UPDATES

ട്രെന്‍ഡിങ്ങ്

ഐഎഎസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; പരാതി സ്വീകരിക്കാന്‍ പൊലീസ് വിസമ്മതിച്ചപ്പോള്‍ 19കാരി തന്നെ പ്രതികളെ പിടികൂടി

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ഐഎഎസ് കോച്ചിംഗ് വിദ്യാര്‍ത്ഥിയായ 19 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബന്ധനസ്ഥയാക്കിയാണ് ബലാത്സംഗം ചെയ്തത്. മൂന്നുമണിക്കൂറോളം പെണ്‍കുട്ടി ഇവരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നു. എന്നാല്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചതായാണ് പറയുന്നത്. പരാതി സ്വീകരിക്കാനോ സംഭവത്തെ കുറിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.

തന്നെ ഉപദ്രവിച്ചവരില്‍ രണ്ടുപേരെ പെണ്‍കുട്ടി മാതാപിതാക്കളുടെ സഹായത്തോടെ കണ്ടെത്തി അവരെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. ആദ്യം സമീപിച്ച പൊലീസ് ഓഫിസര്‍ തങ്ങളെ പരിഹസിക്കുകയും സിനിമാക്കഥയാണ് പറയുന്നതെന്ന് ആരോപിക്കുകയുമാണ് ചെയ്തതെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സംഭവം നടന്ന് 11 മണിക്കൂറോളം പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കുന്നത് വൈകിപ്പിച്ചതിന് ഈ പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒക്ടോബര്‍ 31 ന് നടന്ന സംഭവം നവംബര്‍ ഒന്നിന് മധ്യപ്രദേശ് സംസ്ഥാന രൂപീകരണ വാര്‍ഷികദിനാഘോഷം ആയതിനാല്‍ പുറത്തു വരാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനു സമീപം വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഇവിടെ നിന്നും 100 മീറ്റര്‍ അകലെയാണ് റെയില്‍വേ പൊലീസ് സ്റ്റേഷന്‍. ഐഎഎസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഈ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടി വീട്ടിലേക്കു പോകാനായി സ്ഥിരം ട്രെയിന്‍ കയറുന്നത്. ഒരു മണിക്കൂര്‍ യാത്രയാണ് വീട്ടിലേക്കുള്ളത്.

ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ഏഴുമണിയോടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒരു എളുപ്പ വഴിയിലൂടെ നടന്നു വരികയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന ഗോലു ബിഹാറി(സ്വന്തം മകളെ കൊന്നകുറ്റത്തിനുള്ള ജയില്‍ ശിക്ഷയനുഭവിക്കുന്ന ഗോലു ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്), ഇയാളുടെ ഭാര്യസഹോദരന്‍ അമര്‍ ബുണ്ടു എന്നിവര്‍ പെണ്‍കുട്ടിയെ കാണുകയും ഗോലു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തരിശായി കിടക്കുന്നൊരു കലിങ്കിനടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ബന്ധനസ്ഥയാക്കി. തുടര്‍ന്ന് ബലാത്സംഗം ചെയ്തു. പിന്നീട് ഇയാള്‍ പുകയിലയും സിഗററ്റും വാങ്ങാന്‍ പോവുകയും ഈ സമയം അമര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു.
തന്റെ വസ്ത്രം മുഴുവന്‍ കീറിപ്പറിഞ്ഞു പോയതിനാല്‍ ശരീരം മറയ്ക്കാന്‍ എന്തെങ്കിലും വസ്ത്രം തരാന്‍ അക്രമികളോട് യാചിച്ചെന്നും വസ്ത്രം കൊണ്ടുവരാം എന്നു പറഞ്ഞുപോയ ഗോലു തിരികെ വസ്ത്രവുമായി എത്തിയെങ്കിലും ഒപ്പം വേറെ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇവരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വൈകിട്ട് ഏഴു മണി മുതല്‍ രാത്രി പത്തുവരെ നാലുപേരും തന്നെ ലൈംഗികമായി ഉപദ്രവിച്ചു. ഒടുവില്‍ ഫോണ്‍, വാച്ച്, കമ്മല്‍ എന്നിവ തട്ടിയെടുത്തശേഷമാണ് തന്നെ പോകാന്‍ അക്രമികള്‍ സമ്മതിച്ചത്. അവിടെ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി ഹബിബ്ഗഞ്ച് റെയില്‍ വേ പൊലീസ് പോസ്റ്റില്‍ എത്തി. അവിടെ നിന്നാണ് മാതാപിതാക്കളെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. തുടര്‍ന്നു പിതാവ് എത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. എന്നാല്‍ രണ്ടു തവണയും പൊലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു. രണ്ടാം തവണ പെണ്‍കുട്ടിയും മാതാപിതാക്കളും ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുവഴി താന്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ഥലത്തിന് പരിസരത്തായി ഗോലുവിനെയും അമറിനെയും കണ്ടുമുട്ടി. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഇരുവരെയും പിന്തുടര്‍ന്നു പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നു. രണ്ടു പ്രതികളെയും ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച മറ്റു രണ്ടുപേരുടെയും വിവരം കിട്ടുകയും തുടര്‍ന്നവരെയും അറസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍