UPDATES

കെ ഇ രാഹുല്‍ ഗാന്ധി, കെ സുധാകരന്‍, പി ശ്രീമതി, ശശി ടി…അങ്ങനെ 28 അപരന്മാര്‍; പ്രമുഖര്‍ക്ക് പാരയാകുമോ?

20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.

പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി ഇന്നലെ പൂർത്തിയായതോടെ 17ാം ലോക്സഭയിലേക്കുള്ള കേരളത്തിലെ അന്തിമ ചിത്രം തെളിഞ്ഞു. 20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 20 പേരാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. 6 പേര്‍ മാത്രം മൽസരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മൽസരരംഗത്തുള്ളത്.

അതേസമയം, സംസ്ഥാനത്തെ 227 സ്ഥാനാർത്ഥികളിൽ 27 പേർ അപരൻമാരാണെന്നതാണ് മറ്റൊരു പ്രത്യേകത. കോണ്‍‌ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരായ കോഴ ആരോപണവും, ജയിലുള്ള ബിജെപി സ്ഥാനാർഥിയും ഉൾപ്പെടെ മല്‍സരിക്കുന്ന കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും അധികം അപര സ്ഥാനാർത്ഥികളുള്ളത്. 7 പേരാണ് മണ്ഡലത്തിലെ അപരന്‍മാർ. എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ പേരിന് സമാനമായി പ്രദീപ് ഇകെ, പ്രതീപ് കുമാർ ഇടി എന്നിവരും എംകെ രാഘവന്റെ പേരിന് സമാനമായി രാഘവൻ നായര്‍, രാഘവൻ ടി, രാഘവൻ പി, രാഘവൻ എൻ, എന്നിവരും എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബുവിനെതിരെ പ്രകാശ് ബാബു എന്ന വ്യക്തിയും മൽസരരംഗത്തുണ്ട്.

ശ്രദ്ധേയമായ മൽസരം നടക്കുന്ന പൊന്നാനിയാണ് കടുതൽ അപരൻമാർ രംഗത്തുള്ള മറ്റൊരു മണ്ഡലം. പൊന്നാനിയില്‍ 12 സ്ഥാനാര്‍ത്ഥികളുമാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. ഇതിൽ എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവറിന് 2 പേരും ഇ ടി മുഹമ്മദ് ബഷീറിന് 3 ഉം അപരൻമാർ മത്സര രംഗത്ത് ഉണ്ട്. മലപ്പുറത്ത് എൽഡിഎഫ് യുവ സ്ഥാനാർത്ഥി വി പി സാനുവിന് ഒരു അപരനും ജന വിധി തേടുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രണ്ട് അപരൻമാരാണുള്ളത്. കെ ഇ രാഹുൽ ഗാന്ധി, കെ രാഘുല്‍ ഗാന്ധി എന്നിവരാണ് ഇവർ‌. 4 അപരന്‍മാരുള്ള കണ്ണുർ മണ്ഡലത്തിൽ പി കെ ശ്രീമതിക്കെതിരെ വനിതാ അപരയും മൽസരരംഗത്തുണ്ട്. കെ ശ്രീമതിയാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് മുന്ന് അപരൻമാരാണ് മൽസരിക്കുന്നത്. വടരയിൽ സിപിഎം നേതാവ് പി ജയരാജനെതിരെ ഒന്നു, കെ മുരളീധരന് രണ്ട് അപര സ്ഥാനാര്‍സ്ഥികളും മൽസരിക്കുന്നു. പാലക്കാട് രാജേഷ് പാലോളം, രാജേഷ് എന്നിവരും എം ബി രാജേഷിന്റെ അപരൻമാരായി രംഗത്തുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരെ പ്രകാശ് ജി, പ്രകാശ് എന്നിവരും മൽസരിക്കുന്നു.

ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം, എറണാകുളം മണ്ഡലങ്ങളിൽ ഒരോ അപര സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിലുള്ള ഇവിടങ്ങളിൽ പി രാജീവിനെതിരെ അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്ഥിയായി രാജൂവ് നാഗൻ ആണ് രംഗത്തുള്ളത്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ശശി ടി സ്വതന്ത്ര സ്ഥാനാർത്ഥിയാവുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍