നിങ്ങളെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരോടാണ് ഞാനിപ്പോള്‍ ദിവസത്തിന്റെ പകുതിയും സംസാരിക്കുന്നത്. ദേ, എന്റെ ഫോണില്‍ രാവിലെ മുതല്‍ കോള്‍ വന്നോണ്ടിരിക്കുകയാണ്. എന്റെ മോളാണ് പോയത്. എനിക്ക് ആരോടും സംസാരിക്കാന്‍ പോലുമുള്ള ആവതില്ല. പക്ഷെ ഇപ്പോള്‍ ഞാനെല്ലാവരോടും സംസാരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരോടെല്ലാം പ്രതികരിക്കുന്നുണ്ട്. കാരണം ഞാനിനി ഇങ്ങനെ തളര്‍ന്നിരുന്നാല്‍ ശരിയാവില്ല. എന്റെ തളര്‍ച്ച അവരുടെ വിജയമാവും. എനിക്കിപ്പോള്‍ ഒരാവശ്യമേയുള്ളൂ. എന്റെ കുഞ്ഞിനെ കുരുതികൊടുത്ത ആ രണ്ട് പിശാചുക്കളെ പിടികൂടണം. അതിനെന്തിനാണ് ഇത്ര താമസം? എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണിതെന്ന് ഞാന്‍ സംശയിക്കുന്നതിതുകൊണ്ടാണ്. കുറ്റം ചെയ്ത രണ്ട് സ്ത്രീകളെ പിടികൂടാന്‍ മാത്രം ശക്തരല്ലേ പോലീസ്? സ്‌കൂള്‍ മാനേജ്‌മെന്റിനും അറിയാം ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണെന്ന്? ഇത്രയും ദിവസമായിട്ടും അവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിയാതിരുന്നതിനാലാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത്. ഗൗരിയ്ക്ക് നീതി ലഭിക്കാന്‍ എന്തും ചെയ്യാമെന്ന അദ്ദേഹത്തിന്റെ ഉറപ്പിലാണ് ഞാനും എന്റെ കുടുംബവും. അദ്ദേഹം ഞങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയുണ്ട്.

ഇനി ഒരച്ഛനും ഈ ഗതിയുണ്ടാവരുത്, അല്ലെങ്കില്‍ ഇനിയൊരു മകള്‍ക്കും ഈയൊരു ഗതിയുണ്ടാവരുതെന്ന് സ്ഥിരം എല്ലാവരും പറയുന്ന കാര്യങ്ങള്‍ തന്നെ ഇനി ഞാനും പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ കുട്ടികളെ സ്‌കൂളിലയയ്ക്കുന്ന എല്ലാ രക്ഷിതാക്കളും എന്റെ അനുഭവം ഒരു പാഠമായി എടുക്കണം. എന്ത് അനീതി കണ്ടാലും രക്ഷിതാക്കള്‍ പ്രതികരിക്കരുത് എന്ന സന്ദേശമാണ് അവരുടെ പ്രവൃത്തി നല്‍കുന്നത്. ഞാന്‍ പ്രതികരിച്ചു. അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു. അത് എല്ലാവര്‍ക്കുമായി അവര്‍ തരുന്ന സന്ദേശമാണ്. പ്രതികരിച്ചാല്‍ ഇതായിരിക്കും ഗതി എന്നാണ് അവര്‍ ഇതിലൂടെ പറയുന്നത്.

എന്റെ കുഞ്ഞുങ്ങളോട് ഈ അധ്യാപികമാര്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഗൗരി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇതിലൊരു അധ്യാപികയായിരുന്നു ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്. അവര്‍ ട്യൂഷനും എടുക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ നേരാംവണ്ണം പഠിപ്പിച്ചാല്‍ പിള്ളേര്‍ക്ക് ട്യൂഷന് പോവേണ്ട ആവശ്യം തന്നെയില്ല. ഈ അധ്യാപികയുടെ ടീച്ചിങ്ങിനെക്കുറിച്ചും പല പരാതികളുമുണ്ടായിരുന്നു. അതുകൊണ്ട് ഗൗരി അവരുടെ അടുത്ത് ട്യൂഷന് പോയില്ല. അന്നു മുതല്‍ ഇന്റേണല്‍ മാര്‍ക്ക് കൊടുക്കാതെയും, ബോര്‍ഡ് എക്‌സാം എഴുതിക്കില്ല എന്ന് പറഞ്ഞും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. സംഭവത്തിന് മൂന്നാല് ദിവസം മുമ്പ് എന്റെ ഇളയകുട്ടി മീരയെ അവളുടെ ക്ലാസിലെ അധ്യാപിക ക്ലാസില്‍ സംസാരിച്ചതിന് ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഇരുത്തി. ഇത് കുഞ്ഞ് വീട്ടില്‍ വന്നുപറഞ്ഞു. സ്ഥിരം പരാതികളായപ്പോള്‍ കുട്ടികളുടെ അമ്മയെ ഞാന്‍ സ്‌കൂളിലേക്കയച്ചു. എന്നാല്‍ ഈ അധ്യാപിക അമ്മയോടും തര്‍ക്കിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇന്നത്തേക്ക് മീരയെ മാറ്റി ഇരുത്താമെന്നും നാളെ മുതല്‍ ഇനിയും ആണ്‍കുട്ടികളുടെ കൂടെയിരുത്തുമെന്നും ആ അധ്യാപിക കുഞ്ഞുങ്ങളുടെ അമ്മയോട് പറഞ്ഞു. അതവിടം കൊണ്ട് തീരുന്നെങ്കില്‍ തീരട്ടെ എന്ന് കരുതി ഞങ്ങള്‍ പ്രിന്‍സിപ്പലിനോടൊന്നും പരാതി പറഞ്ഞില്ല. എന്നാല്‍ ഇതേ സംഭവം പിന്നീടും ആവര്‍ത്തിച്ചു. അതോടെ ഞാനും എന്റെ ഭാര്യയും കുഞ്ഞുമായി വൈസ് പ്രിന്‍സിപ്പലിനെ കണ്ടു. ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വൈസ് പ്രിന്‍സിപ്പല്‍ ആ അധ്യാപികയ്ക്ക് വേണ്ടി എന്നോട് ക്ഷമചോദിച്ചു. അവര്‍ വളരെ മാന്യമായാണ് പെരുമാറിയത്. പിന്നീട് അധ്യാപികയെ വിളിച്ചുവരുത്തി ഞങ്ങളുടെ മുന്നില്‍ വച്ച് തന്നെ അക്കാര്യം ചോദിക്കുകയും അധ്യാപിക ഞങ്ങളോട് തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.

പ്രതികളെ പിടിക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ല: പിടിഎ മീറ്റിംഗിലും ഗൗരി നേഘയുടെ അച്ഛന്‍

എന്നാല്‍ ഇനിയും ഇരുത്തുമെന്ന അധ്യാപികയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗൗരിയോട് ഇടക്ക് മീരയെ പോയി നോക്കണമെന്ന് അവരുടെ അമ്മയാണ് പറഞ്ഞുവിട്ടത്. എന്നാല്‍ ഗൗരി മീരയുടെ ക്ലാസില്‍ ഇത് അന്വേഷിക്കാന്‍ ചെല്ലുന്നത്, മുമ്പ് പറഞ്ഞ രണ്ട് അധ്യാപികമാര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് സംഭവദിവസം നടന്ന കാര്യങ്ങളാണ്. ഉച്ചഭക്ഷണം കഴിക്കാനിരുന്ന എന്റെ കുഞ്ഞിനെ ഈ അധ്യാപികമാര്‍ എത്തിയാണ് സ്റ്റാഫ്‌റൂമിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് 20 മിനിറ്റ് എന്ത് സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. പിന്നീട് ഗൗരി എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിലേക്ക് നടന്നുപോവുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കെട്ടിടത്തിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. എന്നാല്‍ എത്ര വരെ കയറി. എവിടെ നിന്നാണ് ചാടിയത് എന്നൊന്നും അതിലില്ല. അപ്പോള്‍ സി സി ടിവിക്ക് കാണാന്‍ കഴിയാത്ത ഒരിടത്ത് വച്ച് അവര്‍ മനപ്പൂര്‍വം അപായപ്പെടുത്തിയതുമാവാം. ഒന്നുമറിയില്ല. എന്തായാലും അധ്യാപികമാര്‍ മനപ്പൂര്‍വം വൈരാഗ്യം തീര്‍ത്തതാണെന്ന് എനിക്കുറപ്പുണ്ട്. അങ്ങനെ ആത്മഹത്യയെക്കുറിച്ചൊന്നും ചിന്തിക്കുന്നയാളല്ല എന്റെ കുട്ടി. അവളിനി അത് ചെയ്തതാണെങ്കില്‍ തന്നെ അതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം. അതിന് ആ അദ്ധ്യാപകരാണ് ഉത്തരം തരേണ്ടത്.

ആദ്യം സ്റ്റെപ്പില്‍ നിന്ന് വഴുതി വീണതാണെന്നാണ് ചില അധ്യാപകര്‍ എന്നോട് പറഞ്ഞത്. പിന്നീട് അവരത് മാറ്റി. മൂന്നാം നിലയില്‍ നിന്ന് ചാടിയതാക്കി. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് എന്നെ വിവരമറിയിക്കുന്നത്. ഞാനും എന്റെ ഭാര്യയും ചെല്ലുമ്പോള്‍ കുഞ്ഞിന് ബോധമുണ്ട്. അമ്മാ, അച്ഛാ എനിക്ക് വേദനിക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. ചാടിയോ മക്കളേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ഇല്ല എന്ന് പറഞ്ഞു. വീണതാണോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്ന് പറഞ്ഞു. ഡോക്ടര്‍ വന്ന് ചോദിച്ചപ്പോള്‍ മുഴുവന്‍ പേരും അവള്‍ പറഞ്ഞു. അപ്പോള്‍ കുട്ടിക്ക് ബോധവും ഓര്‍മ്മയുമുണ്ട്. അതിനാല്‍ പേടിക്കേണ്ടെന്നും ആറ് മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍ കഴിഞ്ഞാല്‍ പോവാമെന്നും ഡോക്ടര്‍ പറഞ്ഞു. അതും പറഞ്ഞ് കുഞ്ഞിനെ അവര്‍ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ചുറ്റും നിന്നിരുന്ന സ്‌കൂളിലെ അധ്യാപകര്‍ അസ്വസ്ഥരായി. അവര്‍ പിന്നെ ഫോണ്‍ താഴെ വച്ച് കണ്ടിട്ടില്ല.

ഒരു മുറിയിലേക്ക് കുട്ടിയെ പ്രവേശിപ്പിച്ച് കഴിഞ്ഞ് പിന്നെ 40 മിനിറ്റ് നേരത്തേക്ക് ഒരു വിവരവുമില്ല. ഞാനും പോലീസുകാരും നിരവധി തവണ തുടര്‍ച്ചയായി വാതിലില്‍ മുട്ടിയിട്ടും അവര്‍ തുറന്നില്ല. അകത്ത് പ്രവേശിപ്പിക്കില്ല എന്നാണ് പറഞ്ഞത്. പക്ഷെ 40 മിനിറ്റ് കഴിഞ്ഞ് എന്റെ കുഞ്ഞിന് സംസാരശേഷി നഷ്ടപ്പെട്ടപ്പോള്‍, അവള്‍ അബോധാവസ്ഥയിലായപ്പോള്‍ അവര്‍ ഞങ്ങളെയെല്ലാം അകത്തുകയറ്റി. പോലീസിന് മൊഴിയെടുക്കാനായില്ല. അതുതന്നെയായിരുന്നിരിക്കും അവരുടെ ഉദ്ദേശവും. സ്‌കൂളും ആശുപത്രിയും ഒരു മാനേജ്‌മെന്റ് കീഴിലേതാണ്. സ്‌കാനിങ് നടത്തിയപ്പോള്‍ തലക്ക് പിറകില്‍ ഒരു ചെറിയ ബ്ലോക്ക് മാത്രമേയുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ഞങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് അനന്തപുരി ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോവുന്നത്. സ്‌കാനിങ്ങും, എക്‌സറേയുമുള്‍പ്പെടെ നിരവധി പരിശോധനകള്‍ നടത്തിയിട്ടും ആകെ 4500 രൂപയുടെ ബില്ലാണ് അവരെഴുതി തന്നത്. അതില്‍ നിന്ന് തന്നെ എല്ലാം വ്യക്തമല്ലേ. അനന്തപുരി ആശുപത്രിയിലെത്തിയപ്പോഴേ കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിലാകെ പരിക്കുകള്‍ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോഴേ നേരെ വെന്റിലേറ്ററിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോയത്.

എന്റെ കുഞ്ഞിന്റെ ഭാഗത്ത് എന്തെങ്കിലും പരാജയമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അത് പറഞ്ഞെങ്കിലും സമാധാനിച്ചേനെ… അങ്ങനെ പറയാന്‍ പോലും ഒന്നുമില്ല. സ്‌കൂളില്‍ നിന്നാണെങ്കിലും ഒരു തവണ പോലും അധ്യാപകര്‍ ഞങ്ങളെ വിളിപ്പിച്ചിട്ടില്ല. ഞങ്ങള്‍ അങ്ങോട്ട് ചെന്നിട്ടേയുള്ളൂ. ”എല്ലാറ്റിനും മുകളില്‍ ദൈവമുണ്ട്’, അദ്ദേഹം എല്ലാം കാണുന്നുണ്ട്’ എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്. അതോടെ എനിക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുകളില്‍ ദൈവം എല്ലാം നോക്കുകയും കാണുകയും ചെയ്യുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് പോലീസ്? ഇനി അങ്ങനെ എല്ലാം നോക്കുന്ന ദൈവമുണ്ടായിരുന്നെങ്കില്‍ എന്റെ മോളേയും നോക്കില്ലായിരുന്നോ? പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനുള്ള എല്ലാ സമയവും ഇതിനകം തന്നെ കഴിഞ്ഞു. പക്ഷെ അതവര്‍ ചെയ്യില്ല. കാരണം അത്രക്കും പ്രബലരാണ് പ്രതികള്‍. ഏത് സാഹചര്യത്തില്‍ കണ്ടാലും അവരെ പിടിക്കാനാവില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ എന്നോട് പറഞ്ഞതാണ്.

പ്രതികളെ പിടിച്ചാല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഞാന്‍ തീരുമാനമെടുക്കാം. അല്ലാതെ ആ സ്‌കൂള്‍ തുറക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇപ്പോള്‍ എനിക്ക് തോന്നും പ്രതികരിക്കണ്ടായിരുന്നു എന്ന്. ഞാന്‍ അന്ന് പ്രതികരിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എന്റെ കുഞ്ഞ് ഇപ്പഴും...” ആ വാചകം കണ്ണീര്‍കൊണ്ട് അദ്ദേഹം പൂരിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരിനേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് ദിവസത്തെ ചികിത്സയും ഫലം കാണാതെ ഗൗരി മരിച്ചു. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്തായിരിക്കും? അതിന് ഉത്തരം പറയേണ്ടത് കുട്ടിയെ ക്ലാസില്‍ നിന്ന് വിളിച്ചുകൊണ്ടുപോയ അധ്യാപകര്‍ തന്നെയാണ്. സംഭവം നടന്ന അന്നു തന്നെ ഒളിവില്‍ പോയ അവരെ പിടികൂടി സത്യം ഈ കുടുംബത്തേയും സമൂഹത്തേയും അറിയിക്കേണ്ടത് പോലീസിന്റെ ചുമതലയും. അത് സംഭവിക്കുന്നതിനായാണ് മകള്‍ നഷ്ടപ്പെട്ട വേദനയിലും ഈ കുടുംബം കാത്തിരിക്കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍