UPDATES

ട്രെന്‍ഡിങ്ങ്

കത്വയിലെ 8 വയസ്സുകാരി, ഹനാന്‍… 2018ല്‍ സൈബർ ഇടങ്ങളില്‍ മലയാളി ചർച്ച ചെയ്ത 10 പ്രധാന വിഷയങ്ങൾ

മലയാളി സമൂഹം ഫേസ്ബുക്കിൽ ഏറ്റവും അധികം ചർച്ച ചെയ്ത ചുരുക്കം ചില വിഷയങ്ങളെ പരിശോധിക്കാനുള്ള ശ്രമം

വാർത്താ, വിനോദ, വിജ്ഞാന മാധ്യമങ്ങൾ ഒന്നടങ്കം സൃഷ്ടിക്കുന്ന ലോകാവബോധത്തിന്റെ മണ്ഡലത്തിൽ മലയാളി എത്തിനിൽക്കുന്ന ഇടം, ഇന്ത്യൻ ശരാശരിയെക്കാൾ എത്രയോ ഉയരത്തിലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മാധ്യമവ്യാപനം, പ്രചാരം, പ്രാപ്യത എന്നിവയോരോന്നും സാധ്യമാക്കുന്ന അടിസ്ഥാനതലം തന്നെയാണ് മാധ്യമ സാക്ഷരതയെന്നത്. പൊതുവിദ്യാഭ്യാസത്തിന്റെയും ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളുടെയും സാംസ്‌കാരിക സൂചകങ്ങളുടെയും ക്രിയാത്മക നിർമ്മിതിയെന്ന നിലയിൽ മലയാളി കൈവരിക്കുന്ന മാധ്യമസാക്ഷരതക്ക്, മലയാളിയുടെ മാനവവികസന സൂചികയിൽ മുഖ്യ പങ്കാണുളളത്.

നവമാധ്യമങ്ങളുടെ സാമൂഹിക പ്രസക്തിക്ക് മുഖവുരയുടെ ആവശ്യമില്ല. നവമാധ്യമങ്ങളിലെ മലയാളി ഇടപെടലുകൾ പലപ്പോഴും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മുഖ്യധാരാ മാധ്യമങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന യാഥാര്‍ഥ്യം കണ്മുന്നിലുള്ളപ്പോൾ മലയാളിയും നവമാധ്യമവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ല എന്ന് തോന്നുന്നു.

കേരള സമൂഹത്തിന്റെ എവർഗ്രീൻ നൊസ്റ്റാൾജിയ എന്ന് പറയുന്നത് പഴയ ചായക്കടകൾ ആണ്. നാട്ടിലെ പരദൂഷണ കഥകൾ മുതൽ, അമേരിക്കൻ പ്രസിഡന്റിന്റെ അടുത്ത രാഷ്ട്രീയ നീക്കം വരെ ഒരു ഗ്ലാസ് ചായയുടെ പിൻബലത്തിൽ ചർച്ച ചെയ്തിരുന്ന മനുഷ്യരുടെ പിൻതലമുറ ഒരു ട്രാൻസ്പ്ലാന്റേഷന് വിധേയമായിരിക്കയാണ്. ഇന്ന് നവമാധ്യമങ്ങളിലെ മലയാളി സൂര്യന് കീഴിലെ ഏതു വിഷയങ്ങളും ചർച്ചക്ക് വെക്കുകയും, പരസ്പരം സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.

പോയ വർഷം മലയാളി സമൂഹം ഫേസ്ബുക്കിൽ ഏറ്റവും അധികം ചർച്ച ചെയ്ത ചുരുക്കം ചില വിഷയങ്ങളെ പരിശോധിക്കാനുള്ള ശ്രമം ആണ് ഇവിടെ നടത്തുന്നത്.

  1. കത്വയിലെ ബലാത്സംഗം ചെയ്യപ്പെട്ട എട്ട് വയസ്സുകാരിക്ക് വേണ്ടി മലയാളിയുടെ ഐക്യദാർഢ്യം

പുതുവർഷ ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്നും സൈബർ ഇടത്തിലെ മലയാളികളെ സ്വീകരിച്ചത് കശ്മീരിലെ കത്വയിൽ നിന്നും ഒരു എട്ടു വയസ്സുകാരിയുടെ കരച്ചിൽ ആണ്. കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പി. സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ശക്തമായ ഭാഷയിലൂടെ രാജ്യമൊട്ടാകെ കൊലപാതകത്തെ അപലപിച്ചപ്പോൾ മലയാളികളും അതിൽ പങ്കാളികളായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും സാംസ്കാരിക സാമൂഹിക രംഗത്തുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. നീതി തേടിയുള്ള ഹാഷ് ടാഗ് നവമാധ്യമങ്ങളിൽ കാട്ട് തീ പോലെ പടർന്നു.

സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ഈ ക്രൂരതയെ ന്യായീകരിക്കാൻ ശ്രമിച്ച ചുരുക്കം നേതാക്കന്മാരും, ചില സൈബർ വെബ് ഹാൻഡിലുകളും കണക്കിന് വിമർശനം ഏറ്റു വാങ്ങി. ഏഴു ദിവസക്കാലം ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച് എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം അന്താരാഷ്ത്ര തലത്തിൽ ചർച്ചയായതിന് പിന്നിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം നിർണായകമാണ്.

ആസിഫയുടെ മതവും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും പറയാതെ നിങ്ങള്‍ എങ്ങനെയാണ് അവള്‍ക്ക് നീതി ചോദിക്കുന്നത്‌?

2. അതിജീവനത്തിന്റെ പര്യായമായി ഹനാൻ എന്ന പെൺകുട്ടി

എറണാകുളം തമ്മനം ജങ്ഷനില്‍ വൈകിട്ട് കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെന്ന വിദ്യാര്‍ഥിനിയുടെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലവും, ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യവും മാതൃഭൂമി പോസിറ്റിവ് വാർത്തയായി റിപ്പോട്ട് ചെയ്യുന്നിടത്താണ് ഒരു പുതിയ താരം ഉദയം ചെയ്യുന്നത്, വിധി തീര്‍ത്ത വെല്ലുവിളികളെ ചിരിച്ചുകൊണ്ട് നേരിടുന്ന പെണ്‍കുട്ടിയെ ഇരുകയ്യും നീട്ടിയാണ് കേരളവും സോഷ്യല്‍ മീഡിയയും സ്വീകരിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്തയെത്തിയതോടെ ഹനാനെ അഭിനന്ദിച്ചും സഹായമറിയിച്ചും നിരവധി പേർ രംഗത്തെത്തി.

തൃശൂര്‍ സ്വദേശിനിയാണ് ഹനാന്‍. അച്ഛനും അമ്മയും നേരത്തെ വേര്‍പിരിഞ്ഞു. ഇതോടെ അമ്മ മാനസികമായി തളര്‍ച്ചയിലായി. പ്ലസ്ടു വരെ മുത്തുമാലകള്‍ ഉണ്ടാക്കിയും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ കുടുംബം നോക്കിയത്. എന്നാൽ ചിലർ ഗൂഢലക്ഷ്യം മാത്രം വെച്ച് കൊണ്ട് ഹനാനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചത് മലയാളിയുടെ സോഷ്യൽ മീഡിയ ഇടപെടലുകളിലെ വൈകൃതങ്ങൾ തുറന്നു കാട്ടി.

നവമാധ്യമങ്ങളിലൂടെ ഉദയം ചെയ്ത ഹനാനെ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും അടങ്ങുന്ന കേരള രാഷ്ട്രീയം ഇരു കയ്യും നീട്ടി സ്വീകരിച്ചു. ‘സർക്കാരിന്റെ മകൾ ആണ് താനെന്ന്’ ഹനാൻ പ്രഖ്യാപിച്ചു.

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍

3. മലയാള സിനിമയിൽ പെൺ ശബ്ദങ്ങൾ ഉയർന്നപ്പോൾ

മലയാള സിനിമ കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം ശ്രദ്ധ കേന്ദ്രമായത് ലിംഗനീതിക്ക്‌ വേണ്ടിയുള്ള ഒരു കൂട്ടം സ്ത്രീകളുടെ പോരാട്ടമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി സ്ത്രീകൾക്ക് വേണ്ടി ഒരു സംഘടനാ രൂപീകരിക്കുന്നത് ആദ്യമായാണ്. വുമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയെ ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. പതിവ് പോലെ താര രാജാക്കന്മാരുടെ ഫാൻസ്‌ അസോസിയേഷനും മറ്റും തെറി വിളിയും, അധിക്ഷേപവും ആയി സജീവം ആയിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടത് ആണ്.

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണം എന്നാവശ്യം ഉന്നയിച്ചു കൊണ്ട് ഡബ്ല്യു സി സി രംഗത്ത് വന്നു. സിനിമയില്‍ മാത്രമല്ല സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള വിഷയങ്ങളിൽ ഡബ്ല്യു സി സി അംഗങ്ങൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി നവമാധ്യമങ്ങളിൽ സജീവമായി.

ഡബ്ല്യു സി സി യുടെ ഫേസ്ബുക് പേജിനും നല്ല സ്വീകാര്യത ലഭിച്ചു. കേരളത്തിൽ സമീപ കാല ചരിത്രത്തിൽ കുടുംബവും, തൊഴിലിടവും, മത സ്ഥാപനങ്ങളും തുടങ്ങീ ആണ്‍കോയ്മയുടെ എല്ലാ മേഖലകളിലും നവോത്ഥാനത്തിന്റെ രാഷ്ട്രീയ സ്വഭാവമുള്ള സ്ത്രീ മുന്നേറ്റം ദൃശ്യമായിരുന്നു. അത് തന്നെയാണ് സിനിമയിലും സംഭവിച്ചത്. എന്തായാലും ഡബ്ല്യു സി സി എന്ന സംഘടനയുടെ രൂപീകരണവും, മറ്റും നവമാധ്യമങ്ങളിൽ ഇന്നും ചർച്ചകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

4. അട്ടപ്പാടിയിൽ ഒരു മധു ഉണ്ടായിരുന്നു

മലയാളികളുടെ സൈബർ ഇടം ഏറ്റവും പ്രക്ഷുബ്ധമായത് അട്ടപ്പാടിയിലെ മധുവിന്റെ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട്, ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട യുവാവാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു. 2018 ഫെബ്രുവരി 22ന് പകലാണ് 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

മധുവിന്റെ കൊലപാതകം വാർത്തയായതോടെ, ആ മനുഷ്യന്റെ ചിത്രവും, വീഡിയോയും നവമാധ്യമങ്ങളിൽ നിറഞ്ഞതോടെ മധു കേരളത്തിന്റെ മനസാക്ഷിക്ക് തീരാവേദനയായി മാറി. ‘സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക’ എന്ന തലക്കെട്ടിൽ പലരും ഫേസ്ബുക്കിൽ കുറിപ്പുകൾ എഴുതി. ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് ഒരു മനുഷ്യനെ മർദിച്ചു കൊള്ളുന്ന ജനത എങ്ങനെയാണ് പ്രബുദ്ധർ ആകുന്നതെന്നു സോഷ്യൽ മീഡിയ ചോദിച്ചു.

അട്ടപ്പാടിയില്‍ ഇനിയുമുണ്ട് മധുമാര്‍, കാട്ടിനുള്ളില്‍ കുഴിച്ചുമൂടപ്പെട്ടവര്‍

5. റഷ്യൻ ലോകകപ്പ് ആരവം കേരളത്തിന്റെ സൈബർ സ്പെസിലും 

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്.

റഷ്യൻ ലോകകപ്പിന്റെ ആരവം നവമാധ്യമ രംഗത്തും സജീവമായിരുന്നു. അർജന്റീന, ബ്രസീൽ ടീമുകൾക്ക് ആണ് ഏറ്റവും അധികം ആരാധകർ സൈബർ ഇടത്തിൽ ഉണ്ടായിരുന്നത്. ഇരു ടീമുകളുടെയും ആരാധകർ തമ്മിലുള്ള സംവാദവും, മത്സരവും ഫേസ്ബുക്കിനെ ഉത്സവ പ്രതീതിയിൽ എത്തിച്ചു. ഒരുപാട് പേര് തങ്ങളുടെ ഫേസ്ബുക് ടൈം ലൈൻ മെസ്സി മുതൽ റൊണാൾഡോ വരെയുള്ളവരുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചു.

ഒടുവിൽ കിരീടം നവമാധ്യമങ്ങളിൽ ആരാധക വൃന്ദം താനേ കുറവുള്ള ഫ്രാൻസിന് ലഭിച്ചപ്പോൾ ആഘോഷങ്ങൾക്ക് വിരാമം ആയി.കേവലം ആരാധകരുടെ ബഹളം മാത്രമല്ല, ലോകകപ്പ് മത്സരങ്ങളെയും, കളിക്കാരെയും, ടീമുകളെയും കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങളും, വിവരണങ്ങളും ചരിത്രവും അടങ്ങിയ ഒട്ടനവധി കുറിപ്പുകളും ഈ കാലയളവിൽ പ്രത്യക്ഷപ്പെട്ടു.

റഷ്യയില്‍ ആഫ്രിക്കന്‍ കാര്‍ണിവല്‍- ചിത്രങ്ങളിലൂടെ

6. അഭിമന്യു – ക്യാമ്പസുകളിൽ വീണ്ടും രക്തം ചിന്തിയപ്പോൾ

എറണാകുളം മഹാരാജാസ് കോളേജിൽ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവമാണ് പോയ വർഷം മലയാളി സൈബർ സമൂഹം ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. ക്യാമ്പസ് ഫ്രണ്ട് ആയിരുന്നു ഈ കേസിൽ പ്രതിസ്ഥാനത്ത്. ഒരിടവേളക്ക് ശേഷം ക്യാമ്പസുകളിൽ രക്തം ചിന്തിയതിനു രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രതിഷേധിച്ചു. അഭിമന്യു കൊല്ലപ്പെട്ട ശേഷം ആണ് ഒരു വ്യക്തി എന്ന നിലയിൽ അയാളുടെ ഇടപെടലുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നത്.

വിദ്യാഭ്യാസപരമായി നാടിനെ മുന്നോട്ട് നയിക്കാൻ വട്ടവടയിൽ നല്ലൊരു വായനശാല വേണം. പതിനയ്യായിരത്തോളം പേരുള്ള വട്ടവടയിൽ സർക്കാർ ജോലിക്കാർ ആരുമില്ല. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പിഎസ്സി കോച്ചിംഗ് സെന്‍റർ തുടങ്ങണം. തുടങ്ങീ ആവശ്യങ്ങൾ ഗ്രാമസഭയിൽ ഉന്നയിച്ച അഭിമന്യുവിന് പക്ഷെ അതൊന്നും പൂർത്തിയാക്കാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതിന്റെ കഥകൾ കൂടി പുറം ലോകം അറിഞ്ഞതോടെ അഭിമന്യുവിന്റെ മരണം സോഷ്യൽ മീഡിയയിൽ ദിവസങ്ങളോളം ചർച്ചയായി.

അഭിമന്യുവിന്റെ ആഗ്രഹം എന്ന പോൽ അവന്റെ നാട്ടിൽ ഒരു ലൈബ്രറി തുടങ്ങാനും നവമാധ്യമ കൂട്ടായ്മകൾ രൂപീകരിച്ചു. ദരിദ്ര കുടുംബം ആയിരുന്നു അഭിമന്യുവിന്റെത്. അവരെ സഹായിക്കാനും കൂട്ടായ്മകൾ സോഷ്യൽ മീഡിയയിൽ സജീവം ആയി.

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

7. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിലും ഉലയാതെ കേരളം 

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത് എന്ന് പഠനങ്ങൾ പറയുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചതും, നേരിട്ടതും അന്താരാഷ്ത്ര തലത്തിൽ ശ്രദ്ധ നേടിയപ്പോൾ ആ നേട്ടത്തിൽ മലയാളി സൈബർ ഇടത്തിനും ഒരു സുപ്രധാന റോൾ ഉണ്ടായിരുന്നു.

പ്രളയ വേളയിൽ രക്ഷ പ്രവർത്തനത്തിനും, പുനരധിവാസത്തിനും ദുരന്ത നിവാരണത്തിനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയ നിർണായക പങ്കു വഹിച്ചു. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് അംഗങ്ങൾ വരെ തങ്ങളുടെ കമ്മ്യൂണിക്കേഷൻ ചാനൽ ആയി പൂർണമായും സോഷ്യൽ മീഡിയയെ ആശ്രയിച്ചു.

നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കാൻ മുതൽ സാധനങ്ങൾ ശേഖരിക്കാൻ വരെ ധാരാളം പേർ സോഷ്യൽ മീഡിയയെ ഉപയോഗിച്ചു. ഒരുപക്ഷെ മലയാളി സമൂഹം ഏറ്റവും ക്രിയാത്മകമായി നവമാധ്യമങ്ങൾ ഉപയോഗിച്ചിരിക്കുക പ്രളയ സമയത്ത് ആയിരിക്കും.

ലോകം നമുക്കൊപ്പം നില്‍ക്കുന്നു ; കേരളത്തിന്റെ യോജിപ്പിന്റെ ശബ്ദം ലോകത്തെ ആകർഷിക്കുന്നു: മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ പൂർണരൂപം

8. മാലാഖമാരുടെ സമരം 

കഴിഞ്ഞ ഏതാനും ദശകങ്ങളായി കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന സ്ത്രീ പക്ഷ രാഷ്ട്രീയവും യാഥാസ്ഥികത്വവും കൂടുതൽ ശക്തമായി നേർക്ക് നേർ ഏറ്റുമുട്ടിയ കാലഘട്ടം ആണ് കഴിഞ്ഞു പോകുന്നത്. സമൂഹ മധ്യത്തിൽ വിവാദ കൊടുങ്കാറ്റ്‌ ഉയർത്തിയ കാത്തലിക് സഭയെ പിടിച്ചുലച്ച കന്യാസ്ത്രീകളുടെ സമരവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സഭയിൽ നിന്ന് പുറത്താക്കണമെന്നും, അറസ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നടന്ന സമരം ആയിരുന്നു കന്യാസ്ത്രീകളുടെ സമരം. സഹനത്തിന്റെയും അർപ്പണത്തിന്റെയും മൂർത്തികളെന്നു പൊതു സമൂഹം കരുതി പോന്നിരുന്നവർ ഒരു സുപ്രധാന മൂവ്മെന്റിന്റെ ഭാഗമായപ്പോൾ സമരം ഉജ്വലമായി അരങ്ങേറി. ഒട്ടും വൈകാതെ സമരം നവമാധ്യമങ്ങളും ഏറ്റെടുത്തു, വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്നീട് ജാമ്യം കിട്ടിയില്ലെങ്കിലും ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടു.

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

9. മീശയും കിത്താബും ആവിഷ്‌ക്കാര സ്വതന്ത്ര ചർച്ചകളും 

ഭരണകൂടവും, സാഹിത്യവും രൂപം കൊണ്ട കാലം മുതൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കണം. മലയാളി സൈബർ ഇടത്തിൽ ഇത്തവണ ആവിഷ്‌ക്കാര സ്വാതന്ത്രം പലകുറി ചർച്ചയായി.

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്രഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. മീശ പിൻവലിച്ച മാതൃഭൂമിയുടെ നടപടിയെ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിക്കുകയും ബഹുപൂരിപക്ഷം കഥാകൃത്ത് ഹരീഷിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഫേസ്ബുക്കിൽ തന്നെ ചില കോണുകളിൽ നിന്ന് ഹരീഷിനെതിരെയും, മീശ നോവലിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കുകയും ചെയ്ത ‘കിത്താബ്’ നാടകത്തിനെതിരെ മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ രംഗത്ത് വന്നതും വലിയ ചർച്ചകൾക്ക് നവമാധ്യമങ്ങളിൽ വഴി തെളിയിച്ചു. കലോത്സവത്തില്‍ ആസൂത്രിതമായി ഇസ്ലാം വിരുദ്ധത പ്രമേയമാക്കി നാടകം അവതരിപ്പിച്ചെന്നായിരുന്നു ആരോപണം. മീശയും, കിത്താബും അടുത്തടുത്ത മാസങ്ങളിൽ സംഭവിച്ചതോടെ ആവിഷ്‌ക്കാര സ്വാതന്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും നവമാധ്യമങ്ങളെ സജീവമാക്കി നിർത്തി.

മീശ പ്രസിദ്ധീകരിക്കാന്‍ അഴിമുഖം തയാറാണ്; അത് ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്

10. ശബരിമലയിലെ യുവതി പ്രവേശം 

നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന ശബരിമലയ്‌ക്കൊപ്പം 70 വര്‍ഷത്തിലേറെയായി പല പല വിവാദങ്ങളുമുണ്ട്. ചരിത്രം, വിശ്വാസം, മതം, രാഷ്ട്രീയം, ലിംഗവിവേചനം ഇങ്ങനെ പല വിഷയങ്ങള്‍ക്കൊണ്ട് ശബരിമലയെപ്പറ്റിയുള്ള കനലുകള്‍ കെടാതെ നില്‍ക്കുകയായിരുന്നു. 1990 കളിൽ ആരംഭിച്ച ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രധാന വിധി വന്നതും 2018 ലാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ആണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുവാദം നൽകി കൊണ്ട് വിധി പുറപ്പെട്ട്‌വിച്ചത്.

കോടതി വിധി വന്നു മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും, ഇന്നും ശബരിമലയെ കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമായിട്ടില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാടും, സ്ത്രീ സംഘടനകള് നിലപാടും, ദേവസ്വം ബോർഡിൻറെ നിലപാടും എല്ലാം പലപ്പോഴായി നവമാധ്യമങ്ങളിൽ ഏറ്റു മുട്ടി. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച ചർച്ചകളും, തർക്കങ്ങളും നവമാധ്യമങ്ങളിൽ ഒരു പിടി സൈബർ കേസിന് വരെ ഹേതുവായി. ശബരിമലയിൽ ഇനിയും ഒരു സ്ത്രീ പ്രവേശിച്ചിട്ടില്ല. ചർച്ചകൾ ഇപ്പോഴും തുടര്ന്നും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ശബരിമല വിഷയത്തെ ചരിത്രപരമായും, ശാസ്ത്രീയമായും അപഗ്രധിച്ചവർ തന്നെയാണ് പിന്നീട് ചാനൽ ചർച്ചയിലും, പൊതു സദസ്സുകളിലും ഈ വിഷയത്തിൽ ഇടപെടാൻ ഉണ്ടായിരുന്നത് എന്ന വസ്തുത ഓര്മിക്കേണ്ടത് ആണ്.

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍